Wednesday, May 16, 2012

കോണ്‍ഗ്രസിന്റെ "ഫയറിങ് ശക്തി"



ഇരുപതു വര്‍ഷംമുമ്പാണ്. രാഷ്ട്രീയ അക്രമങ്ങളുടെ വേര് തേടി ഒരു പത്രപ്രവര്‍ത്തകന്‍ കണ്ണൂരിലെത്തി. കണ്ണൂര്‍ ജില്ലയല്ലേ, സിപിഐ എം ഭീകരതയാണ് അവിടെ എന്നാണ് പറഞ്ഞുകേട്ടത്. അവിടെച്ചെന്ന് അന്വേഷിച്ചപ്പോള്‍ അതുവരെ കേട്ട ചിത്രമല്ല തെളിഞ്ഞത്. ഉപായത്തില്‍ ചില കോണ്‍ഗ്രസുകാരുമായി അടുത്തു. കോണ്‍ഗ്രസിന്റെ "ശക്തി"യെക്കുറിച്ച് അവര്‍ വാചാലരായി. പലതരം ബോംബുകളുണ്ട്; വേണമെങ്കില്‍ കാണിച്ചുതരാം; പക്ഷേ സുധാകരേട്ടന്റെ സമ്മതം വേണം. ഉടന്‍കിട്ടി സമ്മതം. ""നമ്മുടെ ഫയറിങ്ങ് ശക്തി സിപിഎമ്മുകാര്‍ ഒന്നറിയട്ടെ"" എന്ന് നേതാവിന്റെ പ്രതികരണം. ആയുധം സൂക്ഷിച്ച കേന്ദ്രത്തിലേക്ക് കാര്‍ വിളിച്ച പത്രപ്രവര്‍ത്തകനോട് കണ്ണൂര്‍ നഗരമധ്യത്തില്‍വച്ച് കോണ്‍ഗ്രസുകാര്‍ പറഞ്ഞത്, നടന്നുപോകാം എന്ന്. എത്തിയത് മറ്റെവിടെയുമല്ല. തളാപ്പിലെ ഡിസിസി ഓഫീസില്‍. അര്‍ധരാത്രിയായിരുന്നു. ചെന്നയുടന്‍ അകത്തുകൊണ്ടുപോയി. പലതരം ബോംബുകള്‍ കാണിച്ചു. പടമെടുക്കാന്‍ സൗകര്യംചെയ്തു. ഒരാള്‍ മുഖംമൂടി ധരിച്ച് ബോംബുമായി ചിത്രത്തിന് പോസ് ചെയ്തു. ഒരു നിബന്ധന മാത്രം. വാര്‍ത്തയില്‍ ഡിസിസി ഓഫീസിലാണ് ബോംബ് ശേഖരം എന്ന് എഴുതരുത്. അത് പാലിക്കപ്പെട്ടു. പക്ഷേ, അച്ചടിച്ചു വന്ന ചിത്രത്തില്‍ ഡിസിസി ഓഫീസിന്റെ ചുവരും അതിലെ പെയിന്റും നാട്ടുകാര്‍ വ്യക്തമായി കണ്ടു. വിവിധതരം ബോംബുകള്‍ നിര്‍മിക്കാറുണ്ടെന്നും ഡിസിസി ഓഫീസില്‍ സൂക്ഷിക്കാറുണ്ടെന്നും ഡിസിസി സെക്രട്ടറി തന്നെ ഏറ്റുപറഞ്ഞു. ഈ ബോംബുകളാണ് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഏറെക്കാലം നിന്നുപൊട്ടിയത്. എന്‍ രാമകൃഷ്ണനില്‍നിന്ന് കണ്ണൂരിലെ ഗുണ്ടാപ്പടയുടെ കമാന്‍ഡ് ഏറ്റെടുത്തത് കെ സുധാകരന്‍. കോണ്‍ഗ്രസിലെ ഈ പുത്തന്‍കൂറ്റുകാരന്‍ മുന്‍കാല നേതാക്കളെയാകെ ഒതുക്കിയാണ് നേതൃത്വം പിടിച്ചത്. കടയില്‍ ചായകുടിച്ചിരുന്ന യുവാവിനെ വെടിവച്ചുകൊന്നശേഷം ""അവിടെയതാ ഒരുത്തന്‍ ചത്ത് വീണിട്ടുണ്ട്. കളിച്ചാല്‍ അതുതന്നെ ആവര്‍ത്തിക്കും"" എന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ച ഒരാളേ കേരളത്തിലുള്ളൂ- സുധാകരനാണത്. എല്ലാ അക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും മാര്‍ക്സിസ്റ്റ് അക്രമ മുറവിളികൂട്ടി രക്ഷപ്പെടുകയുമെന്നത് എക്കാലത്തെയും കോണ്‍ഗ്രസ് തന്ത്രം. അന്നും ഒരു "അക്രമവിരുദ്ധജാഥ" നടത്തി. ജാഥാനേതാവ് സുധാകരന്‍. ജാഥ മട്ടന്നൂരിനടുത്ത് ഇടവേലിക്കലിലെത്തി. നാല്‍പ്പാടി വാസുവും നാരോത്ത് സദാനന്ദനുമടക്കമുള്ള തൊഴിലാളികള്‍ അവിടെ കടയിലിരുന്ന് ചായകുടിക്കുന്നു. ജാഥ പോകുമ്പോള്‍ അവര്‍ പരിഹസിച്ചതായി തോന്നി. അക്രമ വിരുദ്ധ ജാഥയുടെ വാഹനം നിര്‍ത്തി ഗാന്ധിശിഷ്യര്‍ കടയിലേക്ക് ഇരച്ചുകയറി അവിടെയുള്ളവരെ തല്ലി. ഭയന്ന് ഓടിയ വാസുവിനെ സുധാകരന്റെ ഗണ്‍മാന്‍ വെടിവച്ചുകൊന്നു. കൊല നടത്തിയശേഷം മട്ടന്നൂരിലെത്തിയ സുധാകരന്‍ അവിടെ പൊതുയോഗത്തിലാണ്, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എതിര്‍ത്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത്. ആ കൊലയ്ക്ക് ന്യായീകരണമായി ജാഥയെ ആക്രമിച്ചു എന്നൊരു കഥ പടച്ചു-അതിന് പക്ഷേ അച്ചടിച്ച മനോരമയുടെ വിലയേ ഉണ്ടായുള്ളൂ. സുധാകരനടക്കം 13 പേര്‍ക്കെതിരെ നാല്‍പ്പാടി വാസു വധക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ സുധാകരന്റെ നേരിട്ടുള്ള പങ്ക് സംശയാതീതം തെളിഞ്ഞു. എന്നാല്‍, അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേസ് അട്ടിമിറച്ചു. കുറ്റപത്രത്തില്‍നിന്ന് സുധാകരന്റെ പേര്‍ ഒഴിവായി. കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്താണ് സേവറി എന്ന ഹോട്ടല്‍. 1992 ജൂണ്‍ 13ന് ഉച്ചയ്ക്ക് ഊണ്‍ സമയത്താണ് അവിടെ ബോംബാക്രമണമുണ്ടായത്. ഊണ്‍ വിളമ്പുകയായിരുന്ന സി പി ഐ എം പ്രവര്‍ത്തകന്‍ കെ നാണു കൊല്ലപ്പെട്ടു. ഡിസിസി ഐ ഓഫീസില്‍നിന്ന് നേരിട്ട് എത്തിയാണ് സുധാകരന്‍സംഘം "കൃത്യം" നിര്‍വഹിച്ചത്. തല്ലിക്കൊല്ലലില്‍ തുടങ്ങി കത്തിയും വാളും ബോംബും കടന്ന് തോക്കിലെത്തിയ കൊലപാതക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയിലും വളര്‍ച്ചയിലും മുഖ്യ സംഭാവന കോണ്‍ഗ്രസിനാണ്. നേതാക്കളെ വകവരുത്തിയാല്‍ പ്രസ്ഥാനം തകര്‍ക്കാമെന്ന ചിന്തയും ഖദറിനുള്ളില്‍ ജനിച്ചതുതന്നെ. പിണറായി വിജയനെ കൊല്ലുക എന്ന ആശയം സുധാകരന്റെയും എം വി രാഘവന്റെയും കൂടിയാലോചനയിലാണ് മൊട്ടിട്ടത്. അതിന് ആര്‍എസ്എസുകാരായ പ്രൊഫഷണല്‍ കില്ലര്‍മാരെ വാടകയ്ക്കെടുത്തതും അവര്‍തന്നെ. പിണറായിയെയും കോടിയേരി ബാലകൃഷ്ണനെയും കൊലയാളികള്‍ക്ക് കിട്ടിയില്ല- കിട്ടിയത് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഇ പി ജയരാജനെ. ഇ പി പറയുന്നു: ""സിപിഐ എമ്മിന്റെ പതിനഞ്ചാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് ചണ്ഡീഗഢില്‍നിന്ന് തിരിച്ചുവരുമ്പോള്‍ രാജധാനി എക്സ്പ്രസില്‍വച്ചാണ് എനിക്ക് വെടിയേറ്റത്. ആന്ധ്രപ്രദേശിലെ ചിരാലയില്‍വച്ച് ഭാര്യ, ഭാര്യയുടെ സഹോദരി കൂടിയായ പി കെ ശ്രീമതി ടീച്ചര്‍, എം വിജയകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ഞാന്‍ യാത്ര ചെയ്തിരുന്നത്. ടോയ്ലറ്റിനടുത്ത് ചെന്ന് വാഷ്ബേസിനില്‍ മുഖം കഴുകിക്കൊണ്ടിരിക്കെ പിറകില്‍നിന്ന് അരടി കിട്ടിയതുപോലെ തോന്നി. കഴുത്തിനുമേല്‍ തലയുടെ പിന്‍ഭാഗത്ത് വെടിയുണ്ട തുളച്ചുകയറി. വണ്ടിയില്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നതിനാലും വൈകാതെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതിനാലുമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. അതൊരത്ഭുതമായിട്ടാണ് എനിക്കുതന്നെ തോന്നുന്നത്"" ഇ പി ഇന്ന് അസഹ്യമായ വേദനതിന്നുകൊണ്ടാണ് ജീവിക്കുന്നത്. പിടലിയില്‍ വെടിയുണ്ടയുടെ അംശം ഇപ്പോഴുമുണ്ട്. അതുകൊണ്ടുള്ള കടുത്ത തലവേദന. ഇടയ്ക്ക് തലകറങ്ങി വീഴുന്ന അവസ്ഥ. ഇ പിയെ വെടിവച്ച വിക്രം ചാലില്‍ ശശി, ദിനേശന്‍ എന്നിവര്‍ അന്നുതന്നെ പൊലീസിന്റെ പിടിയിലായി. റെയില്‍വേ പൊലീസിനും പിന്നീട് റെയില്‍വേ മജിസ്ട്രേട്ട് കോടതിയിലും കൊടുത്ത മൊഴിയില്‍ അവര്‍ പറഞ്ഞു: മന്ത്രി (അന്നത്തെ) എം വി രാഘവനും കെ സുധാകരനും ഗൂഢാലോചന നടത്തിയാണ് തങ്ങളെ നിയോഗിച്ചയച്ചത്. തോക്കുകള്‍ തന്നതും ചെലവിനുള്ള പണം എത്തിച്ചുതന്നതും ഡല്‍ഹിയില്‍ താമസസൗകര്യമൊരുക്കിയതും കെ സുധാകരനാണ്. അതനുസരിച്ച് പൊലീസ് കേസെടുത്തു. സുധാകരന്‍ മാസങ്ങളോളം ഒളിവിലായി. സുധാകരനെ രക്ഷിക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും കിണഞ്ഞു ശ്രമിച്ചു. കേസ് അട്ടിമറിക്കാന്‍ നിരന്തരം ശ്രമിച്ചു. ഉത്തരേന്ത്യന്‍ മോഡല്‍ മാഫിയാ രാഷ്ട്രീയത്തിന്റെയും വാടകക്കൊലയാളികളുടെയും കേരളത്തിലെ അരങ്ങേറ്റമായിരുന്നു അത്. സിപിഐ എമ്മിന്റെ നേതൃത്വത്തെ ഇല്ലാതാക്കാനാണ് വാടകക്കൊലയാളി സംഘവും തോക്കും പണവും ഉപയോഗിക്കപ്പെട്ടത്. വിക്രംചാലില്‍ ശശി ആര്‍എസ്എസില്‍നിന്ന് ശിവസേനയിലെത്തിയ കൊടും ക്രിമിനല്‍. പേട്ട ദിനേശനാകട്ടെ കെ വി സുധീഷ് വധമുള്‍പ്പെടെ അനേകം കേസുകളിലെ മുഖ്യ പ്രതി (ഇപ്പോഴും ജയിലില്‍). ആ രണ്ടുപേരെയാണ് ക്വട്ടേഷന്‍ സംഘമായി അയച്ചത്. രാഷ്ട്രീയത്തിലെ രണ്ട് ക്രിമിനലുകള്‍ കൊലപാതകം തൊഴിലാക്കിയ രണ്ടുപേരുമായി ഒത്തുചേര്‍ന്നുള്ള ആ ക്വട്ടേഷന്‍ സംഘത്തേക്കാള്‍ വലിയ ഒന്ന് കേരളത്തില്‍ അതിനുമുമ്പും പിന്നെയും ഉണ്ടായിട്ടില്ല. ജയിലില്‍ കഠിനതടവനുഭവിക്കേണ്ടവര്‍ യുഡിഎഫിന്റെ പരമോന്നത നേതൃത്വത്തിലാണ് ഇന്നും.

No comments:

Post a Comment