Saturday, May 19, 2012

കോണ്‍ഗ്രസ് ക്വട്ടേഷന്‍സംഘത്തിന്റെ വധശ്രമത്തില്‍നിന്നു രക്ഷപ്പെട്ട അഭിഭാഷകന്‍ നീതിതേടി കോടതിയില്‍



കോഴിക്കോട്: കോണ്‍ഗ്രസ് ക്വട്ടേഷന്‍ സംഘത്തിന്റെ വധശ്രമത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കോണ്‍ഗ്രസ് അഭിഭാഷക നേതാവ് നീതി കിട്ടാന്‍ കോടതി കയറിയിറങ്ങുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവരില്‍നിന്ന് നീതി കിട്ടാത്തതിനാല്‍ ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി വി മോഹന്‍ലാലാണ് കോടതിയെ സമീപിച്ചത്. താമരശേരി രണ്ടാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നാലുമാസംമുമ്പ് കോഴിക്കോട് ഡിസിസി ഓഫീസില്‍ പട്ടാപ്പകല്‍ ഒരുമണിക്കാണ് സിദ്ദിഖിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം പേര്‍ മോഹന്‍ലാലിനെ ക്രൂരമായി ആക്രമിച്ചത്. ദേഹമാസകലം പരിക്കേറ്റ അദ്ദേഹം ദിവസങ്ങളോളം ചികിത്സയിലായിരുന്നു. അന്നുതന്നെ മര്‍ദനം വാര്‍ത്തയായിരുന്നെങ്കിലും സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്ന വെളിപ്പെടുത്തല്‍ ആദ്യമാണ്. വധശ്രമത്തിനുശേഷം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന്് മോഹന്‍ലാല്‍ മാനഷ്ടക്കേസ് ഫയല്‍ ചെയ്തു. സിദ്ദിഖിനെ കൂടാതെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രമേശ് നമ്പിയത്ത്, രാജീവ് തുടങ്ങി എട്ടുപേരാണ് പ്രതികള്‍. മതമൗലികവാദികളുടെ പിടിയില്‍നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനും ഡിസിസി ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന റിയല്‍ എസ്റ്റേറ്റ് വ്യാപാരം ചോദ്യംചെയ്തതിനുമായിരുന്നു മര്‍ദനം. മന്ത്രി കെ ബാബുവിന് ഡിസിസി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സിദ്ദിഖും സംഘവും മോഹന്‍ലാലിനെ ആക്രമിച്ചത്. ജില്ലയില്‍ ഒരുവിഭാഗത്തിന്റെ കൈയിലേക്ക് കോണ്‍ഗ്രസും പോഷക സംഘടനകളും പോകുന്നതിനെതിരെ മോഹന്‍ലാല്‍ ശക്തമായ നിലപാടെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് മുമ്പും ഭീഷണിയുണ്ടായിരുന്നതായി മോഹന്‍ലാല്‍ പറഞ്ഞു. കോണ്‍ഗ്രസിലെ മതമൗലിക വാദികളും ക്വട്ടേഷന്‍ സംഘവും ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ അക്രമം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഉറച്ച അനുയായിയായതുകൊണ്ടാണ് മതമൗലിക വാദികളായ അക്രമികള്‍ക്കെതിരെ നേതൃത്വം നടപടിയെടുക്കാത്തതെന്ന് മോഹന്‍ലാല്‍ ഉറച്ചുവിശ്വസിക്കുന്നു. എനിക്കുനേരെയുണ്ടായ അക്രമത്തെ നേതൃത്വം അവഗണിച്ചത് കോണ്‍ഗ്രസിന്റെ വിശ്വാസ്യതയില്‍ ജനങ്ങള്‍ക്ക് സംശയത്തിന് ഇടവരുത്തുമെന്നും- മോഹന്‍ലാല്‍ പറഞ്ഞു. കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പ് വേളയില്‍ പന്നിയങ്കരയില്‍ ജീപ്പ് തടഞ്ഞ് തല്ലിത്തകര്‍ക്കുകയും പ്രവര്‍ത്തകരെ മര്‍ദിച്ച് അവശരാക്കിയതും സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. മുന്‍ ഡിസിസി അംഗവും കോണ്‍ഗ്രസ് കോടഞ്ചേരി മണ്ഡലം സെക്രട്ടറിയുമാണ് മോഹന്‍ലാല്‍. ലോ അക്കാദമി ലോ കോളജ് ചെയര്‍മാന്‍, കെഎസ്യു കോഴിക്കോട് താലൂക്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

No comments:

Post a Comment