Saturday, October 8, 2011

കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്നു പഞ്ചായത്തുകള്‍



കൊച്ചി: കോലഞ്ചേരിയിലെ പള്ളിത്തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുതെന്ന ആവശ്യവുമായി ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകള്‍ രംഗത്ത്‌. കോലഞ്ചേരി പള്ളിയും കോട്ടൂര്‍ ചാപ്പലും സ്‌ഥിതിചെയ്യുന്ന പൂതൃക്ക ഗ്രാമപഞ്ചായത്തും സമീപ പഞ്ചായത്തായ ഐക്കരനാട്‌ ഗ്രാമപഞ്ചായത്തും വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്തുമാണ്‌ തീരുമാനം സര്‍ക്കാരിന്‌ അയച്ചുകൊടുത്തിരിക്കുന്നത്‌.
പഞ്ചായത്തുകളുടെ നിലപാട്‌ സഭാതര്‍ക്കത്തില്‍ മധ്യസ്‌ഥത വഹിക്കുന്ന മന്ത്രിസഭാ ഉപസമിതിയെ അറിയിച്ചിട്ടുണ്ട്‌.
മൂന്നിടങ്ങളിലും യു.ഡി.എഫ്‌. ഭരണമാണ്‌. ഹൈക്കോടതി നിര്‍ദേശിക്കുന്ന നിരീക്ഷകന്റെ നേതൃത്വത്തില്‍ ഇടവകയില്‍ ജനാധിപത്യരീതിയില്‍ ഹിതപരിശോധന നടത്തി പള്ളികളുടെ അവകാശത്തര്‍ക്കം പരിഹരിക്കണമെന്നാണ്‌ പൂതൃക്ക ഗ്രാമപഞ്ചായത്ത്‌ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്‌. പൂതൃക്ക പഞ്ചായത്ത്‌ അതിര്‍ത്തിയില്‍ സ്‌ഥിതിചെയ്യുന്ന രണ്ട്‌ പള്ളികളുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ അപേക്ഷ നല്‍കിയിരുന്നു. കേസ്‌ കോടതിയുടെ പരിഗണനയിലായതിനാല്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ്‌. സമീപ പഞ്ചായത്തായ ഐക്കരനാട്‌ ഗ്രാമപഞ്ചായത്തു കൗണ്‍സിലും കോലഞ്ചേരി പള്ളിത്തര്‍ക്കം സര്‍ക്കാര്‍ ഇടപെട്ട്‌ ശാശ്വതമായി പരിഹരിക്കണമെന്ന്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. നാനാജാതി മതസ്‌ഥര്‍ പ്രാര്‍ഥനക്കെത്തുന്ന കോലഞ്ചേരി പള്ളിയില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്‌. ഇത്‌ തുടരുന്നതു നാടിനു ശാപമായിമാറും. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട്‌ ഇരുവിഭാഗത്തിനും നീതി ലഭിക്കുന്നതിന്‌ യോഗ്യമായ രീതിയില്‍ ശാശ്വതപരിഹാരം കണ്ടെത്തണമെന്നാണ്‌ ഐക്കരനാട്‌ പഞ്ചായത്തും സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌.
സര്‍ക്കാര്‍ എത്രയും വേഗം പ്രശ്‌നത്തില്‍ ഇടപെട്ട്‌ പരിഹാരമുണ്ടാക്കണമെന്നാണ്‌ വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ കൗണ്‍സിലും സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്‌. പള്ളിത്തര്‍ക്കം ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും ഇതു സുഗമമായ ജനജീവിതത്തിനു തടസമാണെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. കോടതിവിധി നടപ്പാക്കുകയെന്ന ആവശ്യത്തില്‍ ഓര്‍ത്തഡോക്‌സ് പക്ഷം ഉറച്ചുനില്‍ക്കുകയാണ്‌.

കോടതിക്ക്‌ വെളിയില്‍ ഒത്തുതീര്‍പ്പിനു തയാറല്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്‌. കോലഞ്ചേരിയില്‍ യാക്കോബായ പക്ഷം പണികഴിപ്പിച്ചിട്ടുള്ള ചാപ്പലിനു സമീപമുള്ള 45 സെന്റ്‌ സ്‌ഥലം ഓര്‍ത്തഡോക്‌സ് വിഭാഗം വാങ്ങി യാക്കോബായ വിഭാഗത്തിന്‌ നല്‍കാമെന്നും അതുവഴി കോലഞ്ചേരി പള്ളിയിലുള്ള അവകാശം ഉപേക്ഷിക്കണമെന്നുമുള്ള നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്‌. എന്നാല്‍ ഒരേക്കര്‍ സ്‌ഥലം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ നല്‍കിയാല്‍ പള്ളി തരാമോ എന്നാണ്‌ യാക്കോബായ വിഭാഗത്തിന്റെ മറുചോദ്യം.
പണത്തിനും സ്‌ഥലത്തിനുംവേണ്ടിയല്ല തങ്ങള്‍ സമരം ചെയ്യുന്നതെന്നും തങ്ങള്‍ക്ക്‌ അവകാശപ്പെട്ട ആരാധനാലയം വിട്ടുകിട്ടുക മാത്രമാണ്‌ ലക്ഷ്യമെന്നും അവര്‍ മന്ത്രിസഭാ ഉപസമിതിയെ അറിയിച്ചു. തര്‍ക്കമുള്ള പള്ളികളില്‍ നിഷ്‌പക്ഷ നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തിയാല്‍ ഒരു പള്ളിപോലും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ ലഭിക്കില്ലെന്ന്‌ പൂര്‍ണ ബോധ്യമുള്ളതിനാലാണ്‌ അവര്‍ കോടതിവിധി മാത്രം നടപ്പാക്കിയാല്‍ മതിയെന്നു പറയുന്നത്‌.
വ്യാജരേഖകള്‍ ചമച്ചും കുതന്ത്രങ്ങളിലൂടെയുമാണ്‌ മറുവിഭാഗം വിധി നേടിയെടുക്കുന്നത്‌. പള്ളിയില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പു നടത്തി യുക്‌തമായ ഭരണഘടന സ്വീകരിക്കാനുള്ള അന്തരീക്ഷമാണ്‌ സര്‍ക്കാരും നീതിപാലകരും ഒരുക്കിത്തരേണ്ടതെന്നും യാക്കോബായ വിഭാഗം അഭ്യര്‍ഥിച്ചു.
1913 ലെ പള്ളി ഭരണഘടന, 1934 ലെ ഓര്‍ത്തഡോക്‌സ് ഭരണഘടന, 2002 ലെ യാക്കോബായ ഭരണഘടന- ഇതിലേതു വേണമെന്ന്‌ തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം തങ്ങള്‍ക്ക്‌ അനുവദിക്കണമെന്നാണ്‌ ഇടവകക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്‌ ആകെയുള്ള 2008 കുടുംബങ്ങളില്‍ 1616 കുടുംബനാഥന്മാര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുവാന്‍ നടപടിയെടുക്കണമെന്ന് കോലഞ്ചേരിയില്‍ നടന്ന കണ്ടനാട് ഭദ്രാസന പള്ളി പ്രതിപുരുഷയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനം നിലനില്ക്കുന്ന രാജ്യത്ത് ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് പള്ളിയുടെ അവകാശം തെളിയിക്കുവാന്‍ അവസരമുണ്ടാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഡോ. മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ യോഗം ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി തോമസ് പനിച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. തോമസ് കുപ്പമല, കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് ഇടുമാരി, കെ.എ. തോമസ്, സ്ലീബ ഐക്കരക്കുന്നത്ത്, ബാബു പോള്‍, പൗലോസ് പി. കുന്നത്ത്, പൗലോസ് മുടക്കുന്തല എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment