തൃശൂര്‍: ""ഒഞ്ചിയത്തെ കൊലപാതകം മാര്‍ക്സിസ്റ്റുകാരുടെ തലയില്‍ വച്ചുകെട്ടാന്‍ വെമ്പല്‍കൊള്ളുന്ന കോണ്‍ഗ്രസ് നേതാക്കളേ, നിങ്ങള്‍ ജീവിക്കുന്ന രക്തസാക്ഷിയായ എന്നെ മറന്നുപോയോ? എന്റെ നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ്ചെന്നിത്തലയ്ക്കുമെല്ലാം എന്നെ ഈ അവസ്ഥയിലാക്കിയ ഘാതകരെ കണ്ടെത്താന്‍ കഴിയുമോ""- "അജ്ഞാതരുടെ" ആകമണത്തില്‍ മൂന്നു വര്‍ഷത്തിലധികമായി ശരീരം തളര്‍ന്നു കിടപ്പിലായ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൃശൂര്‍ ചേര്‍പ്പ് സ്വദേശി ഷിബു ജോര്‍ജ് ചോദിക്കുന്നു. 2009ല്‍ അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠനക്യാമ്പില്‍ പോയപ്പോള്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഷിബു പിന്നീട് എഴുന്നേറ്റ് നടന്നിട്ടില്ല. ഇപ്പോഴും വീട്ടിലെ കിടക്കയിലാണ് നിയമബിരുദധാരിയായ ഷിബു ജോര്‍ജ് (35). സഹപ്രവര്‍ത്തകരുടെ കുടിലമോഹങ്ങളുടെ ഭാഗമായി ആരോ തലയ്ക്കടിച്ച് കെട്ടിടത്തില്‍നിന്ന് തള്ളിയിട്ടതാണെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരിന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ഷിബു താമസിയാതെ പ്രസിഡന്റാകുമെന്ന് ഉറപ്പായിരന്നു. അതു തകര്‍ക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഈ ഹീനകൃത്യമെന്ന് ഷിബു പറഞ്ഞിരുന്നു. തൃശൂര്‍ ചേര്‍പ്പ് തണ്ടാശേരി വിട്ടില്‍ റിട്ട. വില്ലേജ് ഓഫീസര്‍ ജോര്‍ജിന്റെയും ജെസിയുടെയും മകനായ ഷിബുവിനെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവും നിയമ വിദ്യാര്‍ഥിയുമായിരിക്കെയാണ് "ദുരന്തം" വേട്ടയാടിയത്. അടൂരില്‍ പഠനക്യാമ്പ് കഴിഞ്ഞ് ഷിബുവും സഹപ്രവര്‍ത്തകരും രാത്രി അടൂര്‍ പ്രകാശിന്റെ ഉടമസ്ഥതയിലുള്ള യമുന ഹോട്ടലില്‍ തങ്ങി. ഭക്ഷണം കഴിക്കുന്നതിനിടെ ഫോണ്‍ വന്നു. പിന്നീട് ഷിബുവിന് ഒന്നും ഓര്‍മയില്ല. ഏഴാംദിവസം ബോധംതെളിഞ്ഞപ്പോള്‍ നട്ടെല്ലിന്് ക്ഷതം സംഭവിച്ച് ശരീരമാകെ തളര്‍ന്നനിലയിലായിരുന്നു. ഹോട്ടലിലെ കെട്ടിടത്തില്‍നിന്ന് വീണുവെന്നാണ് ഒപ്പമുള്ളവര്‍ പറഞ്ഞത്. ശരീരത്തില്‍ വീഴ്ചയുടെ ആഘാതത്തിലുണ്ടാകുന്ന പരിക്കുകളില്ലെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ തെളിഞ്ഞു. ഇതില്‍നിന്നാണ് ആരോ പിന്നില്‍നിന്നും തലക്കടിച്ചതാണെന്ന് ബോധ്യമായത്. അന്ന് ഹോട്ടലില്‍ ഒപ്പമുണ്ടായിരുന്നവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല- ഷിബു പറഞ്ഞു.
No comments:
Post a Comment