Tuesday, May 8, 2012

വ്യക്തിഹത്യ: കെ സുധാകരനും മാധ്യമങ്ങള്‍ക്കും വക്കീല്‍നോട്ടീസ്




 ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കെ സുധാകരന്‍ എംപിക്കും വാര്‍ത്ത നല്‍കിയ ചാനല്‍- പത്ര മേധാവികള്‍ക്കും വക്കീല്‍ നോട്ടീസ്. ചൊക്ലിയിലെ എടോത്ത്കണ്ടിയില്‍ രമേശനാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസയച്ചത്. അഞ്ചുദിവസത്തിനകം ആരോപണം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അഡ്വ. കെ വിശ്വന്‍ മുഖേന അയച്ച നോട്ടീസില്‍ പറയുന്നു. സുധാകരനുപുറമെ ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടര്‍മാര്‍ക്കും മംഗളം ചീഫ് എഡിറ്റര്‍ക്കുമാണ് നോട്ടീസയച്ചത്. രമേശന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നെന്നും വീട്ടില്‍ സിപിഐ എം ഉന്നതനേതാവിന്റെ സാന്നിധ്യത്തില്‍ കൊടി സുനിയും റഫീഖും അടച്ചിട്ട മുറിയില്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. ദുബായില്‍ പ്രതിരോധസര്‍വീസില്‍ ജോലിചെയ്തിരുന്ന രമേശന്‍ രാഷ്ട്രീയ പ്രവര്‍ത്തകനോ അനുഭാവിയോ അല്ല. കോണ്‍ഗ്രസ്, സിപിഐ എം ഉള്‍പ്പെടെ എല്ലാ പാര്‍ടിക്കാരുമായും അടുത്ത ബന്ധമാണുള്ളത്. ഏതെങ്കിലും കേസിലോ തര്‍ക്കത്തിലോ ഉള്‍പ്പെട്ടിട്ടുമില്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തുള്ള പൊതുപ്രവര്‍ത്തകന്‍ അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നത് അപലപനീയമാണ്. അപക്വവും വ്യാജവുമായ പ്രസ്താവന ജീവന് ഭീഷണിയായി. വസ്തുത അന്വേഷിക്കാതെ നടത്തിയ മാപ്പര്‍ഹിക്കാത്ത പ്രസ്താവനയാണിതെന്നും സുധാകരനയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായിട്ടില്ലെന്ന് ചാനല്‍മേധാവികള്‍ക്കും മംഗളം പത്രത്തിനും അയച്ച വക്കീല്‍നോട്ടീസില്‍ വ്യക്തമാക്കി. അടിസ്ഥാനരഹിത ആരോപണമാണ് മാധ്യമങ്ങളുടേത്. വാര്‍ത്തയുടെ അതേ പ്രാധാന്യത്തോടെ തിരുത്ത് നല്‍കണമെന്നും അല്ലാത്തപക്ഷം നിയമനടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി.

No comments:

Post a Comment