Thursday, October 6, 2011

യുഎസ് പ്രക്ഷോഭം ശക്തമാകുന്നു; പിന്തുണയുമായി 40 യൂണിയന്‍


ന്യൂയോര്‍ക്ക്: കോര്‍പറേറ്റ് അമേരിക്കയുടെ ആര്‍ത്തിക്കും അത് സൃഷ്ടിച്ച തൊഴിലില്ലായ്മയ്ക്കുമെതിരെ മൂന്നാഴ്ചയായി തുടരുന്ന "വാള്‍സ്ട്രീറ്റ് വളയല്‍" ജനകീയപ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിച്ചു. പ്രക്ഷോഭത്തിന് നാല്‍പ്പതോളം തൊഴിലാളി യൂണിയന്‍കൂടി പിന്തുണ പ്രഖ്യാപിച്ചു. "അറബ് വസന്ത"ത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് സെപ്തംബര്‍ 17ന് ആരംഭിച്ച ജനകീയമുന്നേറ്റത്തിന് പ്രക്ഷോഭകാരികള്‍ "അമേരിക്കന്‍ പതനം" എന്ന പേരും നല്‍കി. അനുദിനം സമരത്തിന്റെ ശക്തി വര്‍ധിക്കുന്നു. അമേരിക്കന്‍ കോര്‍പറേറ്റുകളുടെ ആര്‍ത്തിയെ പരിഹസിക്കുന്ന ബാനറുകളും ദേശീയപതാകയും കൈയിലേന്തിയ ആയിരക്കണക്കിനു പ്രക്ഷോഭകാരികള്‍ തുല്യനീതിക്കുവേണ്ടിയുള്ള മുദ്രാവാക്യമുയര്‍ത്തി നഗരത്തില്‍ മാര്‍ച്ച് നടത്തി. സൂക്കോട്ടി ഉദ്യാനത്തില്‍നിന്ന് ആരംഭിച്ച് സിറ്റി ഹാളിനു സമീപത്തുള്ള ഫോളി ചത്വരത്തില്‍ സമാപിച്ച മാര്‍ച്ച് മൂന്നാഴ്ചയ്ക്കിടയിലെ പ്രക്ഷോഭകാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായി. ഗതാഗതത്തൊഴിലാളികള്‍ , അധ്യാപകര്‍ , നേഴ്സുമാര്‍ എന്നിവരുടേതടക്കം 40 യൂണിയനാണ് മേല്‍ത്തട്ടുകാരായ ഒരു ശതമാനത്തിനെതിരെ 99 ശതമാനത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ അര്‍പ്പിച്ച് വിവിധ സര്‍വകലാശാലകളില്‍നിന്ന് ക്ലാസ് ബഹിഷ്കരിച്ച് വിദാര്‍ഥികളും എത്തി. വാള്‍സ്ട്രീറ്റ് ചീഫ് എക്സിക്യൂട്ടീവുകള്‍ക്ക് വന്‍ ബോണസ് അനുവദിക്കാനും കോര്‍പറേറ്റുകള്‍ക്ക് സാമ്പത്തിക പരിരക്ഷ ഒരുക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പറിയിച്ചാണ് കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തുന്നത്. ആയിരങ്ങളെ തൊഴില്‍രഹിതരാക്കി ജീവിതം തകര്‍ക്കുകയും ലക്ഷക്കണക്കിന് അമേരിക്കക്കാരെ ഭവനരഹിതരാക്കുകയും ചെയ്തത് ജനങ്ങളുടെ ഭാവിവച്ച് ചൂതാട്ടം നടത്തിയ ബാങ്കുകളാണെന്ന് തൊഴിലാളി സംഘടനാ നേതാവ് ഗെരാള്‍ഡ് മക്എന്റീ പറഞ്ഞു.

No comments:

Post a Comment