Thursday, October 6, 2011

യു.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രതിച്ഛായാ പ്രതിസന്ധിയു.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രതിച്ഛായാ പ്രതിസന്ധി
വിവാദങ്ങള്‍ക്കുമേല്‍ വിവാദം വന്നുമൂടി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ കടുത്ത പ്രതിച്ഛായാ പ്രതിസന്ധി നേരിടുകയാണെന്ന് അതിന്‍െറ ഏറ്റവും അടുത്ത അനുയായിപോലും സമ്മതിക്കും. ഉമ്മന്‍ചാണ്ടിയുടെ വ്യക്തിഗത ഗുണവിശേഷങ്ങളായ ചടുലത, വേഗത, കാര്യപ്രാപ്തി, ജനകീയത, കഠിനാധ്വാനശീലം എന്നിവ യു.ഡി.എഫ് മന്ത്രിസഭക്കുതന്നെ വലിയ ആകര്‍ഷകത്വം നല്‍കുന്ന ഘടകമായിരുന്നു. 100 ദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചും അത് സാമാന്യം തരക്കേടില്ലാതെ പൂര്‍ത്തീകരിച്ചും, അങ്ങനെ പൂര്‍ത്തീകരിച്ചുവെന്ന് മികച്ച പബ്ളിക് റിലേഷന്‍സ് തന്ത്രങ്ങളിലൂടെ ബോധ്യപ്പെടുത്തിയും നിഷ്പക്ഷമതികളില്‍ വലിയ താല്‍പര്യം ഉണര്‍ത്താനും സര്‍ക്കാറിന് കഴിഞ്ഞിരുന്നു. ഇത് വ്യത്യസ്തമായൊരു സര്‍ക്കാറാണ് എന്ന ഇമേജ് സൃഷ്ടിക്കാനാണ് ഉമ്മന്‍ചാണ്ടി തുടക്കത്തിലേ ശ്രദ്ധിച്ചുപോന്നത്. അതിന് അദ്ദേഹം ഏറെ അധ്വാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സര്‍ക്കാറിന്‍െറ ഗുണകരമായ എല്ലാ വശങ്ങളെയും ചടുലതയെയും മറ(പ്പി)ക്കുന്ന വിധത്തില്‍ വിവാദങ്ങള്‍ക്കുമേല്‍ വിവാദം മന്ത്രിസഭയെ വിടാതെ പിന്തുടരുന്നുമുണ്ട്. ഇത്തരം വിവാദങ്ങളെ പൊക്കിയെടുക്കുന്നതിലും ജനശ്രദ്ധയില്‍ സജീവമാക്കി നിര്‍ത്തുന്നതിലും പ്രതിപക്ഷം പൊതുവെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിശേഷിച്ചും വിജയിക്കുകയും ചെയ്യുന്നുണ്ട്. അഴിമതിക്കാരുടെയും കളങ്കിതരുടെയും അവിശുദ്ധ കൂട്ടുകെട്ടു മാത്രമാണ് ഈ മന്ത്രിസഭ എന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ പ്രതിപക്ഷം ഏകാഗ്രതയോടെതന്നെ പണിയെടുക്കുന്നു. ഏറ്റവും ഒടുവില്‍ കൊട്ടാരക്കരയിലെ വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ടതും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പ്രതിച്ഛായക്കുമേല്‍ വലിയ ആഘാതമായി വന്നിരിക്കുന്നത്. അധ്യാപകന്‍ ആക്രമിക്കപ്പെട്ടതല്ല, യു.ഡി.എഫ് നേതാവായ ബാലകൃഷ്ണപ്പിള്ളയുടെ പേര് അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതും ആശുപത്രിയിലെ താല്‍ക്കാലിക ജയിലില്‍ കഴിയുന്ന പിള്ള ഫോണില്‍ പലരെയും ബന്ധപ്പെട്ടതുമാണ് ഏറ്റവും ഒടുവിലത്തെ പുകിലുകള്‍. പാമോയില്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചേര്‍ത്തുവെച്ചുതന്നെ നേരത്തേ വിവാദങ്ങളുണ്ടായി. ആ വിവാദത്തെ അങ്ങേയറ്റം വഷളാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെയായ പി.സി. ജോര്‍ജിന്‍െറ ഇടപെടലുകള്‍ വന്നു. എം.കെ. മുനീര്‍, അടൂര്‍ പ്രകാശ് എന്നിവരുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളും മന്ത്രിസഭക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതായി. മന്ത്രിസഭയിലെ രണ്ടാമനായ കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിലാവട്ടെ വിവാദങ്ങള്‍ ഒഴിഞ്ഞ നേരമില്ല. ദിനംപ്രതിയെന്നോണം അദ്ദേഹവുമായി  ബന്ധപ്പെട്ട അസുഖകരമായ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു. ‘എല്ലാം പഴയ കേസുകെട്ടുകള്‍’ എന്നു പറഞ്ഞ്, നിസ്സംഗഭാവം നടിച്ച് അവയെ അവഗണിക്കുന്നതായി അദ്ദേഹം ഭാവിക്കുമ്പോഴും അതിദുരൂഹമായ എന്തൊക്കെയോ കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളായാണ് മലയാളി അവയെ സ്വീകരിക്കുന്നത്. സ്ത്രീപീഡനം എന്നതിലുപരി, നിയമവ്യവസ്ഥയെയും ഭരണകൂട സംവിധാനങ്ങളെയും വിലക്കെടുത്തുകൊണ്ടുള്ള പ്രമാദമായ പല നടപടികളുടെയും ആകത്തുകയായി ഇന്ന് ‘ഐസ്ക്രീം’ കേസ് മനസ്സിലാക്കപ്പെടുന്നു.
ഈ പ്രതിച്ഛായാ പ്രതിസന്ധിയില്‍നിന്ന് എളുപ്പം രക്ഷപ്പെടാന്‍ സര്‍ക്കാറിന് കഴിയുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി പദവിയില്‍ എന്നതിനേക്കാള്‍ പ്രതിപക്ഷ നേതാവ് എന്ന പദവിയില്‍ ശോഭിക്കാന്‍ കഴിയുന്ന ആളാണ് വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍പോലും പ്രതിപക്ഷ നേതാവിന്‍െറ ലക്ഷണങ്ങളായിരുന്നു അദ്ദേഹം പ്രകടിപ്പിക്കാറ്. അങ്ങനെയൊരു കരുത്തന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഇത്രയും വിവാദങ്ങള്‍ വന്നുചേരുന്നുവെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ നിര്‍ഭാഗ്യം. വി.എസിന്‍െറ മകനെതിരെ ആരോപണങ്ങളുയര്‍ത്തിയും നിയമനടപടികള്‍ നീക്കിയും ഇതിനെ പ്രതിരോധിക്കാന്‍ യു.ഡി.എഫ് ക്യാമ്പ് പരിശ്രമിക്കുന്നുണ്ടെങ്കിലും വിവാദപ്പെരുമഴയെ പ്രതിരോധിക്കാന്‍ മാത്രം അത് വരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ സ്വന്തം പ്രതിച്ഛായയെ സംരംക്ഷിക്കുകയെന്നത് ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം അതീവ ശ്രമകരമായ വെല്ലുവിളിയാണ്. എന്നാല്‍, അതിലോലമായ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന ഒരു സംവിധാനത്തില്‍, ധീരമായ ചുവടുകള്‍ എടുക്കാനും ആരോപിതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും മാറ്റിനിര്‍ത്തേണ്ടവരെ മാറ്റിനിര്‍ത്താനും അദ്ദേഹത്തിനോ മുന്നണിക്കോ സാധിക്കില്ല. ഇതാകട്ടെ പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കും. ചുരുക്കത്തില്‍, ‘പ്രതിച്ഛായയെ ആക്രമിക്കുക’ എന്ന പ്രതിപക്ഷ അജണ്ടക്കും ‘പ്രതിച്ഛായ സംരക്ഷിക്കുക’ എന്ന ഭരണപക്ഷ ആവശ്യത്തിനുമിടയില്‍ കുരുങ്ങിക്കിടക്കുകയാണ് കേരള രാഷ്ട്രീയം.

No comments:

Post a Comment