Friday, June 24, 2011

റിയല്‍ എസ്റ്റേറ്റിന് സാധ്യതയേറി; തൊഴിലവസരവും കുറയും


  • കേരളത്തിലെ ഐടി മേഖലയില്‍ കേന്ദ്ര സെസ് നിയമം ബാധകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സ്മാര്‍ട്ട് സിറ്റി അടക്കമുള്ള പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് മാറാന്‍ സാധ്യതയേറി. ഐടി വ്യവസായത്തിന് നല്‍കുന്ന ഭൂമിയില്‍ ഈ മേഖലയ്ക്ക് മുന്‍ഗണന ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സുവ്യക്തമായ നയത്തിന്റെ കടയ്ക്കലാണ് പുതിയ സര്‍ക്കാര്‍ കത്തിവയ്ക്കുന്നത്. കേന്ദ്ര സെസ് നിയമം നിലനില്‍ക്കുമ്പോള്‍ത്തന്നെ സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യം സംരക്ഷിക്കാനാണ് ഐടി മേഖലയില്‍ സെസ് അനുവദിക്കുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ നടപ്പാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.
  • കേന്ദ്ര സെസ് നിയമം അനുസരിച്ച് പദ്ധതി പ്രദേശത്തെ 50 ശതമാനം ഭൂമി ഐടി ആവശ്യങ്ങള്‍ക്കും ബാക്കി ഐടി ഇതര ആവശ്യങ്ങള്‍ക്കും വിനിയോഗിക്കാം. എന്നാല്‍ , സംസ്ഥാനത്തിന്റെ ഐടി സെസ് നയത്തില്‍ പദ്ധതി പ്രദേശത്തിന്റെ 70 ശതമാനം ഭൂമി ഉറപ്പായും ഐടി-ഐടി അനുബന്ധ ആവശ്യത്തിന് വിനിയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്തു. കരാറിലെ ഈ വ്യവസ്ഥ അട്ടിമറിക്കാന്‍ ടീകോമിന് അവസരം നല്‍കുന്നതാണ് പുതിയ തീരുമാനം.
  • കേന്ദ്ര സെസ് നിയമപ്രകാരം വിവിധോദ്ദേശ്യ സേവന സാമ്പത്തിക മേഖലയായി സ്മാര്‍ട്ട് സിറ്റി പദ്ധതിപ്രദേശമായി മാറുന്നതോടെ ഭൂമി ഏത് ആവശ്യത്തിനും ഉപയോഗിക്കാനുള്ള അധികാരം ടീകോമിന് ലഭിക്കും. ഐടി-ഐടി അനുബന്ധമേഖലയില്‍ 90,000 തൊഴില്‍ അവസരം ഒരുക്കുമെന്ന കരാര്‍ വ്യവസ്ഥ ലംഘിക്കപ്പെടും. 
  • പദ്ധതിപ്രദേശത്ത് പത്തുവര്‍ഷത്തിനുള്ളില്‍ 8.80 ദശലക്ഷം ചതുരശ്ര അടി കെട്ടിടം നിര്‍മിക്കണമെന്നും ഇതില്‍ 6.21 ദശലക്ഷം ചതുരശ്രയടി കെട്ടിടം ഐടി - ഐടി അനുബന്ധ ആവശ്യത്തിന് വിനിയോഗിക്കണമെന്നും വ്യക്തമായ വ്യവസ്ഥ കരാറിലുണ്ട്്. ഓരോ വര്‍ഷവും നിര്‍മിക്കേണ്ട കെട്ടിടത്തിന്റെ അളവും ലഭ്യമാക്കേണ്ട തൊഴിലവസരവും നിശ്ചയിച്ചിരുന്നു. ഇതും അട്ടിമറിക്കപ്പെടും.
  • ഭൂമിക്ക് വില്‍പ്പനാവകാശം ഇല്ലെങ്കിലും ഭൂമി റിയല്‍എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ടീകോമിന് അവസരമൊരുക്കി. ഐടി പാര്‍ക്കുകള്‍ക്കായി അപേക്ഷ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഐടി വ്യവസായം ആരംഭിക്കാന്‍ സെസ് പദവിക്കായി നിരവധി അപേക്ഷ സര്‍ക്കാര്‍ പരിഗണനയിലാണ്.

No comments:

Post a Comment