Sunday, June 12, 2011

അംഗീകാരത്തിന് അണ്‍എയ്ഡഡിലും കോടികള്‍ പിരിക്കുന്നു


അംഗീകാരം ഇല്ലാത്ത അണ്‍എയ്ഡഡ് മാനേജ്മെന്റുകളും സര്‍ക്കാര്‍ അംഗീകാരത്തിന് പണപ്പിരിവുമായി രംഗത്ത്. രണ്ടായിരത്തിലേറെ അണ്‍എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളാണ് അംഗീകാരത്തിന് ശ്രമിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് മൂന്നു മുതല്‍ 10 ലക്ഷം രൂപവരെയാണ് വാഗ്ദാനം. ഇത്തരത്തില്‍ 100 കോടിയോളം രൂപ പിരിച്ചെടുക്കാനാണ് നീക്കം. അഞ്ഞൂറിലേറെ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പുതിയ നീക്കം. ഭരണതലത്തില്‍ ബന്ധമുള്ള ചില സ്കൂള്‍ മാനേജ്മെന്റുകളുടെ ഏജന്റുമാര്‍ അംഗീകാരം നേടിത്തരാമെന്ന വാഗ്ദാനത്തില്‍ മറ്റ് മാനേജ്മെന്റുകളെയും സമീപിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ അംഗീകാരമില്ലാത്ത ഒരു സ്കൂള്‍ മാനേജ്മെന്റിനോട് മലപ്പുറത്തെ ഏജന്റ് ചോദിച്ചത് പത്ത് ലക്ഷം രൂപയാണ്. 100ല്‍ താഴെ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ മൂന്ന് ലക്ഷവും 100 മുതല്‍ 200 വരെ കുട്ടികള്‍ പഠിക്കുന്നത് അഞ്ചു ലക്ഷവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളുകള്‍ 10 ലക്ഷം രൂപയും നല്‍കണമെന്നാണ് ഏജന്റ് പറഞ്ഞത്. പണം നല്‍കിയാലേ അംഗീകാരം കിട്ടൂവെന്നും ഏജന്റ് അറിയിച്ചു. ഒരു ഭരണാനുകൂല സംഘടനയുടെ സ്വാധീനത്തില്‍ ഡിപിഐയില്‍നിന്ന് പഴയ അപേക്ഷകളിലെ വിലാസം സംഘടിപ്പിച്ചാണ് പണപ്പിരിവ്. 14 ജില്ലയിലും ഇത്തരത്തില്‍ ഏജന്റുമാര്‍ മാനേജ്മെന്റുകളുമായി ബന്ധപ്പെട്ടു വരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ മൂവായിരത്തോളം അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ശ്രമം നടന്നിരുന്നു. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് അന്ന് ഇതിനുള്ള ശ്രമം ഉപേക്ഷിച്ചത്. സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞു വരുമ്പോഴാണ് പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന വിധത്തില്‍ കൂടുതല്‍ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. കുട്ടികളുടെ കുറവ് മൂലം 1977 മുതല്‍ 2010 വരെ 3,820 അധ്യാപകര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ അനാദായകരമാണെന്ന കാരണം പറഞ്ഞ് 3,400 സ്കൂളുകളില്‍ 2,000 സ്കൂള്‍ പൂട്ടാന്‍ ശ്രമിച്ചിരുന്നു. 51 സ്കൂളുകള്‍ പൂട്ടിയപ്പോള്‍ ഉയര്‍ന്ന വ്യാപക പ്രതിഷേധത്തെതുടര്‍ന്നാണ് മറ്റ് സ്കൂളുകള്‍ പൂട്ടുന്നത് നിര്‍ത്തിയത്. സംസ്ഥാനത്ത് ഇപ്പോള്‍ 3,600 സ്കൂളുകള്‍ അനാദായകരമായി പ്രവര്‍ത്തിക്കുന്നതായാണ് കണക്കാക്കുന്നത്.

No comments:

Post a Comment