- അണ്ണ ഹസാരെയെ തിഹാര്‍ ജയിലിലടച്ചതറിഞ്ഞ് ജയിലിനു മുന്നില്‍ രാപ്പകലില്ലാതെ കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍ . ചൊവ്വാഴ്ച സന്ധ്യയോടെയാണ് ജയിലിനുമുന്നില്‍ നൂറുകണക്കിനു ഹസാരെ അനുയായികള്‍ എത്തിയത്. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും മെഴുകുതിരി കത്തിച്ചും ഉറങ്ങാതെ കാത്തിരുന്നു. അണ്ണ ഹസാരെയെ പുറത്തുവിടണമെന്നായിരുന്നില്ല ഇവരുടെ മുദ്രാവാക്യം, പുറത്തുവിടണ്ട എന്നായിരുന്നു. ബുധനാഴ്ച രാത്രിയോടെ ജയിലിനുമുന്നിലുള്ള പ്രക്ഷോഭകരുടെ എണ്ണം ആയിരങ്ങളായി. ജനസഞ്ചയം പെരുകുകയും രാജ്യവ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതോടെ അറസ്റ്റ് അബദ്ധമായി എന്ന് സര്‍ക്കാര്‍വൃത്തങ്ങളില്‍ ചര്‍ച്ചയായി. കൂടുതല്‍ പ്രതിഷേധം ഉണ്ടാവുന്നതിനു മുമ്പ് ഹസാരെയെ പുറത്തുവിടണമെന്ന് യുപിഎ ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശിച്ചു. രാത്രി എട്ടോടെ സര്‍ക്കാര്‍ നിലപാട് മാറ്റി. ഹസാരെയെ വിട്ടയക്കാന്‍ ജയിലധികൃതരോട് മജിസ്ട്രേട്ടിന്റെ ഉത്തരവു സഹിതം ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. ജയില്‍സൂപ്രണ്ട് നേരിട്ടെത്തി ഹസാരെയെ മോചിപ്പിച്ചതായി അറിയിച്ചു. താന്‍ പുറത്തുപോയാല്‍ പിന്നെയും അറസ്റ്റു ചെയ്യപ്പെടുമെന്നും നിരാഹാരം അനുവദിക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു.
- ജയിലില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ പൗരസമൂഹ പ്രതിനിധികള്‍ ജയിലിനു മുന്നിലുള്ള ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. ഹസാരേക്ക് ജയിലില്‍നിന്ന് പുറത്തുപോവേണ്ട, സമരസ്വാതന്ത്ര്യമാണ് വേണ്ടത് എന്നായിരുന്നു തുടര്‍ന്നുള്ള ആവശ്യം. ചാനലുകള്‍ അര്‍ധരാത്രിയും തിഹാര്‍ ജയിലിനുമുന്നിലുള്ള സംഭവങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തു. ജയിലിനുമുന്നിലെ ജനക്കൂട്ടം സര്‍ക്കാരിന് ആശങ്കയുണ്ടാക്കിയതോടെയാണ് ഹസാരെയെ എങ്ങനെയും പുറത്തുകടത്താന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍ , രാത്രിതന്നെ ഹസാരെയെ മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. രാത്രി ഹസാരെയെ മോചിപ്പിച്ച് അദ്ദേഹത്തെ മഹാരാഷ്ട്രയിലേക്ക് കടത്താനുള്ള സാധ്യതയും പൗരസമൂഹപ്രവര്‍ത്തകര്‍ മുന്‍കൂട്ടി കണ്ടിരുന്നു. രാംദേവിനെ രാത്രി അറസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഡല്‍ഹി അതിര്‍ത്തി കടത്തിയിരുന്നു. ഈ അനുഭവം ഉള്ളതിനാലാണ് ഉറക്കമൊഴിച്ചും അനുയായികള്‍ ജയില്‍ ഗേറ്റിനുമുന്നില്‍ കുത്തിയിരുന്നത്. പല സമരവും ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നുവെങ്കില്‍ ചൊവ്വാഴ്ച രാത്രി തിഹാര്‍ ജയിലിനുമുന്നില്‍ തടിച്ചുകൂടിയവര്‍ തങ്ങളുടെ നേതാവിനെ വിടരുത് എന്നാണ് ആവശ്യപ്പെട്ടത്.
Thursday, August 18, 2011
ഉറക്കമൊഴിഞ്ഞും ആയിരങ്ങള്‍ തിഹാറിനു മുന്നില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment