Sunday, August 7, 2011

എന്‍ഡോസള്‍ഫാന്‍ തലയ്ക്ക് മുകളിലെ വാള്‍- മേധാ പട്കര്‍







തൃശ്ശൂര്‍: രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം നിരോധിച്ച എന്‍ഡോസള്‍ഫാന്‍ കേരളത്തിന്റെ തലയ്ക്കുമീതെ തൂങ്ങുന്ന വാളാണെന്ന് സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു. ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ജനാരോഗ്യപ്രസ്ഥാനം കീടനാശിനികള്‍ക്കും ആണവവിപത്തിനുമെതിരെ തെക്കേ ഗോപുരനടയില്‍ ആരംഭിച്ച മൗന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കര്‍ണാടകത്തിലും കേരളത്തിലും മാത്രമാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. ഹരിയാനയിലും ആന്ധ്രയിലും ബംഗാളിലുമെല്ലാം അത് ഉപയോഗിക്കുന്നു. ഒരു ദുരന്തത്തിനുവേണ്ടി കാത്തിരിക്കുകയാണവര്‍. കോര്‍പ്പറേറ്റുകള്‍ക്ക് ഉണ്ടാക്കിവെച്ചിരിക്കുന്ന കീടനാശിനികള്‍ എങ്ങനെയും വില്‍ക്കണം. അഭിഷേക് സിങ്വിയെപ്പോലുള്ളവര്‍ അവരുടെ വക്താക്കളാണ്. കൃഷിമന്ത്രി ശരത്പവാറിന്റെ സംസ്ഥാനത്താണ് ഏറ്റവുമധികം കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കായി പിടിച്ചെടുക്കുന്നത്. അദ്ദേഹത്തിന്റെ മകളും മരുമകനുമൊക്കെ കോര്‍പ്പറേറ്റുകള്‍ക്ക് കൃഷിഭൂമി ഏറ്റെടുത്തുകൊടുക്കുന്നവരാണ്. അദ്ദേഹവും എന്‍ഡോസള്‍ഫാന് അനുകൂലമാണ്. യഥാര്‍ത്ഥ പ്രതി കോര്‍പ്പറേറ്റുകളാണ്. സങ്കരവിത്തും അതിനുള്ള കീടനാശിനികളും അവര്‍ നല്‍കുന്നു. ചെറിയ ലാഭം, ചെറിയ കൃഷിയിടം എന്നിവ അവര്‍ക്ക് വേണ്ട. കോര്‍പ്പറേറ്റുകള്‍ നേരിട്ട് കൃഷി നടത്തുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കും. 180 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയാണ് 10 വര്‍ഷംകൊണ്ട് മാറ്റപ്പെട്ടത്- അവര്‍ പറഞ്ഞു.

ഭൂവിനിയോഗം സംബന്ധിച്ച് തീരുമാനിക്കാനുള്ള അധികാരം ഗ്രാമസഭകള്‍ക്ക് നല്‍കണമെന്ന് മേധ ആവശ്യപ്പെട്ടു. ജുഡീഷ്യറിപോലും മണ്ണിലേക്ക് ഇറങ്ങിവരില്ല. ജനാധിപത്യത്തിന്റെ നാല് തൂണുകളും ഇക്കാര്യത്തില്‍ ഫലം ചെയ്യുന്നില്ല. ആഗോള കരാറുകള്‍ പാര്‍ലമെന്റിന്റെ സമ്മതമില്ലാതെ ഒപ്പിടാം. അവിടെ നടപ്പാക്കുന്നത് കോര്‍പ്പറേറ്റ് താത്പര്യമാണ്. ജപ്പാനിലെ ആണവറിയാക്ടര്‍ അപകടം കണ്ടിട്ടും ജേതാപ്പൂര്‍, ജാംനഗര്‍ ആണവകേന്ദ്രങ്ങള്‍ക്കായി സര്‍ക്കാര്‍ വാദിക്കുന്നതിന് കാരണവും ഇതുതന്നെ. ജനകീയശക്തികൊണ്ട് മാത്രമേ ഇതിനെ മറികടക്കാനാകൂ- അവര്‍ തുടര്‍ന്നു. സുകുമാര്‍ അഴീക്കോട് അധ്യക്ഷനായി. കല്പറ്റ നാരായണന്‍, തായാട്ട് ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. പീതാംബരമേനോന്‍ സ്വാഗതവും എ.എസ്. മുരുകേശന്‍ നന്ദിയും പറഞ്ഞു. ആഗസ്ത് 9 വരെ നീളുന്ന മൗന ഉപവാസത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സത്യഗ്രഹികള്‍ പങ്കെടുക്കുന്നു.

No comments:

Post a Comment