Monday, October 31, 2011

ബാലകൃഷ്ണ പിള്ളക്ക് ജയില്‍ മോചനം


തിരു: ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ച മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളപ്പിറവിയുടെ ഭാഗമായി തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കിയാണ് പിള്ളയെ തുറന്നുവിടുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കേരളപ്പിറവിദിനത്തില്‍ തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഉത്തരവിറക്കി. പിള്ളയെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ചൊവ്വാഴ്ച പുറപ്പെടുവിക്കും. ഇടമലയാര്‍ കേസിലെ കൂട്ടുപ്രതി കരാറുകാരന്‍ പി കെ സജീവിനെയും വിട്ടയക്കും. സാധാരണയായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ചട്ടങ്ങളനുസരിച്ച് തടവുകാര്‍ക്ക് പ്രത്യേക ഇളവ് നല്‍കാറ്. ഇതുകൂടാതെ, സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി, അംബേദ്കര്‍ ജന്മശതാബ്ദി, സഹസ്രാബ്ദ ജൂബിലി എന്നിവയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ശിക്ഷാ ഇളവ് നല്‍കിയിട്ടുണ്ട് എന്ന വാദമുയര്‍ത്തിയാണ് ഇപ്പോഴത്തെ നടപടി. എന്നാല്‍ , അഴിമതി കേസില്‍ സുപ്രീംകോടതി ശിക്ഷിച്ചവരെ ഈ അവസരങ്ങളിലൊന്നും വിട്ടയച്ചിട്ടില്ല.

ആശുപത്രിയില്‍ കഴിയവേ പിള്ള ഫോണ്‍ ദുരുപയോഗം ചെയ്തുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. ഒരു വര്‍ഷം കഠിനതടവും പിഴയും ശിക്ഷിക്കപ്പെട്ട പിള്ള ഇപ്പോള്‍ നഗരത്തിലെ നക്ഷത്ര ആശുപത്രിയില്‍ കഴിയുകയാണ്. 2011 ഫെബ്രുവരി 18നാണ് പിള്ളയെ ജയിലില്‍ അടച്ചത്. യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പിള്ളയെ പരോളില്‍ വിട്ടയച്ചു. ഇതുവരെ 69 ദിവസംമാത്രമാണ് പിള്ള ജയിലില്‍ കഴിഞ്ഞത്. 75 ദിവസം പരോളില്‍ കഴിഞ്ഞ പിള്ള ആഗസ്ത് അഞ്ചു മുതല്‍ കിംസ് ആശുപത്രിയിലാണ്. ആശുപത്രിയില്‍ സുഖവാസം അനുഷ്ഠിക്കുന്ന പിള്ളയെ വിട്ടയക്കാന്‍ കേരളപ്പിറവി ദിനം മറയാക്കിയിരിക്കുകയാണ്്. ഡിസംബര്‍ 23ന് പിള്ളയുടെ ശിക്ഷാ കാലാവധി കഴിയും. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം പിള്ളയ്ക്ക് രണ്ടു മാസത്തെ ഇളവിന് അര്‍ഹതയുണ്ടെന്നാണ് ജയില്‍ അധികൃതരുടെ നിലപാട്. എന്നാല്‍ പിള്ള ഉടന്‍ ആശുപത്രിവിടാന്‍ ഇടയില്ലെന്ന് അറിയുന്നു. ഭരണഘടനയുടെ 161-ാം അനുഛേദപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഇളവ് നല്‍കാം. 138 തടവുകാര്‍ ഇതുപ്രകാരം മോചിതരാകും. രണ്ടായിരത്തഞ്ഞൂറോളം തടവുകാര്‍ക്ക് ഇളവിന് അര്‍ഹതയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഇടമലയാര്‍ വൈദ്യുതി പദ്ധതിക്ക് തുരങ്കം നിര്‍മിച്ചതില്‍ അഴിമതി നടത്തിയതിന് പ്രത്യേക കോടതി 1999ല്‍ അഞ്ചു വര്‍ഷം തടവിനാണ് പിള്ളയെയും കരാറുകാരനായ പി കെ സജീവ് ഉള്‍പ്പെടെയുള്ള പ്രതികളെയും ശിക്ഷിച്ചത്. ഇത് സുപ്രീംകോടതി ഒരു വര്‍ഷമായി കുറച്ചു. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആളെ മറ്റ് സംസ്ഥാനങ്ങളിലൊന്നും വിട്ടയച്ചിട്ടില്ല. 65 വയസ്സുകഴിഞ്ഞതിന്റെ പേരില്‍ പിള്ളയെ വിട്ടയക്കാന്‍ ജയില്‍ എഡിജിപി ആഗസ്ത് പത്തിന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതരമായ രോഗം പിടിപെട്ടവരെ വിട്ടയക്കണമെന്ന ശുപാര്‍ശയും നല്‍കിയിരുന്നു. വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് ജയില്‍ എഡിജിപിയുടെ ശുപാര്‍ശ നടപ്പായില്ല. ഇതേത്തുടര്‍ന്നാണ് കേരളപ്പിറവിയുടെ പേരില്‍ ഇളവ് അനുവദിച്ച് അതുവഴി പിള്ളയുടെ മോചനത്തിന് ഉത്തരവിറക്കിയിരിക്കുന്നത്.
പിള്ളയെ വിടുന്നത് ജയില്‍ച്ചട്ടവും ഭരണഘടനയും മറികടന്ന്

തിരു: സുപ്രീംകോടതി ശിക്ഷിച്ച മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയെ മോചിപ്പിക്കുന്നത് ഭരണഘടനാവ്യവസ്ഥയും ജയില്‍ച്ചട്ടവും കാറ്റില്‍പ്പറത്തി. സുപ്രീംകോടതി ഒരു വര്‍ഷം തടവിന് വിധിച്ചെങ്കിലും ജയിലില്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ കാലയളവ് പിള്ള ജയിലിന് പുറത്തായിരുന്നു. തലസ്ഥാന നഗരത്തിലെ മുന്തിയ സ്വകാര്യ ആശുപത്രിയിലെ സ്യൂട്ട് റൂമിലാണ് കഴിഞ്ഞ മൂന്നുമാസത്തോളമായി പിള്ളയുടെ "ജയില്‍ വാസം". ജയില്‍ച്ചട്ടം ലംഘിച്ചതിന് രണ്ട് തവണ ജയില്‍ എഡിജിപിയുടെ ശാസന ഏറ്റുവാങ്ങിയ പിള്ളയ്ക്ക് ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ സര്‍ക്കാര്‍ നാല് ദിവസം കൂടുതല്‍ ശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. പിള്ളയുടെ മകന്‍ കൂടി പങ്കെടുത്ത മന്ത്രിസഭാ യോഗമാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ഭരണഘടനയുടെ 161-ാം അനുച്ഛേദം അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിള്ളയുള്‍പ്പെടെയുള്ള തടവുകാര്‍ക്ക് ഇളവ് നല്‍കുന്നത്. ക്വട്ടേഷന്‍ കൊലപാതകം നടത്തിയവര്‍ , സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ , ലഹരിമരുന്ന് കടത്തുകാര്‍ , തീവ്രവാദികള്‍ , രാജ്യത്തിന് എതിരായി പ്രവര്‍ത്തിച്ചവര്‍ തുടങ്ങിയ പട്ടികയില്‍പ്പെട്ടവര്‍ ഒരു തരത്തിലുള്ള ഇളവിനും അര്‍ഹരല്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. അഴിമതിയിലൂടെ പൊതുസ്വത്ത് അപഹരിച്ചവര്‍ രാജ്യത്തിന് എതിരായ കുറ്റകൃത്യം ചെയ്തവരുടെ ഗണത്തില്‍ വരുമെന്ന് സുപ്രീംകോടതി വ്യാഖ്യാനിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി 234/2011 എന്ന നമ്പരില്‍ പുറത്തിറക്കിയ ഉത്തരവില്‍ ഒക്ടോബര്‍ 24 ആണ് തീയതി രേഖപ്പെടുത്തിയിട്ടുള്ളത്. അതിനുമുമ്പ് ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചതായി രേഖയുണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ , തിങ്കളാഴ്ച രാവിലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. മന്ത്രി ടി എം ജേക്കബ്ബിന്റെ മരണത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി അടിയന്തര മന്ത്രിസഭായോഗവും ചേര്‍ന്നിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തിരക്കിട്ട് ഉത്തരവിറക്കിയത് ദുരൂഹമാണ്. ജയില്‍വാസത്തിനിടയില്‍ സ്വഭാവദൂഷ്യത്തിന് പിള്ള ശാസന ഏറ്റുവാങ്ങിയത് ജയില്‍ച്ചട്ടത്തിന്റെ ലംഘനമാണ്. മാധ്യമങ്ങളോട് സംസാരിക്കുകയോ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയോ ചെയ്യരുതെന്ന ഉപാധികളോടെയാണ് പിള്ളയ്ക്ക് പരോള്‍ അനുവദിച്ചത്. പരോള്‍ വ്യവസ്ഥ ലംഘിച്ചതിന് ജയില്‍ എഡിജിപി നേരിട്ട് പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് മൊബൈല്‍ ഫോണ്‍ സംഭാഷണം നടത്തി പിള്ള ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ജയില്‍ച്ചട്ടം ലംഘിച്ചവര്‍ക്ക് പിന്നീട് പരോള്‍പോലും അനുവദിച്ചിട്ടില്ല. തന്നെ വിട്ടയച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍നിന്ന് മകനെ പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കിയിരുന്നു. ജേക്കബ്ബിന്റെ മരണത്തെ തുടര്‍ന്ന് നൂല്‍പ്പാലത്തിലായ സര്‍ക്കാര്‍ പിള്ളയുടെ ഭീഷണി ഒഴിവാക്കാന്‍ തിരക്കിട്ട് ഉത്തരവിറക്കിയതായാണ് കരുതുന്നത്.

No comments:

Post a Comment