Tuesday, October 4, 2011

തടവിലിരുന്ന് പിള്ള ഭരണം നിയന്ത്രിക്കുന്നു: കോടിയേരി

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള തടവില്‍ കിടന്ന് സംസ്ഥാനഭരണം നിയന്ത്രിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിള്ള തടവില്‍ കഴിയവെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഫോണ്‍ വിളിക്കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടും മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറായിട്ടില്ല. ഇത് ഗുരുതരമായ നിയമപ്രശ്നമാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണം. പിള്ളയുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണം. പിള്ള തടവില്‍ ഇരുന്ന് ഭരണത്തെ നിയന്ത്രിക്കുകയാണ്. യുഡിഎഫിന്റെ ഉന്നതാധികാര സമിതിയില്‍ അംഗമാണ് പിള്ള എന്നതിനാല്‍ അദ്ദേഹത്തിന്റെ ഫോണ്‍വിളികളുടെ പ്രാധാന്യം വര്‍ധിക്കുന്നു. പിള്ളയുടെ മന്ത്രി ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫാണ് ആശുപത്രിയില്‍ പിള്ളയുടെ സഹായി. എല്ലാ നിയമങ്ങളും ലംഘിച്ചാണ് പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയില്‍ ചികിത്സ എന്ന പേരില്‍ സുഖവാസം തരപ്പെടുത്തിയത്. ഈ നിയമവിരുദ്ധ തീരുമാനം സര്‍ക്കാരിന്റേതാണോ എന്ന ചോദ്യത്തിന് നിയമസഭയില്‍ ഉത്തരം പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍തീരുമാനമായിരുന്നുവെന്ന് സമ്മതിച്ചു. അച്ഛനുവേണ്ടി മകന്‍ മന്ത്രിയെന്ന നിലയില്‍ നിയമവിരുദ്ധകാര്യത്തിനായി ഇടപെട്ടു. മന്ത്രി സ്വന്തം കാര്യത്തിന് നിയമവിരുദ്ധ നടപടിക്ക് തയ്യാറായി എന്നത് ഗുരുതരമായ നിയമപ്രശ്നമാണ്. ജയിലില്‍ കഴിയുന്ന പിള്ള ഫോണില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബന്ധപ്പെടുന്നുവെന്ന ആക്ഷേപത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഗസ്ത് ഒമ്പതിന് ഡല്‍ഹിയിലെ ഒരു നിയമ വിദ്യാര്‍ഥി മുഖ്യമന്ത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ട് ഇതുവരെയും നടപടി എടുത്തിട്ടില്ല. പിള്ളയെ പ്രവേശിപ്പിച്ച ആശുപത്രിമുറിയും താല്‍ക്കാലിക ജയിലാണ്. ഇവിടേക്ക് മാറ്റുമ്പോള്‍ ആവശ്യമായ പൊലീസ്, ജയില്‍ സുരക്ഷകള്‍ ഒരുക്കേണ്ടതുണ്ട്. ഇതൊന്നും പാലിച്ചിട്ടില്ല. ജയില്‍ സൂപ്രണ്ടിന്റെ അനുമതി ഇല്ലാതെ പിള്ളയ്ക്ക് സന്ദര്‍ശകരെ അനുവദിക്കാന്‍ പാടില്ല. എന്നാല്‍ , ആരൊക്കെയാണ് കണ്ടതെന്ന് സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തിയിട്ടില്ല. മന്ത്രി ഗണേശ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ മനോജ് പിള്ളയുടെ സഹായിയായി ആശുപത്രിയില്‍ കഴിയുന്നത് ജയില്‍ സൂപ്രണ്ടിന്റെ അനുമതിയില്ലാതെയാണ്. ജയില്‍പുള്ളി എന്നതിനേക്കാള്‍ ഭരണകക്ഷിനേതാവ്് എന്ന പരിഗണനയാണ് പിള്ളയ്ക്ക് ലഭിക്കുന്നത്. ജയില്‍ സൂപ്രണ്ട് തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. ജയിലില്‍ , ശിക്ഷയുടെ ഭാഗമായി ജോലി എന്ന നിലയില്‍ , പിള്ളയുടെ പിഎയായി നിയമിച്ച ആളെയാണ് ഫോണ്‍വിളി സംബന്ധിച്ച് അന്വേഷിക്കാന്‍ ആദ്യം ചുമതലപ്പെടുത്തിയത്. പിന്നീട് ചീഫ് വെല്‍ഫെയര്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇദ്ദേഹം ജയില്‍ സൂപ്രണ്ടിന് താഴെയുള്ള ഉദ്യേഗസ്ഥനാണ്. സൂപ്രണ്ടിന്റെ വീഴ്ച അന്വേഷിക്കാന്‍ അദ്ദേഹത്തിനുതാഴെയുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് വിചിത്രമാണ്്. ജയില്‍നിയമങ്ങള്‍ ലംഘിക്കപ്പെട്ട ഗുരുതരമായ പ്രശ്നം പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നവര്‍ക്ക് 5000 രൂപ ഇനാം നല്‍കുമെന്ന പ്രഖ്യാപിച്ച മുഖ്യമന്ത്രി ആ തുക പിള്ളയുടെ അഴിമതിയും നിയമലംഘനവും പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന് നല്‍കാന്‍ തയ്യാറാകണം. ഭരണത്തിലെ സുതാര്യത എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പരിഹാസ്യമായി. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

No comments:

Post a Comment