Tuesday, June 28, 2011

അലോട്ട്മെന്റിനെത്തിയവര്‍ വട്ടംകറങ്ങി; ഒറ്റദിവസം നീട്ടിക്കിട്ടാന്‍ ഒടുവില്‍ ഹര്‍ജി നാടകം


  • നിയമക്കുരുക്കില്‍ പെടുമെന്നറിഞ്ഞിട്ടും, ഒത്തുകളിയുടെ ഭാഗമായി, സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്സുകളിലെ 50 ശതമാനം സീറ്റ് ഏറ്റെടുത്ത് അലോട്ട്മെന്റിനിറങ്ങിയ സര്‍ക്കാര്‍ നടപടി പരിഹാസ്യമായി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടത്തിയ അലോട്ട്മെന്റ് വിദ്യാര്‍ഥികളെ വട്ടംകറക്കി. പിജി സീറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഹൈക്കോടതി ഒരു ദിവസത്തേക്ക് മരവിപ്പിച്ചതാണ് അലോട്ട്മെന്റ് തകിടംമറിയാന്‍ കാരണം. സമയം നീട്ടിച്ചോദിച്ച് ചൊവ്വാഴ്ച സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ഇതില്‍ സര്‍ക്കാരിന് അനുകൂല വിധി ലഭിച്ചാല്‍ത്തന്നെ 30ന് ഒറ്റ ദിവസംകൊണ്ട് അലോട്ട്മെന്റ് അടക്കമുള്ള എല്ലാ പ്രവേശനനടപടികളും പൂര്‍ത്തിയാക്കേണ്ടി വരും. മുന്‍കൂട്ടി അറിയിപ്പ് കിട്ടിയില്ലെങ്കില്‍ ദൂരത്തുള്ള വിദ്യാര്‍ഥികള്‍ അലോട്ട്മെന്റിന് എത്താനും ബുദ്ധിമുട്ടും. 
  • അതേസമയം പ്രവേശനം ലഭിച്ചാലും, നിലവില്‍ മാനേജുമെന്റുകള്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കാനിടയുണ്ട്. ഇതും നിയമക്കുരുക്കിനിടയാക്കും. ഫീസ് സംബന്ധിച്ചും ധാരണയിലെത്താത്തത് വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഒത്തുകളിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച അലോട്ട്മെന്റ് നടത്തിയത്. ഇതിനായി തിരുവനന്തപുരത്ത് എത്തിയ നൂറിലേറെ വിദ്യാര്‍ഥികളാണ് ദിവസം മുഴുവന്‍ തികഞ്ഞ അനിശ്ചിതത്വത്തിലായത്. അതിരാവിലെ ഡിഎംഇ ഓഫീസില്‍ എത്തിയെങ്കിലും ഹൈക്കോടതി വിധിവരെ കാത്തിരിക്കാന്‍ പറഞ്ഞു. ഇതിനിടയില്‍ ചില സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്തുകയുംചെയ്തു. എന്നാല്‍ , ഇവരുടെ ഫീസ് നിശ്ചയിക്കാത്തതും ആശങ്കയേറ്റി. ഹയര്‍ ഓപ്ഷന്‍ തേടിയെത്തിയവരും അനിശ്ചിതത്വം തുടര്‍ന്നതോടെ ത്രിശങ്കുവിലായി. വൈകിട്ട് നാലരയ്ക്ക് ഹൈക്കോടതി സ്റ്റേ വരുന്നതുവരെ അധികൃതര്‍ വിദ്യാര്‍ഥികളെ വട്ടം കറക്കി. 
  • വിധി വന്നതോടെ അലോട്ട്മെന്റ് നിര്‍ത്തിവച്ചതായി അറിയിച്ചു. ഇനി എന്നാണ് അലോട്ട്മെന്റ് എന്നു പോലും അധികൃതര്‍ അറിയിച്ചില്ല. വിവിധ ജില്ലകളില്‍നിന്ന് എത്തിയവര്‍ തിരിച്ചുപോകണമോ അതോ തലസ്ഥാനത്ത് തങ്ങണമോ എന്ന് അറിയാതെ രാത്രി കുഴങ്ങി. ചിലര്‍ തിരിച്ചുപോയി. മറ്റ് ചിലര്‍ തലസ്ഥാനത്ത് തങ്ങി.
  • സ്വാശ്രയകോളേജിലെ പകുതി പിജി സീറ്റ് ഏറ്റെടുത്ത് ജൂണ്‍ ഏഴിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ തുടര്‍ച്ചയായി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ നിയമക്കുരുക്കും അനിശ്ചിതത്വവും ഒഴിവാക്കാമായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പോയതിനാല്‍ അവര്‍ക്ക് സമയം നീട്ടിക്കിട്ടി. വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ത്തന്നെ അലോട്ട്മെന്റ് നടത്തണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല. മെയ് 31ന് പ്രവേശന കാലാവധി അവസാനിക്കുമെന്ന് കാണിച്ച് മാനേജ്മെന്റുകള്‍ 27ന് മുമ്പുതന്നെ ആരോഗ്യമന്ത്രിയെ ഉള്‍പ്പെടെ കണ്ട് സംസാരിച്ചപ്പോഴും അനങ്ങിയില്ല. ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ കാണിച്ച ഈ നിസ്സംഗതയാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കിയത്.

No comments:

Post a Comment