Thursday, March 15, 2012

അനൂപിനോ എം.ജെയ്‌ക്കോ 'മധുര'പ്പതിനേഴ്‌





  
നെയ്യാറ്റിന്‍കരയിലിരുന്ന്‌ എനിക്ക്‌ ചിലത്‌ പറയാനുണ്ടെന്നു പറഞ്ഞ ആര്‍. ശെല്‍വരാജിനെപ്പോലെ പിറവത്ത്‌ പ്രചാരണത്തിനെത്തിയവര്‍ക്കെല്ലാം ചിലതു പറയാനുണ്ടായിരുന്നു. എല്ലാം കേട്ടുകഴിഞ്ഞ പിറവത്തെ 183,170 വോട്ടര്‍മാര്‍ തങ്ങള്‍ക്കു പറയാനുള്ളത്‌ രേഖപ്പെടുത്താന്‍ നാളെ ബൂത്തിലെത്തും. 17-ാം തീയതി നിശ്‌ചയിക്കുന്ന ജനവിധിയുടെ മധുരം നുണയുന്നത്‌ ആരെന്നറിയാന്‍ 21-വരെ കാത്തിരിക്കാം.
പിറവത്തിന്റെ സിരകളില്‍ രാഷ്‌ട്രീയം തിളയ്‌ക്കുകയാണ്‌. ഉപതെരഞ്ഞെടുപ്പിനു മണിമുഴങ്ങിയതോടെ ആരംഭിച്ച പ്രകമ്പനം രാഷ്‌ട്രീയ കേരളത്തിന്റെ ശ്രദ്ധ പിറവത്തേക്കു ചുരുക്കി. ആരു ജയിക്കുമെന്നതിനപ്പുറം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആയുസില്‍ പിടിച്ചായിരുന്നു പയറ്റത്രയും. 'നിങ്ങള്‍ക്കിതാ ഒരു മന്ത്രി' എന്ന്‌ അനൂപ്‌ ജേക്കബിനെ ചൂണ്ടിക്കാട്ടി യു.ഡി.എഫ്‌. തേര്‌ തെളിച്ചു. ഏറെ മോഹിപ്പിക്കുന്ന ഈ വാഗ്‌ദാനത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാരുകളുടെ ജനവിരുദ്ധത ചൂണ്ടിക്കാട്ടിയാണ്‌ എല്‍.ഡി.എഫ്‌. പ്രതിരോധിച്ചത്‌. എം.ജെ. ജേക്കബിന്റെ ജനകീയത ശ്രമങ്ങള്‍ക്കു കരുത്തുപകര്‍ന്നു.
എം.എല്‍.എയായിരുന്ന സമയത്ത്‌ നടപ്പിലാക്കിയ വികസനങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതായി പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനു തൊട്ടുമുമ്പ്‌ എം.ജെ. ജേക്കബ്‌ 'മംഗള'ത്തോട്‌ പറഞ്ഞു. വ്യക്‌തിപരമായി യാതൊരു ആക്ഷേപവും കേള്‍ക്കേണ്ടിവന്നില്ല. തികച്ചും വിജയപ്രതീക്ഷ. സര്‍ക്കാരിന്റെ ജനകീയ അടിത്തറ വിജയം കൊണ്ടുവരുമെന്ന കണക്കുകൂട്ടലിലാണ്‌ അനൂപ്‌ ജേക്കബ്‌. നാടുനീളെ ലഭിച്ച ആവേശകരമായ വരവേല്‍പ്പിനെക്കുറിച്ച്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥി കെ.ആര്‍. രാജഗോപാല്‍ വാചാലനായി. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബി.ജെ.പിയുടെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ഇത്തവണയെന്ന്‌ രാജഗോപാല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒരു ഘടകവും എതിരല്ലെന്ന്‌ യു.ഡി.എഫും അടിയൊഴുക്കുകള്‍ അനുകൂലമെന്ന്‌ എല്‍.ഡി.എഫും വിലയിരുത്തി. വിജയത്തിന്റെ കൊടിപിടിക്കാന്‍ ഇരുമുന്നണികളും ഇതുവരെ കണ്ടിട്ടുള്ളതും കാണാത്തതുമായ അടവുകള്‍ എല്ലാം പയറ്റിക്കഴിഞ്ഞു. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഗ്രാമങ്ങളിലെ കര്‍ഷക കുടുംബങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പലപ്പോഴും കണികണ്ടത്‌ മന്ത്രിമാരെയാണ്‌. വഴിവക്കിലും ചായക്കടയിലും ജനപ്രതിനിധികളുമായി അവര്‍ സൊറ പറഞ്ഞു. നാല്‍കവലകളില്‍ വരവുചെലവു പറഞ്ഞിരുന്നവരുടെ കൂട്ടത്തിലേക്ക്‌ സാമ്പത്തികശാസ്‌ത്രം വിശദമാക്കി മുന്‍ ധനമന്ത്രി തോമസ്‌ ഐസക്‌ എത്തി. 'ക്ലാസ്‌' കഴിഞ്ഞ്‌ ഐസക്‌ മടങ്ങുമ്പോള്‍ 'പുള്ളിക്കാരന്‍ കൊള്ളാംകെട്ടോ' എന്ന്‌ പലരും അടക്കംപറഞ്ഞു. അവര്‍ക്കിടയിലേക്ക്‌ പതിവുപോലെ ശരവേഗത്തില്‍ മുഖ്യമന്ത്രി തന്നെയെത്തി വികസനത്തിന്റെ കെട്ടഴിച്ചിട്ടതോടെ ജനം കണ്‍ഫ്യൂഷനിലായി. ആരെ തുണയ്‌ക്കും?
നേതാക്കളും വോട്ടര്‍മാരും തമ്മില്‍ ഇത്രയേറെ അടുത്തിടപഴകിയ ഒരു തെരഞ്ഞെടുപ്പു പ്രചാരണം കേരള ചരിത്രത്തില്‍ ഉണ്ടായേക്കില്ല. പ്രധാന നിരത്തുകള്‍ കേന്ദ്രീകരിച്ച്‌ വിവാദ വിഷയങ്ങളില്‍ ഇരുപക്ഷവും ആരോപണപ്പയറ്റു നടത്തുമ്പോള്‍ അതിനു വിശദീകരണം നല്‍കാന്‍ പ്രമുഖ നേതാക്കള്‍പോലും ഇടവഴികളില്‍ തമ്പടിച്ചു. എല്ലാ വാദപ്രതിവാദങ്ങള്‍ക്കുമപ്പുറം ഇത്തവണ നേതാക്കന്മാര്‍ നേരിട്ടു വീട്ടിലെത്തിയാണ്‌ വോട്ട്‌ ഉറപ്പിച്ചിരിക്കുന്നത്‌. അതിനെത്രമാത്രം ഉറപ്പുണ്ടെന്ന്‌ കാത്തിരുന്നുകാണാം.
അനൂപും എം.ജെയും മണ്ഡലം പലതവണ ചുറ്റിയശേഷമാണ്‌ ബി.ജെ.പി. ക്യാമ്പ്‌ അരങ്ങിലേക്ക്‌ പാര്‍ട്ടി ദേശീയ സമിതിയംഗം കെ.ആര്‍. രാജഗോപാലിനെ ഇറക്കിയത്‌. പാര്‍ട്ടിക്കു കിട്ടുന്ന വോട്ടിനെക്കുറിച്ച്‌ ബി.ജെ.പിക്കു തികച്ചും തിട്ടമുണ്ട്‌. അതില്‍ നിന്ന്‌ തങ്ങളുടെ അക്കൗണ്ടിലേക്ക്‌ കുറച്ചുമോഹിക്കുന്ന യു.ഡി.എഫും എല്‍.ഡി.എഫും പ്രചാരണത്തിനിടെ ബി.ജെ.പിക്കാര്‍ക്ക്‌ വിഷമമുണ്ടാക്കുന്ന യാതൊന്നും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ബി.ജെ.പിയുടെ പിറവത്തെ പങ്കിനെക്കുറിച്ച്‌ വോട്ടെടുപ്പിനുശേഷം ചര്‍ച്ച ചെയ്യാം എന്ന നിലപാടിലാണ്‌ മുന്നണികള്‍.
ടി.എം. ജേക്കബിന്റെ നിര്യാണം യു.ഡി.എഫ്‌. സര്‍ക്കാരിനേറ്റ കടുത്ത ആഘാതമായിരുന്നു. നേരിയ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്നതിന്റെ വെല്ലുവിളി പരമാവധി മറച്ചുവച്ച്‌ യു.ഡി.എഫ്‌. ഒറ്റക്കെട്ടായാണു പിറവത്തേക്കു കുതിച്ചത്‌. പടനയിക്കാന്‍ പിണറായി തന്നെ രംഗത്തിറങ്ങിയതോടെ എല്‍.ഡി.എഫും പുലിയായി. പുതുമുഖമാണെങ്കിലും അനൂപിനെ മണ്ഡലത്തിനു പരിചയപ്പെടുത്തേണ്ട ആവശ്യം യു.ഡി.എഫിനുണ്ടായില്ല. മറുവശത്ത്‌ എം.ജെ. പിറവത്തിന്‌ ചിരപരിചിതന്‍. പ്രചാരണം നിയന്ത്രിക്കാന്‍ കണ്ണൂരില്‍ നിന്നെത്തിയ എല്‍.ഡി.എഫ്‌. നേതാക്കള്‍ക്ക്‌ തന്ത്രങ്ങള്‍ നിശ്‌ചയിക്കേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ.
പരമ്പരാഗത ശൈലിയും പുതിയകാലത്തിന്റെ രീതികളുമായി ഇരുവിഭാഗവും ആവേശത്തോടെ മുന്നേറി. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള വി.എസിന്റെ പ്രഭാവം പിറവത്തുംകണ്ടു. യു.ഡി.എഫ്‌. ആകട്ടെ ആരോപണ ശരശയ്യയില്‍ വി.എസിനെ വീഴ്‌ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. കോണ്‍ഗ്രസിലേക്കുള്ള സിന്ധു ജോയിയുടെ രണ്ടാംവരവ്‌ ഇടതുപക്ഷം വിട്ടുവന്നവരുടെ കൂട്ടായ്‌മയിലൂടെ യു.ഡി.എഫ്‌. പിറവത്ത്‌ ആഘോഷിച്ചു. വി.എസിനു പിന്തുണയേകി കോടിയേരിയും പിണറായിയും എല്‍.ഡി.എഫിന്‌ ഊര്‍ജം പകര്‍ന്നു.
ക്രൈസ്‌തവ ഭൂരിപക്ഷമുള്ള (80000 വോട്ടുകള്‍) മണ്ഡലത്തില്‍ 'പള്ളിപ്രശ്‌നം' അധികം കത്തിക്കാതെ അടക്കിനിര്‍ത്തുന്നതില്‍ ഇരുമുന്നണികളും ജാഗ്രതകാട്ടി. ഉള്ളില്‍ പുകയുന്ന ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തിനു പുറമേ വീശിയ കാറ്റുമാത്രമായിരുന്നു വിവാദ വിഷയങ്ങള്‍. മുല്ലപ്പെരിയാര്‍, കള്ളവോട്ട്‌, ശെല്‍വരാജ്‌, എന്റിക്ക ലെക്‌സി, വി.എസിന്റെ അഭിസാരിക പ്രയോഗം, ട്രെയിന്‍ യാത്രാക്കൂലി വര്‍ധന എന്നിവയെല്ലാം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും ഗംഭീര പ്രസംഗങ്ങള്‍ക്കും വിഷയമായി. എന്നാല്‍ സമുദായങ്ങളുടെ നിലപാടും വികസനവും തന്നെയാവും പിറവത്തിന്റെ വിധി നിര്‍ണയിക്കുക. അവസാന വിശകലനത്തില്‍ സമുദായത്തിന്റെ സ്വാധീനത്തെക്കുറിച്ചു പരസ്യമായി പറയാന്‍ മടിച്ചെങ്കിലും വികസനം ഇരുമുന്നണികളും മുഖ്യവിഷയമായി അവതരിപ്പിച്ചു.
സഭയ്‌ക്കുള്ളിലെ കത്തലിനിടയില്‍ വാഴവെട്ടാന്‍ ഇരുമുന്നണികളും ശ്രമം നടത്തിയതായി പരസ്‌പരം ആരോപണമുയര്‍ന്നു. സഭകള്‍ പുലര്‍ത്തുന്ന സമദൂരം എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍ക്കാണ്‌ തിളക്കമേകുന്നത്‌. എന്നാല്‍ എന്‍.എസ്‌.എസിന്റെ ശരിദൂരവും ഉമ്മന്‍ചാണ്ടിക്കനുകൂലമായി വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ സന്ദേശവും യു.ഡി.എഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നായര്‍-ഈഴവ വോട്ടുകള്‍ എഴുപതിനായിരത്തോളംവരും.
പിറവത്തെ വിധി സര്‍ക്കാരിന്റെ വിലയിരുത്തലാകും എന്നുപറഞ്ഞ്‌ ആദ്യ കരുനീക്കിയതു പിണറായിയാണ്‌. വെല്ലുവിളി സ്വീകരിച്ചുകൊണ്ട്‌, ഞങ്ങളുടെ ഒമ്പതുമാസത്തെയും എല്‍.ഡി.എഫിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെയും ഭരണം ജനം വിലയിരുത്തട്ടേയെന്ന്‌ പ്രഖ്യാപിച്ച്‌ ഉമ്മന്‍ചാണ്ടി രണ്ടുകളം മുന്നോട്ടുനീങ്ങി. കണ്ണൂര്‍ ലോബി, കള്ളവോട്ട്‌ തുടങ്ങിയ വിഷയങ്ങളില്‍പിടിച്ച്‌ യു.ഡി.എഫ്‌. ആക്രമിച്ചു. അധികാരദുര്‍വിനിയോഗവും വോട്ടര്‍ പട്ടികയിലെ ക്രമക്കേടും എല്‍.ഡി.എഫ്‌. ഉയര്‍ത്തിക്കാട്ടി. പിറവം പ്രചാരണം മുറുകുന്നതിനിടെ 'നെയ്യാറ്റിന്‍കര ബോംബ്‌'. ശെല്‍വരാജിന്റെ രാജി എല്‍.ഡി.എഫ്‌. പാളയത്തെ ഒന്ന്‌ ഉലച്ചെങ്കിലും 24 മണിക്കൂറിനുള്ളില്‍ തിരിച്ചുവന്നു. അനൂപിന്റെ സത്യവാങ്‌മൂലത്തിലെ പിഴവ്‌ ആരോപിച്ച്‌ പത്രസമ്മേളനമുണ്ടായി. പിന്നാലെ ഉമ്മന്‍ചാണ്ടിക്കുപോലും നിരാശയേകി റെയില്‍വേ ബജറ്റ്‌.
യു.ഡി.എഫിന്റെ സദ്‌ഭരണത്തിന്‌ വോട്ട്‌ നല്‍കൂ എന്നഭ്യര്‍ഥിച്ചുകൊണ്ടാണ്‌ മുഖ്യമന്ത്രി പിറവത്തുനിന്നു കളംവിട്ടത്‌. ഇത്ര കെട്ടുറപ്പോടെ യു.ഡി.എഫിനെ കണ്ടിട്ടില്ലെന്ന്‌ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി സന്തോഷം പ്രകടിപ്പിച്ചു. ആവേശത്തിരയിളക്കിയാണ്‌ ആന്റണി അനൂപിനെ അനുഗ്രഹിച്ചു മടങ്ങിയത്‌. കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാതെ കോണ്‍ഗ്രസ്‌ കേരളത്തെ വഞ്ചിക്കുകയാണെന്ന്‌ വി.എസ്‌. പിറവത്ത്‌ നീട്ടിനീട്ടി പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ യു.ഡി.എഫ്‌. ശ്രമിക്കുന്നതായി പിണറായി ആരോപിച്ചു. പിറവം ഇവരില്‍ ആരെ വിശ്വസിക്കുമെന്ന്‌ കണ്ടറിയാം.
മണ്ഡലത്തിന്റെ മുക്കും മൂലയും കടന്നുചെന്നുള്ള പ്രചാരണത്തിന്റെ ഇഫക്‌റ്റില്‍ റെക്കോഡ്‌ പോളിംഗ്‌ പ്രതീക്ഷിക്കുന്നവരുണ്ട്‌. മണ്ഡലം രൂപീകൃതമായ 1977-ലെ ആദ്യ തെരഞ്ഞെടുപ്പിലും 87-ലും ആയിരുന്നു ഇവിടെ ഏറ്റവും കൂടുതല്‍ പോളിംഗ്‌. യഥാക്രമം 82.37, 85.45 ശതമാനംവീതം. 1980 - 80.71 ശതമാനം, 82 - 75.56, 91- 80.54, 96 - 78.04, 2001 - 78.92, 2006 - 74.8, 2011 - 79.37 എന്നിങ്ങനെയായിരുന്നു പോളിംഗ്‌ നില. ഇതില്‍ 80-ലും 87-ലും 2006-ലും മാത്രമാണ്‌ എല്‍.ഡി.എഫ്‌. ജയിച്ചത്‌. 80-ല്‍ പി.സി. ചാക്കോ ജയിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ഒരുവിഭാഗം എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്നു. 87-ല്‍ ബെന്നിബെഹനാന്‍-ഗോപി കോട്ടമുറിക്കല്‍ പോരാട്ടത്തിലേക്ക്‌ സി. പൗലോസ്‌ വിമതനായെത്തി. കോട്ടമുറിക്കലിന്‌ കന്നിവിജയമൊരുങ്ങി. 82-ല്‍ ബെന്നിയായിരുന്നു ഇവിടെ ജയിച്ചത്‌. പിന്നീട്‌ 2006-ല്‍ ടി.എം. ജേക്കബിനെ വീഴ്‌ത്തി എം.ജെ. ജേക്കബ്‌ ചെങ്കൊടി പാറിച്ചു. അഞ്ചുതവണ ഇവിടെ ജയിച്ച്‌ ടി.എം. ജേക്കബ്‌ പിറവം തന്റെ മേല്‍വിലാസമാക്കി. ഇത്തവണ ആരു ജയിക്കുമെന്ന ചോദ്യത്തിന്‌ എല്ലാവരും പറയുന്ന ഒരു മറുപടിയുണ്ട്‌. ജേക്കബ്‌ ജയിക്കും. അത്‌ അനൂപോ എം.ജെയോ എന്ന ചോദ്യത്തിന്‌ ജനം ബാലറ്റിലൂടെ വിധിയെഴുതട്ടെ.

രാജേഷ്‌ മുളക്കുളം

No comments:

Post a Comment