Monday, May 14, 2012

സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കി മഴവില്‍ മനോരമയുടെ "സമദൂരം"

 വെട്ടുകൊണ്ടും വെടിയേറ്റും വീണവര്‍. ചുട്ടുകൊല്ലപ്പെട്ടവര്‍, ജീവഛവമായവര്‍- അവര്‍ സിപിഐ എമ്മുകാരാണെങ്കില്‍ നീതിക്ക് അര്‍ഹരല്ല. "മഴവില്‍മനോരമ"യുടെ "സമദൂര"ത്തില്‍ അവരെക്കുറിച്ചുള്ള വാക്കുകള്‍ക്കും അനുതാപത്തിനും വിലക്ക്. രക്തസാക്ഷികളുടെ ഓര്‍മകളെപ്പോലും അപഹസിച്ച് യുഡിഎഫിനും സംഘപരിവാരത്തിനും തീവ്രവാദികള്‍ക്കും കുഴലൂത്തുമായി മനോരമ ടി വി. കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കളെ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ചാണ് പരിപാടി ചിത്രീകരിച്ചത്. എസ്എഫ്ഐ നേതാവായ എം എസ് പ്രസാദിന്റെ ബന്ധു ജി സുന്ദരേശന്‍ മാത്രമാണ് ഇടതുപ്രതിനിധിയായുണ്ടായത്. തളിപ്പറമ്പ് അരിയില്‍ കൊല്ലപ്പെട്ട യൂത്ത്ലീഗുകാരന്‍ ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ്, സുഹൃത്ത് സക്കറിയ, തലശേരിയിലെ എന്‍ഡിഎഫുകാരന്‍ ഫസലിന്റെ ഭാര്യ മറിയു, സഹോദരി റംല, കൊടുങ്ങല്ലൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസുകാര്‍, എരൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസുകാര്‍ തുടങ്ങിയവരുടെ ബന്ധുക്കളാണ് പങ്കെടുത്തത്. ടി പി ചന്ദ്രശേഖരന്റെ വധം അവസാന രാഷ്ട്രീയ കൊലപാതകമാകണം എന്ന "സദുദ്ദേശ്യ"മാണ് ലക്ഷ്യമെന്ന് അവതാരകന്‍ ശ്രീകണ്ഠന്‍നായര്‍ പറയുന്നുണ്ടെങ്കിലും സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കുക എന്ന ലക്ഷ്യമാണ് പരിപാടിയിലുടനീളം മറനീക്കുന്നത്. സാമൂഹ്യമാറ്റത്തിന്റെ പാതയില്‍ നല്ലനാളെയെ സ്വപ്നം കണ്ടതിന്റെ പേരില്‍ നിഷ്ഠുരമായി കൊല്ലപ്പെട്ട പുരോഗമനപ്രസ്ഥാനത്തിന്റെ രക്തസാക്ഷികളെ അപഹസിക്കുകയാണ് വിഷപ്പല്ല് ഒളിപ്പിച്ച പരിപാടിയിലൂടെ. കണ്ണൂരിനെ ഭീകര ജില്ലയായാണ് അവതരിപ്പിക്കുന്നത്. ലൈവ് ഷോയില്‍ സൗദിയില്‍നിന്ന് ടെലിഫോണ്‍ ലൈനില്‍ ചേര്‍ന്ന മനോരമക്കാഴ്ചക്കാരന്റെ ഉപദേശം സിപിഐ എം നേതാക്കളുടെ കൈയുംകാലും വെട്ടണമെന്നായിരുന്നു. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയക്കൊലകള്‍ക്കും കാരണം സിപിഐ എമ്മാണ് എന്ന മട്ടിലാണ് അവതാരകന്റെ പുലമ്പല്‍. കോണ്‍ഗ്രസ് ക്വട്ടേഷന്‍ സംഘത്തിന്റെ വെടിയുണ്ട ശരീരത്തില്‍ പേറി ജീവിക്കുന്ന ഇ പി ജയരാജന്റെയും ആര്‍എസ്എസിന്റെ മരണവാറന്റില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട പി ജയരാജന്റെയും അച്ഛനമ്മമാരുടെ മുന്നിലിട്ട് തുണ്ടം തുണ്ടമാക്കപ്പെട്ട കെ വി സുധീഷിന്റെയും പേരുകള്‍ ജി സുന്ദരേശന്‍ പറഞ്ഞപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ വേഷത്തില്‍ മനോരമ സ്റ്റുഡിയോയില്‍ എത്തിച്ച ആര്‍എസ്എസ്- കോണ്‍ഗ്രസ്, എന്‍ഡിഎഫ് സംഘം ഒരേശബ്ദത്തിലാണ് എതിര്‍ത്തത്. ജീവിക്കുന്ന രക്തസാക്ഷിയായ സൈമണ്‍ബ്രിട്ടോയെ എന്തുകൊണ്ട് ക്ഷണിച്ചില്ലെന്ന സുന്ദരേശന്റെ ചോദ്യവും ചന്ദ്രശേഖരന്‍ വധത്തില്‍ തെളിവില്ലാതെ ഒരു പ്രസ്ഥാനത്തെ സംഘടിതമായി കുറ്റപ്പെടുത്തുന്നതിന്റെ അടിസ്ഥാനമെന്തെന്ന സംശയത്തിനും പരിഗണന ലഭിച്ചില്ല.



No comments:

Post a Comment