ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ കൊലപാതകം സംബന്ധിച്ച പൊലീസ് അന്വേഷണം രാഷ്ട്രീയമുതലെടുപ്പിനുവേണ്ടി വഴിതിരിച്ചുവിടാനുള്ള ശ്രമം ശക്തമാണെന്നതിന് സിപിഐ എമ്മിനോട് ആഭിമുഖ്യമില്ലാത്ത മാധ്യമങ്ങള്‍പോലും തെളിവുതരുന്നു. ടൈംസ് ഓഫ് ഇന്ത്യ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ തലക്കെട്ട് "തിരുവഞ്ചൂര്‍ ടാര്‍ജറ്റ്സ് സിപിഐ എംസ് കണ്ണൂര്‍ ലോബി" എന്നതാണ്. സിപിഐ എമ്മിന്റെ കണ്ണൂര്‍ ലോബിയെ തിരുവഞ്ചൂര്‍ ലക്ഷ്യംവയ്ക്കുന്നു എന്നര്‍ഥം. സിപിഐ എമ്മിന് ഇത്തരം ലോബികളൊന്നുമില്ല എന്നത് പ്രത്യേക വിശദീകരണം ആവശ്യമുള്ള കാര്യമല്ല. അതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. കണ്ണൂരിലുള്ള സിപിഐ എം നേതാക്കളെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ലക്ഷ്യംവയ്ക്കുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഉദ്ദേശിക്കുന്നത് എന്നേ ഇവിടെ അര്‍ഥമാക്കേണ്ടതുള്ളൂ. സിപിഐ എമ്മിനോട് സ്നേഹം പുലര്‍ത്തുന്ന പത്രമല്ല ടൈംസ് ഓഫ് ഇന്ത്യ. ആ പത്രംപോലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒരു ലക്ഷ്യമുണ്ടെന്നും അത് സിപിഐ എമ്മിന്റെ കണ്ണൂരിലെ നേതാക്കളാണെന്നും പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. എന്നാല്‍, ഇവിടെ ഒരു ചോദ്യമുയര്‍ന്നുവരുന്നു. പ്രത്യേക പൊലീസ്സംഘം അന്വേഷിക്കുന്ന ഒരു കേസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒരു ലക്ഷ്യമുണ്ടാകേണ്ട കാര്യമെന്താണ്? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെറും കോണ്‍ഗ്രസ് നേതാവല്ല, സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. ആഭ്യന്തരമന്ത്രിക്ക് അന്വേഷണം എവിടെയെത്തണമെന്നത് സംബന്ധിച്ച് ലക്ഷ്യമുണ്ടെന്നുവന്നാല്‍ പിന്നെ അന്വേഷണമെന്തിനാണ്? ആഭ്യന്തരമന്ത്രി ലക്ഷ്യം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അതിനെ ഒഴിവാക്കിയോ മറികടന്നോ അന്വേഷണം മുമ്പോട്ടുകൊണ്ടുപോകാന്‍ പൊലീസുകാര്‍ക്കാവുമോ? പ്രത്യേകിച്ചും അവരുടെ സര്‍വീസ് ബുക്കില്‍ ചുവപ്പുമഷികൊണ്ട് വരയ്ക്കാനുള്ള അധികാരം പൊലീസ്മന്ത്രിയുടെ ഓഫീസില്‍ നിക്ഷിപ്തമാണെന്നിരിക്കെ. കേരളത്തിന്റെയാകെ ശ്രദ്ധയില്‍ നില്‍ക്കുന്ന ഒരു കൊലപാതകക്കേസ് അന്വേഷണത്തില്‍ ആഭ്യന്തരമന്ത്രി ചിലരെ ലക്ഷ്യംവയ്ക്കുന്നുവെങ്കില്‍ അത് അന്വേഷണത്തിന്റെ നീതിയുക്തതയെയും നിഷ്പക്ഷതയെയും നിഹനിക്കലാണ്. ആഭ്യന്തരമന്ത്രിക്ക് അത് ചെയ്യാനുള്ള അധികാരം നമ്മുടെ ഭരണഘടനയ്ക്കു കീഴില്‍ ഇല്ല. കൊലചെയ്യപ്പെട്ടയാളുടെ ചോരയുണങ്ങുംമുമ്പ് സിപിഐ എമ്മിനെ പ്രതിയാക്കി പ്രഖ്യാപിച്ച മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണിവിടെയുള്ളത്. തെളിവുപോയിട്ട് സൂചനപോലുമില്ലാതിരിക്കെ ഇത്തരം ഒരു പ്രഖ്യാപനം ഉത്തരവാദിത്തമുള്ള ഭരണഘടനാസ്ഥാനങ്ങളിലിരുന്ന് നടത്തി എന്നതുതന്നെ സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാലംഘനവുമാണ്. ആ പ്രഖ്യാപനത്തില്‍ ഒരു രാഷ്ട്രീയ സന്ദേശമുണ്ടായിരുന്നു. ഏതുവഴിക്ക് നീങ്ങണമെന്ന സന്ദേശം. അത് വേണ്ടപോലെ പൊലീസ് പരിഗണിക്കാതിരുന്നതിലുള്ള അസഹിഷ്ണുത അന്വേഷകസംഘത്തില്‍ മാറ്റം വരുത്തിയതിലൂടെയും മറ്റും അവര്‍ പ്രകടിപ്പിക്കുകയുംചെയ്തു. അടുത്തദിവസംതന്നെ ചില സിപിഐ എമ്മുകാരെ അറസ്റ്റുചെയ്ത് ഉത്തരവാദിത്തം അവരുടെ തലയില്‍ കെട്ടിവയ്ക്കുക എന്നതായിരുന്നു ഉദ്ദേശം. അത് നടത്താനിരിക്കെയാണ് പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തിയത്. ഇതോടെ സിപിഐ എം ബന്ധം സ്ഥാപിച്ചെടുക്കുക ദുഷ്കരമായി. ഒരു വിധത്തിലും കാറുമായി സിപിഐ എമ്മുകാരെ ബന്ധിപ്പിക്കാനാവുന്നില്ല എന്ന നില വന്നു. അപ്പോഴാണ് "സഹായിച്ചവരെ"ന്നും "രക്ഷിച്ചവരെ"ന്നുമൊക്കെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി ബാബു അടക്കമുള്ള സിപിഐ എം പ്രവര്‍ത്തകരെ കുരുക്കാനും പീഡിപ്പിച്ച് അവരെക്കൊണ്ട് സിപിഐ എം നേതാക്കളുടെ പേരുപറയിക്കാനും നോക്കിയത്. ഈ പ്രക്രിയ നടക്കുന്നതിനിടയിലാണ് ടൈംസ് ഓഫ് ഇന്ത്യയിലൂടെ ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുടെ "ലക്ഷ്യം" പുറത്താവുന്നത്. പോസ്റ്റുമോര്‍ട്ടം നടക്കുന്നിടത്ത് നേരിട്ടുചെന്ന് നിര്‍ദേശങ്ങള്‍ നല്‍കിയതും കെപിസിസി പ്രസിഡന്റിനെക്കൂടി വിളിച്ചിരുത്തി ഉന്നത പൊലീസ് ഓഫീസര്‍മാര്‍ക്ക് രഹസ്യനിര്‍ദേശങ്ങള്‍ നല്‍കിയതുമെല്ലാം ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാകണം. ഇങ്ങനെയൊരു ആഭ്യന്തരമന്ത്രിയെ കേരളം കണ്ടിട്ടില്ല എന്നുപറയുമ്പോള്‍ അത് ഒരു കോംപ്ലിമെന്റായി അദ്ദേഹം എടുക്കില്ല എന്നുകരുതട്ടെ. പൊലീസ് അന്വേഷകസംഘത്തെ സിപിഐ എം പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പരിദേവനം നടത്തുകയാണിപ്പോള്‍ ഈ ആഭ്യന്തരമന്ത്രി. സ്വന്തം പൊലീസ് ടീമിനെപ്പോലും വിശ്വാസമില്ലെങ്കില്‍ ആ ആഭ്യന്തരമന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങിപ്പൊയ്ക്കൂടേ ഇദ്ദേഹത്തിന്? ആഭ്യന്തരമന്ത്രിക്ക് രാഷ്ട്രീയലക്ഷ്യങ്ങളുണ്ടാകാം. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ അത് നിറവേറ്റിക്കൊടുക്കാന്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് എളുപ്പമുണ്ടാവില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ ചില നേതാക്കള്‍ക്കാണെന്നത് പരോക്ഷമായെങ്കിലും ധ്വനിപ്പിക്കാന്‍ കഴിയുന്ന സൂചനകള്‍ വിദൂരത്തിലെങ്കിലുമുണ്ടായിരുന്നെങ്കില്‍ വലിയ തെളിവുകളായി അതൊക്കെ ഉയര്‍ത്തിക്കാട്ടി പൊലീസ് എന്നേ ആഭ്യന്തരമന്ത്രിയുടെ ലക്ഷ്യം നിറവേറ്റിക്കൊടുക്കുമായിരുന്നു! അതിനുപോലും കഴിയാത്ത വിഷമാവസ്ഥയില്‍ നില്‍ക്കുന്ന പൊലീസിനെ സമ്മര്‍ദത്തിലാക്കി രാഷ്ട്രീയലക്ഷ്യം സാധിച്ചെടുക്കാന്‍ വ്യഗ്രതപ്പെടുകയാണ് ഈ ആഭ്യന്തരമന്ത്രി. ഇതിനെല്ലാമിടയിലാണ് സിബിഐ അന്വേഷണഭീഷണിയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഇറങ്ങിയിട്ടുള്ളത്. കേസ് സിബിഐക്ക് വിടുന്ന കാര്യം ആലോചിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വ്യക്തിഗതമായ നിലയില്‍ ഒരു കേസെടുത്ത് സിബിഐക്ക് വിടാനുള്ള അധികാരമൊന്നും തനിക്കില്ലെന്ന് ഈ ആഭ്യന്തരസഹമന്ത്രി ആദ്യം മനസിലാക്കണം. സംസ്ഥാന ലിസ്റ്റില്‍പെട്ട വിഷയമാണ് ക്രമസമാധാനം. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസ് സിബിഐക്ക് വിടണമെങ്കില്‍ ഒന്നുകില്‍ ഹൈക്കോടതി ഉത്തരവുവേണം. അതല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്ര വിജ്ഞാപനം വേണം. അതല്ലാതെ, മുല്ലപ്പള്ളിക്ക് ഓര്‍ഡറിറക്കി ചെയ്യാവുന്നതൊന്നുമല്ല ഇത്. രാഷ്ട്രീയ പ്രചാരണത്തിന് എരിവും പുളിയും കൂട്ടാന്‍ ഈ ആഭ്യന്തര സഹമന്ത്രിക്ക് പഴയ മക്വാനയെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ ഇങ്ങനെയൊക്കെ പറഞ്ഞുനടക്കാമെന്നേയുള്ളൂ. എന്നാല്‍, അതിനപ്പുറം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വകുപ്പിനു കീഴിലുള്ള അന്വേഷണത്തിന് ലഭിക്കുന്ന "നല്ല" സര്‍ട്ടിഫിക്കറ്റാവുന്നുണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടേത്.
No comments:
Post a Comment