Monday, August 8, 2011

പാമോയില്‍ കേസ്‌: ഉമ്മന്‍ ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണം‍‍‍‍



 


തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സ്‌ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട്‌ തിരുവനന്തപുരം വിജിലന്‍സ്‌ പ്രത്യേക കോടതി തള്ളി. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ കോടതി വ്യക്‌തമാക്കി. നവംബര്‍ പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിജിലന്‍സ് എസ്.പി ശശീധരന്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതി ജഡ്ജി റിപ്പോര്‍ട്ട് തള്ളിയത്.

റിപ്പോര്‍ട്ട് തള്ളിയ കോടതി സുപ്രധാനമായ മൂന്നു നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. അസാധാരണ വിഷയമായി അന്നത്തെ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ പാമോയില്‍ ഇറക്കുമതി വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടുവന്നപ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അതില്‍ ഒപ്പുവച്ചിരുന്നു. കൂടാതെ ധനമന്ത്രിയുടെ ഓഫീസില്‍ ഫയല്‍ ഒന്നര മാസം വച്ചിരുന്നു എന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുനേ്പാള്‍ അദ്ദേഹം അത് കണ്ടില്ലെന്നു പറയുന്നത് അവിശ്വസനീയമാണെന്നും കോടതി വ്യക്തമാക്കി. ഇതിനു പുറമേ പാമോയില്‍ ഇറക്കുമതിക്ക് 15% സേവന നികുതി അനുവദിച്ചത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അറിവില്ലാതെയാണെന്ന് കരുതാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസിനാസ്പദമായ സംഭവം‌ നടക്കുന്ന 1991 കാലത്ത്‌ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ കേസില്‍ പ്രതികൂടിയായ അന്നത്തെ ഭക്ഷ്യമന്ത്രി സി.എച്ച്‌ മുസ്‌തഫ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതുപോലെ തന്നെ കൂടി ഒഴിവാക്കണമെന്ന് മുസ്തഫ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പാമോയില്‍ ഇടപാട് താന്‍ അറിഞ്ഞിരുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന കൂടി കണക്കിലെടുത്ത് ഈഹര്‍ജി ശ്രദ്ധയില്‍പെട്ട അന്നത്തെ ഇടതുസര്‍ക്കാരാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഉമ്മന്‍ ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു ഈ ആരോപണത്തില്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട്‌. തെരഞ്ഞെടുപ്പ് ഫലം വന്നു തൊട്ടുപിന്നാലെയായിരുന്നു വിജിലന്‍സ്‌ ഈ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

കേസില്‍ ധനമന്ത്രാലയത്തിന് പങ്കില്ലാത്തതിനാല്‍ ഉമ്മന്‍ ചാണ്ടിയെപ്രതിയാക്കാന്‍ കഴിയില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. തുടരന്വേഷണത്തില്‍ പുതിയ തെളിവുകളോ കൂടുതല്‍ പേരുടെ പങ്കോ കണ്ടെത്തിയില്ല. നിലവിലെ കുറ്റപത്രം അനുസരിച്ച് മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ അടക്കമുള്ളവരെ വിചാരണ ചെയ്യാവുന്നതാണെന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേകകോടതി ജഡ്ജി എസ്. ജഗദീശിന് മുന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി. വി.എന്‍.ശശിധരനാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിജിലന്‍സ് ഡയറക്ടറില്‍നിന്ന് അനുമതി നേടിയശേഷമാണ് എസ്.പി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പാമോയില്‍ ഇറക്കുമതി ചെയ്യണമെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമായിരുന്നു എന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മന്ത്രിസഭ അത് അംഗീകരിക്കുക മാത്രമാണ് ചെയ്തത്. സിവില്‍സപ്ലൈസ്‌കോര്‍പ്പറേഷനെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറ്റാനാണ് പാമോയില്‍ ഇറക്കുമതി ചെയ്തതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസില്‍ പുതിയ പ്രതികളെ ചേര്‍ക്കാന്‍ കഴിയില്ല. ആര്‍ക്കെതിരെയും തെളിവില്ല. നിലവിലെ കുറ്റപത്രത്തില്‍ പറയുന്നതില്‍ കൂടുതലൊന്നും കണ്ടെത്താന്‍ തുടരന്വേഷണത്തിലൂടെ കഴിഞ്ഞില്ലെന്നും വിജിലന്‍സ് എസ്.പി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പാമോയില്‍ ഇറക്കുമതിചെയ്തതിലൂടെ 2.32 കോടി രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കിയെന്നാണ് വിജിലന്‍സ് കേസ്. കേസില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു ഒന്നാംപ്രതി. അന്തരിച്ചതിനെതുടര്‍ന്ന് ഇദ്ദേഹത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ടി.എച്ച്. മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്. പദ്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയാ മാത്യു, സിവില്‍ സപ്ലൈസ് മുന്‍ എം.ഡി. ജിജിതോംസണ്‍, പാമോയില്‍ കമ്പനി ഡയറക്ടര്‍മാരായ വി.സദാശിവന്‍, ശിവരാമകൃഷ്ണന്‍, മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പി.ജെ.തോമസ് എന്നിവരാണ് മറ്റ് പ്രതികള്‍.

No comments:

Post a Comment