Tuesday, May 15, 2012

പൊലീസ്- ആര്‍എംപി ഗൂഢാലോചന: സിപിഐ എം




വടകര: ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കാന്‍ പൊലീസും ആര്‍എംപിയും നടത്തിയ ഗൂഢാലോചനയാണ് പടയങ്കണ്ടി രവീന്ദ്രന്റെ അറസ്റ്റോടെ പുറത്തുവന്നതെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടി കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം രാഷ്ട്രീയപ്രേരിതമായി നീങ്ങുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രവീന്ദ്രന്റെ അറസ്റ്റ്. കൊല നടത്തിയവര്‍ക്ക് ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തുവെന്നതാണ് രവീന്ദ്രനില്‍ ആരോപിച്ച കുറ്റം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചന്ദ്രശേഖരന്റെ പോസ്റ്ററുകളും കട്ടൗട്ടുകളും ഉള്‍പ്പെടെ വടകരമണ്ഡലത്തിലുടനീളം പ്രദര്‍ശിപ്പിച്ചിരുന്നു. പത്ര-ദൃശ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചന്ദ്രശേഖരനെ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. പൊതുസമ്മതരായ രവീന്ദ്രനെയും രാമചന്ദ്രനെയുംപറ്റി പാര്‍ടി വിരുദ്ധരായ ആര്‍എംപി ക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. മെയ് 27ന് ഗൃഹപ്രവേശനം തീരുമാനിച്ചതിനിടയിലാണ് വ്യാജ കഥകളുണ്ടാക്കി രവീന്ദ്രനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചെന്ന വ്യാജ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എയും സിപിഐ എം നേതാവുമായ വി കെ സി മമ്മദ് കോയയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയതിന് സമാനമാണ് ഈ സംഭവവും. വാഹനാപകടത്തില്‍ പരിക്കേറ്റ് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സക്കിടയിലാണ് രാമചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കള്ളക്കേസ് ചുമത്തിയുള്ള അറസ്റ്റ് പ്രതിഷേധാര്‍ഹമാണെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

No comments:

Post a Comment