Tuesday, August 2, 2011

മാണിയുടെ വാദങ്ങള്‍ക്ക് ഐസക്കിന്റെ മറുപടി കോട്ടയത്ത്

ധവളപത്രത്തിലൂടെ കെ.എം. മാണി ഉയര്‍ത്തിയ വാദങ്ങള്‍ക്ക് മറുപടിയായി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പുസ്തകം. ധനമന്ത്രിയായിരിക്കെ വര്‍ഷത്തില്‍ രണ്ടെണ്ണം വെച്ച് പത്ത് പുസ്തകങ്ങള്‍ രചിച്ച ഐസക് പ്രതിപക്ഷ ബെഞ്ചിലേക്ക് മാറിയശേഷം ഇറങ്ങുന്ന ആദ്യ പുസ്തകമാണിത്. 'കള്ളം കള്ളം പച്ചക്കള്ളം പിന്നെ കെ.എം. മാണിയുടെ കണക്കുകളും' പുസ്തകം വ്യാഴാഴ്ച പ്രകാശനം ചെയ്യും. ചടങ്ങ് മാണിയുടെ സ്വന്തം തട്ടകമായ കോട്ടയത്ത്. മാണിയുടെ ധവളപത്രത്തിന് മറുപടിയായി അവതരിപ്പിച്ച ബദല്‍ ധവളപത്രം ഇംഗ്ലീഷിലായിരുന്നു.
എന്നാല്‍, സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പുസ്തകം മലയാളത്തിലാണ്. ചിന്ത പബ്ലിഷേഴ്‌സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശനത്തിനും പരമ്പരാഗത ശൈലികളില്‍നിന്ന് വേറിട്ട വഴിയാണ് ഐസക് തേടുന്നത്. ടി.കെ. രാമകൃഷ്ണന്‍ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് എന്‍.ബി.എസിന്റെ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മാര്‍ക്‌സിസ്റ്റ്  സാമ്പത്തിക ശാസ്ത്ര വിശകലനത്തില്‍നിന്ന് മാറി ചിന്തിക്കുന്ന തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി പി.സി. സിറിയക്, ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ വിജയരാഘവന്‍, പ്രഫ. മേരിജോര്‍ജ് എന്നിവര്‍ ഒരു വശത്തും സി.പി.എം സഹയാത്രികനായ ഡോ. കെ.എന്‍. ഹരിലാല്‍ മറുവശത്തും അണിനിരന്ന് ഐസക്കിനോട് ചോദ്യങ്ങള്‍ ഉന്നയിക്കും. സദസ്സില്‍ കേള്‍ക്കാനിരിക്കുന്നവര്‍ക്കും മോഡറേറ്റര്‍ വഴി മുന്‍ ധനമന്ത്രിയെ ചോദ്യംചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

No comments:

Post a Comment