Thursday, May 31, 2012

രാമകൃഷ്ണനെ ചോദ്യംചെയ്യുന്നത് അഭിഭാഷക സാന്നിധ്യത്തിലാവണം: കോടതി



 ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സിപിഐ എം തലശേരി ഏരിയ കമ്മിറ്റി അംഗം പി പി രാമകൃഷ്ണനെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിലാവണമെന്ന് കോടതി ഉത്തരവിട്ടു. വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എം ഷുഹൈബാണ് വിധി പുറപ്പെടുവിച്ചത്. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ ഹാജരാവാന്‍ അഡ്വ. കെ വിശ്വനെ കോടതി അനുവദിച്ചു. സുപ്രിംകോടതി വിധിയടക്കം ലംഘിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് വിധി. കസ്റ്റഡിയിലെടുത്തവര്‍ക്ക് ശാരീരികവും മാനസികവുമായ പരിരക്ഷ ഉറപ്പാക്കാന്‍ അഭിഭാഷക സാന്നിധ്യം സഹായകമാകുമെന്ന വാദവും കോടതി അംഗീകരിച്ചു. രാമകൃഷ്ണനെ അഡ്വ. വിശ്വന്റെ സാന്നിധ്യത്തിലേ ചോദ്യം ചെയ്യാവൂവെന്ന് മജിസ്ട്രേറ്റ് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ശാരീരിക അവശത അനുഭവിക്കുന്ന രാമകൃഷ്ണനെ മെയ് 25ന് മാഹിയിലെ വീട്ടില്‍ അതിക്രമിച്ചുകടന്നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട രാമകൃഷ്ണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. അതിനിടെ, രാമകൃഷ്ണനെ കസ്റ്റഡിയില്‍നിന്ന് ഏറ്റുവാങ്ങാന്‍ മജിസ്ട്രേട്ട് വ്യാഴാഴ്ച ആശുപത്രിയിലെത്തി. ശാരീരിക അവശത കണക്കിലെടുത്താണ് നേരിട്ടെത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍് ഏറ്റുവാങ്ങിയത്. കസ്റ്റഡിയിലെടുത്തവരെ മര്‍ദിച്ച് കള്ളമൊഴി രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വിധിക്ക് വലിയ പ്രാധാന്യമുണ്ട്.

No comments:

Post a Comment