നെയ്യാറ്റിന്‍കര: കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി കേസെടുക്കാന്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും തയ്യാറാകുമോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചോദിച്ചു. ഏറ്റവുമൊടുവില്‍ മാര്‍ക്സിസ്റ്റുകാരെ കോണ്‍ഗ്രസുകാര്‍ കൊന്നിട്ടുണ്ടെന്ന് എം എം ഹസ്സന്‍ പരസ്യമായി പ്രഖ്യാപിച്ചു. ഒരുപാട് കാര്യങ്ങള്‍ ഓര്‍മയുള്ള ഹസ്സന്‍ ഇത്രയെങ്കിലും പറയാന്‍ ആര്‍ജവം കാണിച്ചു. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് ചെങ്കവിള മേഖലാറാലി ഒറ്റപ്ലാവിളയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. അഞ്ച് യുവാക്കളെ വെടിവച്ചുകൊന്ന കൂത്തുപറമ്പ് വെടിവയ്പിന് ഗൂഢാലോചന നടത്തിയത് കെ സുധാകരനും എം വി രാഘവനുമാണെന്ന് വെളിപ്പെടുത്തിയത് മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനാണ്. കെ സുധാകരന്‍ കൊട്ടാരക്കരയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുക്കുന്നത് നേരിട്ട് കണ്ടുവെന്നാണ്. മട്ടന്നൂരിനടുത്ത് നാല്‍പാടി വാസുവിനെ വെടിവച്ച് കൊന്നശേഷം ഒരുത്തനെ അവിടെ വെടിവച്ചിട്ടുണ്ട് എന്ന് പൊതുയോഗത്തില്‍ കെ സുധാകരന്‍ പ്രസംഗിച്ചു. ഇ പി ജയരാജനെ കൊല്ലാന്‍ വാടകഗുണ്ടകളെ അയച്ചത് കെ സുധാകരനും എം വി രാഘവനുമാണെന്ന് ഗുണ്ടകള്‍ തന്നെ വെളിപ്പെടുത്തി. ചീമേനിയില്‍ സിപിഐ എം ഓഫീസ് അടച്ചുപൂട്ടി അഞ്ച് പേരെ ചുട്ടുകൊന്നില്ലേ? ഇപ്പോള്‍ സമാധാനദൂതന്മാരായി ചമയുന്ന കോണ്‍ഗ്രസിന്റെ ചരിത്രം അക്രമങ്ങളുടെയും കൊലപാതകങ്ങളുടേതുമാണ്. ഒഞ്ചിയം സംഭവത്തിന്റെ തിരക്കഥയുടെ യഥാര്‍ഥ വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രവീന്ദ്രന്‍, ചെന്നുകണ്ട എളമരം കരീമിനോടും കെ കെ ലതികയോടും പൊലീസിന്റെ ഭീകര മര്‍ദന കഥകളാണ് വെളിപ്പെടുത്തിയത്. പൊലീസ് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് മൊഴി നല്‍കാനായിരുന്നു മര്‍ദനം. മൊഴികളെന്ന രൂപത്തില്‍ മാധ്യമങ്ങള്‍ നടത്തിയ തല്‍സമയസംപ്രേഷണ കഥകളല്ല യാഥാര്‍ഥ്യമെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
എന്നിട്ടും സുധാകരനും ഹസ്സനും ബഷീറിനുമെതിരെ കേസില്ല
തിരു: കോണ്‍ഗ്രസുകാര്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ച കെപിസിസി വക്താവ് എം എം ഹസ്സനും കൂത്തുപറമ്പ് വെടിവയ്പിനും കണ്ണൂരിലെ ഒട്ടേറെ അക്രമങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച ആളെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് വെളിപ്പെടുത്തിയ കെ സുധാകരനും എതിരെ കേസില്ല. അധ്യാപകനെ ചവിട്ടിക്കൊന്ന യൂത്ത്ലീഗുകാര്‍ക്കെതിരെ കോടതിയില്‍ സാക്ഷിപറയുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീറിനെതിരെ കേസെടുക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തോന്നിയിട്ടില്ല. പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കുന്ന ഉമ്മന്‍ചാണ്ടി, നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്നത് താനാണെന്ന് പ്രഖ്യാപിച്ച കെ സുധാകരനെതിരെ ഇതേവകുപ്പ് ചുമത്താന്‍ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ ബാധ്യസ്ഥനാവുകയാണ്. കോടതിയില്‍ സാക്ഷി പറയുന്നവര്‍ ജീവനോടെ തിരിച്ചുപോകില്ലെന്നാണ് മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീര്‍ പ്രഖ്യാപിച്ചത്. നാലുവര്‍ഷംമുമ്പ് ലീഗുകാര്‍ അധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ ചവിട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ടാണ് അന്ന് ഏറനാട് മണ്ഡലം ലീഗ് പ്രസിഡന്റായിരുന്ന ബഷീര്‍ പൊതുയോഗത്തില്‍ ഈ ഭീഷണി മുഴക്കിയത്. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി വന്‍പ്രചാരണക്കൊടുങ്കാറ്റ് സൃഷ്ടിച്ചാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും സിപിഐ എമ്മിനെ വേട്ടയാടാനിറങ്ങിയിരിക്കുന്നത്. നിയമം തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ ദുരുപയോഗം ചെയ്യുമെന്ന് അവര്‍ തെളിയിക്കുന്നു. സാക്ഷി പറയുന്നവരെ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയ ലീഗ് എംഎല്‍എയും കുറ്റക്കാരനെന്ന് ഡിസിസി പ്രസിഡന്റുതന്നെ തെളിവ് നല്‍കിയ കെ സുധാകരനും സിപിഐ എമ്മുകാരെ കോണ്‍ഗ്രസുകാര്‍ കൊന്നിട്ടുണ്ടെന്ന് പറഞ്ഞ എം എം ഹസ്സനും ഉമ്മന്‍ചാണ്ടിയുടെ നിയമപുസ്തകത്തിന് പുറത്താണ്. സിപിഐ എമ്മിനെതിരെ രണ്ടും കല്‍പ്പിച്ചിറങ്ങിയ മാധ്യമങ്ങള്‍ക്കാകട്ടെ ഹസ്സന്‍ പറഞ്ഞത് കേട്ടഭാവമില്ല. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് കോണ്‍ഗ്രസുകാര്‍ സിപിഐ എമ്മുകാരെ കൊന്നിട്ടുണ്ടെന്നും അത് ചരിത്രമാണെന്നും ഹസ്സന്‍ പറഞ്ഞത്. ആ ചാനലിനും മിണ്ടാട്ടമില്ല.
പി കെ ബഷീര്‍ പറഞ്ഞതിങ്ങനെ
സാക്ഷി പറഞ്ഞാല്‍ ജീവനോടെ തിരിച്ചുപോകില്ല ""കേരളം മുഴുവന്‍ ഉറ്റുനോക്കിയ സംഭവം നടന്നത് കിഴിശ്ശേരിയിലാണ്. ക്ലസ്റ്റര്‍ ഉപരോധത്തോടനുബന്ധിച്ച് നടന്ന സമരത്തില്‍ നമ്മുടെ നിര്‍ഭാഗ്യത്തിന് ഒരു മാസ്റ്റര്‍ മരണപ്പെടുകയുണ്ടായി. മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്നതാണെന്ന് ഗവര്‍മെണ്ടും സിപിഎമ്മും എന്‍ജിഒകളും അധ്യാപകസംഘടനകളും പോഷകസംഘടനകളും പറഞ്ഞു. എന്‍ജിഒയുടെ പണിമുടക്കും നടന്നു. നിരപരാധികളായ അഞ്ച് യൂത്ത്ലീഗുകാര്‍ക്കെതിരെ 302 വകുപ്പുപ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തു. 14 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. സംഭവം നടന്ന രാത്രിയില്‍ റെയ്ഡ് നടത്തി രണ്ടുപേരെ അറസ്റ്റുചെയ്തു. മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി. അങ്ങനെ അഞ്ചുപേര്‍ കൊലക്കേസില്‍ പ്രതികളായി. അവര്‍ ഒരുമാസം ജയിലില്‍ കിടന്നു. ഈ സംഭവം നടന്നോ ഇല്ലയോ എന്ന് എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം. അതിന് കമ്യൂണിസ്റ്റുകാര്‍ സാക്ഷി പറയാന്‍ പോകരുതെന്ന് അന്ന് പറഞ്ഞതാണ്. ശങ്കരപ്പണിക്കര്‍ പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഒരു കാര്യം വ്യക്തമായി പറയാം. കിഴിശ്ശേരിയിലെ നിരപരാധികളായ അഞ്ച് യൂത്ത്ലീഗ് പ്രവര്‍ത്തകരെയാണ് പ്രതികളാക്കിയത്. ആലിന്‍ചോട്ടിലുള്ള ഒരു കമ്യൂണിസ്റ്റുകാരനാണ് പൊലീസിന് പേരുകൊടുക്കുന്നത്. ലിസ്റ്റ് കൊടുക്കേണ്ട പൂതി ഇതോടെ തീരും. ലിസ്റ്റ് കൊടുത്താല്‍ ആദ്യം നിങ്ങളെ കൈകാര്യം ചെയ്യും. സാക്ഷിപറയാന്‍ പോകുന്ന വിജയന്‍ എന്ന അധ്യാപകന്‍ തിരിച്ച് വീട്ടിലെത്തുമെന്ന് കരുതേണ്ട. ഈ കേസിനെ സംബന്ധിച്ച് ഏറനാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ പ്രസിഡന്റ് എന്നനിലയ്ക്ക് പറയുന്നു, ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരികയാണെങ്കില്‍ ഇതിന് എവനെങ്കിലും സാക്ഷി പറയാന്‍ കോടതിയില്‍ എത്തുകയാണെങ്കില്‍ അവന്‍ ജീവനോടെ തിരിച്ചുപോരില്ല. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ ചെയ്തോ, ബാക്കി ഞാനേറ്റു. ഒരു ബേജാറും വേണ്ട""
കെ സുധാകരനെതിരെ രാമകൃഷ്ണന്റെ മൊഴി
കൂത്തുപറമ്പ് വെടിവയ്പും എ കെ ജി ആശുപത്രി പിടിച്ചെടുക്കലും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സൃഷ്ടിച്ച് കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത് കെ സുധാകരന്‍ എംപിയാണെന്ന് ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണനാണ് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍: ""കൂത്തുപറമ്പില്‍ പോകരുതെന്ന് ഞങ്ങളെല്ലാം പറഞ്ഞു. മന്ത്രി രാമകൃഷ്ണന്‍ പോകാന്‍ തയ്യാറാകാതിരുന്ന കൂത്തുപറമ്പിലേക്ക് എം വി രാഘവനെ നിര്‍ബന്ധിച്ച് അയച്ചത് സുധാകരനാണ്. എ കെ ജി ആശുപത്രി പിടിച്ചെടുക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തു. എ കെ ജിയുടെ പേരിലുള്ള സ്ഥാപനവുമായി കോണ്‍ഗ്രസിന് ബന്ധമൊന്നുമില്ല. സുധാകരനായിരുന്നു ആശുപത്രി പിടിച്ചെടുക്കലിനുപിന്നില്‍. കൂത്തുപറമ്പ്, എ കെ ജി ആശുപത്രി സംഭവങ്ങളെ തുടര്‍ന്നാണ് ബൂത്തിലിരിക്കാന്‍പോലും ആളില്ലാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് ചരിത്രം അട്ടിമറിക്കപ്പെടുകയും പാര്‍ടി നാമാവശേഷമാവുകയും ചെയ്തു"". ""സുധാകരന്‍ രക്തസാക്ഷികളെ സൃഷ്ടിച്ചതും പ്രവര്‍ത്തകരെക്കൊണ്ട് ആയുധമെടുപ്പിച്ചതും പാര്‍ടിയെ രക്ഷിക്കാനായിരുന്നില്ല. സുധാകരന്റെ നാളുകള്‍ തിരിച്ചുവന്നാല്‍ കോണ്‍ഗ്രസ് വീണ്ടും കാടുകയറും. മുമ്പത്തെ ഡിസിസി പ്രസിഡന്റുമാരുടെ കാലത്ത് ബൂത്തിലിരിക്കാന്‍ ആളെ കിട്ടാറില്ലത്രെ. അക്കാലത്തും ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗുണ്ടകളെ ഉപയോഗിക്കാറില്ല.""
ഹസ്സന്‍ പറഞ്ഞത് ശരി: ഉണ്ണിത്താന്‍
തിരു: കോണ്‍ഗ്രസുകാര്‍ സിപിഐ എമ്മുകാരെ കൊന്നിട്ടുണ്ടെന്ന് സ്വകാര്യടെലിവിഷന്‍ ചാനലില്‍ കെപിസിസി വക്താവ് എം എം ഹസ്സന്‍ പറഞ്ഞത് ശരിയാണെന്ന് എഐസിസി അംഗം രാജ്മോഹന്‍ ഉണ്ണിത്താന്‍. "അദ്ദേഹം തമാശ പറഞ്ഞ് ഇതുവരെ കേട്ടിട്ടില്ല. വസ്തുതാപരമായ കാര്യങ്ങളാണ് അദ്ദേഹം പറയാറുള്ളത്"- ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷം നടക്കുമ്പോള്‍ പ്രക്ഷുബ്ധാന്തരീക്ഷത്തിലാണ് കോണ്‍ഗ്രസുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്. കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയ കൊലപാതകം നടത്തിയിട്ടില്ലെന്ന് താന്‍ ഒരിക്കലും പറയില്ല. എന്നാല്‍, ആസൂത്രണംചെയ്ത്് ആരെയും കൊന്നിട്ടില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment