Sunday, January 15, 2012

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി അശ്വിനികുമാര്‍



ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി അശ്വിനികുമാര്‍ . കാലപ്പഴക്കവും ഭൂചലനങ്ങളും കൊണ്ട് ദുര്‍ബലമായ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് കേരളമൊന്നാകെ ആവശ്യപ്പെടുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന. രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന, സുപ്രീംകോടതിയുടെ മുന്നിലുള്ള പ്രശ്നത്തില്‍ കേന്ദ്രമന്ത്രി പക്ഷപാതപരമായ അഭിപ്രായപ്രകടനം നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അണക്കെട്ട് സുരക്ഷിതമാണെന്ന് ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചെന്നാണ് ഹരിയാനയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയായ അശ്വിനികുമാര്‍ പറഞ്ഞത്. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രശ്നം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. തുടര്‍ന്നും സുരക്ഷ ഉറപ്പുവരുത്തും- മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ, തമിഴ്നാട്ടുകാരനും കോണ്‍ഗ്രസ് നേതാവുമായ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും സമാന പ്രസ്താവന നടത്തി. സുപ്രീകോടതി വിധി തമിഴ്നാടിന് അനുകൂലമായിരിക്കുമെന്നു വരെ ചിദംബരം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന പ്രതിരോധമന്ത്രി എ കെ ആന്റണി ഇടപെട്ട് പിന്‍വലിപ്പിക്കണമെന്ന് സംസ്ഥാന ജലവിഭവമന്ത്രി പി ജെ ജോസഫ് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സാലും ആന്റണിയുമെല്ലാം ഇടപെട്ടിരിക്കെ സഹമന്ത്രിയുടെ പ്രസ്താവന അനുചിതമാണെന്ന് ജോസഫ് പറഞ്ഞു. അണക്കെട്ടിന്റെ ബലപരിശോധനയ്ക്കായി സുര്‍ക്കി സാമ്പിള്‍ ശേഖരിക്കാന്‍ നടക്കുന്ന ഡ്രില്ലിങ്ങില്‍ മതിയായ സുര്‍ക്കി കോറുകള്‍ ലഭിച്ചിട്ടില്ല. ഇതോടെ അണക്കെട്ട് സുരക്ഷിതമാണെന്ന തമിഴ്നാടിന്റെ വാദങ്ങള്‍ക്കുപോലും തിരിച്ചടിയുണ്ടായി. മാത്രമല്ല, 40 ലക്ഷം ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി നിയമിച്ച ഉന്നതാധികാരസമിതിയും അനുകൂലമായി പരിഗണിക്കുകയാണ്.

പുതിയ അണക്കെട്ടിന്റെ ഉടമസ്ഥതയും ജലനിയന്ത്രണവും സംബന്ധിച്ച വിശദാംശങ്ങള്‍ വരെ ഉന്നതാധികാരസമിതിയുടെ നിര്‍ദേശത്തെതുടര്‍ന്ന് കേരളം സമര്‍പ്പിച്ചിരുന്നു. പുതിയ അണക്കെട്ടിനെപ്പറ്റിയുള്ള അഭിപ്രായം സമര്‍പ്പിക്കാന്‍ തമിഴ്നാടിനോടും ഉന്നതാധികാരസമിതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ , അണക്കെട്ട് സുരക്ഷിതമാണെന്നും പുതിയ അണക്കെട്ട് നിര്‍മിക്കേണ്ട ആവശ്യമില്ലെന്നുമാണ് തമിഴ്നാടിന്റെ വാദം. ഉന്നതാധികാരസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് തമിഴ്നാടിന്റെ വാദവുമായി കേന്ദ്രമന്ത്രി എത്തിയത്. പ്രശ്നപരിഹാരത്തിന് ചര്‍ച്ചകളിലൂടെ ഇടപെടാമെന്ന് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിന് കഴിഞ്ഞമാസം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉറപ്പ് നല്‍കിയിരുന്നു. ഉറപ്പ് നല്‍കി ഒരുമാസം പുര്‍ത്തിയായിട്ടും ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഏകപക്ഷീയമായ പ്രസ്താവന. ഇതിനിടെ, ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും തേനി എംപിയുമായ ജെ എം ആറൂണ്‍ ഞായറാഴ്ച തമിഴ്പത്രങ്ങളില്‍ പരസ്യം നല്‍കി.
ഇടുക്കി തമിഴ്നാടിനോടു ചേര്‍ക്കാന്‍ കോണ്‍ . എംപിയുടെ പത്രപരസ്യം

കുമളി: ഇടുക്കി ജില്ലയെ തമിഴ്നാടിനോടു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി വീണ്ടും രംഗത്ത്.കോണ്‍ഗ്രസ് നേതാവും തേനി പാര്‍ലമെന്റ് അംഗവുമായ ജെ എം ആറൂണ്‍ ആണ് തമിഴ്പത്രങ്ങളില്‍ പരസ്യം നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ബ്രിട്ടീഷ് മിലിട്ടറി എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നീക്വിക്കിന്റെ 170-ാം ജന്മദിനത്തോടനുബന്ധിച്ചാണ് തമിഴ്നാട്ടിലെ പത്രങ്ങളില്‍ കോണ്‍ഗ്രസിന്റെ പരസ്യം വന്നത്. "ഇണൈപ്പോം, ഇണൈപ്പോം, ഇടുക്കിയെ തമിഴ്നാട്ടുടന്‍ ഇണൈപ്പോം (ചേര്‍ക്കാം, ചേര്‍ക്കാം, ഇടുക്കിയെ തമിഴ്നാടിനൊപ്പം ചേര്‍ക്കാം) എന്ന തലവാചകത്തിന് ചുവടെ ഇടുക്കിയിലെ ചില താലൂക്കുകളുടെ പേരും ചേര്‍ത്തിട്ടുണ്ട്. "പെന്നീക്വിക്കിന്റെ ജന്മദിനമായ ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംരക്ഷിക്കാനും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനും ഇടുക്കിയുടെ ഭാഗമായ ദേവികുളം, പീരുമേട് തുടങ്ങിയ പ്രദേശങ്ങളെ വീണ്ടും തമിഴ്നാടിനോടൊപ്പം ചേര്‍ക്കാനും തേനി പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളായ നമ്മള്‍ പ്രതിജ്ഞയെടുക്കാം" എന്ന് പരസ്യത്തില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെയും പെന്നീക്വിക്ക്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, രാഹുല്‍ഗാന്ധി, തമിഴ്നാട് പിസിസി പ്രസിഡന്റ് എന്നിവരുടെയും ചിത്രങ്ങള്‍ പരസ്യത്തിലുണ്ട്. ആറൂണിന്റെ പുത്രനും തമിഴ്നാട് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിവിഭാഗമായ തമിഴ്നാട് മാണവര്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജെഎംഎച്ച് അസന്‍ ആറൂണുമുണ്ട് പരസ്യത്തില്‍ . എംപിയുടെ തേനി പിസി പട്ടിയിലെ മേല്‍വിലാസവും 265699, 264567 എന്നീ ഫോണ്‍ നമ്പരുകളും ചേര്‍ത്തിട്ടുണ്ട്. ഒരു മാസം മുമ്പ് ആറൂണ്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും ദേവികുളവും പീരുമേടും തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.


No comments:

Post a Comment