Tuesday, June 7, 2011

മാരനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയേക്കും


Posted on: 07 Jun 2011


2 ജി സ്‌പെക്ട്രം അഴിമതി ആരോപണത്തെ തുടര്‍ന്ന് കേന്ദ്രടെക്സ്റ്റയില്‍സ് മന്ത്രിയും മുതിര്‍ന്ന ഡി.എം.കെ. നേതാവുമായ ദയാനിധി മാരനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചന. മൊബൈല്‍ ഫോണ്‍ കമ്പനിയായ എയര്‍ സെല്ലിന്റെ ഉടമസ്ഥരായ മാക്‌സിസ് ഗ്രൂപ്പ് മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയതില്‍ ദയാനിധി മുഖേന കോടികളുടെ അഴിമതി നടന്നുവെന്ന് 'തെഹല്‍ക്ക' പുറത്തുകൊണ്ടുവന്നതോടെയാണ് മാരനും വിവാദത്തില്‍ ഉള്‍പ്പെട്ടത്. കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കൂടിയാലോചനകളിലാണ് പ്രധാനമന്ത്രി. സ്‌പെക്ട്രം ഇടപാടില്‍ മാരന്റെ പങ്കിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നത് ഗൗരവമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കുന്നത്.

ടെലികോം കമ്പനിയായ എയര്‍സെലില്‍ 74 ശതമാനം ഓഹരി സ്വന്തമാക്കിയ മലേഷ്യന്‍ കമ്പനിയായ മാക്‌സിസ് എയര്‍സെലിന് വഴിവിട്ട് ലൈസന്‍സുകള്‍ നല്‍കിയതിന്റെ പ്രത്യുപകാരമായി ഉപകമ്പനിയായ ആസ്‌ട്രോ വഴി 600 കോടി സണ്‍ ഡി.ടി.എച്ചില്‍ നിക്ഷേപിച്ചുവെന്നാണ് ആരോപണം. സ്‌പെക്ട്രം ആരോപണത്തില്‍ ദയാനിധിമാരനെതിരെ എയര്‍സെല്‍ സ്ഥാപകന്‍ സി. ശിവശങ്കരന്‍ സി.ബി.ഐ.ക്ക് തിങ്കളാഴ്ച മൊഴി നല്‍കുകയും ചെയ്തിരുന്നു. എയല്‍സെല്ലില്‍ തനിക്കുണ്ടായിരുന്ന ഓഹരി മലേഷ്യയിലെ മാക്‌സിസ് കമ്യൂണിക്കേഷന്‍സ് ബെര്‍ഹാദിന് വിറ്റത് മാരന്‍ സമ്മര്‍ദം ചെലുത്തിയതുകൊണ്ടാണെന്ന് ശിവശങ്കരന്‍ സി.ബി.ഐ.യോട് പറഞ്ഞു.

ഇതോടെ സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്ന 700 കോടിയുടെ അഴിമതിയില്‍ മാരന് പങ്കുണ്ടെന്ന ആരോപണം ശക്തിപ്പെട്ടു. 2004 മുതല്‍ 2007 വരെ ടെലികോം മന്ത്രിയായിരുന്ന മാരന്‍ ഡിഷ്‌നെറ്റ് വയര്‍ലെസ് എന്ന കമ്പനിക്ക് 14 ലൈസന്‍സുകള്‍ നല്‍കിയെന്നാണ് ആരോപണം. ഡിഷ്‌നെറ്റ് വയര്‍ലെസ്സാണ് പിന്നീട് എയര്‍സെല്ലായത്. എയല്‍സെല്‍ ഉടമയായ ശിവശങ്കരന്‍ 2006 ല്‍ ലൈസന്‍സിനായി നല്‍കിയ അപേക്ഷ അന്ന് ടെലികോം മന്ത്രിയായിരുന്ന മാരന്‍ തള്ളി. തുടര്‍ന്ന് എയര്‍സെല്ലിലെ ഓഹരി ശിവശങ്കരന്‍ മാക്‌സിസിന് വിറ്റു.

2004 ല്‍ ആദ്യം എയര്‍സെല്ലിന് രണ്ട് സര്‍ക്കിളില്‍ മാത്രമാണ് ലൈസന്‍സുണ്ടായിരുന്നത്. പിന്നീട് രാജ്യത്ത് പലയിടങ്ങളിലായി ഏഴിടത്ത് കൂടി ലൈസന്‍സ് നല്‍കി. 2006 ആകുമ്പോഴേക്കും ആകെ ലൈസന്‍സുകളുടെ എണ്ണം 21 ആയെന്ന് ജസ്റ്റിസ് പട്ടേലിന്റെ റിപ്പോര്‍ട്ടിലുണ്ട്. 2004 നും 2006 നും മധ്യേ ഇത്രയും സര്‍ക്കിളുകളില്‍ ലൈന്‍സ് നല്‍കിയതാകട്ടെ 2001 ലെ നിരക്കിലും. 2003 ലെ കാബിനറ്റ് തീരുമാനം ലംഘിച്ചായിരുന്നു ഇത്.

ഇതിനിടെ മറ്റൊരു ഗുരുതര ആരോപണവും മാരനെതിരെ പുറത്തുവന്നു. ദയാനിധി കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന് 400 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 2004ല്‍ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്‍ ചെന്നൈയിലെ ബോട്ട്ക്ലബ്ബിലുള്ള സ്വന്തം വീട്ടില്‍ ബി.എസ്.എന്‍.എല്ലിന്റെ 323 ടെലിഫോണ്‍ ലൈനുകള്‍ സംഘടിപ്പിച്ചു. ടെലികോം മന്ത്രിയെന്ന നിലയില്‍ ഡെല്‍ഹിയില്‍ ദയാനിധി ഉപയോഗിച്ചിരുന്ന സൗജന്യ ടെലിഫോണ്‍ ലൈനുകള്‍ക്ക് പുറമെയായിരുന്നു ഇത്. ബി.എസ്.എന്‍.എല്ലിന്റെ ചെന്നൈയിലെ ചീഫ് ജനറല്‍ മാനേജരുടെ പേരിലായിരുന്നു മാരന്‍ ഈ ലൈനുകള്‍ സംഘടിപ്പിച്ചത്. അക്ഷരാര്‍ഥത്തില്‍ ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പോലെ പ്രവര്‍ത്തിച്ച ഈ ടെലിഫോണ്‍ ലൈനുകള്‍ മാരന്‍ സണ്‍ ടി.വി. ഗ്രൂപ്പിനുവേണ്ടി ദുരുപയോഗപ്പെടുത്തിയെന്നാണ് ആരോപണം.

ബോട്ട് ക്ലബ്ബിലെ വീട്ടില്‍നിന്ന് ചെന്നൈ മൗണ്ട് റോഡിലെ ഡി.എം.കെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സണ്‍ ടി.വി. ഓഫീസിലേക്ക് ഈ ലൈനുകള്‍ കൊണ്ടുപോവുന്നതിനായി ബി.എസ്.എന്‍.എല്ലിനെക്കൊണ്ട് 3.4 കിലോമീറ്റര്‍ ദൂരത്തില്‍ കേബിളുകള്‍ സ്ഥാപിച്ചതായും കുറ്റപ്പെടുത്തുന്നു. ടി.വി. വാര്‍ത്തകളും പരിപാടികളും വഹിക്കാന്‍ കഴിയുന്ന വിലയേറിയ ഐ.എസ്.ഡി.എന്‍. ലൈനുകളാണ് ദയാനിധി തന്റെ കുടുംബവ്യവസായസ്ഥാപനത്തിനുവേണ്ടി പ്രയോജനപ്പെടുത്തിയത്. ഇതില്‍ ഒരു ലൈനില്‍ മാത്രം 2007 മാര്‍ച്ചില്‍ 48 ലക്ഷം കോള്‍ യൂണിറ്റുകളാണ് രേഖപ്പെടുത്തിയിട്ടുള്ളതത്രെ. ഇതുവെച്ചു കണക്കു കൂട്ടിയാല്‍ ബി.എസ്.എന്‍.എല്ലിന് ചുരുങ്ങിയത് 440 കോടി രൂപയുടെനഷ്ടമുണ്ടായിട്ടുള്ളതായാണ് ആരോപണം. 2004 ജൂണ്‍ മുതല്‍ 2007 മെയ് വരെയാണ് ദയാനിധിമാരന്‍ കേന്ദ്ര ടെലികോം മന്ത്രിയായിരുന്നത്.

ബി.എസ്.എന്‍.എല്ലുമായി ബന്ധപ്പെട്ട് നടന്ന ഈ ക്രമക്കേട് അന്വേഷിച്ച സി.ബി.ഐ. 2007ല്‍ത്തന്നെ ദയാനിധിക്കെതിരെ നടപടി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ടെലികോം മന്ത്രിയായ എ. രാജയോ നിലവില്‍ ഈ സ്ഥാനത്തുള്ള കബില്‍ സിബലോ ഇതിന്മേല്‍ നടപടി എടുത്തില്ല.

No comments:

Post a Comment