Monday, March 5, 2012

പിറവം തെരഞ്ഞെടുപ്പ് യാക്കോബായ - ഓര്‍ത്തഡോക്‍സ്‌ സഭകള്‍ മനസാക്ഷി വോട്ടിനു ആഹ്വാനം




പിറവത്ത്‌ മനഃസാക്ഷി വോട്ട്‌ ചെയ്യാന്‍ യാക്കോബായ സഭയുടെ ആഹ്വാനം‍

  
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ മനഃസാക്ഷി വോട്ട്‌ ചെയ്യാന്‍ യാക്കോബായ സഭ വിശ്വാസികളോട്‌ ആഹ്വാനം ചെയ്‌തു. എല്‍ഡിഎഫിനോടും യുഡിഎഫിനോടും തുല്യനിലപാടാണ്‌ സഭ സ്വീകരിക്കുന്നത്‌. മുന്‍ സര്‍ക്കാരുകളുടെ നിലപാടുകള്‍ വിലയിരുത്തി വോട്ടു ചെയ്യാന്‍ സഭാ മക്കള്‍ക്ക്‌ അവകാശമുണ്ട്‌. ഇക്കാര്യത്തില്‍ സഭ ഇടപെടില്ല. സഭയെ വേദനിപ്പിക്കുന്ന ഒരു സമീപനവും എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന യാക്കോബായ സഭയുടെ മെത്രാപ്പോലീത്ത കുര്യക്കോസ് മാര്‍ തിയോഫിലോസ് അറിയിച്ചു. യു.ഡി.എഫിന് അത് തെളിയിക്കാന്‍ ഇനിയും സമയമുണ്ടെന്നും മെത്രാപ്പോലീത്താ പറഞ്ഞു. 


തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി മുളന്തുരുത്തി വെട്ടിക്കല്‍ പഴയപള്ളിയിലെത്തിയ സിപിഎം നേതാക്കളായ എം.എ ബേബി, എസ്‌.ശര്‍മ്മ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

ഉമ്മന്‍ചാണ്ടി തുടരുന്നതില്‍ എതിര്‍പ്പില്ല: ഓര്‍ത്തഡോക്സ് സഭ

പിറവം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടരുന്നതില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് എതിര്‍പ്പില്ലെന്നു സഭാ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്. പിറവം ഉപതെരഞ്ഞെടുപ്പില്‍ സഭ ഒരു സ്ഥാനാര്‍ത്ഥിക്കു വേണ്ടിയും ഔദ്യോഗിക നിലപാടെടുത്തിട്ടില്ല. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട പല കേസുകളിലും സഭയ്ക്ക് അനുകൂലമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ദുഃഖമുണ്ടെങ്കിലും വോട്ടെടുപ്പില്‍ പരസ്യ നിലപാടിനു സഭ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

പിറവത്ത് ആരെയും പിന്തുണയ്ക്കുന്നില്ല: ഓര്‍ത്തഡോക്സ് സഭ

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് സഭ ഏതെങ്കിലും മുന്നണിയെയോ സ്ഥാനാര്‍ത്ഥിയെയോ പിന്തുണയ്ക്കുന്നില്ലെന്നു സഭാ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, മാനേജിംങ് കമ്മിറ്റി അംഗങ്ങളായ ഫാ. ജോസഫ് മങ്കിടിയില്‍, ഫാ. സി.എം. കുര്യാക്കോസ്, കണ്ടനാട് വെസ്റ് ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് കുര്യന്‍ എന്നിവര്‍ അറിയിച്ചു. വിശ്വാസികള്‍ക്ക് മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാം.
ഏതെങ്കിലും സ്ഥാനാര്‍ത്ഥി സഭയുടേതാണെന്നു പ്രസ്താവിച്ചിട്ടില്ല. കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ സഭയ്ക്കു നീതി നടപ്പാക്കിത്തന്നില്ല എന്ന ദുഃഖം വിശ്വാസികളുടെ മനസ്സിലുണ്ട്. മാമലശേരി, ഓണക്കൂര്‍, മണ്ണത്തൂര്‍, വെട്ടിത്തറ പള്ളികളില്‍ ഉണ്ടായ അക്രമങ്ങള്‍ പൂര്‍ണ്ണമായി തടയാന്‍ കഴിഞ്ഞില്ല. കോലഞ്ചേരി പള്ളി പ്രശ്നം രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്ന് ഇപ്പോഴും സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നെയ്യാറ്റിന്‍കര എം.എല്‍.എ. രാജിവച്ച സാഹചര്യത്തില്‍ പിറവം ഉപതെരഞ്ഞെടുപ്പു സര്‍ക്കാരിന്റെ നിലനില്‍പ്പിന് നിര്‍ണ്ണായക ഘടകമാവുന്നില്ലെന്നും അവര്‍ പറഞ്ഞു.

No comments:

Post a Comment