Tuesday, May 29, 2012

കസ്റ്റഡിയിലുള്ളവര്‍ക്ക് ക്രൂര പീഡനം: എളമരം കരീം




വടകര: ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും കള്ളമൊഴി പറയിപ്പിക്കാന്‍ പ്രാകൃതമായ മുറയാണ് പ്രയോഗിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ പറഞ്ഞു. വടകര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രനെ താനും കെ കെ ലതിക എംഎല്‍എയും ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കണ്ടപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. രവീന്ദ്രന്‍ പറയുന്ന കാര്യം കള്ളമാണെന്നു തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം ഉപേക്ഷിക്കുമെന്നും എളമരം കരീം പറഞ്ഞു. ഞങ്ങള്‍ രവീന്ദ്രനോട് ചോദിച്ചത് നീ ഈ പ്രസ്ഥാനത്തിനെ മാനംകെടുത്തിയോ എന്നാണ്. പൊലീസ് കോടതിയില്‍ കൊണ്ടുവന്ന പ്രതികള്‍ തലയില്‍ തോര്‍ത്തുമുണ്ടിട്ടപ്പോള്‍ പെണ്‍വാണിഭക്കാരെപ്പോലെ പോയെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ തോര്‍ത്തുമുണ്ട് നല്‍കിയതും മുഖംമറക്കണമെന്ന് ആവശ്യപ്പെട്ടതും പൊലീസാണ്. സുഹൃത്തായ ചന്ദ്രശേഖരനെ കൊല്ലേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്നു പറഞ്ഞ് കൈകൂപ്പി പൊട്ടിക്കരഞ്ഞതായുള്ള മാധ്യമ വാര്‍ത്ത പച്ചക്കള്ളമാണെന്നും രവീന്ദ്രന്‍ പറഞ്ഞു. പതിനാലിന് വൈകിട്ട് കസ്റ്റഡിയിലെടുത്ത രവീന്ദ്രനെ രാത്രി മുഴുവന്‍ ഉറങ്ങാന്‍ സമ്മതിച്ചില്ല. ഗൃഹപ്രവേശനത്തിന്റെ കത്ത് കൊടുത്ത് ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തുവെന്ന മൊഴി പൊലീസ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചപ്പോള്‍ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകി കൂട്ടിപ്പിടിച്ച് ഭേദ്യം ചെയ്തു. കക്കയം ക്യാമ്പിനെ അനുസ്മരിക്കുന്ന പീഡനമാണ് വടകരയില്‍ നടക്കുന്നത്. ചോമ്പാല എസ്ഐ ജയന്‍ രവീന്ദ്രനെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയുടെ ഇംഗിതം അനുസരിച്ചാണ് ജയന്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള അണ്ണന്‍ എന്നയാളുടെ കൈയില്‍ അരിവാള്‍ ചുറ്റിക പച്ചകുത്തിയതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഞങ്ങള്‍ ചോദിച്ചപ്പോള്‍ ക്രൈംബ്രാഞ്ചിലെ മേമുണ്ട സ്വദേശിയായ രാമകൃഷ്ണനാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയതെന്ന് വ്യക്തമായി. കുറ്റം സിപിഐ എമ്മില്‍ ആരോപിക്കാനുള്ള വ്യഗ്രതയാണ് ഇതില്‍നിന്നൊക്കെ വ്യക്തമാകുന്നതെന്ന് കരീം പറഞ്ഞു.

No comments:

Post a Comment