- കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കുമായി കര്‍ഷകരുടെയും ദരിദ്രരുടെയും പട്ടടയൊരുക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ രണ്ടാം സ്വാതന്ത്ര്യസമര പ്രസ്ഥാനം രൂപീകരിക്കണമെന്ന് കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. മണിക്കൂറില്‍ രണ്ടു കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയ നവഉദാരവല്‍ക്കരണ നയത്തിനെതിരെ ബഹുജനങ്ങളുടെ യോജിച്ച പോരാട്ടമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
- അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍പോലും സേവന, വ്യവസായ മേഖലകളെ അപേക്ഷിച്ച് കാര്‍ഷികമേഖലയിലെ സബ്സിഡി വര്‍ധിപ്പിക്കുമ്പോള്‍ എല്ലാം സ്വകാര്യവല്‍ക്കരിച്ച് കര്‍ഷകരെ വഴിയാധാരമാക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്.
- കഴിഞ്ഞ 10 വര്‍ഷത്തിനകം രാജ്യത്തെ രണ്ടു ലക്ഷം കര്‍ഷകരാണ് ആത്മഹത്യചെയ്തത്. 20 വര്‍ഷത്തിനകം ഭൂരഹിത കര്‍ഷകരുടെ എണ്ണം 41 ശതമാനമായി വര്‍ധിച്ചു. "90കളില്‍ ഗ്രാമങ്ങളിലെ ഭൂരഹിതരുടെ എണ്ണം 22 ശതമാനം മാത്രമായിരുന്നു. രാജ്യത്തെ 70 ശതമാനംവരുന്ന കര്‍ഷകസമൂഹം ജീവിക്കാനായി ഭൂമിയും കന്നുകാലികളെയും വില്‍ക്കേണ്ടിവരികയാണ്. രാജ്യത്തെ 95 ശതമാനംവരുന്ന ദരിദ്രജനവിഭാഗം കൂടുതല്‍ ദുരിതത്തിലേക്കു നീങ്ങുമ്പോള്‍ ധനികരെ ആസ്പദമാക്കിയുള്ള വികസനതന്ത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
- പൊതുമേഖലയില്‍നിന്നു പിന്മാറുന്ന സര്‍ക്കാര്‍ എല്ലാം ബഹുരാഷ്ട്ര കുത്തകകളെ ഏല്‍പ്പിക്കുകയാണ്. ഇതാണ് കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് ആക്കംകൂട്ടിയത്. ശാസ്ത്രസാങ്കേതികരംഗത്തെ നേട്ടങ്ങളെല്ലാം കുത്തകകള്‍ക്കാണ് തുണയാകുന്നത്. കര്‍ഷകരുടെ അധ്വാനം മുതലെടുത്ത് മോണ്‍സാന്റോ പോലുള്ള കുത്തകകമ്പനികളും ചീര്‍ക്കുന്നു. പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ഭൂപരിഷ്കരണം നടപ്പാക്കിയ കേരളം, ബംഗാള്‍ , ത്രിപുര സംസ്ഥാനങ്ങളാണ് ഇതിന് അപവാദം. എന്നാല്‍ , ഭൂപരിഷ്കാരനിയമങ്ങളും തിരുത്താനാണ് ഇപ്പോള്‍ ശ്രമം നടത്തുന്നത്.
- കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഭൂപരിധി സംബന്ധിച്ച് തിരുത്തല്‍നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. ഭൂമിയുടെ കമ്പോളമുണ്ടാക്കാനാണ് നീക്കം. എല്ലാം ബഹുരാഷ്ട്ര കമ്പനികളും ധനികരും നിയന്ത്രിക്കുന്ന കമ്പോളത്തിലെത്തിക്കണമെന്നതാണ് ഇവരുടെ നയം. കൃഷി ആദായവും അഭിമാനവും പകരുന്ന തൊഴിലാക്കി മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇതിനുള്ള പ്രക്ഷോഭമാണ് കാലം ആവശ്യപ്പെടുന്നത്.
- രാജ്യത്ത് അഴിമതി സാര്‍വത്രികമായി. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ , ലോക്പാല്‍ വരുന്നതുകൊണ്ടുമാത്രം പ്രശ്നത്തിനു പൂര്‍ണ പരിഹാരമാവില്ല. അഴിമതിയിലൂടെയും മറ്റും കോര്‍പറേറ്റുകള്‍ക്കുമുന്നിലും വിദേശബാങ്കുകളിലും എത്തിയ പണംമുഴുവന്‍ രാജ്യത്ത് തിരിച്ചെത്തിക്കണം. അതുവഴി വികസനത്തിനുള്ള പണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
Tuesday, August 2, 2011
കേന്ദ്രത്തിനെതിരെ 2-ാം സ്വാതന്ത്ര്യസമര പ്രസ്ഥാനം രൂപീകരിക്കണം: എസ് ആര്‍ പി
Subscribe to:
Post Comments (Atom)
No comments:
Post a Comment