- അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ അണ്ണ ഹസാരെയെയും സഹപ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്ത് തിഹാര്‍ ജയിലിലടച്ചു. അഴിമതിക്കെതിരെ ഹസാരെ പ്രഖ്യാപിച്ച സമരത്തെ ജനാധിപത്യവിരുദ്ധമായ രീതിയില്‍ സര്‍ക്കാര്‍ നേരിട്ടതില്‍ രാജ്യമാകെ രോഷമിരമ്പി. രാജ്യം ഇളകിമറിഞ്ഞ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഹസാരെയെ രാത്രിതന്നെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഉപാധികളോടെ ജയില്‍ വിട്ടുപോകില്ലെന്ന് ഹസാരെ പ്രഖ്യാപിച്ചു.
- സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടി ചൊവ്വാഴ്ച പാര്‍ലമെന്റിലും വന്‍പ്രതിഷേധം സൃഷ്ടിച്ചു. ഹസാരെയുടെ അറസ്റ്റുസംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ മുറിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ടി നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.
- അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ബില്ലിനായി നിരാഹാരസമരം പ്രഖ്യാപിച്ച ഹസാരെയെ ചൊവ്വാഴ്ച രാവിലെ 7.30 ന് അദ്ദേഹം താമസിച്ച മയൂര്‍വിഹാറിലെ പ്രശാന്ത്ഭൂഷന്റെ ഫ്ളാറ്റില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലിരിക്കെ രാവിലെ മുതല്‍ ഹസാരെ നിരാഹാരമാരംഭിച്ചു. ജയിലിലും സമരം തുടരുകയാണ്.
- അറസ്റ്റിനെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നു. ശക്തമായ ബില്‍ കൊണ്ടുവന്ന സ്ഥിതിക്ക് ഇനിസമരത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇതിനിടെ, ഭോപാലില്‍ ഹസാരെക്ക് പിന്തുണയര്‍പ്പിച്ചുള്ള സമരത്തില്‍ പങ്കെടുക്കാന്‍പോയ വിവരാവകാശപ്രവര്‍ത്തക ഷെഹ്ല മസൂദ് വെടിയേറ്റുമരിച്ചു.
- മുംബൈ, ഹസാരെയുടെ നാടായ റാലിഗണ്‍സിദ്ധി, പട്ന, ചണ്ഡീഗഢ്, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, തിരുവനന്തപുരം തുടങ്ങി രാജ്യമെമ്പാടും വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണയും നടന്നു. കോമണ്‍വെല്‍ത്ത് അഴിമതി കേസില്‍ അറസ്റ്റിലായ സുരേഷ് കല്‍മാഡി കഴിയുന്ന തിഹാറിലെ നാലാംനമ്പര്‍ ജയിലിലാണ് ഹസരെയെയും പാര്‍പ്പിച്ചിരിക്കുന്നത്. ഏഴുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ഉത്തരവ്. ഹസാരെയുടെ സഹപ്രവര്‍ത്തകരില്‍ പ്രമുഖരായ അരവിന്ദ് കെജ്രിവാള്‍ , ശാന്തിഭൂഷണ്‍ , കിരണ്‍ബേദി, മനീഷ് സിസോഡിയ, ഹസാരെയുടെ സഹായികളായ ദാദാഫട്രെ, ദര്‍ശക് എന്നിവരെയും അറസ്റ്റ് ചെയ്തു.
- ഡല്‍ഹിയില്‍നിന്ന് മാത്രം 1300 പേരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് കമീഷണര്‍ ബി ജെ ഗുപ്ത അറിയിച്ചു. കിരണ്‍ബേദി, ശാന്തിഭൂഷണ്‍ എന്നിവരെ വൈകിട്ട് വിട്ടയച്ചു. ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് അറസ്റ്റിനുശേഷം പുറത്തുവന്ന വീഡിയോസന്ദേശത്തില്‍ ഹസാരെ പറഞ്ഞു. "അഴിമതിക്കെതിരായ സമരം എന്നെ അറസ്റ്റ് ചെയ്തതുകൊണ്ട് അവസാനിക്കില്ല. ഇടയ്ക്കുവച്ച് ഉപേക്ഷിക്കാനുമാകില്ല. രാജ്യത്തെ എല്ലാജനങ്ങളും സമരത്തില്‍ പങ്കെടുക്കണം. ജയിലുകള്‍ നിറയ്ക്കണം. സമരം അക്രമത്തിലേക്ക് തിരിയരുത്."-ഹസാരെ പറഞ്ഞു.
- ചൊവ്വാഴ്ച രാവിലെ തന്നെ ഹസാരെ താമസിച്ച ഫ്ളാറ്റിനു മുന്നില്‍ ജനം തടിച്ചുകൂടിയിരുന്നു. ഹസാരെയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന പൊലീസ് രാവിലെ മഫ്തിയില്‍ ഫ്ളാറ്റിലെത്തുകയായിരുന്നു. അറസ്റ്റുചെയ്ത് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയില്ല. ആദ്യം ഓഫീസേഴ്സ് മെസിലേക്കും തുടര്‍ന്ന് ചത്രസാല്‍ സ്റ്റേഡിയത്തിലേക്കും മാറ്റി. രാവിലെ പതിനൊന്നരയോടെ ഡല്‍ഹി സര്‍വകലാശാലാവിദ്യാര്‍ഥികള്‍ ചത്രസാല്‍ സ്റ്റേഡിയത്തിലേക്ക് മാര്‍ച്ച് ചെയ്തു. ഇതിനിടെ സ്റ്റേഡിയത്തില്‍നിന്ന് മാറ്റി. പകല്‍ രണ്ടരയോടെ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി. നിരോധനാജ്ഞ ലംഘിക്കില്ലെന്ന് എഴുതിക്കൊടുത്താല്‍ വിടാമെന്ന് ഡല്‍ഹിപൊലീസ് പറഞ്ഞെങ്കിലും ഹസാരെ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഏഴുദിവസത്തേക്ക് മജിസ്ടേട്ട് റിമാന്‍ഡ് ചെയ്തു.
- കെജ്രിവാളിനെ തിഹാറിലെ ഒന്നാം ജയിലിലടച്ചു. അതിനിടെ, മാവ്ലങ്കര്‍ ഹാളില്‍ മന്ത്രി കപില്‍ സിബല്‍ പ്രസംഗിക്കവെ കരിങ്കൊടി ഉയര്‍ത്തിയ ഹസാരെഅനുയായികളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. വൈകിട്ടോടെ ഡല്‍ഹിയില്‍ ജന്ദര്‍മന്തറില്‍ പ്രതിഷേധസമരം അക്രമാസക്തമായി. പൊലീസ് നിരത്തിയ ബാരിക്കേഡുകള്‍ തകര്‍ത്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാതെവരുമെന്ന് വൈകിട്ടോടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചു.പ്രതിഷേധം ഉയര്‍ത്തുക: സിഐടിയു
- പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശം നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സിഐടിയു ആഹ്വാനംചെയ്തു. ഫലപ്രദമായ ലോക്പാല്‍ ബില്ലിനുവേണ്ടിയും അഴിമതി സ്ഥാപനവല്‍ക്കരിച്ച നവ ഉദാര നയങ്ങള്‍ക്കെതിരെയും ശക്തമായി പോരാടാന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളോട് സിഐടിയു ആഹ്വാനംചെയ്തു.
- ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിച്ചതിന്റെ അനുഭവം നേരത്തെതന്നെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം അനുഭവിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ജനാധിപത്യാവകാശലംഘനം: സിപിഐ എം- അഴിമതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച അണ്ണ ഹസാരെയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
- ജനാധിപത്യ അവകാശങ്ങള്‍ നിഷേധിച്ച സര്‍ക്കാരിനെതിരെ ബുധനാഴ്ച പ്രതിഷേധ പ്രകടനം നടത്താന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും പിബി ആവശ്യപ്പെട്ടു.
- ഹസാരെയെ അറസ്റ്റ് ചെയ്ത മന്‍മോഹന്‍ സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്ന് പിബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ 16 തവണ അഴിമതിവിരുദ്ധ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍തന്നെ അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തുന്നതിന് അനുവാദം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് വൃന്ദ പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
- അഴിമതിക്കെതിരെ സമരംചെയ്യുന്ന അണ്ണ ഹസാരെയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്തു. ക്രമസമാധാന പ്രശ്നമാണ് അറസ്റ്റിന് കാരണമെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
Tuesday, August 16, 2011
ഹസാരെയെ തിഹാറിലടച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment