Saturday, May 19, 2012

ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ചൈന എന്‍ കെ കണ്ണന്‍മേനോന്‍



  • പാശ്ചാത്യലോകം തെല്ലൊരു അമ്പരപ്പോടെയും ഭയപ്പാടോടെയുമാണ് അതിവേഗം ഒരു സാമ്പത്തികശക്തിയായി വളരുന്ന കമ്യുണിസ്റ്റ് ചൈനയെ കാണുന്നത്. അമേരിക്കന്‍ ഐക്യനാടുകളെയും യൂറോപ്യന്‍ രാജ്യങ്ങളെയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട 2008ലെ സാമ്പത്തികമാന്ദ്യം ഒരു തരത്തിലും ബാധിക്കാത്ത ലോകത്തിലെ ഏകരാജ്യം ചൈനയാണ്. നാളിതുവരെ ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തിയെന്ന ജപ്പാന്റെ സ്ഥാനത്തിന് ഇതിനകം ചലനം സംഭവിച്ചുകഴിഞ്ഞു. ചൈന ഉന്നമിടുന്നത് രണ്ടാം സ്ഥാനമല്ല, ഒന്നാം സ്ഥാനം തന്നെയാണ്. ചൈനയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച നല്‍കുന്ന സൂചനയും അതുതന്നെയാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും, പ്രത്യേകിച്ച് ഏഷ്യന്‍- ആഫ്രിക്കന്‍ രാജ്യങ്ങളുമായും ചൈനക്ക് സുദൃഢമായ നയതന്ത്ര- വാണിജ്യ-വ്യാപാരബന്ധമാണുള്ളത്.

    ഗള്‍ഫ് രാജ്യങ്ങളിലും ചൈനീസ് സാന്നിധ്യം വര്‍ധിക്കുകയാണ്. ഇതെല്ലാം ഏറ്റവും കൂടുതല്‍ വ്യാകുലപ്പെടുത്തുന്നത് അമേരിക്കയെയാണ്. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന "ഗാര്‍ഡിയന്‍" ദിനപത്രത്തിന്റെ പ്രധാന കോളമെഴുത്തുകാരനും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ വിസിറ്റിങ് പ്രൊഫസറുമായ മാര്‍ട്ടിന്‍ ജാക്വസ്  ""വെന്‍ ചൈന റൂള്‍സ് ദ വേള്‍ഡ്"" എന്ന തന്റെ പുസ്തകത്തില്‍ ഒരു പടികൂടി മുന്നോട്ടുപോകുന്നു: ലോക വന്‍ശക്തിയെന്ന അമേരിക്കയുടെ സ്ഥാനത്തിന് താമസംവിനാ ചലനം സംഭവിക്കുമെന്നും ചൈന ആ സ്ഥാനം സ്വന്തമാക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. പാശ്ചാത്യശക്തികളെ എല്ലാരംഗത്തും പിന്തള്ളി ചൈന ആധിപത്യം സ്ഥാപിക്കും. പാശ്ചാത്യലോകം വച്ചുപുലര്‍ത്തുന്ന പല വിശ്വാസപ്രമാണങ്ങളും കീഴ്മേല്‍ മറിയും. ചൈന ചരിത്രം സൃഷ്ടിക്കും. എന്നാല്‍ ചൈനയിലെ ഇന്നത്തെ രാഷ്ട്രീയ ഭരണസംവിധാനങ്ങളില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ ചൈനയുടെ മുന്നോട്ടുള്ള കുതിപ്പിന് അത് വിഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

    രാഷ്ട്രീയ സുസ്ഥിരതയും ഇച്ഛാശക്തിയുമുള്ള രാഷ്ട്രീയ നേതൃത്വമാണ് ചൈനയുടെ വിജയരഹസ്യമെന്ന് ജാക്വസ് വാദിക്കുന്നു. സംഭവിച്ചുകഴിഞ്ഞതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ വസ്തുതകള്‍ നിരത്തിയാണ് അദ്ദേഹം തന്റെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. വസ്തുനിഷ്ഠമായ കണ്ടെത്തലുകള്‍ ആയതുകൊണ്ട് ജാക്വസിന്റെ അവകാശവാദങ്ങള്‍ക്ക് പ്രവചനത്തിന്റെ സ്വഭാവം തീരെയില്ലെന്നുതന്നെ പറയാം. സമീപകാലത്ത് പാശ്ചാത്യനിരീക്ഷകര്‍ ചൈനയെക്കുറിച്ചെഴുതിയിട്ടുള്ള ലേഖനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളിലുമെല്ലാം ചൈന കൈവരിച്ച സാമ്പത്തിക വളര്‍ച്ചയെ "അസാധാരണമായ സാമ്പത്തിക പ്രതിഭാസ"മെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതിവേഗം സാമ്പത്തിക പുരോഗതിയിലേക്കും ഭദ്രതയിലേക്കും പുരോഗമിക്കുന്ന രാജ്യമെന്ന പദവിയും അവര്‍ ചൈനക്ക് നല്‍കിയിരിക്കുന്നു.

    മറ്റു കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ പിന്തുടരുന്ന നയങ്ങള്‍ക്ക് വിരുദ്ധമായി പാശ്ചാത്യ രാജ്യങ്ങളിലെ ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ക്ക് തങ്ങളുടെ രാജ്യത്ത്, കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണെങ്കിലും വ്യവസായ-വാണിജ്യ-വ്യാപാര മേഖലകളില്‍ മത്സരിക്കുവാന്‍ അനുവദിക്കുകവഴി ചൈന ലോകത്തിന് ഒരു പുതിയ സന്ദേശമാണ് നല്‍കിയിരിക്കുന്നത് എന്നാണ് ജാക്വസ് വാദിക്കുന്നത്. മത്സരങ്ങള്‍ക്ക് തങ്ങള്‍ എതിരല്ല, എന്നാല്‍ മത്സരം എന്ന പേരില്‍ ആരും ആരേയും കൊള്ളയടിച്ച് ലാഭമുണ്ടാക്കുവാന്‍ തങ്ങളുടെ മണ്ണില്‍ അനുവദിക്കില്ലെന്നാണ് ചൈനീസ് ഭരണകൂടം അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.

    ചൈനീസ് ജനതയുടെ ഭൗതിക പുരോഗതി ലക്ഷ്യം വയ്ക്കുമ്പോള്‍ അടിസ്ഥാന സോഷ്യലിസ്റ്റ് നയങ്ങളില്‍നിന്നും വ്യതിചലിക്കുവാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും അര്‍ഥശങ്കയ്ക്ക് ഇടം നല്‍കാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ആഗോളശക്തികളായി വളര്‍ന്ന ബ്രിട്ടന്റെയോ അമേരിക്കയുടെയോ, ജര്‍മനിയുടെയോ, ജപ്പാന്റെയോ പോലെ ഒരു വ്യാവസായിക കുതിച്ചുചാട്ടത്തിനാണ് ചൈനയും കിണഞ്ഞു ശ്രമിക്കുന്നത്. അതിലവര്‍ തൊണ്ണൂറു ശതമാനവും വിജയം കണ്ടുകഴിഞ്ഞു. പണ്ടെങ്ങോ നഷ്ടപ്പെട്ട സാര്‍വദേശീയ പദവി വീണ്ടെടുക്കുകയെന്ന കഠിനയത്നത്തിലാണ് ചൈനയിപ്പോള്‍ മുഴുകിയിരിക്കുന്നത്. പുരാതന ചൈനീസ് നാഗരികത പുനരുജ്ജീവിപ്പിക്കുകയും ലോകരാഷ്ട്ര സമുച്ചയത്തില്‍ ശ്രേഷ്ഠമായ പഴയ പ്രതാപം സ്ഥാപിക്കലുമാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് ചൈനീസ് സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭം വരെ ചൈന ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമായിരുന്നു. സാങ്കേതികമായി ഏറെ അഭിവൃദ്ധി പ്രാപിച്ച ഒരു നാഗരികത അവിടെ നിലനിന്നിരുന്നു. ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് യൂറോപ്പില്‍ ഉടലെടുത്ത വ്യവസായ വിപ്ലവത്തിന്റെ അലയടി ചൈനയിലും മാറ്റൊലിക്കൊണ്ടു. അതിന്റെ ഫലമായി ചൈനയുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളില്‍ വലിയ തിരിച്ചടി നേരിട്ടു. ഈ പിന്നോക്കാവസ്ഥയില്‍നിന്ന് ചൈനക്ക് ഇത്രവേഗം കരകയറാന്‍ കഴിയുമെന്ന് പടിഞ്ഞാറന്‍ സാമ്പത്തിക വിദഗ്ധരാരും പ്രതീക്ഷിച്ചിരുന്നില്ല. ചൈനയാകട്ടെ ഈ തിരിച്ചടി ചരിത്രത്തില്‍ ഇടയ്ക്കിടെ സംഭവിക്കുന്ന താല്‍ക്കാലിക പ്രതിഭാസങ്ങളാണെന്ന് ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്. നിശ്ചയദാര്‍ഢ്യവും ശരിയായ സാമ്പത്തിക ആസൂത്രണവും മികവുറ്റ ഭരണനേതൃത്വവും ചൈനയെ പഴയകാല പ്രതാപം വീണ്ടെടുത്ത് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ തല ഉയര്‍ത്തിനില്‍ക്കാന്‍ പ്രാപ്തമാക്കിയിരിക്കുന്നുവെന്നാണ് ജാക്വസിന്റെ അഭിപ്രായം. മാത്രവുമല്ല, ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അവരുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശരിയായ ദിശയില്‍ തന്നെയാണെന്നും അദ്ദേഹം വാദിക്കുന്നു. ഇത് പാശ്ചാത്യശക്തികളുടെ ലോകാധിപത്യത്തിനുനേരെ ഉയരുന്ന ഒരു വെല്ലുവിളി തന്നെയാണ്.

    അംബരചുംബികളായ കെട്ടിടങ്ങളെക്കൊണ്ട് ചൈനയുടെ വന്‍നഗരങ്ങള്‍ നിറഞ്ഞിരിക്കുന്നു. ചൈനീസ് സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ സജീവമാണ്. അത്യാധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ ഗ്രഹിക്കുന്നതിനും സ്വായത്തമാക്കുന്നതിനും ചൈന മറ്റേതു രാജ്യത്തേക്കാളും മുന്നിലാണ്. ചൈന ലോകത്തിലെ ഒരു പ്രമുഖ സാമ്പത്തിക ശക്തിയായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നുവെന്ന വസ്തുത, ജാള്യതകൊണ്ടാവാം, വാഷിങ്ടണിലിരിക്കുന്ന പ്രഭൃതികള്‍ക്ക് കഴിയുന്നില്ല. കെട്ടടങ്ങിത്തുടങ്ങിയിരിക്കുന്ന തങ്ങളുടെ പ്രതാപം നിലനിന്നു കാണുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ചൈനയോട് ഏറ്റവും വലിയ കടബാധ്യതയുള്ള രാജ്യം അമേരിക്കന്‍ ഐക്യനാടാണെന്ന വസ്തുത അവര്‍ സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നു. ചൈനീസ് വംശജരില്ലാത്ത ഒരൊറ്റ രാജ്യം പോലും ഇന്ന് ലോകത്തില്ല. അന്യരാജ്യങ്ങളില്‍ കഴിയുന്ന ചൈനക്കാര്‍ ചൈനീസ് ഭാഷയുടെയും സംസ്കാരത്തിന്റെയും സന്ദേശവാഹകരാണ്. ചൈനീസ് ഭക്ഷണം ഇഷ്ടപ്പെടാത്ത ഒരു ജനവിഭാഗവും ലോകത്തൊരിടത്തുമില്ലെന്നുതന്നെ പറയാം. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനീസ് റസ്റ്റോറന്റുകള്‍ സുലഭമാണ്. പ്രവാസി ചൈനക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ചൈനീസ് ഭരണകൂടം അതീവ ശ്രദ്ധ ചെലുത്തുന്നു. അന്യഭാഷ പഠിപ്പിക്കുന്നതിലും അതില്‍ പ്രാവീണ്യം നേടുന്നതിലും പൗരന്മാരെ ചൈനീസ് ഭരണകൂടം നല്ലപോലെ പ്രോത്സാഹിപ്പിക്കുന്നു.

    ചൈനയില്‍ അന്യഭാഷകളില്‍ പ്രമുഖ സ്ഥാനം ഇംഗ്ലീഷിനു തന്നെയാണ്. ലോകസാമ്പത്തികരംഗത്ത് ഫലപ്രദമായി ഇടപെടാനും മത്സരിക്കുവാനും ഇംഗ്ലീഷുഭാഷാ പരിജ്ഞാനം അനിവാര്യമാണെന്ന് ചൈനീസ് ഭരണാധികാരികള്‍ക്ക് നന്നായറിയാം. ജാക്വസിന്റെ അഭിപ്രായത്തില്‍ ലോകഭാഷകളില്‍ ഒന്നാംസ്ഥാനം കൈയടക്കാന്‍ പോകുന്നത് ചൈനീസ് ദേശീയ ഭാഷയായ മാന്‍ഡറിന്‍  ആണ്. കാരണം ഇന്ന് ലോകത്ത് അഞ്ചിലൊരാള്‍ മാന്‍ഡറിനാണ് സംസാരിക്കുന്നത്. മാത്രവുമല്ല, ഏഷ്യയിലെ നിരവധി രാജ്യങ്ങളിലെ സ്കൂളുകളില്‍ ഇംഗ്ലീഷിനെ പുറന്തള്ളി മാന്‍ഡറിന്‍ രണ്ടാംഭാഷയായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ വെബ്സൈറ്റുകളിലും മാന്‍ഡറിന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഉല്‍പാദനരംഗത്ത് പണ്ട് ജപ്പാന്‍ കൈവരിച്ച നേട്ടങ്ങളെ അതിശയിപ്പിക്കുന്നതും പല രംഗത്തും അതിനെ കവച്ചുവയ്ക്കുന്നതുമായ മുന്നേറ്റമാണ് ചൈനയ്ക്കുണ്ടായിരിക്കുന്നത്. ചൈനയില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാര്‍വദേശീയ കമ്പോളത്തിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഏതുല്പന്നവും ഗുണനിലവാരത്തില്‍ മറ്റേത് രാജ്യത്തിനോടും കിടപിടിക്കുന്ന വിധത്തില്‍ അതിവേഗത്തില്‍ ലഭ്യമാക്കുന്നതില്‍ ചൈനീസ് ഉല്പാദകര്‍ അതീവശ്രദ്ധാലുക്കളാണ്.

    വിലയുടെ കാര്യത്തില്‍ ചൈനയോട് മത്സരിക്കാന്‍ വ്യാവസായിക അഭിവൃദ്ധി പ്രാപിച്ച ഒരു രാജ്യത്തിനും സാധിക്കുന്നില്ല. ചൈന തങ്ങളുടെ സാമ്പത്തിക വ്യാവസായിക നയങ്ങള്‍ക്ക് രൂപം നല്‍കുന്നത് മുതലാളിത്ത രാജ്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഏതെങ്കിലും പ്രത്യേക ഫോര്‍മുലയെ ആധാരമാക്കിയല്ല. അമേരിക്കയിലും മറ്റു പ്രമുഖ പാശ്ചാത്യമുതലാളിത്ത രാജ്യങ്ങളിലും ഗവണ്‍മെന്റുകള്‍ക്ക് സ്വകാര്യ-വ്യവസായ ബിസിനസ് സ്ഥാപനങ്ങളുടെമേല്‍ കാര്യമായ ഒരു നിയന്ത്രണവുമില്ല. മത്സരാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ കാണുന്ന തിരിച്ചടികള്‍ എല്ലാരംഗത്തും ഗവണ്‍മെന്റ് മേല്‍നോട്ടവും നിയന്ത്രണവുമുള്ള ചൈനയില്‍ സംഭവിക്കുന്നില്ല. ഭരണകൂടം ഫലപ്രദമായി ഇടപെടേണ്ട സമയത്തെല്ലാം ചൈനീസ് ഗവണ്‍മെന്റ് അത് നിര്‍വഹിക്കുന്നു. ജാക്വസ് ഒരു കമ്യൂണിസ്റ്റ് അനുഭാവിയല്ല. അദ്ദേഹം വളരെനാള്‍ ചൈനയില്‍ ജീവിച്ചയാളാണ്. ചൈനയില്‍ നടത്തിയ യാത്രകളെക്കുറിച്ച് പാശ്ചാത്യ ദിനപത്രങ്ങളിലും മാഗസിനുകളിലും ഒട്ടനവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഈ യാത്രകള്‍ ജാക്വസിനെ തന്റെ പുസ്തകമെഴുതുവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഈ പുസ്തകം പുറത്തുവന്നതിനുശേഷം പല പാശ്ചാത്യനിരൂപകരും ജാക്വസിനെ കമ്യൂണിസ്റ്റ് സഹയാത്രികന്‍ എന്ന് മുദ്ര കുത്തുവാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ജാക്വസ് തന്റെ പുസ്തകത്തില്‍ ചൈനയെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളതെല്ലാം ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന കണക്കുകളാണ് ഐഎംഫ് അടുത്തിടെ പുറത്തുവിട്ടിരിക്കുന്നത്.

    (1) കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ അമേരിക്കയേക്കാള്‍ ഏഴിരട്ടി സാമ്പത്തികവളര്‍ച്ച കൈവരിക്കുവാന്‍ ചൈനക്ക് കഴിഞ്ഞിരിക്കുന്നു. (2) രണ്ടായിരത്തി പതിനാറാകുമ്പോഴേക്കും ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിത്തീരും. (3) രണ്ടായിരത്തി പത്ത് - പതിനൊന്ന് കാലയളവില്‍ അമേരിക്കയെക്കാള്‍ ഇരട്ടി മോട്ടോര്‍ വാഹനങ്ങള്‍ ചൈന ഉല്‍പാദിപ്പിച്ചു. (4) സ്റ്റീല്‍ കോട്ടന്‍ ഉല്പാദനത്തില്‍ ചൈന അമേരിക്കയെക്കാള്‍ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. (5) ഐഎംഎഫിന്റെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്ന രാജ്യമെന്ന പദവി അമേരിക്കയില്‍നിന്നും ചൈന തട്ടിയെടുത്തിരിക്കുന്നു. (6) സിമന്റ്, കല്‍ക്കരി എന്നിവയുടെ ഉല്‍പാദനത്തിലും, സോളാര്‍ - വിന്‍ഡ് എനര്‍ജി എന്നിവയുടെ ഉപയോഗത്തിലും ചൈന മറ്റു രാജ്യങ്ങളെ പിന്നിലാക്കിയിരിക്കുന്നു.

    ഐഎംഎഫിനെ കമ്യൂണിസ്റ്റനുഭാവ സംഘടനയായി ആരും മുദ്ര കുത്തില്ലായെന്ന് നമുക്ക് സമാധാനിക്കാം. 1985ല്‍ ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി ആറു മില്യന്‍ ഡോളറായിരുന്നു. ഇന്നത് മുന്നൂറു മില്യന്‍ ഡോളറായി ഉയര്‍ന്നിരിക്കുന്നു. ഇതും ഐഎംഎഫിന്റെ കണക്കാണ്. ചൈനയുടെ വിദേശനാണയശേഖരം മൂന്നു ട്രില്യന്‍ ഡോളറാണ്. (ഒരു ട്രില്യന്‍ = ലക്ഷം കോടി). ചൈനയുടെ ഈ മുന്നോട്ടുള്ള കുതിപ്പിന്റെ യഥാര്‍ഥ ചിത്രം വരച്ചുകാണിക്കുവാന്‍ ജാക്വസിനു ""വെന്‍ ചൈന റൂള്‍സ് ദ വേള്‍ഡ്"" എന്ന തന്റെ പുസ്തകത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

No comments:

Post a Comment