Monday, August 8, 2011

പാമൊലിന്‍ റിപ്പോര്‍ട്ട് തള്ളി; ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി



 പാമോലിന്‍ കേസില്‍ പുനഃരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. പാമോലിന്‍ കേസില്‍ വിജിലന്‍സ് നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സര്‍ക്കാരിന്റെ നയമെന്ന നിലയില്‍ മുമ്പ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്നത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയിരുന്നില്ല. കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനില്ല എന്നുകാട്ടി വിജിലന്‍സ് ഇപ്പോള്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ട എന്ന രൂപത്തിലുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാതെ തനിക്കെതിരെ മാത്രം അന്വേഷണം നടത്തുന്നതിനെ അന്നത്തെ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ എതിര്‍ത്തത് വിവാദമായിരുന്നു. പുതിയ മന്ത്രിസഭ അധികാരമേറ്റ ഉടന്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു.
ഉമ്മന്‍ചാണ്ടി രാജിവെക്കണം വിഎസ്

തിരു: പാമോലിന്‍കേസില്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിക്കൊണ്ടുള്ള വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് കോടതി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാമോലിന്‍ കേസില്‍ പ്രതിചേര്‍ത്താല്‍ താന്‍ രാജിവെക്കുമെന്ന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞ വാക്കുപാലിക്കുമെന്നാണ് ആശിക്കുന്നത്. ഉമ്മന്‍ചാണ്ടിയെയും അന്വേഷണത്തിലുള്‍പ്പെടുത്താമെന്ന സ്പെഷ്യല്‍ കോടതിയുടെ വിധി സ്വാഗതാര്‍ഹമാണ്. എത്ര വൈകിയാലും പ്രതിബന്ധങ്ങള്‍ എന്തു തന്നെയായാലും സത്യം ഒരുനാള്‍ പുറത്തുവരും. വിജിലന്‍സ് ഡയറക്ടറുടെ അംഗീകാരത്തോടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതി തള്ളിയത്. മുന്‍ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയും കേസിലെ രണ്ടാംപ്രതിയായ സക്കറിയ മാത്യുവും പറഞ്ഞത് അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിക്കുണ്ടായുിരുന്ന ഉത്തരവാദിത്വം മാത്രമേ ഇക്കാര്യത്തില്‍ തങ്ങള്‍ക്കുമുള്ളുവെന്നാണ് അതു കൊണ്ടാണ് അവര്‍ ഒഴിവാക്കല്‍ ഹര്‍ജി കൊടുത്തത്. ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനു കൊടുത്ത വാക്ക് പാലിക്കാന്‍ തയ്യാറാവണം. രാജിയല്ലാതെ മറ്റൊരു പോംവഴിയില്ലെന്നും വിഎസ് പറഞ്ഞു
ഉമ്മന്‍ചാണ്ടി വിജിലന്‍സ് ഒഴിയണം; നെറ്റോയെ മാറ്റണം: കോടിയേരി

തിരു: പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സിന്റെ ചുമതല ഒഴിയണമെന്ന് മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഈ കേസില്‍ തനിക്കെതിരെയുള്ള അന്വേഷണത്തിന് ഉമ്മന്‍ചാണ്ടി തന്നെ നേതൃത്വം കൊടുത്താല്‍ നിഷ്പക്ഷമായ അന്വേഷണമുണ്ടാവുമെന്നു കരുതുന്നില്ല. മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളിയ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയെ തല്‍സ്ഥാനത്തു നിന്നും നീക്കണം. അന്നത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കും അന്വേഷിക്കാമെന്ന റിപ്പോര്‍ട്ട് വിജിലന്‍സിനു കൈമാറിയിരുന്നു. ഇക്കാര്യം സൂചിപ്പിക്കുകപോലും ചെയ്യാതെയാണ് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തത്. ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണിപ്പോള്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കേസില്‍ തുടരന്വേഷണം ആവശ്യമാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍ . വിജിലന്‍സ് കേസില്‍ അന്വേഷണം നടക്കുന്ന മന്ത്രി തന്നെ അതിന് മേല്‍നോട്ടം കൊടുക്കുന്നത് ആദ്യമാണ്. പുതിയ സര്‍ക്കാര്‍ ഉണ്ടാകുമെന്നു സൂചന കിട്ടിയ മെയ് 13 നാണ് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പുതിയ മന്ത്രിസഭയെ പ്രീതിപ്പെടുത്താനുള്ളതാണെന്നതില്‍ സംശയമില്ല. കേസ് തള്ളിക്കളയുന്നതിനുവേണ്ടി സെക്രട്ടറിയറ്റില്‍ ഒരു ഫയല്‍ രൂപപ്പെടുത്തുന്നതായി അറിയാന്‍ കഴിഞ്ഞു.

No comments:

Post a Comment