Saturday, May 12, 2012

ഭരിക്കുന്നത് കര്‍ഷകരുടെ കണ്ണീര് കാണാത്ത സര്‍ക്കാര്‍: ആര്‍ച്ച് ബിഷപ്



കണ്ണൂര്‍: കര്‍ഷകരെ രക്ഷിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ യുഡിഎഫ് കൃഷിക്കാരെ പൂര്‍ണമായി അവഗണിക്കുകയാണെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം. അവഗണന തുടര്‍ന്നാല്‍ കേരളത്തില്‍ കര്‍ഷകരുടെ കൂട്ട ആത്മഹത്യയുണ്ടായേക്കും. മരണശേഷം സഹായവുമായെത്തിയിട്ട് കാര്യമില്ല. മരിക്കുന്നതിനു മുമ്പ് കര്‍ഷകര്‍ക്ക് എന്തെങ്കിലും നല്‍കാന്‍ സാധിക്കുമോയെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ രോദനം കേള്‍ക്കാത്ത സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നതുകൊണ്ട് എന്താണ് പ്രയോജനം? കൃഷിക്കാരുടെ കാര്യത്തില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനിറങ്ങേണ്ടിവരുമെന്ന് മാര്‍ വലിയമറ്റം മുന്നറിയിപ്പു നല്‍കി. ജില്ലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പലതവണ മുഖ്യമന്ത്രിയുടെയും ജില്ലയുടെ ചുമതലയുളള മന്ത്രി കെ സി ജോസഫിന്റെയും ശ്രദ്ധയില്‍പെടുത്തി. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്ലാം ശരിയാക്കാമെന്ന് ഉറപ്പുനല്‍കിയ മന്ത്രി ഒരുകാര്യവും ചെയ്തില്ല. മിച്ചഭൂമിയാണെന്നറിയാതെ ജന്മിമാരില്‍നിന്ന് വിലകൊടുത്തു വാങ്ങിയ ഭൂമിക്ക് പട്ടയം ലഭിക്കാതെ ആയിരക്കണക്കിന് കര്‍ഷകരാണ് കഷ്ടപ്പെടുന്നത്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നു മാത്രമല്ല ബാങ്ക്വായ്പക്കുപോലും അര്‍ഹതയുമില്ല. യുഡിഎഫ് സര്‍ക്കാരിന്റെ രണ്ട് ബജറ്റിലും ഇത് പരിഹരിക്കുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും നടപടിയുണ്ടായില്ല. സര്‍ക്കാരിന്റെ നൂറിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. കശുമാവിന്‍ തോട്ടങ്ങള്‍ക്ക് പ്ലാന്റേഷന്‍ പദവി നല്‍കുമെന്ന ബജറ്റ് വാഗ്ദാനവും കടലാസിലൊതുങ്ങി. ഉദയഗിരി പഞ്ചായത്തില്‍ അപ്പര്‍ ചീക്കാട് മുതല്‍ മഞ്ഞപ്പുല്ലുവരെയും കൊട്ടിയൂര്‍, കേളകം, കണിച്ചാല്‍ തുടങ്ങിയ പഞ്ചായത്തുകളിലും ആന, കാട്ടുപന്നി തുടങ്ങിയ വന്യജീവികള്‍ കൃഷി നശിപ്പിക്കുകയാണ്. പലരും വീടും കൃഷിയും ഉപേക്ഷിച്ചു പോകേണ്ടിവന്നു. കാട്ടാനശല്യം കൂടുതലുളള സ്ഥലങ്ങളില്‍ ഇലക്ട്രിക്ഫെന്‍സിങ് സ്ഥാപിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കിയെങ്കിലും തോക്കിന് ലൈസന്‍സ് നല്‍കുന്നില്ല. പെണ്‍പന്നികളെ വെടിവയ്ക്കാന്‍ പാടില്ല, ചത്തപന്നിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കണം തുടങ്ങിയ നിബന്ധനകളും ബുദ്ധിമുട്ടുണ്ടാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊപ്രക്ക് പ്രഖ്യാപിച്ച താങ്ങുവില കൂലിക്കുപോലും തികയില്ല. നാളികേരം സംഭരിക്കാനാകട്ടെ സൗകര്യവും ഒരുക്കിയിട്ടില്ല- ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സ്കറിയ കളപുര, ജോസഫ് കാവനാടി, സണ്ണി പുല്ലുവേലി, ജോണ്‍ നൂറംമാക്കല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment