നാലാം ഫെയര്‍സ്റ്റേജിലെ ബസ് ചാര്‍ജ് വര്‍ധനയില്‍ കുറവുവരുത്തിയെങ്കിലും നിരക്കുപരിഷ്‌കരിച്ചപ്പോള്‍ വന്ന അപാകതകള്‍ മാറ്റമില്ലാതെ തുടരുന്നു.
- പത്തുകിലോമീറ്റര്‍ ദൂരംവരുന്ന നാലാം സ്റ്റേജിലെ 5.50 രൂപ ഒറ്റയടിക്ക് എട്ടുരൂപയായാണ് വര്‍ധിപ്പിച്ചിരുന്നത്. പ്രതിഷേധം വ്യാപകമായതിനെത്തുടര്‍ന്നാണ് എട്ടുരൂപ ഏഴുരൂപയായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായത്. അശാസ്ത്രീയമായാണ് ബസ്‌യാത്രാനിരക്കുകൂട്ടിയതെന്ന ആക്ഷേപം ശരിവെക്കുന്നതാണ് ഈ നടപടി.
- എന്നാല്‍ മൊത്തത്തിലുള്ള അപാകതകള്‍പരിഹരിക്കാന്‍ ഇനിയും ശ്രമമുണ്ടായിട്ടില്ല. നാലാം സ്റ്റേജുപോലെ തന്നെ ആറാം സ്റ്റേജിലും 2.50 രൂപയുടെ വര്‍ധനയാണുണ്ടായത്. 8.50 രൂപ ഇവിടെ 11 രൂപയായി വര്‍ധിച്ചു. കിലോമീറ്റര്‍ നിരക്കിനേക്കാള്‍ 2.75 രൂപയാണ് ഈ സ്റ്റേജില്‍ ഈടാക്കുന്നത്. യാത്രചെയ്യാത്ത ദൂരത്തിനാണ് ഈ അധികത്തുക നല്‍കുന്നത്. ഈ അപാകതകള്‍പരിഹരിക്കാന്‍ ഒരു നടപടിയുമുണ്ടായിട്ടില്ല.
- മിനിമം നിരക്കുമാത്രമാണ് വര്‍ധിപ്പിക്കുന്നതെന്നും കിലോമീറ്റര്‍ നിരക്ക് 55 പൈസയായി നിലനിര്‍ത്തുമെന്നുമായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ പുതുക്കിയനിരക്ക് വന്നപ്പോള്‍ അത് പാഴ്‌വാക്കായി. കിലോമീറ്ററിന് 55 പൈസപ്രകാരം 5.50 രൂപയാണ് നാലാംസ്റ്റേജില്‍ നിരക്കുവേണ്ടിയിരുന്നത്. പരമാവധി ആറു രൂപവേണ്ടിടത്ത് ഇപ്പോള്‍ ഒരു രൂപ കുറച്ചിട്ടും ഏഴുരൂപയാണ് നിരക്ക്. കിലോമീറ്റര്‍ നിരക്കിനേക്കാള്‍ കൂടുതലാണ് ഏഴുരൂപ നിരക്കും.
- ഇത്തവണ നിരക്കുവര്‍ധനയ്ക്ക് സ്വീകരിച്ച രീതിയാണ് വ്യാപകമായ അപാകതകള്‍ക്ക് ഇടയാക്കിയത് . മിനിമം കിലോമീറ്ററില്‍ സഞ്ചരിക്കാവുന്ന അഞ്ചുകിലോമീറ്റര്‍ ദൂരം പ്രത്യേകമായി നിലനിര്‍ത്തുകയും തുടര്‍ന്നുള്ള ദൂരത്തിന് കിലോമീറ്റര്‍ നിരക്ക് ഈടാക്കുകയും ചെയ്യുന്നരീതിയാണ് ഇത്തവണ അവലംബിച്ചത്. ഇത്തരമൊരുരീതി രാജ്യത്തെവിടെയും നിലവിലില്ല. മിനിമം നിരക്കിനുപുറത്ത് സഞ്ചരിക്കുന്നവരില്‍ നിന്ന് കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ യാത്രാനിരക്ക് ഈടാക്കുന്നപതിവാണ് ഇതുവരെ സംസ്ഥാനത്തുമുണ്ടായിരുന്നത്. ഇതുമാറ്റി അശാസ്ത്രീയമായ രീതി പിന്തുടര്‍ന്നതാണ് മിനിമം നിരക്കിനുശേഷമുള്ള ഫെയര്‍സ്റ്റേജുകളിലെ നിരക്കില്‍ വന്‍ വര്‍ധനവുണ്ടാവാന്‍ കാരണമായത്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഭാവിയില്‍ വരുന്ന എല്ലാവര്‍ധനയിലും യാത്രാനിരക്ക് അനിയന്ത്രിതമായി കൂടാനിടയാവും.
- നിരക്കുവര്‍ധന, ഫെയര്‍സ്റ്റേജ് അപാകതകള്‍പരിഹരിക്കല്‍ തുടങ്ങിയ ആറുകാര്യങ്ങള്‍ പഠിക്കാനാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നത്. എന്നാല്‍ നിരക്കുവര്‍ധനമാത്രമാണ് സമിതിശുപാര്‍ശ പ്രകാരം നടന്നത്. നിരക്കു വര്‍ധനയോടെ ഫെയര്‍സ്റ്റേജ് അപാകതകള്‍ പെരുകുകയും ചെയ്തു. നേരത്തേ മൂന്നു സ്റ്റേജുകളില്‍ മാത്രമായിരുന്നു കാര്യമായ അപാകം. യാത്രചെയ്യാത്ത ദൂരത്തിന് 12 പൈസ മുതല്‍ 37 പൈസവരെയാണ് യാത്രക്കാരന്‍ നല്‍കേണ്ടിവന്നത്. ഇതിപ്പോള്‍ 1.87 മുതല്‍ 2.75 രൂപവരെയായിട്ടുണ്ട്. നിരക്കുവര്‍ധനയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ പരോക്ഷമായി ശരിവെക്കുമ്പോഴും പ്രധാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.
No comments:
Post a Comment