Friday, August 5, 2011

10 കി.മീ. യാത്ര ചെയ്യാന്‍ രണ്ടരരൂപ അധികം; 100 കി.മീറ്ററിനു രണ്ടുരൂപ!

 10 കി.മീ. യാത്രക്ക് വര്‍ധനവ്‌  രണ്ടരരൂപ !!  1 കി.മി.യാത്രക്ക് 88 പൈസ !!




 

ബസ്‌ ചാര്‍ജ്‌ വര്‍ധനയില്‍ ഹ്രസ്വദൂര യാത്രക്കാരെ വലയ്‌ക്കുന്ന അപാകതകള്‍ ഏറെ. 10 കി.മീ. ദൂരത്തിനു വര്‍ധിച്ചത്‌ 2.50 രൂപയാണെങ്കില്‍, 100 കിലോമീറ്ററിനു വര്‍ധന രണ്ടുരൂപ മാത്രം.

കോട്ടയത്തുനിന്നു 15 കി.മീ. ദൂരത്തുള്ള പാമ്പാടിക്കു പോകാന്‍ 2.50 രൂപ അധികം നല്‍കേണ്ടിവരും. എന്നാല്‍, 110 കി.മീ. അകലെ കുമളിയിലേക്കാണു യാത്രയെങ്കില്‍ മൂന്നുരൂപ മാത്രം അധികമായി നല്‍കിയാല്‍ മതിയത്രേ!

നിലവില്‍ 4.50 രൂപ നിരക്കില്‍ യാത്ര ചെയ്‌തിരുന്നവര്‍ക്കും ദീര്‍ഘദൂരയാത്രക്കാര്‍ക്കും മാത്രമാണു ചാര്‍ജ്‌ വര്‍ധന അധികം പരുക്കേല്‍പ്പിക്കാത്തത്‌. 4.50 ചാര്‍ജ്‌ 50 പൈസ വര്‍ധിച്ച്‌ അഞ്ചായപ്പോള്‍ മറ്റു നിരക്കുകളിലെല്ലാം കുറഞ്ഞത്‌ ഒരുരൂപ വര്‍ധനയാണുണ്ടായത്‌. അഞ്ചര രൂപയ്‌ക്കു യാത്ര ചെയ്‌തിരുന്നവര്‍ ഇനി എട്ടു രൂപ നല്‍കണം. അതായത്‌ അമ്പതു ശതമാനത്തോളമാണു നിരക്കു വര്‍ധിപ്പിച്ചിരിക്കുന്നത്‌. നാല്‌ അഞ്ചായും, അഞ്ച്‌ ആറായും, 5.50 എട്ടായും, ഏഴ്‌ ഒമ്പതായുമാണ്‌ ഉയര്‍ന്നത്‌. 8.50 പതിനൊന്നായും, 10 പന്ത്രണ്ടായും, 11 പതിമൂന്നായും കൂടി. 12.50 ഒറ്റയടിക്ക്‌ 15 രൂപയാകും. 14 രൂപ പതിനാറും 15 പതിനേഴുമായി ഓര്‍ഡിനറി ബസുകളിലെ ചാര്‍ജ്‌ ഉയര്‍ന്നു.

ഒരുമാസം മുമ്പു ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കുത്തനെ കൂട്ടിയതിനു പിന്നാലെയാണു ബസ്‌ ചാര്‍ജും വര്‍ധിപ്പിച്ചത്‌. രാജ്യത്ത്‌ മിനിമം ചാര്‍ജ്‌ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്‌. ടൗണ്‍, സിറ്റി ബസുകളില്‍ ഓര്‍ഡിനറി മിനിമം നിരക്കിനേക്കാള്‍ കുറവ്‌ നിരക്കുകളില്ലാത്ത ഏകസംസ്‌ഥാനവും കേരളംതന്നെ. ബസ്‌ ചാര്‍ജ്‌ കൂട്ടാന്‍ വിദഗ്‌ധസമിതി നല്‍കിയ നിര്‍ദേശം യു.ഡി.എഫ്‌. സര്‍ക്കാര്‍ അപ്പടി അംഗീകരിക്കുകയായിരുന്നു.

ബസ്‌ ഉടമകളുടെ നിര്‍ദേശങ്ങള്‍ മാത്രം കേട്ടശേഷമാണു വര്‍ധന ശിപാര്‍ശ ചെയ്‌തത്‌. ബസ്‌ ചാര്‍ജ്‌ വര്‍ധന, വിദ്യാര്‍ഥി കണ്‍സെഷന്‍, ഫെയര്‍ സ്‌റ്റേജ്‌ അപാകത തുടങ്ങി ഗതാഗതമേഖലയിലെ ആറു പ്രശ്‌നങ്ങള്‍ പഠിക്കാനായി മുന്‍സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടാണു യു.ഡി.എഫ്‌. സര്‍ക്കാര്‍ അതേപടി നടപ്പാക്കിയത്‌.

സമിതിയുടെ ശിപാര്‍ശപ്രകാരമാണു മിനിമം ചാര്‍ജ്‌ അഞ്ചു രൂപയാക്കാനും പിന്നീടുളള ഓര്‍ഡിനറി നിരക്കുകള്‍ നിലവിലുള്ള 4.50, 5.00, 5.50, 7.00 എന്നതിനു പകരം 6.00, 7.00, 8.00, 9.00 ആക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്‌. എന്നാല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഫലത്തില്‍ അഞ്ചു കിലോമീറ്ററിനും 15 കിലോമീറ്ററിനുമിടയില്‍ യാത്ര ചെയ്യേണ്ടവര്‍ മൂന്നര രൂപ അധികം നല്‍കേണ്ട സാഹചര്യമാണ്‌.

No comments:

Post a Comment