Saturday, June 4, 2011

രാംദേവിനെ അറസ്റ്റു ചെയ്തു; രാംലീല മൈതാനിയില്‍ സംഘര്‍ഷം


കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരില്‍ ഉപവാസസമരം നടത്തിയ ബാബ രാംദേവിനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അറസ്റ്റ്. ഇതേ തുടര്‍ന്ന് സമരം നടക്കുന്ന ഡല്‍ഹി രാംലീല മൈതാനിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. യോഗക്യാമ്പിനെന്ന പേരിലാണ് രാംദേവ് സമരത്തിന് അനുമതി വാങ്ങിച്ചിരുന്നത്. ഇത് പൊലീസ് റദ്ദാക്കുകയും സ്ഥലംവിട്ട് പോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് തയാറാകാത്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ്. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ അറിയിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാംദേവിനെ ഡല്‍ഹിയില്‍ നിന്ന് മാറ്റുമെന്നാണറിയുന്നത്. ബാബ രാംദേവിന്റെ ആര്‍ഭാടപൂര്‍ണമായ ഉപവാസസമരം ഇതോടെ തികച്ചും നാടകീയമായി. ശനിയാഴ്ച രാവിലെ ആരംഭിച്ച സമരം വൈകിട്ട് അവസാനിപ്പിക്കാന്‍ നടത്തിയ ഒത്തുകളി പുറത്തായതോടെ പ്രകോപിതനായ സ്വാമി സര്‍ക്കാര്‍ വഞ്ചിച്ചതായി ആരോപിച്ചു. തുടര്‍ന്ന് ആവശ്യങ്ങളില്‍ ചിലത് അംഗീകരിച്ചുള്ള കത്ത് കേന്ദ്രസര്‍ക്കാര്‍ രാത്രിതന്നെ തയ്യാറാക്കി സമരപ്പന്തലില്‍ എത്തിച്ചു. കള്ളപ്പണം വീണ്ടെടുക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിന് സമിതി രൂപീകരിക്കും, വീണ്ടെടുക്കുന്ന കള്ളപ്പണം ദേശീയ സ്വത്തായി പ്രഖ്യാപിക്കും, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും തുടങ്ങിയ ഉറപ്പ് നല്‍കിയുള്ള കത്ത്് കൈമാറിയതായി കേന്ദ്രമന്ത്രി സുബോധ് കാന്ത് സഹായി പറഞ്ഞു. എന്നാല്‍ ,ഇതുസംബന്ധിച്ച് രാംദേവിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരിലുള്ള പഞ്ചനക്ഷത്ര ഉപവാസം സാധ്വി ഋതംബര ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെ പങ്കാളിത്തത്തോടെയാണ്. ഭജനയുടെയും യോഗയുടെയും അകമ്പടിയില്‍ സത്യഗ്രഹം പുരോഗമിക്കെയാണ് സര്‍ക്കാര്‍ എല്ലാ ആവശ്യവും അംഗീകരിച്ചതായും സമരം അവസാനിപ്പിക്കുകയാണെന്നും രാംദേവ് അറിയിച്ചത്. കള്ളപ്പണനിക്ഷേപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി മന്ത്രിമാരായ കപില്‍ സിബലും സുബോധ് കാന്ത് സഹായിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം രാംദേവ് പറഞ്ഞു. ഉറപ്പുകള്‍ ഫോണിലൂടെയാണ് ലഭിച്ചതെന്നും അത് രേഖാമൂലം ലഭിക്കുന്നതുവരെ സത്യഗ്രഹം തുടരുമെന്നും രാംദേവ് വ്യക്തമാക്കി. അതേസമയം, ശാസ്ത്രിഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കപില്‍ സിബലും രാംദേവിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയിച്ചു. വെള്ളിയാഴ്ചതന്നെ ഒത്തുതീര്‍പ്പിലെത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രികാര്യാലയം അംഗീകരിച്ച കാര്യങ്ങളെക്കുറിച്ച് വെള്ളിയാഴ്ച രാത്രി പ്രസ്താവന ഇറക്കിയതെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. സിബലിന്റെ ഈ പ്രസ്താവനയാണ് രാംദേവിനെ ചൊടിപ്പിച്ചത്. ഇതോടെ രാംദേവും കേന്ദ്രസര്‍ക്കാരും തമ്മില്‍ രണ്ടുദിവസമായി നടന്നുവരുന്ന ഒത്തുകളിയും പുറത്തുവന്നു.

No comments:

Post a Comment