Tuesday, October 11, 2011

സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉന്നധാധികാര സമിതിക്ക് രൂപം കൊടുക്കുക.


നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കോടതി വിധികള്‍ക്ക് കഴിയില്ല എന്ന് അനുഭവങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.ഏറെ കാലങ്ങളായി നീണ്ടു നില്‍ക്കുന്ന മുല്ലപ്പെരിയാര്‍  ഡാം സംബന്ധിച്ച കേരള തമിഴ്നാട്‌  തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനു സുപ്രീം കോടതി അടുത്ത കാലത്ത് ഉന്നധാധികാര സമിതിക്ക് രൂപം കൊടുക്കുകയും ,  പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയുമാണ് ഇപ്പോള്‍. തര്‍ക്കത്തില്‍ ഉള്‍പ്പെടുന്ന ഇരു കക്ഷികളും നിര്‍ദ്ദേശിക്കുന്ന ഓരോ റിട്ടയര്‍ ചെയ്ത ജഡ്ജിമാരെ കൂടാതെ സുപ്രീം കോടതി നിയോഗിച്ച ഒരു ജഡ്ജിയും ആണ് മുല്ലപ്പെരിയാര്‍ ഉന്നധാധികാര സമിതിയിലെ അംഗങ്ങള്‍.ഇരുസംസ്ഥാനങ്ങളും മുന്‍പ് സുപ്രീം കോടതി വരെ നിയമയുദ്ധം നടത്തി തമിഴ്നാടിനു അനുകൂലമായി വിധി പ്രസ്താവിച്ചിട്ടും വിധി നടപ്പിലാക്കണമെന്ന തമിഴ്നാട്‌ സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണ് സുപ്രീം കോടതി അനുരജ്ഞനത്തില്‍ കൂടി പ്രശ്നം പരിഹരിക്കുന്നതിന് ഉന്നധാധികാര സമിതിക്ക് രൂപം കൊടുത്തത്.സിക്കുമതത്തിന്റെ ഏക ആരാധന കേന്ദ്രമായ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് ഉണ്ടായ തര്‍ക്കം പരിഹരിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തി അധികാരം കൈമാറിയിട്ട്‌ ഏറെ നാളുകള്‍ ആയിട്ടില്ല.കേരളത്തില്‍ വര്‍ക്കല ശിവഗിരി ട്രസ്റ്റിന്റെ ഭരണം സംബന്ധിച്ച തര്‍ക്കപ്രശ്നം ഹൈക്കോടതി  നിയോഗിച്ച കമ്മീഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തി ഭൂരിപക്ഷം ലഭിച്ചവര്‍ക്ക് അധികാരം നല്‍കിക്കൊണ്ടായിരുന്നു എന്നത് ഓര്മ്മിക്കുക അടുത്തകാലത്ത് കേരള പുലയ സഭയില്‍ ഉണ്ടായ അധികാര തര്‍ക്കങ്ങള്‍ ഹൈക്കോടതി പരിഹരിച്ചതും ഇതേ മാതൃകയില്‍ ആയിരുന്നു. ലോക്പല്‍ ബില്‍  സംബന്ധിച്ച് അണ്ണാ ഹസ്സാരെയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രശ്നം ആയിരുന്നു ജനങ്ങളും ,കോടതിയും , പാര്‍ലമെന്റും തമ്മിലുള്ള ബന്ധം .നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന 'WE THE PEOPLE' തന്നെ ആണ് നിയമ നിര്‍മ്മാണ സഭ ,കോടതി , ഭരണ നിര്‍വഹണ വിഭാഗം  എന്നിവയെക്കാളും ഉപരി സ്ഥാനത്ത് എന്നായിരുന്നു പ്രശസ്ത ഭരണഘടന പണ്ഡിതന്‍ സോളി സോറാബ്ജി അഭിപ്രായപ്പെട്ടത്. വിശ്വാസപരവും വൈകാരികവുമായ ഏറെ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഭാതര്‍ക്കങ്ങള്‍ ജനഹിതത്തെ അവഗണിച്ചു കൊണ്ട് പരിഹരിക്കാന്‍  ജനാധിപത്യ വ്യവസ്ഥിതി നില നില്‍ക്കുന്ന ഒരു സമൂഹത്തിനും കഴിയില്ല എന്ന തിരിച്ചറിവിലേക്ക് ,വികാരം മാറ്റി വച്ചു കൊണ്ട് വിവേകത്തോടു കൂടി ഇരു സഭാ നേതൃത്വങ്ങളും എത്തണം എന്നതാണ് കേരളത്തിലെ പൊതു സമൂഹം ആഗ്രഹിക്കുന്നത്.അത് കൊണ്ട് തന്നെ തര്‍ക്കങ്ങള്‍ ഉള്ള പള്ളികളില്‍ ഹൈക്കോടതി  നിയോഗിക്കുന്ന കമ്മീഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തി പള്ളികളുടെ ഭരണം കൈമാറുക.ഭദ്രാസന ആസ്ഥാനങ്ങളുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കങ്ങളും കമ്മീഷന്റെ നേതൃത്വത്തില്‍ ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം വിളിച്ചു ചേര്‍ത്തു ഭൂരിപക്ഷ അടിസ്ഥാനത്തില്‍ ഭദ്രാസന സമിതിയെ തിരെഞ്ഞെടുത്തു അധികാരം കൈമാറുക.

No comments:

Post a Comment