Thursday, August 4, 2011

വിമോചനസമരം: ഇ.എം.എസ്സിനെ കൊല്ലാനും പദ്ധതിയിട്ടു..!!!

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരെ ജാതി-മത-സാമുദായിക ശക്തികളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് വിമോചന സമരത്തിനുള്ള ഒരുക്കം കൂട്ടിക്കഴിഞ്ഞിരുന്നു. മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ അനൗദ്യോഗിക സെക്രട്ടറിയായി പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്നോട് ആവശ്യപ്പെട്ടു. ചുമതലയേറ്റ ഞാന്‍ മുഖ്യമന്ത്രിയോടൊത്ത് ക്ലിഫ് ഹൗസില്‍ താമസം തുടങ്ങി. ശര്‍മാജിയാണ് ഇ.എം.എസ്സിന്റെ ഔദ്യോഗിക സെക്രട്ടറി. ഒരു ഐ.എ.എസ്സുകാരന്‍ വേറെയും ഉണ്ട്. മുഖ്യമന്ത്രി ഇ.എം.എസ്, പാര്‍ട്ടി സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായര്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രി ടി.എ. മജീദ് എന്നിവര്‍ എന്നെ വിളിച്ച് ചര്‍ച്ച ചെയ്തു. ആദ്യം ചെയ്യേണ്ട ജോലിയും നിര്‍ദേശിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ തുറന്നുകാട്ടാന്‍ ഇംഗ്ലീഷില്‍ ലഘുലേഖ തയ്യാറാക്കുക, രാജ്യത്താകെ വിതരണം ചെയ്യാന്‍. ഇന്‍ഫര്‍മേഷന്‍ വകുപ്പ് അച്ചടിച്ചു വിതരണം ചെയ്യും.

'പ്ലോട്ട് ടു ടോപ്പിള്‍ ഇ.എം.എസ്. ഗവണ്‍മെന്റ്' (ഇ.എം.എസ്സിനെ മറിച്ചിടാന്‍ ഗൂഢാലോചന) എന്ന് ലഘുലേഖയുടെ തലക്കെട്ടായി ഞാന്‍ നിര്‍ദേശിച്ചു. അതെല്ലാവരും അംഗീകരിക്കുകയും ചെയ്തു. സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് അതുവരെ നടന്ന അട്ടിമറി നീക്കങ്ങള്‍ സംബന്ധിച്ച പത്രവാര്‍ത്തകളുടെ കട്ടിങ്ങുകള്‍ മന്ത്രി മജീദ് എനിക്ക് എത്തിച്ചുതന്നു. മോസ്‌കോവിലായതിനാല്‍ എല്ലാ കാര്യങ്ങളുടെയും വിശദാംശങ്ങള്‍ അറിഞ്ഞിരുന്നില്ല. എല്ലാം വിശദമായി പഠിച്ചു. വെള്ളയമ്പലത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആപ്പീസില്‍ ഒരാഴ്ചയോളം കുനിഞ്ഞിരുന്ന് ലഘുലേഖ തയ്യാറാക്കി ഇ.എം.എസ്സ്. വായിച്ച് സംതൃപ്തി രേഖപ്പെടുത്തി. ഇംഗ്ലീഷ് ലഘുലേഖയുടെ രണ്ടായിരം കോപ്പികള്‍ അച്ചടിച്ചു. കുറേ എണ്ണം ദില്ലിയിലെത്തിച്ച് എല്ലാ എം.പി.മാരുടെയും എഴുത്തുപെട്ടിയില്‍ ലഘുലേഖയുടെ കോപ്പികള്‍ നിക്ഷേപിക്കാന്‍ ഏര്‍പ്പാടുണ്ടാക്കി. പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും കോപ്പികള്‍ എത്തിച്ചുകൊടുത്തു. മന്ത്രി വി.ആര്‍. കൃഷ്ണയ്യര്‍ എഴുതിയ 'ഡാനിയല്‍ കംസ് ടു ജഡ്ജ്‌മെന്റ്' എന്ന മറ്റൊരു പുസ്തകവും ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തി.

ഇന്ത്യയില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആപല്‍ക്കരമായ അട്ടിമറി നീക്കങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് പുതിയ ലഘുലേഖ വായിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ്‌ഘോഷ് എന്നെ അഭിനന്ദിച്ച് കത്തെഴുതി. ഞാന്‍ ന്യൂഏജിലും ബ്ലിറ്റ്‌സിലും ലേഖനങ്ങള്‍ എഴുതി. വിമോചനസമരത്തെ തുറന്നുകാട്ടി.

'കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം', 'കമ്യൂണിസ്റ്റ് മന്ത്രിസഭ', 'തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നു', 'തൊഴിലാളി സര്‍വാധിപത്യം വഴി കേരളത്തില്‍ സോഷ്യലിസം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു'-എന്നിങ്ങനെയുള്ള തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ കേരളത്തെക്കുറിച്ച് വിദേശ പത്രങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ അല സോഷ്യലിസ്റ്റ് രാജ്യങ്ങളിലും എത്തി. കേരളത്തിന്നകത്ത് 'സെല്‍ സര്‍വാധിപത്യം' എന്ന കെട്ടുകഥകളും പത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തില്‍, കേരളത്തിലെ മന്ത്രിസഭ ഒരു സോഷ്യലിസ്റ്റോ കമ്യൂണിസ്റ്റോ അല്ലെന്നും ഈ മന്ത്രിസഭയ്ക്ക് അത്തരം പരിപാടികള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും വിശദീകരിക്കേണ്ടത് ആവശ്യമായി വന്നു. മോസ്‌കോ പാര്‍ട്ടി സ്‌കൂളില്‍ അജയ്‌ഘോഷ് നടത്തിയ പ്രസംഗത്തിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. ഇത്തരം തെറ്റിദ്ധാരണകള്‍ നീക്കാന്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.എസ്.യു) മുഖപത്രമായ 'പ്രാവ്ദ'യില്‍ 'ഡെമോക്രാറ്റിക് ട്രാന്‍സ്ഫര്‍മേഷന്‍ ഇന്‍ കേരള' (കേരളത്തിലെ ജനാധിപത്യ പരിവര്‍ത്തനങ്ങള്‍) എന്ന തലക്കെട്ടില്‍ അജയ്‌ഘോഷ് ഒരു നീണ്ട ലേഖനം പ്രസിദ്ധീകരിച്ചു.
കേരളത്തില്‍ മാത്രമായി സോഷ്യലിസ്റ്റ് ഭരണക്രമം കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ ഭരണഘടന അതിനനുവദിക്കുന്നില്ലെന്നും കേരളത്തിലെ ഗവണ്‍മെന്റിന് അത്തരമൊരു ലക്ഷ്യമില്ലെന്നും നെഹ്‌റു 1938-39ല്‍ വാഗ്ദാനം നല്കിയ ഭൂപരിഷ്‌കരണം, ഒഴിപ്പിക്കല്‍ നിരോധം, വിദ്യാഭ്യാസ മേഖലയില്‍ അഴിച്ചുപണി, അധ്യാപകരെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക, തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടാതിരിക്കുക എന്നീ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുക എന്നും ലേഖനത്തില്‍ വിശദീകരിച്ചു. ജനകീയ ജനാധിപത്യ വിപ്ലവമല്ല, താത്ത്വികമായി പറഞ്ഞാല്‍ കേരളത്തില്‍ നടന്നത്. ജനാധിപത്യപരമായ പരിവര്‍ത്തനമാണെന്നും ലേഖനത്തില്‍ വ്യക്തമാക്കി. അജയ്‌ഘോഷിന്റെ ഈ ലേഖനം കിഴക്കന്‍ യൂറോപ്പിലെ എല്ലാ സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് പത്രങ്ങളും പ്രസിദ്ധീകരിച്ചു.
ഇന്നത്തെ മാതിരി തമ്മിലടിയും തൊഴുത്തില്‍ കുത്തും കുതികാല്‍വെട്ടും മൂലം അസ്തിവാരം തകര്‍ന്ന പാര്‍ട്ടിയായിരുന്നില്ല അമ്പതുകളിലെയും അറുപതുകളിലെയും കോണ്‍ഗ്രസ്. അതൊരു വടവൃക്ഷം തന്നെയായിരുന്നു. ശാഖോപശാഖകളായി രാജ്യമെങ്ങും പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന വടവൃക്ഷം. ഈ വടവൃക്ഷത്തിനു കീഴില്‍ ഒരു പുല്ലുപോലും മുളയ്ക്കാന്‍ അനുവദിക്കില്ലായിരുന്നു. ഭരിക്കാന്‍ പിറന്നവരാണ് തങ്ങളെന്നും മറ്റുള്ളവരെല്ലാം ഭരിക്കപ്പെടേണ്ടവരുമാണെന്ന ബോധമാണ് കോണ്‍ഗ്രസ് നേതാക്കളെ നയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 'കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കും'-എന്ന് നെഹ്‌റു തന്നെ അന്ന് അഹങ്കരിച്ചിരുന്നു.

ഇത്തരമൊരു ഗര്‍വിന്റെ എക്കാലത്തെയും പ്രതീകമായിരുന്നു ഇന്ദിരാഗാന്ധി. രാജ്യം ഭരിക്കാനായി ഞങ്ങളുള്ളപ്പോള്‍ കേരളം കമ്യൂണിസ്റ്റുകാര്‍ ഭരിക്കുകയോ എന്ന കോണ്‍ഗ്രസ്സിന്റെ അസഹിഷ്ണുതയാണ് യഥാര്‍ഥത്തില്‍ വിമോചന സമരത്തിന് വഴിയൊരുക്കിയത്. മന്നത്ത് പത്മനാഭനെപ്പോലെയുള്ള സാമുദായിക പ്രമാണിമാരും ഗുണ്ടകള്‍ക്കു ചെല്ലും ചെലവും നല്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുംകൂടി രംഗത്തു വന്നതോടെ കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കുന്നതിനുള്ള അന്തരീക്ഷം സംജാതമായി. എം.ആര്‍.എ. വഴിയാണ് സി.ഐ.എ. പണം കേരളത്തിലെത്തിയത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലും ഗൗരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ച ഭൂപരിഷ്‌കരണ ബില്ലുമാണ് വിമോചന സമരത്തിന് കാരണമായി പറയപ്പെടുന്നെങ്കിലും അത് ഒരു നിമിത്തമായി എന്നു പറയുന്നതാവും ചരിത്രപരമായ ശരി.

വിദ്യാഭ്യാസ ബില്ല് ഇന്ത്യന്‍ ഭരണഘടനയുടെ 26, 30 വകുപ്പുകള്‍ക്കു വിരുദ്ധമാണെന്നും സുപ്രീം കോടതിയില്‍ കേരളത്തിലെ എന്‍എസ്എസ്, ക്രിസ്ത്യന്‍ മതസ്ഥാപനങ്ങള്‍, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് എന്നിവര്‍ ഒറ്റക്കെട്ടായി വാദിച്ചു. എല്ലാ മതവിഭാഗങ്ങള്‍ക്കും (എ) മതധര്‍മ്മ ലക്ഷ്യങ്ങള്‍ക്കായി സ്ഥാപനങ്ങളുണ്ടാക്കി നിലനിര്‍ത്താനും, (ബി) മതകാര്യങ്ങളെ സംബന്ധിച്ചിടത്തോളം സ്വയം വേണ്ടതെല്ലാം നിര്‍വഹിക്കാനും (സി) സ്ഥാവര ജംഗമ സ്വത്തുക്കള്‍ നേടാനും അവയുടെ ഉടമസ്ഥാവകാശം പുലര്‍ത്താനും, (ഡി) അത്തരം സ്വത്തുക്കളുടെ ഭരണം നടത്താനും അവകാശമുണ്ട്-എന്ന് ഭരണഘടനയുടെ 26-ാം വകുപ്പ് അനുശാസിക്കുന്നു. അതനുസരിച്ച് ക്രിസ്ത്യന്‍-മുസ്ലിം സ്‌കൂളുകളും കോളേജുകളും സര്‍ക്കാരിനു ഏറ്റെടുക്കാനോ അതിന്റെ ഭരണത്തില്‍ (ഫീസ് പിരിവ്) ഇടപെടാനോ അധികാരമില്ല എന്ന് പറഞ്ഞ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയില്‍ വിമോചന സമരക്കാര്‍ വാദിച്ചു. ''എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനും ഭരിക്കാനും അവകാശമുണ്ടെന്ന്'' ഭരണഘടനയുടെ 30-ാം വകുപ്പ് ഒന്നാം ഉപവകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ഇതനുസരിച്ച് മതത്തെയോ ഭാഷയെയോ അടിസ്ഥാനമാക്കിയുള്ള ഒരു ന്യൂനപക്ഷത്തിന്റെ മാനേജ്‌മെന്റിനു കീഴിലുള്ളതാണെന്ന കാരണത്താല്‍ വിദ്യാഭ്യാസ സ്ഥാപനത്തിനു സഹായമനുവദിക്കുന്നതില്‍ ഗവണ്മെന്റ് ഒരു വിദ്യാലയത്തോടും വിവേചനം കാട്ടിക്കൂടാ എന്ന് മന്നം-ക്രിസ്ത്യന്‍-മുസ്ലിം-കോണ്‍ഗ്രസ് പക്ഷത്തിന്റെ വക്കീലന്‍മാര്‍ വാദിച്ചു.

ഇതിനെ നേരിടാന്‍, കേരള സര്‍ക്കാര്‍ ഫ്രഒ.ച പ്രിറ്റ്' എന്ന പ്രമുഖ ബ്രിട്ടീഷ് നിയമ പണ്ഡിതനെയാണ് വക്കീലായി കൊണ്ടുവന്നത്. സുപ്രീം കോടതിയില്‍ പ്രിറ്റിന്റെ വാദം 26, 27, 29, 30 വകുപ്പുകള്‍ക്കെതിരായിരുന്നില്ല, മറിച്ച് സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെതുടക്കം മാനേജ്‌മെന്റ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനും നിയമിക്കാനും അധികാരമുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു. ഈ വാദമാണ് ജയിച്ചത്. ബില്ല് തള്ളിപ്പോയെങ്കിലും അധ്യാപകരെ മാനേജ്‌മെന്റിന്റെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഇത് വഴിയൊരുക്കി. അതിനുശേഷമാണ് കേരളത്തിലെ അധ്യാപകന്മാര്‍ക്ക് ശമ്പളം ഗവണ്മെണ്ടില്‍ നിന്നു നേരിട്ടു ലഭിച്ചു തുടങ്ങിയത്.

വിമോചന സമരകാലത്താണ് സിഐഎ കേരളത്തില്‍ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. വിമോചനസമരത്തിന് കേരളത്തില്‍ സിഐഎ വന്‍തോതില്‍ പണമൊഴുക്കിയ കാര്യം അന്നത്തെ അമേരിക്കന്‍ അംബാസിഡര്‍ 'മൊയ്‌നിഹാനും' പിന്നീട് വിമോചന സമര നായകര്‍ തന്നെയും പരസ്യമായി സമ്മതിച്ചിട്ടുണ്ട്. 'ന്യൂയോര്‍ക്ക് ടൈംസ്' പത്രത്തിന്റെ പത്രാധിപരും ഉടമകളില്‍ ഒരാളുമായ 'സ്ലസ് ബര്‍ഗര്‍' എന്ന അമേരിക്കക്കാരന്‍ 1958-ല്‍ കേരളം സന്ദര്‍ശിച്ചശേഷം എഴുതിയ ഒരു ലേഖനത്തില്‍ 'പുസ്തകം പുഴുങ്ങിത്തിന്നാന്‍ പറ്റിയിരുന്നെങ്കില്‍ കേരളം കമ്യൂണിസത്തിലേക്ക് ചായുമായിരുന്നില്ല' എന്ന് വിലപിക്കുകയുണ്ടായി. വിദ്യാഭ്യാസം + ദാരിദ്ര്യം = കമ്യൂണിസം എന്ന അരാജക സമവാക്യം വെച്ചുകൊണ്ടാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയത്. കേരളത്തില്‍ വിദ്യാഭ്യാസവും പുസ്തകവും ധാരാളമുണ്ട്. പക്ഷേ, വിശപ്പടക്കാന്‍ ഗതിയുള്ളവര്‍ വളരെ കുറവാണ്. അതുകൊണ്ടാണ് അഭ്യസ്തവിദ്യര്‍ കമ്യൂണിസ്റ്റുകാരെ അധികാരത്തിലെത്തിച്ചത് എന്നാണ് സ്ലസ്ബര്‍ഗറിന്റെ നിഗമനം. ഇതൊരു ആഹ്വാനവും അതേ സമയം താക്കീതുമായിരുന്നു.

സിഐഎയുടെ ശ്രദ്ധ കേരളത്തിലേക്ക് തിരിച്ചുവിട്ടത് സ്ലസ്ബര്‍ഗിന്റെ ലേഖനമായിരുന്നു. തുടര്‍ന്ന് നിരവധി അമേരിക്കക്കാര്‍ കേരളത്തിലേക്ക് വന്നു. പത്രപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, പിസ്‌കോര്‍ വളണ്ടിയര്‍മാര്‍, നരവംശ ശാസ്ത്രജ്ഞര്‍, കുത്തിത്തിരിപ്പുകാര്‍ എന്നിങ്ങനെ പലരും.

അന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോന്‍, ദില്ലിയില്‍ നിന്ന് പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ നിഖില്‍ ചക്രവര്‍ത്തിവഴി സംസ്ഥാന സര്‍ക്കാരിന് അയച്ച ഒരു രഹസ്യ സന്ദേശത്തില്‍ നിരവധി സി.ഐ.എക്കാര്‍ കേരളത്തില്‍ തുരുതുരാ വരുന്നുണ്ടെന്നും ദില്ലി-മദ്രാസ്-തിരുവനന്തപുരം വിമാനത്തില്‍ വിദേശികളാണ് കൂടുതല്‍ എത്തുന്നതെന്നും അറിയിച്ചിരുന്നു. കമ്യൂണിസ്റ്റു സര്‍ക്കാരിനോട് ഏറെ അനുഭാവമുള്ള ആളായിരുന്നു കൃഷ്ണമേനോന്‍.

വിമോചനസമരക്കാലത്ത് സി.ഐ.എ വന്‍തോതില്‍ പണം കേരളത്തിലേക്ക് ഒഴുക്കി. ഈ പണത്തിന്റെ നല്ലൊരു ഭാഗം ചെലവാക്കിയത് ഗുണ്ടകളെ തീറ്റിപ്പോറ്റാനും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കി ലാത്തിച്ചാര്‍ജും വെടിവെപ്പും ഉണ്ടാക്കുവാനുമായിരുന്നു. തങ്ങള്‍ സി.ഐ.എയുുെട പണം പറ്റിയെന്ന് വിമോചന സമരനായകരില്‍ പലരും രഹസ്യമായി സമ്മതിച്ചു. ഇങ്ങനെ കുമ്പസാരം നടത്തിയവരില്‍ ഒരാള്‍ വയലാര്‍ രവിയാണ്. വിമോചന സമരത്തിന്റെ രാഷ്ട്രീയ ഉല്പന്നമാണ് എ.കെ. ആന്റണിയെപ്പോലെ വയലാര്‍ രവിയും. അവരുടെ കമ്യൂണിസ്റ്റു വിരോധത്തിന് അരനൂറ്റാണ്ടു പഴക്കമുണ്ട്. ചൊട്ടയിലെ ശീലം ചുടലവരെ!
കേശവദാസപുരത്തെ എന്‍.എസ്.എസ്. ആസ്ഥാനവും വെള്ളയമ്പലത്തെ ബിഷപ്പിന്റെ കൊട്ടാരവുമായിരുന്നു അട്ടിമറി പ്രവര്‍ത്തനങ്ങളുടെ പ്രധാന സിരാകേന്ദ്രങ്ങള്‍. മുന്‍ കമ്യൂണിസ്റ്റുകാരനും വന്‍ വ്യാപാരിയുമായ കൊളത്തുങ്കല്‍ പോത്തനാണ് വിമോചന സമരത്തിന് വന്‍ തോതില്‍ പണമൊഴുക്കിയവരില്‍ ഒരാള്‍. വിമോചന സമരനായകരില്‍ പ്രധാനിയായ മന്നത്തു പത്മനാഭന്‍ പോത്തനില്‍നിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റിയതായി പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.സി. ജോണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (കേരള രാഷ്ട്രീയം ഒരു അസംബന്ധ നാടകം) ഇക്കാര്യം ആരെങ്കിലും നിഷേധിച്ചതായും അറിയില്ല.
വിമോചന സമരകാലത്തെ ഏറ്റവും ദാരുണമായ സംഭവം തിരുവനന്തപുരം കടല്‍ത്തീരത്തു വെടിവെപ്പില്‍ ഗര്‍ഭിണിയായ ഫ്‌ളോറിയുടെ മരണമായിരുന്നു. അങ്കമാലിയിലും വെടിവെപ്പ് നടന്നു. സി.ഐ.എ. പണത്തിന്റെ ഫലപ്രദമായ ഉപയോഗം. ജനങ്ങളെ പ്രകോപിപ്പിച്ച് കുഴപ്പങ്ങള്‍ ഉണ്ടാക്കുക സി.ഐ.എയുടെ എക്കാലത്തെയും തന്ത്രമാണ്.

വിമോചന സമരക്കാലത്ത് കേരളം സന്ദര്‍ശിച്ച നൂറുകണക്കിന് വിദേശികളില്‍ ഒരാളാണ് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകനായ ഗുസൈപ്പി ബൊഫ. ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'ഉനിത്ത'യുടെ മുഖ്യ രാഷ്ട്രീയ ലേഖകനായിരുന്നു ബൊഫ. ഞാന്‍ മോസ്‌കോ പാര്‍ട്ടി സ്‌കൂളിലായിരുന്നപ്പോള്‍ കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തനം എന്ന വിഷയത്തില്‍ മൂന്നു മാസത്തെ കോഴ്‌സിന് ബൊഫയും വന്നിരുന്നു. ഇംഗ്ലീഷും റഷ്യനും നന്നായി അറിയാവുന്ന ബൊഫ എന്റെ അടുത്ത സുഹൃത്തായി. 1956-ലെ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ്സില്‍ സ്റ്റാലിനെ തേജോവധം ചെയ്തുകൊണ്ട് ക്രൂഷ്‌ചേവ് ചെയ്ത രഹസ്യ പ്രസംഗം ചോര്‍ത്തി 'ന്യൂയോര്‍ക്ക് ടൈംസിലും' 'ഹെറാള്‍ഡ് ട്രിബ്യൂണ'ലിലും മറ്റു പടിഞ്ഞാറന്‍ മാധ്യമങ്ങളിലും നല്‍കിയത് ബൊഫയാണ് എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഇത് സത്യമാണോ എന്ന് എനിക്ക് ഇന്നും അറിയില്ല. എന്നാല്‍ അദ്ദേഹം ഒരു സ്റ്റാലിന്‍ വിരോധിയായിരുന്നു. തിരുത്തല്‍വാദിയും.

ബൊഫ തിരുവനന്തപുരത്തു വന്നപ്പോള്‍ എന്നെ മസ്‌കറ്റ് ഹോട്ടലില്‍ അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിച്ചു. ഒരു ടാക്‌സിവിളിച്ചു ഞങ്ങള്‍ കടപ്പുറത്തേക്ക് പോയി. സിഐഎയുടെ നിരവധി ചാരന്മാര്‍ കേരളത്തില്‍ വന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഏറ്റുമുട്ടലുകളും വെടിവെപ്പുകളുമുണ്ടാക്കാന്‍ നിഗൂഢ പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ബൊഫ തെളിവുകള്‍ സഹിതം എന്നെ അറിയിച്ചു. മന്ത്രിസഭ സ്വയം രാജിവെച്ചില്ലെങ്കില്‍ രണ്ടു ലക്ഷം പേരെ അണിനിരത്തി സെക്രട്ടേറിയറ്റ് കൊള്ളയടിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ബൊഫ വിശദീകരിച്ചു. കാര്യങ്ങള്‍ സത്യമായിരിക്കുമെന്ന് എനിക്ക് ബോധ്യമായി. ഹോട്ടല്‍മുറിയില്‍ സംസാരം ചോര്‍ത്താനുള്ള എന്തെങ്കിലും സംവിധാനമുണ്ടായേക്കുമെന്നു സംശയിച്ചാണ് ബൊഫ എന്നെ കടപ്പുറത്തേക്കു കൊണ്ടുപോയി ഇക്കാര്യം സംസാരിച്ചത്.

ഞാന്‍ ഉടനെ ക്ലിഫ് ഹൗസില്‍ ചെന്ന് മുഖ്യമന്ത്രി ഇ.എം.എസ്സിനെ വിവരമറിയിച്ചു. അച്യുതമേനോനെയും എം.എന്‍. ഗോവിന്ദന്‍നായരെയും. സി.ഐ.എ. ചാരന്മാര്‍ക്ക് വിമോചനസമരനായകന്മാരുമായി ബന്ധം സ്ഥാപിക്കാന്‍ ഏര്‍പ്പെടുത്തിയ മൂന്നു ഫ്‌ളാറ്റുകളെക്കുറിച്ചുള്ള വിവരവും ബൊഫ നല്‍കി. അവ വാച്ചുചെയ്യാന്‍ അച്യുതമേനോന്‍ സി.ഐ.ഡികളെ നിയമിക്കാന്‍ ഐ.ജിക്കു നിര്‍ദേശവും നല്‍കിയിരുന്നു.

ക്ലിഫ്ഹൗസ് ആക്രമിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും അപായപ്പെടുത്താന്‍ സമരക്കാര്‍ ആലോചിക്കുന്നുണ്ടെന്ന രഹസ്യപ്പൊലീസിന്റെ റിപ്പോര്‍ട്ടും ഇതിനിടയില്‍ കിട്ടി. മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ സര്‍ക്കാര്‍തല പ്രൈവറ്റ് സെക്രട്ടറി ശര്‍മാജി എന്ന സുബ്രഹ്മണ്യ ശര്‍മയെ പൊലീസ് ഐ.ജി. നേരിട്ടാണ് ഈ വിവരം അറിയിക്കുന്നത്. ശര്‍മാജിയും ഞാനും ഇ.എം.എസ്സിനോട് ഇക്കാര്യം സംസാരിച്ചു. വൈകുന്നേരം എം.എന്‍, അച്യുതമേനോന്‍, എസ്. കുമാരന്‍ എന്നിവരുമായും ഇ.എം.എസ്. കൂടിയാലോചന നടത്തി. ക്ലിഫ്ഹൗസില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിക്കണമെന്ന നിര്‍ദേശം ഇ.എം.എസ് സ്വീകരിച്ചില്ല. ഇ.എം.എസ്സും കുടുംബവും കിടപ്പുമുറി മാറ്റി. ഞാന്‍ ക്ലിഫ് ഹൗസിലെ ഔട്ട്ഹൗസിലേക്ക് താമസം മാറ്റി. പെട്ടെന്ന് ആവശ്യമായിവരുമ്പോള്‍ പൊലീസിനെ വിളിക്കാന്‍ പ്രത്യേകമായി ചുവന്ന ഫോണ്‍ ഉണ്ടായിരുന്നു. വലിയ ഒരു ടോര്‍ച്ചും റിവോള്‍വറും പൊലീസ് എനിക്കു നല്‍കി. രണ്ടാഴ്ചക്കാലം ഞാന്‍ രാത്രിയില്‍ ഉറങ്ങാതെ കാവലിരുന്നു. ക്ലിഫ്ഹൗസിനു ചുറ്റും ഗണ്‍മാനുമൊത്ത് റോന്തു ചുറ്റി. പക്ഷേ, ഒന്നുമുണ്ടായില്ല. ഭീതി പരത്താന്‍ സോഷ്യലിസ്റ്റ് നേതാവ് ജൂബാ രാമകൃഷ്ണപിള്ള പ്രചരിപ്പിച്ച കള്ളക്കഥയായിരുന്നു ഇതെന്ന് പിന്നീട് എം.എന്‍. കണ്ടുപിടിച്ചു. അനാവശ്യമായി ഭീതിജനിപ്പിക്കുന്നതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നതും അന്നത്തെ പ്രതിപക്ഷത്തിന് പ്രിയപ്പെട്ട വിനോദമായിരുന്നു.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ പല തലങ്ങളിലാണു നടന്നത്. കൃഷിഭൂമികള്‍ തരിശിട്ട് ഭക്ഷ്യക്ഷാമമുണ്ടാക്കാനുള്ള നീക്കം പോലും ഭൂവുടമകള്‍ നടത്തി. ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച ആളാണ് കുട്ടനാട്ടിലെ കായല്‍രാജാക്കന്മാരായ കെ.എം. കോര, നിരണം ബേബി എന്നിവര്‍. ഈ നീക്കത്തെ പ്രധാനമന്ത്രി നെഹ്‌റു പോലും അപലപിച്ചു. തീരുമാനത്തില്‍ നിന്നു പിന്തിരിയണമെന്ന് അഭ്യര്‍ഥിച്ച് നെഹ്‌റു കെ.എം. കോരയ്ക്ക് കത്തെഴുതി. നെഹ്‌റു കോരയ്ക്ക് അയച്ച കത്ത് തപാലില്‍ നിന്നും പുറത്തെടുത്ത് അതിന്റെ കോപ്പികള്‍ ചില ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി ഇ.എം.എസ്സിന് അയച്ചുകൊടുത്തു.

കേരളത്തില്‍ നിലനില്‍ക്കുന്ന സ്‌ഫോടനാത്മകമായ സ്ഥിതിഗതികളെക്കുറിച്ചും കോണ്‍ഗ്രസ് നടത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇ.എം.എസ്. പ്രധാനമന്ത്രി നെഹ്‌റുവിനെ നിരന്തരമായി എഴുതി അറിയിച്ചിരുന്നു. ഫ്രഫ്ര'ങടചവസിു *്ിിവീ്യ്ൃലവൃരവയ്ത്തയ്ത്തഎന്ന ഒരു ഫയല്‍ തുറന്നു. മകളും കോണ്‍ഗ്രസ് പ്രസിഡണ്ടുമായ ഇന്ദിരാഗാന്ധിയുമൊത്ത് നെഹ്‌റു ഊട്ടിയില്‍ വരുമ്പോള്‍ കേരളത്തില്‍ വരാന്‍ ഇ.എം.എസ് ക്ഷണിക്കുകയും ചെയ്തു. നെഹ്‌റു ക്ഷണം സ്വീകരിച്ചു. ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇ.എം.എസ് വിശദീകരിച്ചപ്പോള്‍, ഇന്ദിരാഗാന്ധിയേയും ക്ഷണിച്ചിട്ടുണ്ടോ എന്ന് ഒരു ലേഖകന്‍ ആരാഞ്ഞു. 'മകള്‍ പ്രധാനമന്ത്രിയുടെ ഭാഗമല്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിറ്റേ ദിവസത്തെ പല പത്രങ്ങളുടെയും പ്രധാന വാര്‍ത്ത മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ 'പ്രകോപനപരമായ' ഈ പരാമര്‍ശമായിരുന്നു. സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ പള്ളിക്കാരും സാമുദായിക നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന ഉപജാപങ്ങളെ പിന്തുണയ്ക്കുന്ന ഇന്ദിരാഗാന്ധിയോടുള്ള കടുത്ത അമര്‍ഷം ഇ.എം.എസ്സിന്റെ വാക്കുകളില്‍ യഥാര്‍ഥത്തില്‍ പ്രതിഫലിച്ചിരുന്നു. ഇന്ദിരാഗാന്ധിയെ ശരിക്കും ഇതു പ്രകോപിപ്പിക്കുകയും ചെയ്തു.

ഇ.എം.എസ്സിന്റെ ക്ഷണം സ്വീകരിച്ച് നെഹ്‌റു 1959 ജൂണ്‍ 21ന് തിരുവനന്തപുരത്തെത്തി. വിമോചന സമരക്കാര്‍ അവസരം ശരിക്കും മുതലെടുത്തു. 'ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടുക' എന്ന മുദ്രാവാക്യങ്ങള്‍ നഗരമെങ്ങും അവര്‍ പ്രദര്‍ശിപ്പിച്ചു. മൗനജാഥ നടത്തി. ''ജനങ്ങളെ ശത്രുക്കളാക്കുന്ന കാര്യത്തില്‍ നിങ്ങള്‍ അദ്ഭുതകരമായി വിജയിച്ചിരിക്കുന്നു''-എന്നാണ് നെഹ്‌റു ഇ.എം.എസിനോട് രാജ്ഭവനില്‍വെച്ചു പറഞ്ഞത്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചുപോരുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് പത്രക്കാര്‍ നെഹ്‌റുവിനോട് അന്വേഷിച്ചു. 'കേരളത്തിലെ കാര്യങ്ങളെക്കുറിച്ച് എന്ത് തോന്നുന്നു' എന്ന്. 'ഇവിടെ ഒരു ബഹുജന മുന്നേറ്റം നടക്കുന്നതായി തോന്നുന്നു.' എന്നായിരുന്നു നെഹ്‌റുവിന്റെ മറുപടി. പത്രക്കാര്‍ക്കും സമരക്കാര്‍ക്കും ലോട്ടറി അടിച്ച സന്തോഷം. പിറ്റേ ദിവസം പത്രങ്ങളില്‍ അതായിരുന്നു പ്രധാനവാര്‍ത്ത. മന്ത്രിസഭ പിരിച്ചുവിടും എന്ന് ഏറെക്കുറേ എല്ലാവരും ഉറപ്പിച്ചു. പിന്നീട് ഒരു മാസം മാത്രമേ പിന്നിട്ടുള്ളൂ-1959 ജൂലായ് 31ന്, രാജ്യത്തിന്റെ ജനാധിപത്യചരിത്രത്തില്‍ കറുത്ത അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിട്ടു. ''ഇന്നു കേരളം, നാളെ ഇന്ത്യ''-ഇതായിരുന്നു ഇ.എം.എസ്സിന്റെ ആദ്യ പ്രതികരണം.
തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭയെ ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് പിരിച്ചുവിടുന്നതിന് പ്രധാനമന്ത്രി നെഹ്‌റുവിനു വിഷമം തോന്നിയിരുന്നു. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഒരു വട്ടമേശ സമ്മേളനം വിളിക്കാന്‍ പോലും നെഹ്‌റു സന്നദ്ധനായി. എന്നാല്‍ ഇതിനെല്ലാം പ്രധാനമായും എതിരു നിന്നത് കോണ്‍ഗ്രസ് അധ്യക്ഷ ഇന്ദിരാഗാന്ധിയാണ്. മന്ത്രിസഭ പിരിച്ചുവിട്ടില്ലെങ്കില്‍ താന്‍ രാഷ്ട്രപതിഭവനു മുന്നില്‍ ഉപവസിക്കും എന്നു പോലും ഇന്ദിരാഗാന്ധി നെഹ്‌റുവിനെ ഭീഷണിപ്പെടുത്തി എന്ന് വി.കെ. കൃഷ്ണമേനോന്‍ ഇ.എം.എസ്സിനുള്ള രഹസ്യക്കുറിപ്പില്‍ അറിയിച്ചിരുന്നു. അവസാന നിമിഷം വരെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് 356-ാം വകുപ്പു പ്രയോഗിക്കുന്നതിനെതിരായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ അദ്ദേഹത്തിന് ചെയ്യേണ്ടിവന്നു.

വിമോചന സമരത്തിന് സാര്‍വദേശീയ പ്രാധാന്യം നല്‍കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സുപ്രധാന പങ്ക് വഹിച്ചു. 'ന്യൂയോര്‍ക്ക് ടൈംസ്' പത്രം വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫ്‌ളോറിയുടെ ചിത്രം പ്രസിദ്ധീകരിച്ചു. ഫ്‌ളോറിയെ പത്രം കന്യാമറിയത്തെപ്പോലെയാണ് അവതരിപ്പിച്ചത്. കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ സാമ്രാജ്യത്വ ലോകം എത്രമാത്രം ജാഗ്രത പുലര്‍ത്തിയിരുന്നു എന്നതിന് ഉദാഹരണമാണിത്. വിമോചന സമരത്തിന് നിമിത്തമായതായി കണക്കാക്കുന്ന വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്‌കരണ നിയമവും ധീരവും പുരോഗമനപരവുമായ കാല്‍വെപ്പായിരുന്നുവെങ്കിലും ചില സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ രണ്ടു ബില്ലുകളിലും ഉണ്ടായിരുന്നു. വിദ്യാഭ്യാസ ബില്ലിന്റെ നിയമ സാധുത സുപ്രീം കോടതിയില്‍ പോലും ചോദ്യം ചെയ്യപ്പെട്ട കാര്യം മുകളില്‍ പറഞ്ഞല്ലോ.

ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടുമെന്ന് ആദ്യഘട്ടത്തിലൊന്നും പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നില്ല. എം.എല്‍.എമാരെ കൂറു മാറ്റി മന്ത്രിസഭയെ താഴെയിറക്കാനാണ് ആദ്യം കോണ്‍ഗ്രസ്സുകാര്‍ ശ്രമിച്ചത്. ഇതിനായി വന്‍ തുകകള്‍ തന്നെ പണച്ചാക്കായ കൊളത്തുങ്കല്‍ പോത്തന്‍ സംഘടിപ്പിച്ചിരുന്നു. ഈ നീക്കം നേരത്തെതന്നെ മനസ്സിലാക്കി പാര്‍ട്ടി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു. പിന്നീടാണ് വ്യാപകമായ അക്രമം അഴിച്ചുവിട്ട് കേന്ദ്രത്തിന്റെ ഇടപെടല്‍ സാധ്യമാക്കിയത്.

വിമോചന സമരത്തിനു പണമിറക്കിയതില്‍ പ്രധാനിയായ പോത്തന്റെ കയ്യേറ്റശ്രമത്തിനും ഞാന്‍ ഇരയായി. മന്ത്രിസഭ പിരിച്ചുവിട്ടതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സംഭവം. ഇ.എം.എസ്സിനെ ദില്ലിയിലേക്ക് യാത്രയയയ്ക്കാന്‍ വിമാനത്താവളത്തില്‍ പോയതായിരുന്നു ഞാനും സി. ഉണ്ണിരാജയും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഓസ്റ്റിനെയും പ്രവര്‍ത്തകസമിതി അംഗം യു.എന്‍. ധേവറെയും യാത്രയയയ്ക്കാന്‍ പോത്തനും സംഘവും വിമാനത്താവളത്തിലുണ്ട്. മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു പോത്തന്‍. വിമാനത്താവളത്തില്‍നിന്ന് പുറത്തുകടന്നപ്പോള്‍ പോത്തന്‍ അസഭ്യം പറഞ്ഞുതുടങ്ങി.
''എവിടെപ്പോയെടാ കുഞ്ഞനന്താ നിന്റെ നമ്പൂരി....റഷ്യക്കോ ചൈനയ്‌ക്കോ'' എന്നു തുടങ്ങി, കേള്‍ക്കാന്‍ കൊള്ളാത്ത അശ്ലീലം അയാള്‍ തുടര്‍ച്ചയായി വിളിച്ചുപറഞ്ഞു. ആദ്യം ക്ഷമിച്ചെങ്കിലം അസഹ്യമായപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ചോദ്യംചെയ്തു. അദ്ദേഹം ഓടിവന്ന് എന്നെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ മഫ്ടി പൊലീസുകാര്‍ വന്ന് അദ്ദേഹത്തെ പിടിച്ചുമാറ്റി. ഞാനും സി. ഉണ്ണിരാജയും തല്ലുകൊള്ളാതെ കാറില്‍ കയറി ഓഫീസിലേക്ക് യാത്രയായി.

വിമോചനസമരക്കാലത്ത് മൂന്നു തവണ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ്‌ഘോഷ് കേരളത്തില്‍ വന്നു. ഒരിക്കല്‍ പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ യോഗവും തിരുവനന്തപുരത്ത് ചേര്‍ന്നു. നാഷണല്‍ കൗണ്‍സിലിന് ഒരാഴ്ച മുന്‍പുതന്നെ ബി.ടി.ആര്‍, ബസവപുന്നയ്യ, ഭൂപേഷ് ഗുപ്ത എന്നിവര്‍ എത്തിയിരുന്നു, പ്രമേയങ്ങള്‍ തയ്യാറാക്കാന്‍. കേരളത്തില്‍ വന്ന അജയ്‌ഘോഷ് കന്യാകുമാരിയില്‍ ചെന്ന് വിവേകാനന്ദപ്പാറ വരെ കടലില്‍ നീന്തിയത് വിമോചനസമരക്കാലത്തെ ചൂടില്‍ കുളിര്‍മയുള്ള ഓര്‍മയായി എന്നില്‍ അവശേഷിക്കുന്നു.

ദില്ലിക്ക് തിരിക്കുന്നതിനു തലേന്ന് അജയ്‌ഘോഷ് എന്നെ സ്വകാര്യമായി വിളിച്ചു പറഞ്ഞു, നമുക്കൊന്നു കന്യാകുമാരിവരെ പോകണമെന്ന്. കന്യാകുമാരി കടലില്‍ നീന്തണമെന്ന് തന്റെ ചെറുപ്പകാലം മുതലുള്ള ആഗ്രഹമാണ് എന്നും പിന്നീട് അതിനു കഴിഞ്ഞില്ലെന്നുവരും എന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ ഇ.എം.എസ്സിനെ അറിയിച്ചു. കേട്ടപ്പോള്‍ ഇ.എം.എസ്. പരിഭ്രമിച്ചുപോയി. അജയ്‌ഘോഷിനെ പിന്തിരിപ്പിക്കാനുള്ള ഇ.എം.എസ്സിന്റെ ശ്രമം വിജയിച്ചില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ കൂടെ നീന്താന്‍ വിദഗ്ദ്ധനായ ഒരാളെയും സുരക്ഷയ്ക്കുള്ള ഏര്‍പ്പാടും ആഭ്യന്തരമന്ത്രി അച്യുതമേനോനുമായി ബന്ധപ്പെട്ടു ചെയ്തു.

ഞങ്ങള്‍ കന്യാകുമാരിയിലേക്ക് യാത്രയായി. രാത്രി ഗസ്റ്റ് ഹൗസില്‍ താമസിച്ചു. അതിരാവിലെ അജയ്‌ഘോഷ് നീന്താനിറങ്ങി. വിവേകാനന്ദപ്പാറയിലേക്ക് നല്ല പരിശീലനം സിദ്ധിച്ച നീന്തല്‍ത്താരത്തെപ്പോലെ അജയ്‌ഘോഷ് തിരമാലകളെ മുറിച്ചു നീന്തിപ്പോകുന്നത് കരയില്‍നിന്ന് ഞാന്‍ കൗതുകത്തോടെ നോക്കിനിന്നു. കൂടെ വന്ന നീന്തല്‍വിദഗ്ദ്ധനായ ഗണ്‍മാന്‍ ഒരു കാറ്റു നിറച്ച കാര്‍ വീലിന്റെ ബ്ലാഡര്‍ കൂടെ കരുതിയിരുന്നു. ആ ലൈഫ് ബെല്‍റ്റും കയ്യിലെടുത്താണ് പൊലീസുകാരന്‍ അജയുടെ കൂടെ നീന്തിയത്.
(പൊളിച്ചെഴുത്ത് എന്ന ആത്മകഥയില്‍ നിന്ന്)


No comments:

Post a Comment