Thursday, October 6, 2011

കോലഞ്ചേരി പളളി തര്‍ക്കം: മന്ത്രിതല ചര്‍ച്ച പരാജയം




കോട്ടയം: കോലഞ്ചേരി പള്ളി സംബന്ധിച്ച സഭാ തര്‍ക്കം പരിഹരിക്കുന്നതിന്‌ മന്ത്രി സഭാ ഉപസമിതി നടത്തിയ രണ്ടാമത്‌ ചര്‍ച്ചയും പരാജയപ്പെട്ടു. മന്ത്രിമാരായ കെ.എം. മാണി ,തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്നിവരാണ്‌ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയത്‌. 11ന്‌ തിരുവനന്തപുരത്ത്‌ ഇരു വിഭാഗവുമായി വീണ്ടും മന്ത്രി സഭാ ഉപസമിതി ചര്‍ച്ച നടത്തും .കോടതിവിധി നടപ്പാക്കുന്നതില്‍നിന്ന്‌ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയാറല്ലെന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം യോഗത്തില്‍ വ്യക്‌തമാക്കി. പള്ളി തര്‍ക്കം പരിഹരിക്കാന്‍ ഇടവകയിലെ ഹിത പരിശോധനമാത്രമാണ്‌ ഏക പോംവഴി എന്ന നിലപാടാണ്‌ യോഗത്തില്‍ യാക്കോബായ വിഭാഗം സ്വീകരിച്ചത്‌. റഫറണ്ടം നടത്തുന്നതുവരെ ഇരു വിഭാഗത്തിനും ആരാധനക്ക്‌ തുല്യമായ സമയം നിശ്‌ചയിക്കണമെന്നും തര്‍ക്കത്തെ വിശ്വാസപരമെന്നും ഭരണപരമെന്നും രണ്ടായി കാണണമെന്നും യക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ഇരു വിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ്‌ ചര്‍ച്ച പരാജയപ്പെട്ടത്‌. മധ്യസ്‌ഥ ചര്‍ച്ചകളോട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം എതിരല്ല.എന്നാല്‍ കോടതി വിധി മാനിച്ച്‌ സെന്റ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ സമാധാനാന്തരീക്ഷം പുനഃസ്‌ഥാപിക്കുകയും പൂട്ടിയ പള്ളി തുറന്നുകൊടുക്കുകയും വേണം അതല്ലാതെ ചര്‍ച്ച നടത്തുന്നതു പ്രഹസനമാണന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പറഞ്ഞു. സഭ ആര്‍ക്കും ആരാധന സ്വാതന്ത്യം നിഷേധിച്ചിട്ടില്ല. സഭാ ഭരണഘടന പ്രകാരം പള്ളിയുടെ ഭരണം നിര്‍വഹിക്കപ്പെടണമെന്ന നിലപാടാണ്‌ സഭയക്കുളളതെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്‌തമാക്കി. കോടതവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിഷേധ നിലപാട്‌ സ്വീകരിക്കുന്ന സാഹചര്യത്തില്‍ വിധി നടപ്പാക്കുന്നത്‌ വരെ ശക്‌തമായ പ്രക്ഷോഭത്തിന്‌ സഭ നിര്‍ബന്ധിതമാകുമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം മുന്നറിയിപ്പ്‌ നല്‍കി. രാത്രി എട്ടരയോടെ നാട്ടകം ഗസ്‌റ്റ് ഹൗസില്‍ ആരംഭിച്ച ചര്‍ച്ച അര്‍ധരാത്രിയോടെയാണ്‌ അവസാനിച്ചത്‌. ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ച്‌ തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, ഫാ. ജോണ്‍ ഏബ്രഹാം കോനാട്ട്‌, ഡോ. ജോര്‍ജ്‌ ജോസഫ്‌, ഫാ. ജേക്കബ്‌ കുര്യന്‍ എന്നിവരും യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച്‌ ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, തോമസ്‌ മാര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്താ, തമ്പു ജോര്‍ജ്‌ തുകലന്‍, മാത്യു തെക്കേത്തലക്കല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കോലഞ്ചേരി പള്ളിത്തര്‍ക്ക പരിഹാരം: ഹിതപരിശോധന ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ 1616 കുടുംബങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി


കൊച്ചി: കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും മന്ത്രിസഭാ ഉപസമിതിക്കും ഭീമഹര്‍ജി നല്‍കി. 1616 കുടുംബനാഥന്മാരാണ്‌ ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്‌.

കോടതിയുടെയോ സര്‍ക്കാരിന്റെയോ നിയന്ത്രണത്തിലുള്ള നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തി (റഫറണ്ടം) നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തണമെന്നാണ്‌ ആവശ്യം.

പ്രതിപക്ഷ നേതാവ്‌, മന്ത്രിസഭാംഗങ്ങള്‍, കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍, മറ്റു രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍, കലക്‌ടര്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്‌. പള്ളിയിലാകെ 2008 കുടുംബങ്ങളുണ്ട്‌. ഇതില്‍ 1616 വീട്ടുകാര്‍ പാത്രിയര്‍ക്കീസ്‌ വിഭാഗത്തില്‍ പെട്ടവരാണ്‌. ചിലകുടുംബങ്ങള്‍ നൂതനസഭകളിലും കുറച്ചുപേര്‍ നിഷ്‌പക്ഷമതികളുമായി കഴിയുന്നു.

തങ്ങളുടെ പള്ളിയില്‍ 1973 നുശേഷം ഇടവക പൊതുയോഗം കൂടിയിട്ടില്ല. ഇതിനിടയില്‍ 1998 മുതല്‍ 2006 ജനുവരി 15 വരെയും 2007 ഓഗസ്‌റ്റ് 21 മുതല്‍ 2010 ഡിസംബര്‍ വരെയും പള്ളി അടഞ്ഞുകിടന്നു. ഈ കാലയളവില്‍ പള്ളി മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ കസ്‌റ്റഡിയിലായിരുന്നു. പള്ളി പൂട്ടിക്കിടന്ന സമയത്ത്‌ മറുവിഭാഗം തെരഞ്ഞെടുപ്പ്‌ നടത്തിയതായി വ്യാജരേഖയുണ്ടാക്കി കോടതിയില്‍ ഹാജരാക്കിയാണ്‌ വിധി സമ്പാദിച്ചത്‌. കോലഞ്ചേരി പോലെ വടക്കന്‍ പ്രദേശങ്ങളിലുള്ള യാക്കോബായ പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കൈവശപ്പെടുത്തുന്നതിനു ശ്രമം നടത്തിവരുന്നു. ഇത്‌ ഈ മേഖലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം ഇല്ലാതാക്കുമെന്നും നിവേദനത്തില്‍ പറയുന്നു. വികാരി ഫാ. വര്‍ഗീസ്‌ ഇടുമാരി, വലിയ പള്ളി ട്രസ്‌റ്റി കെ.എസ്‌. വര്‍ഗീസ്‌, ട്രസ്‌റ്റി സ്ലീബാ ഐക്കരകുന്നത്ത്‌, സ്‌കൂള്‍ മാനേജര്‍ പൗലോസ്‌ പി. കുന്നത്ത്‌, കുടുംബയൂണിറ്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ബാബു പോള്‍, ഭദ്രാസന കൗണ്‍സിലര്‍ നിബു കെ. കുര്യാക്കോസ്‌, ജോയിന്റ്‌ ട്രസ്‌റ്റി ജോണി മനിച്ചേരില്‍ തുടങ്ങിയവര്‍ നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്‌.

1 comment:

  1. How they can submit a false document to the court and get a verdict. Nobody even mentioned that to any higher courts.......Whats going on in Kerala..

    ReplyDelete