തിരു: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും കടന്നാക്രമിച്ച് തഴച്ചുവളരാനുള്ള പ്രതിലോമശക്തികളുടെ നീക്കങ്ങള്‍ കേരളീയസമൂഹം തിരിച്ചറിയണമെന്ന് ഡോ. നൈാന്‍ കോശി പറഞ്ഞു. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധത ഏത് അതിരു വരെ പോകുമെന്നതിനുള്ള തെളിവാണ് ഇപ്പോള്‍ ഇക്കൂട്ടര്‍ നടത്തുന്ന പ്രചാരണങ്ങളും നീക്കവും. വലതുപക്ഷ രാഷ്ട്രീയ ഗൂഢാലോചനയ്ക്കെതിരെ പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളത്. അങ്ങേയറ്റം അപലപനീയമായ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. എന്നാല്‍, അതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനു മുകളില്‍ കെട്ടിവച്ച് മുതലെടുപ്പു നടത്താനുള്ള നീക്കങ്ങളാണ് കമ്യൂണിസ്റ്റ് വിരുദ്ധര്‍ നടത്തുന്നത്. പുരോഗമന ആശയങ്ങളെയും മുന്നേറ്റങ്ങളെയും ഇല്ലാതാക്കാനുള്ള ഇത്തരം നീക്കങ്ങളെ കേരളീയ സമൂഹം തിരിച്ചറിയും എം ടിയെയും ഒ എന്‍ വിയെയും പോലെയുള്ള അതുല്യപ്രതിഭകളെ പരിഹസിച്ച എം പി വീരേന്ദ്രകുമാറിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഗാട്ടിന്റെ കാണാച്ചരടുകള്‍ എഴുതിയ വീരേന്ദ്രകുമാര്‍ ആ ചരടുകളുടെ ആരാധകനായി. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ ആഗോളീകരണത്തിന്റെ പ്രാദേശിക മൊത്തക്കച്ചവടക്കാരായ യുഡിഎഫിന്റെ തൊഴുത്തില്‍ കെട്ടിയ ആളായ വീരേന്ദ്രകുമാര്‍. സാംസ്കാരിക പ്രവര്‍ത്തകരെ സാമൂഹ്യ പ്രതിബദ്ധത പഠിപ്പിക്കേണ്ടതില്ലെന്നും ഡോ. നൈാന്‍കോശി പറഞ്ഞു. പ്രഭാവര്‍മ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ വിഷലിപ്തമായ പുകപടലം സൃഷ്ടിച്ച് മുതലെടുപ്പു നടത്താനുള്ള നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ലെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ മറവില്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഒന്നിച്ചിരിക്കുകയാണ്. വിമോചനസമരകാലത്തിന് സമാനമായ ഒത്തുചേരലാണ് നടക്കുന്നത്. മുന്‍ കമ്യൂണിസ്റ്റുകളും മുന്‍ നക്സലുകളും അരാഷ്ട്രീയവാദികളും എല്ലാം ഇവര്‍ക്കൊപ്പമുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധതയാണ് ഇവരെ ഒന്നിപ്പിക്കുന്നത്. വിമോചന സമരകാലത്തേക്കാള്‍ തീവ്രമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. ചില മാധ്യമങ്ങളും ഇതിന് നേതൃത്വം നല്‍കുകയാണെന്നും പ്രഭാവര്‍മ പറഞ്ഞു. ചില മാധ്യമങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധരും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ-സിപിഐ എം വിരുദ്ധ പ്രചാരണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനകള്‍ സമീപഭാവിയില്‍ തന്നെ പുറത്തുവരുമെന്ന് ഭാസുരേന്ദ്രബാബു പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തെ ദുര്‍ബലമാക്കാനുള്ള ആഗോള അജന്‍ഡയുടെ ഭാഗമാണ് സിപിഐ എമ്മിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങളെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, ജില്ലാ സെക്രട്ടറി വിനോദ് വൈശാഖി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ അധ്യക്ഷനായി.
No comments:
Post a Comment