Friday, August 12, 2011

ഉമ്മന്‍ചാണ്ടിക്ക് ഒളിച്ചോടാനാകില്ലെന്ന് കണ്ണന്താനം


  • പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ഒളിച്ചോടാനാവില്ലെന്ന് അന്നത്തെ സിവില്‍സപ്ലൈസ് ഡയറക്ടറായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം. പാമൊലിന്‍ ഇറക്കുമതിയില്‍ അന്നത്തെ യുഡിഎഫ് മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമുണ്ട്. ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്തം വലുതായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. 
  • പാമൊലിന്‍ ഇറക്കുമതിക്കുള്ള ഫയലില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്ക് മൂന്ന് അവസരം ഉണ്ടായിരുന്നു. ഖജനാവിന് നഷ്ടം വരുത്തുന്നതാണോ ഇടപാടെന്നും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും ഉമ്മന്‍ചാണ്ടിക്ക് പരിശോധിക്കാമായിരുന്നു. 
  • ധനമന്ത്രിയുടെ മുന്നിലെത്തിയ ഫയലില്‍ പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച് വിശദവിവരം ഉള്ളതിനാല്‍ കള്ളക്കളി കണ്ടുപിടിക്കാന്‍ എളുപ്പമായിരുന്നു. ധനമന്ത്രിയെന്ന നിലയില്‍ ഈ ഫയല്‍ മന്ത്രിസഭയില്‍ വെയ്ക്കാന്‍ പാടില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചില്ല. ഫയല്‍ മന്ത്രിസഭയില്‍ വന്നപ്പോള്‍ എതിര്‍ക്കാനും തയാറായില്ല. പാമൊലിന്‍ ഇറക്കുമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം എന്തായിരുന്നുവെന്ന് ഇതില്‍നിന്നും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ത്യ: മാറ്റത്തിന്റെ മുഴക്കം" എന്ന പുസ്തകത്തില്‍ കണ്ണന്താനം ഇക്കാര്യം വിശദീകരിക്കുന്നു. മുമ്പും പാമൊലിന്‍ ഇടപാടിലെ കള്ളക്കളികളെക്കുറിച്ച് കണ്ണന്താനം വെളിപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ യുഡിഎഫ് മന്ത്രിസഭയിലെ ഒന്നിലേറെ മന്ത്രിമാര്‍ക്ക് പാമൊലിന്‍ ഇറക്കുമതിയില്‍ അമിതാവേശം ഉണ്ടായിരുന്നു. 
  • ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫയാണ് ഇറക്കുമതിക്ക് ആദ്യം രംഗത്തുവന്നത്. ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഇതിനുള്ള സൗകര്യം ഒരുക്കികൊടുത്തു. പാമൊലിന്‍ ഇറക്കുമതി തീരുമാനമെടുത്ത മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത മറ്റു മന്ത്രിമാര്‍ക്കും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അന്നത്തെ ചീഫ് സെക്രട്ടറി എസ് പത്മകുമാറിന്റെ അമിതതാല്‍പര്യവും കണ്ണന്താനം പുസ്തകത്തില്‍ വ്യക്തമാക്കുന്നു. 
  • സിംഗപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ്് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 15,000 മെട്രിക് ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. നടപടിയില്‍ സംശയംതോന്നിയതിനാല്‍ കരാര്‍ അംഗീകരിക്കാനാവില്ലെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടറായിരുന്ന താന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഇതിന്റെ പ്രതികാരമായി തന്നെ ഡപ്യൂട്ടേഷനില്‍ ന്യൂഡല്‍ഹിയിലേക്ക് സ്ഥലം മാറ്റിയെന്നും പുസ്തകത്തില്‍ കണ്ണന്താനം വ്യക്തമാക്കി.
  • സിംഗപ്പൂരില്‍ കരാര്‍ ഉറപ്പിച്ചശേഷമാണ് ഇറക്കുമതിവിഷയം സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മുമ്പാകെ വന്നത്. കരാര്‍ സംബന്ധിച്ച് ബോര്‍ഡംഗങ്ങളുമായി ആലോചിച്ചില്ല. ബന്ധപ്പെട്ട മന്ത്രിമാരുടെ രാഷ്ട്രീയ ഉപദേശകരാണ് സിംഗപ്പൂരില്‍ കരാര്‍ ഉറപ്പിച്ചതെന്ന് കണ്ണന്താനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇടനിലക്കാരന്റെ പേര് വ്യക്തമാക്കുന്നില്ല. ഇടപാടിന്റെ പേരില്‍ വന്‍തുക കൈമറിഞ്ഞിട്ടുണ്ടാകാമെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
  • കേസിലെ ആദ്യ മൂന്നുപ്രതികളെ രക്ഷിക്കാനും ശ്രമം നടന്നു. ഇതിന്റെ ഭാഗമായാണ് നിയമസഭയുടെ മുമ്പാകെ ഹാജരാക്കിയ ഫയലുകളില്‍നിന്ന് ഈ പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന സുപ്രധാനതെളിവുകള്‍ മാറ്റിയതെന്നും കണ്ണന്താനം വെളിപ്പെടുത്തുന്നു.

No comments:

Post a Comment