പാര്‍ടിഓഫീസ് തുറന്നാല്‍ കൊല്ലുമെന്ന് ഭീഷണി
താരകേശ്വര്‍ (പശ്ചിമബംഗാള്‍):
- സിപിഐ എം താരകേശ്വര്‍ സോണല്‍ കമ്മിറ്റി ഓഫീസ് തുറന്നിട്ട് ഒരുമാസത്തിലേറെയായി. ഇപ്പോള്‍ വീണ്ടും ഓഫീസ് ഗേറ്റ് തുറന്നത് സംസ്ഥാന പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്രയുടെ നേതൃത്വത്തില്‍ . എന്നാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം നടത്താനാകാത്ത അവസ്ഥയാണ്. പ്രതിപക്ഷനേതാവിന്റെ സുരക്ഷയ്ക്കുള്ള പൊലീസ് സംഘം പോയതോടെ പ്രദേശം വീണ്ടും തൃണമൂല്‍ അക്രമികളുടെ നിയന്ത്രണത്തില്‍ . സോണല്‍ കമ്മിറ്റി ഓഫീസിന് എതിര്‍ഭാഗത്ത് നിര്‍മിക്കുന്ന കെട്ടിടം സിപിഐ എം ഹുഗ്ലി ജില്ലാ സെക്രട്ടറിയറ്റ് അംഗം സുനില്‍ സര്‍ക്കാര്‍ കാട്ടിത്തന്നു. വലിയൊരു സംഘം തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അവിടെ സ്ഥിരതാമസമാണ്. സിപിഐ എം സോണല്‍ കമ്മിറ്റി ഓഫീസിലേക്ക് വരുന്നവരെ ആക്രമിക്കുകയാണ് അവരുടെ ജോലി. ഓഫീസ് തുറക്കാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്ന് ഭീഷണി. ഉന്നതനേതൃത്വത്തിന്റെ ഒത്താശയിലാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. പൊലീസില്‍ പരാതിപ്പെട്ടാല്‍നടപടിയില്ല. സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച പരാതികളില്‍ പരിക്കേറ്റവരെ കാണാന്‍പോലും പൊലീസ് തയ്യാറല്ലെന്ന് സുനില്‍ സര്‍ക്കാര്‍ പറഞ്ഞു. ആരാംബാഗ്-രണ്ട് ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തിയപ്പോള്‍ അതും പൂട്ടിക്കിടക്കുന്നു. പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തില്‍പോലും ഓഫീസ് തുറക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. പ്രതിപക്ഷനേതാവ് മടങ്ങിയാല്‍ തൃണമൂലുകാര്‍ അവരുടെ കഥകഴിക്കും. ഓഫീസിനു തൊട്ടടുത്ത് താമസിക്കുന്ന പാര്‍ടി അനുഭാവികളോട് അവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ കല്‍പ്പിച്ചിരിക്കയാണ് തൃണമൂല്‍ നേതൃത്വം. ധനിയാഖലി സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസും പൂട്ടിക്കിടക്കുന്നു. പ്രതിപക്ഷനേതാവ് എത്തിയിട്ടും ആരും മുന്നോട്ടുവന്നില്ല. ആരാംബാഗ് ലോക്സഭാമണ്ഡലത്തിന്റെ പരിധിയില്‍ സിപിഐ എമ്മിന്റെ ഒരു സോണല്‍ കമ്മിറ്റി ഓഫീസും അഞ്ച് ലോക്കല്‍ കമ്മിറ്റി ഓഫീസുകളുമാണ് തൃണമൂലുകാര്‍ പൂട്ടിച്ചത്. വര്‍ഗ-ബഹുജന സംഘടനകളുടെ ഓഫീസുകളും പൂട്ടിച്ചു. സിപിഐ എം ഭരണസമിതികളുള്ള പഞ്ചായത്ത് സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. തങ്ങള്‍ പറയുന്നതനുസരിക്കാത്ത സമിതികളുള്ള പഞ്ചായത്തുകളുടെ ഓഫീസുപോലും തുറക്കാനാകില്ല. മുഖ്യധാരാമാധ്യമങ്ങള്‍ പൂര്‍ണമായും കണ്ണടയ്ക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത് സിപിഐ എം മുഖപത്രമായ "ഗണശക്തി"യില്‍ മാത്രമാണ്. ഹുഗ്ലി ജില്ലയുടെ ഒട്ടുമുക്കാല്‍ പ്രദേശങ്ങളിലും ഇപ്പോള്‍ ഗണശക്തി വിതരണംചെയ്യാന്‍ കഴിയുന്നില്ലെന്ന് സിപിഐ എം പ്രവര്‍ത്തകര്‍ സൂര്യകാന്ത മിശ്രയോട് പറഞ്ഞു. കൊല്‍ക്കത്തയില്‍നിന്ന് പത്രക്കെട്ടുകള്‍ എത്തിയാലും ആരാംബാഗ് മേഖലയിലേക്ക് കൊണ്ടുവരുന്നത് തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ഗണശക്തി വിതരണം ചെയ്യുന്നവരെ കൊല്ലുമെന്നാണ് ഭീഷണി.
No comments:
Post a Comment