തലശേരി: ഒഞ്ചിയത്തെ കൊലപാതകത്തിനു പിന്നില്‍ യുഡിഎഫിന്റെ അതിനീചമായ രാഷ്ട്രീയലക്ഷ്യമാണെന്നും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഭീകരപ്രവര്‍ത്തനം നടത്തുന്ന പാര്‍ടിയായി കോണ്‍ഗ്രസ് അധഃപതിച്ചെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്തെ എല്‍ഡിഎഫ് മുന്നേറ്റം പ്രതിരോധിക്കാനാണ് ഈ കൊലപാതകം ആസൂത്രണംചെയ്തത്. കൃത്യം നടത്തിയശേഷം സിപിഐ എമ്മിനെതിരെ തിരിച്ചുവിടാനായിരുന്നു ശ്രമമെന്നും പാര്‍ടിക്കെതിരെ യുഡിഎഫും മാധ്യമങ്ങളും നടത്തുന്ന അപവാദപ്രചാരണത്തിനെതിരെ തലശേരിയില്‍ സിപിഐ എം ഏരിയാകമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് ഇ പി പറഞ്ഞു. 2009ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ കാക്ക തൊമ്മനും മധുര ജോഷിയുമടങ്ങുന്ന ക്വട്ടേഷന്‍ സംഘത്തെ കെ സുധാകരന്‍ കണ്ണൂരില്‍ ഇറക്കിയത് അബ്ദുള്ളക്കുട്ടിയെ വകവരുത്താനാണ്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ തട്ടാനായിരുന്നു പദ്ധതി. പിടിയിലായതുകൊണ്ടുമാത്രമാണ് നടക്കാതെപോയത്. അങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കില്‍ ഞങ്ങളല്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ചോദ്യംചെയ്യാന്‍പോലും അനുവദിക്കാതെ സംഘത്തെ രക്ഷപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി അന്ന് പറന്നെത്തി. കെ സുധാകരന്‍ പകലും രാത്രിയും സ്റ്റേഷനില്‍ കുത്തിയിരുന്നു. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഭീകരപ്രവര്‍ത്തനം നടത്തി സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് കരുതി ആരും പുറപ്പെടേണ്ട. സാമ്പത്തിക ലാഭത്തിനായി ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമാണെന്ന് ഡിജിപിയടക്കം പറയുന്നു. കുറ്റവാളികളെ കണ്ടെത്തുന്നതിനുമുമ്പ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നത് എന്തടിസ്ഥാനത്തിലാണ്. ഒരു തരത്തിലുള്ള കൊലപാതകത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനം അംഗീകരിക്കില്ല. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും വേദനകള്‍ കുറേയേറെ അനുഭവിച്ചവരാണ് ഞങ്ങള്‍. കൊല നടത്തിയശേഷം നീചമായ പ്രചാരണംനടത്തുന്നത് എല്ലാകാലത്തും കോണ്‍ഗ്രസ് ശൈലിയാണ്. കോണ്‍ഗ്രസിന്റെ ചരിത്രമെഴുതിയ മൊയരാത്ത് ശങ്കരനെ അടിച്ചുകൊന്നവരാണ് കോണ്‍ഗ്രസുകാര്‍. ഇടതുപക്ഷ മുന്നണിയുടെ നായകനായിരുന്ന അഴീക്കോടന്‍ രാഘവനെ തൃശൂര്‍ ചെട്ടിയങ്ങാടിത്തെരുവില്‍ കുത്തിക്കൊന്നതിന് പിന്നിലും കോണ്‍ഗ്രസിന്റെ കരങ്ങളുണ്ട്. ഏറനാടിന്റെ വീരപുത്രന്‍ കുഞ്ഞാലിയെ എംഎല്‍എയായപ്പോഴല്ലേ വെടിവച്ചുകൊന്നത്. തൃശൂരിലെ കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ഖാദറിനെ പാര്‍ടി വിട്ടപ്പോഴാണ് കൊലപ്പെടുത്തിയത്. ചീമേനിയില്‍ അഞ്ച് സഖാക്കളെ വെട്ടിനുറുക്കി ചുട്ടുകൊന്നവര്‍ക്ക് സംരക്ഷണംനല്‍കിയ ആളാണ് ഉമ്മന്‍ചാണ്ടി. അഞ്ചാംമന്ത്രി പ്രശ്നമുണ്ടാക്കിയ കോലാഹലങ്ങളും സര്‍ക്കാര്‍ മുസ്ലിംലീഗിന് കീഴടങ്ങുന്നുവെന്ന പൊതുവികാരവും പിള്ള- ഗണേഷ് പോരുമെല്ലാം നെയ്യാറ്റിന്‍കരയില്‍ തിരിച്ചടിയാവുമെന്ന ഘട്ടത്തിലാണ് അധികം വൈകാതെ ഒരു ബോംബ്പൊട്ടുമെന്ന് പി സി ജോര്‍ജ് പ്രഖ്യാപിച്ചത്. ഒഞ്ചിയത്ത് പൊട്ടുന്ന ബോംബാണിതെന്ന് ആരും കരുതിയതല്ല. പി സി ജോര്‍ജിന്റെ തലശേരിയാത്രയും നെയ്യാറ്റിന്‍കര യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മാഹി ബന്ധവും അന്വേഷിക്കണം. ഒഞ്ചിയത്തെ കൊലപാതകം ആര്‍ക്കാണ് നേട്ടമുണ്ടാക്കിയതെന്ന് പരിശോധിച്ചാല്‍തന്നെ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാട് ചെയ്തവരെ വ്യക്തമാവുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
No comments:
Post a Comment