Tuesday, October 11, 2011

വീണ്ടും തുടരുന്ന ദൈവാസ്തിത്വ സംവാദം



  • ദൈവാസ്തിത്വവുമായി ബന്ധപ്പെട്ട ചിന്തകൾ. എല്ലാകാലത്തും മനുഷ്യരാശിയെ അലട്ടിക്കൊണ്ടിരുന്ന സമസ്യകളാണ്. സർവ്വചരാചരങ്ങളേയും സൃഷ്ടിക്കുകയും രക്ഷാശിക്ഷകൾ നൽകി സംരക്ഷിക്കുകയും ചെയ്യുന്ന സർവ്വശക്തമായ  പ്രതിഭാസമായാണ് ദൈവത്തെ മതസംഹിതകളിൽ കാണാൻ കഴിയുക.   ദൈവമെന്ന സങ്കല്പനത്തെ യുക്തിവാദികൾ പൂർണ്ണമായും നിരാകരിക്കുന്നു. ലോകം സ്വയം ഭൂവാണെന്നും യുക്തിയുക്തം ദൈവാസ്തിത്വം തെളിയിക്കാനാവില്ലെന്നുമാണ് യുക്തിവാദികൾ സമർത്ഥിക്കുന്നത്.  ഉന്നത ജീവിതമൂല്യങ്ങളുടെ സമാഹാരം  എന്നനിലയിൽ ദൈവത്തെകാണുന്നതടക്കം  മത-യുക്തിവാദ സമീപനങ്ങളിൽ നിന്നും വ്യത്യസ്ഥമായ നിരവധി  ദൈവ കാഴ്ചപ്പാടുകൾ വേറെയുമുണ്ട്.
  • ചാൾസ് ഡാർവിൻ (1809-1882) തന്റെ പരിണാമസിദ്ധാന്തം ആവിഷകരിച്ചതോടെയാണ് തെളിയിക്കപ്പെടാവുന്ന ശാസ്ത്രസത്യങ്ങടെ  അടിസ്ഥാനത്തിൽ ദൈവാസ്തിത്വം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയത്, ഭൂമിയിലെ ജീവജാലങ്ങളെയെല്ലാം പ്രത്യേകം പ്രത്യേകം  പരസ്പരം മാറ്റാൻ കഴിയാത്ത വംശങ്ങളിലായി ദൈവം സൃഷ്ടിച്ചുവെന്നാണ് ബൈബിളിൽ പറയുന്നത്. എന്നാൽ സൂക്ഷ്മജീവികളിൽ നിന്നും പ്രകൃതി നിർദ്ധാരണത്തിലൂടെ (Natural Selection) മനുഷ്യരും മറ്റ് ജീവജാലങ്ങളും പ്രകൃത്യാതീത ശക്തിയുടെ ഇടപെടലൊന്നുമില്ലാതെ പരിണമിച്ചുണ്ടായതാണെന്നാണ് ഡാർവിൻ സിദ്ധാന്തിച്ചത്. കൃസ്തീയസഭയെ  പ്രകോപിപ്പിക്കുമെന്നും വിശ്വാസിയാ‍യ തന്റെ ഭാര്യയെ വേദനിപ്പിക്കുമെന്നും കരുതി ഡാർവിൻ  തന്റെ സിദ്ധാന്തം പ്രസിദ്ധീകരിക്കാൻ മടിച്ചിരുന്നു. പിന്നീട് ആൽഫ്രഡ് റസ്സൽ വാലസ് (1823-1913) സമാന ആശയങ്ങൾ പ്രസിദ്ധീകരിക്കാൻ പോയപ്പോഴാണ് സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഡാർവിൻ ഒറിജിൻ ഓഫ് സ്പീഷിസ് (1859) പ്രസിദ്ധീകരിച്ചത്. പ്രപഞ്ച് സൃഷ്ടാവ് എന്ന പദവിയിൽ നിന്നും ദൈവത്തെ പരിണാമ സിദ്ധാന്തം നിഷ്കാസനം ചെയ്തു എന്ന് കരുതപ്പെട്ടു.
  • പരിണാമസിദ്ധാന്തത്തിന്റെ മറ്റൊരു ഉപക്ഞാതാവായി കരുതപ്പെടുന്ന ആൽഫ്രഡ് റസ്സൽ വാലസ്സ് ദൈവാസ്തിത്വത്തിൽ വിശ്വസിച്ചിരുന്നു. പരിണാമത്തിലൂടെ രൂപം കൊണ്ട മനുഷ്യനു ആത്മാവ് നൽകിയത് ദൈവമാണെന്നും അജൈവവസ്തുക്കളിൽ നിന്നും ജൈവവസ്തുക്കൾ രൂപപ്പെട്ടത് ദൈവത്തിന്റെ ഇടപെടലിലൂടെയാണെന്നും വാലസ്സ് അഭിപ്രായപ്പെട്ടിരുന്നു.
  • ദൈവാസ്തിത്വ സംവാദം സമീപകാലത്ത് പാശ്ചാത്യനാടുകളിൽ പ്രത്യേകിച്ചും അമേരിക്കൻ സർവ്വകലാശാല കാമ്പസ്സുകളിൽ സജീവമായി അതിത്രീവ്രതയോടെ നടന്നുവരുന്നു. ഈശ്വര വിശ്വാസത്തേയും മതവിശ്വാസത്തേയും ആത്മീയതയേയും ന്യായീകരിച്ചുകൊണ്ടും തള്ളികളഞ്ഞുകൊണ്ടുമുള്ള നൂറുകണക്കിനു പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നത്.
  • അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് 1990 ലാരംഭിച്ച ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ ഡയറക്ടറായിരുന്ന പ്രസിദ്ധ ജൈവശാസ്ത്രജ്ഞൻ  ഫ്രാൻസിസ് കോളിൻസ്  രചിച്ച ദൈവത്തിന്റെ ഭാഷയും (The Language of God: A Scientist Presents Evidence for Belief :Free Press: New York: 2006) ഓക്സ് ഫോർഡ് സർവ്വകലാശാല പ്രൊഫസറും ലോകപ്രശസ്ത ശാസ്ത്രപ്രചാരകനുമായ റിച്ചാർഡ്സ് ഡോക്കിൻസിന്റെ ദൈവ മിഥ്യ (The God Delusion: Houghton Mifflin Company: New York: 2006) എന്നീ ഗ്രന്ഥങ്ങളാണ് ഇവയിൽ പ്രധാനപ്പെട്ടവ.
  • മറ്റ് മതവിശ്വാസികളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഫ്രാൻസിസ് കോളിൻസ് ദൈവാസ്തിത്വത്തേയും മതചിന്തകളേയും ന്യായീകരിക്കുന്നത്. ഡാർവിനിസത്തിനെതിരായും ഈശ്വരവിശാസത്തെ ന്യായീകരിക്കാനുമായി മുന്നോട്ടുവക്കാറുള്ള സൃഷ്ടിശാസ്ത്രം,  (Creation Science) അഭികല്പനാ വാദം (Argument from Design) തുടങ്ങിയ സിദ്ധാന്തങ്ങളൊന്നും കോളിൻസ് അംഗീകരിക്കുന്നില്ല. ശാസ്ത്രവും മതവും തമ്മിൽ വൈരുദ്ധ്യങ്ങളൊന്നുമില്ലെന്നതാണ് കോളിൻസിന്റെ അടിസ്ഥാന സമീപനം. ലോകം നിലനിൽക്കുന്നത്  പരിണാമ സിദ്ധാന്തമടക്കമുള്ള വസ്തുനിഷ്ഠനിയമങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ്. എന്നാൽ ഈ നിയമങ്ങൾ ദൈവസൃഷ്ടിയാണ്. ചില അപൂർവ്വ സാഹചര്യങ്ങളിൽ ദൈവം മനുഷ്യനന്മലക്ഷ്യമാക്കി ഈ നിയമങ്ങൾ മാറ്റിമറിക്കും അത്ഭുതകൃത്യങ്ങൾ സംഭവിക്കുന്നതങ്ങിനെയാണ്. ലാബറട്ടറിയിലും പള്ളിയിലും ഒരുപോലെ ദൈവത്തെ ആരാധിക്കാമെന്നും ബൈബിളിലേയും ജനിതകശാസ്ത്രത്തിലേയും ദൈവം ഒന്നു തന്നെയെന്നും കോളിൻസ്  വാദിക്കുന്നു.
  • ദൈവാസ്തിത്വത്തിനനുകൂലമായി കോളിൻസടക്കമുള്ള മതവിശ്വാസികളും ആത്മീയ ചിന്തകരും മുന്നോട്ടുവക്കുന്ന വാദമുഖങ്ങളെ ശക്തമായ ഭാഷയിൽ നിരാകരിക്കുന്ന കൃതിയാണ് റിച്ചാർഡ് ഡോക്കിൻസിന്റെ ദൈവ മിഥ്യ. കുരിശുയുദ്ധകാലം മുതൽ മതവിശ്വാസത്തിന്റെ പേരിൽ നടന്നുവരുന്ന മനുഷ്യക്കുരുതികളെ ഡാക്കിൻസ് രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു. ഏകാധിപതിയും ക്രൂരനുമായ പഴയനിയമത്തിലെ ദൈവം മുതൽ കോളിനുസും മറ്റും അവതരിപ്പിക്കുന്ന മൂല്യധിഷ്ഠിത ദൈവം വരെയുള്ള വ്യത്യസ്ത ഈശ്വര സങ്കൽ‌പ്പനങ്ങളുടെ അശാസ്ത്രീയതയും പൊള്ളത്തരങ്ങളും ഡാക്കിൻസ് തുറന്നുകാട്ടുന്നുണ്ട്. മനുഷ്യ്യരിൽ നിലനിൽക്കുന്ന മുല്യബോധം ദൈവത്തിന്റെ സംഭാവനയല്ലെന്നും ജീവപരിണാമ പ്രക്രിയയിലൂടെ  സാമൂഹ്യ ജീവിയായ മനുഷ്യൻ സ്വയം ആർജ്ജിച്ച ഗുണസമുച്ചയമാണെന്നും ഡാക്കിൻസ് വ്യക്തമാക്കുന്നുണ്ട്. ദൈവ-മത വിശ്വാസങ്ങൾക്ക് ശാസ്ത്രീയമായോ തത്വചിന്താപരമായോ ന്യായീകരണമില്ലെന്നു മാത്രമല്ല ചരിത്രപരമായും  സമീപകാല ലോകസാഹചാര്യം കണക്കിലെടുക്കുമ്പോഴും  അത് മനുഷ്യരാശിയുടെ വിനാശത്തിനു കാരണമാവുമെന്നും ഡാക്കിൻസ് വിശദീകരിക്കുന്നു. ഡാക്കിൻസിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി സി.രവിചന്ദ്രൻ നാസ്തികനായ ദൈവം (ഡിസി ബുക്ക്സ് 2010) എന്ന പേരിൽ ഒരു കൃതി രചിച്ചിട്ടുണ്ട്.
  • മാർക്സിസത്തിന്റെ പ്രസക്തിയെക്കുറിച്ച് സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടുവരുന്ന എന്തുകൊണ്ടാണ് മാർക്സ് ശരിയായിരിക്കുന്നത് (Why Marx Was Right:Yale University Press: London: 2011)  എന്ന പുസ്തകമെഴുതി പ്രസിദ്ധനായ ഇംഗ്ഗ്ലണ്ടിലെ ലങ്കാസ്റ്റർ സർവ്വകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യ പ്രൊഫസർ ടെറീ‍ ഈഗിൾടൺ ദൈവവിവാദത്തിൽ പങ്കെടുത്തുകൊണ്ട് അത്യന്തം ചിന്തോദ്വീപകമായ് ഒരു കൃതി (Reason, Faith and Revolution: Reflections on the God Debate: Yele University Press: London: 2009) രചിച്ചിട്ടുണ്ട്. നവനിരീശ്വരത്വത്തേയും ആദ്യകാല വിപ്ലവചിന്തകൾ ഉപേക്ഷിച്ച് പ്രതിലോമ ചിന്തകളിലേക്കും പ്രവർത്തിയിലേക്കും വഴിമാറി സഞ്ചരിക്കുന്ന കൃസ്തുമതത്തേയും ഒരു പോലെ വിമർശവിധേയനാക്കുന്ന ഈഗിൾടൺ മതവിശ്വാസത്തിനു പകരമായി  മറ്റ് മതേതരവാദികൾ മുന്നോട്ടുവക്കുന്ന ഉദാരമാനവികതയുടെ (Liberal Humanism) സ്ഥാനത്ത് ആർദ്രമാനവികതയെന്ന ആശയമാണ് (Tragic Humanism) മുന്നോട്ടുവക്കുന്നത്.  
  • ഈശ്വരവിശ്വസം, ആത്മീയത, യുക്തിചിന്ത, ശാസ്ത്രീയവീക്ഷണം തുടങ്ങിയ വിഷയങ്ങളേ സംബന്ധിച്ചു തുടർന്നും പ്രസിദ്ധീകരിച്ചുവരുന്ന പുസ്തകങ്ങളുടെ ബാഹുല്യം കണക്കിലെടുക്കുമ്പോൾ ദൈവാസ്തിത്വ സംവാദം ഇനിയും ഏറെ നാൾ തുടരുമെന്നു കരുതേണ്ടിയിരിക്കുന്നു. 



by Ekbal Bappukunju

No comments:

Post a Comment