Wednesday, May 16, 2012

സൈന്‍ ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കുന്നു

ആദര്‍ശ കാപട്യത്തിന്റെ ആള്‍ രൂപം 


തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 500 കോടിയുടെ അഴിമതി ആരോപണമുയര്‍ന്ന സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കുന്നു. വിജിലന്‍സ് പ്രത്യേക അന്വേഷണവിഭാഗം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കേസ് പിന്‍വലിക്കുകയാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്.

സൈന്‍ബോര്‍ഡ് സ്ഥാപിക്കാനുള്ള കരാറിന്റെ മറവില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി 500 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് മുന്‍ മന്ത്രി ടി എം ജേക്കബ് നിയമസഭയില്‍ ആരോപണമുന്നയിച്ചത് കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്തെ ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ കേന്ദ്രനിയമങ്ങള്‍ ലംഘിച്ച് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കി എന്നാണ് കേസ്. നാഷണല്‍ ഹൈവേ ചീഫ് എന്‍ജിനിയര്‍ പി സി കുട്ടപ്പന്‍, നാഷണല്‍ ഹൈവേ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ചീഫ് എന്‍ജിനിയര്‍ ജോസഫ് മാത്യു, കരാറുകാരന്‍ കൊച്ചി പടിയത്ത് ഡയറി പ്രോഡക്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡി ഹബീബ് റഹ്മാന്‍ എന്നിവരാണ് വിജിലന്‍സ് ചാര്‍ജ് ചെയ്ത കേസിലെ പ്രതികള്‍. തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ അമ്പത് സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിന് കരാറുകാരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പി സി കുട്ടപ്പനാണ് കരാര്‍ നല്‍കിയത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് നല്‍കിയ മാര്‍ഗനിര്‍ദേശം ലംഘിച്ചായിരുന്നു കരാര്‍. ഇതിനുശേഷം, പ്രതിയായ ജോസഫ് മാത്യു അപേക്ഷ പോലും ക്ഷണിക്കാതെ 310 ഇരുമ്പുതൂണില്‍ ഘടിപ്പിച്ച സൈന്‍ബോര്‍ഡുകള്‍ വയ്ക്കാനും അനുമതി നല്‍കി. പരസ്യം നല്‍കി കൂടുതല്‍ തുക വാഗ്ദാനം ചെയ്യുന്നയാള്‍ക്ക് കരാര്‍ നല്‍കണം, ആറുമാസത്തിനുള്ളില്‍ ബോര്‍ഡ് വയ്ക്കണം, അഞ്ചുവര്‍ഷമാണ് കരാര്‍ കാലാവധി എന്നിങ്ങനെയാണ് കേന്ദ്രനിര്‍ദേശം. ഈ നിര്‍ദേശം നിലവിലിരിക്കെ ജോസഫ് മാത്യു 30 വര്‍ഷത്തേക്ക് കരാര്‍ നീട്ടിക്കൊടുത്തു. ജോസഫ് മാത്യുവിന് അധികാരമില്ലാത്ത തദ്ദേശവകുപ്പിന് കീഴിലെ സ്ഥലങ്ങളിലും ബോര്‍ഡ് വയ്ക്കാന്‍ അനുമതി നല്‍കി. സര്‍ക്കാരിന് ഒരു വരുമാനവും ലഭിക്കാത്ത ഈ ഇടപാടില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും ഒരു ബോര്‍ഡിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയോളം നല്‍കണം. മുപ്പത് വര്‍ഷത്തേക്ക് കരാര്‍ നല്‍കുമ്പോള്‍ ഒരു ബോര്‍ഡില്‍ നിന്ന് കരാറുകാരന് രണ്ടുകോടി രൂപയോളം ലഭിക്കും. നിര്‍ദേശങ്ങള്‍ മറികടന്ന് അങ്കമാലി, കളമശേരി, ഇടപ്പള്ളി, കാക്കനാട്, വൈറ്റില, അരൂര്‍, കഴക്കൂട്ടം, കേശവദാസപുരം, ഓവര്‍ബ്രിഡ്ജ്, എന്നിവിടങ്ങളില്‍ പതിനഞ്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് പി സി കുട്ടപ്പന്‍ അനുമതി നല്‍കിയത്. തുടര്‍ന്നാണ് ജോസഫ്മാത്യു 310 സൈന്‍ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കിയത്. അടുത്തവര്‍ഷം വീണ്ടും 30 വര്‍ഷത്തേക്ക് കരാര്‍ പുതുക്കി നല്‍കി. സൈന്‍ബോര്‍ഡ് സ്ഥാപിച്ച ഇനത്തില്‍ കരാറുകാരന്‍ 15,17,100 രൂപ വിവിധ സ്ഥാപനങ്ങളില്‍നിന്ന് കൈപ്പറ്റിയിട്ടുണ്ട്.

പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് കരാര്‍ നല്‍കിയതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കരാര്‍ പുതുക്കാനുള്ള സാഹചര്യം ഇല്ലാതിരിക്കെയാണ് പുതുക്കി നല്‍കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി 2011 ജൂണ്‍ ഏഴിനാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. എന്നാല്‍, സര്‍ക്കാരിന് വന്ന നഷ്ടം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതികള്‍ക്കെതിരെ വകുപ്പുതല നടപടി മതിയെന്നും പറഞ്ഞ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി വി അജയകുമാര്‍ കോടതിയില്‍ കേസ് പിന്‍വലിക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയത്.

സൈന്‍ബോര്‍ഡ് കേസ് പിന്‍വലിക്കുന്നത് കൊടിയ അഴിമതി
തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 500 കോടി രൂപയുടെ അഴിമതി ആരോപണം ഉയര്‍ന്ന സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കാനുള്ള വിജിലന്‍സ് അന്വേഷണ വിഭാഗത്തിന്റെ തീരുമാനം കൊടിയ അഴിമതിയും നിയമവ്യവസ്ഥയെ തകിടംമറിക്കലുമാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ സംസ്ഥാന വിജിലന്‍സിന്റെ ഹര്‍ജി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ്. ഖജനാവിന് ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയ അഴിമതിക്കേസ് ഇല്ലാതാക്കുകയും പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.

സ്വന്തം അഴിമതി കേസുകളില്‍നിന്ന് രക്ഷനേടാന്‍ ഭരണസംവിധാനത്തെയും നിയമവാഴ്ചയെയും ഏതുതരത്തിലും ദുരുപയോഗപ്പെടുത്തുമെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് തെളിയിക്കുന്നു ദേശീതപാതയിലും ഇതര റോഡുകളിലും സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ കരാറിലാണ് വലിയ ക്രമക്കേടും കൊള്ളയും നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നത്. സൈന്‍ബോര്‍ഡ് കരാറിന്റെ മറവില്‍ 500 കോടി രൂപയുടെ അഴിമതി നടന്നതായും ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ വിശ്വസ്തനായ കൊച്ചിയിലെ കോണ്‍ഗ്രസ് നേതാവിനും നേരിട്ട് പങ്കുണ്ടെന്നും കേരള കോണ്‍ഗ്രസ് നേതാവായിരുന്ന ടി.എം.ജേക്കബ് നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭയില്‍ അംഗമായിരുന്ന ജേക്കബ് 2005 ജൂലൈയിലാണ് സഭയെ ഞെട്ടിച്ച ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതിചേര്‍ത്ത വിജിലന്‍സ് കേസ് പിന്‍വലിക്കാന്‍ 2005-2006ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഫയല്‍ മടക്കുകയായിരുന്നു. പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേസ് കോടതിയില്‍ എത്തിച്ചു.

കേന്ദ്ര മാനദണ്ഡം ലംഘിച്ചാണ് കരാര്‍ നല്‍കിയതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുറഞ്ഞത് 500 കോടി രൂപ സര്‍ക്കാരിന് നഷ്ടം വന്നതായി അന്ന് ഐ.ജിയായിരുന്ന ടി.പി. സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടായിരുന്നു. ഇതെല്ലാം വിസ്മരിച്ചാണ് വന്‍ അഴിമതിക്കേസ് കോടതിയില്‍നിന്ന് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സവിശേഷത ജനവിരുദ്ധതയും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് ഈ സംഭവം കൂടുതല്‍ തെളിയിക്കുന്നു. പാമോലിന്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയുടെ കുറ്റകരമായ പങ്കിനെപ്പറ്റി ഫലപ്രദമായ തുടരന്വേഷണത്തിന് നിര്‍ദേശിച്ച വിജിലന്‍സ് ജഡ്ജിയെ പുകച്ച് പുറത്തുചാടിക്കാന്‍ എല്ലാ അവിശുദ്ധമാര്‍ഗങ്ങളും സ്വീകരിച്ചു. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ മന്ത്രിമാര്‍ക്കെതിരായ അഴിമതിക്കേസുകളും അട്ടിമറിക്കാന്‍ വിജിലന്‍സിനെ ഉപയോഗിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയും ഏറ്റവും ഹീനവുമായ കൃത്യമാണ് സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ എല്ലാവിഭാഗം ജനങ്ങളോടും പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

No comments:

Post a Comment