Tuesday, May 15, 2012

നുണവാര്‍ത്തകള്‍ക്ക് പിന്നില്‍ തീവ്രവാദബന്ധമുള്ള ചാനല്‍ ലേഖകന്‍




വടകര: ടി പി ചന്ദ്രശേഖരന്‍ വധത്തെച്ചൊല്ലി സിപിഐ എമ്മിനെതിരെ വാര്‍ത്തകള്‍ ചമയ്ക്കുന്നതിനു പിന്നില്‍ തീവ്രവാദബന്ധമുള്ള ചാനല്‍ ലേഖകന്‍. തീവ്രവാദസംഘടനയുടെ ഇഷ്ടക്കാരനായ ഈ ലേഖകനോട് മത്സരിച്ച് മാര്‍ക്സിസ്റ്റ് വിരുദ്ധരുടെ പണംപറ്റുന്ന മറ്റൊരു ചാനലുകാരനും രംഗത്തുണ്ട്. സിപിഐ എം ഓഫീസില്‍ പോസ്റ്ററൊട്ടിച്ച് വാര്‍ത്തയുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിക്കപ്പെട്ടയാളാണ് ഇദ്ദേഹം. മാര്‍ക്സിസ്റ്റ് വിരുദ്ധരുടെ താല്‍പര്യപ്രകാരം വാര്‍ത്ത ചമയ്ക്കുന്ന ഇരുവരും "മാസപ്പടി"ക്കാരെന്നാണ് മാധ്യമലോകത്ത് അറിയപ്പെടുന്നത്. ചന്ദ്രശേഖരന്‍ വധമുണ്ടായ ഉടന്‍ ചാനലിലൂടെ സിപിഐ എമ്മാണ് പ്രതികളെന്ന് തീവ്രവാദ ബന്ധമുള്ള ലേഖകന്‍ "കണ്ടുപിടിച്ചിരുന്നു". മെയ് നാലിന് രാത്രി 11 ന്റെ ചാനല്‍ വാര്‍ത്തയില്‍ പറഞ്ഞത് "ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു, പിന്നില്‍ സിപിഐ എം" എന്നായിരുന്നു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗവും രണ്ട് ഏരിയാകമ്മിറ്റിയംഗങ്ങളും സംശയനിഴലില്‍ എന്നായി അടുത്ത വാര്‍ത്ത. പൊലീസ് പിടികൂടിയ ഇന്നോവയില്‍ "മാഷാ അള്ളാ" സ്റ്റിക്കര്‍ പ്രതികള്‍ പതിച്ചതാണെന്ന് അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങും നടത്തി. കോഴിക്കോട്ടെ പ്രമുഖ തീവ്രവാദ സംഘടനയുടെ ഗുഡ്ബുക്കില്‍പെട്ട ആളാണ് ഈ ലേഖകന്‍. കെ എ റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ കേസ് വീണ്ടും വാര്‍ത്തയായപ്പോള്‍ ആരോപണ വിധേയനായ മുസ്ലിംലീഗ് നേതാവിന് അനുകൂല വാര്‍ത്തകള്‍ നല്‍കിയും ഇദ്ദേഹം ശ്രദ്ധേയനായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ കോഴിക്കോട് ജില്ലയില്‍ ഇടതുപക്ഷം തകരുമെന്നും യുഡിഎഫിന് വലിയ നേട്ടമുണ്ടാകുമെന്നും പ്രവചനം നടത്തി "വിശ്വാസ്യത" പ്രകടമാക്കിയിരുന്നു. 2007 ആഗസ്തില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ പോസ്റ്റര്‍ പതിക്കവെ പിടിയിലായ ആളാണ് തീവ്രവാദലേഖകന്റെ സയാമീസ് ഇരട്ടയായി പാര്‍ടിവിരുദ്ധവാര്‍ത്ത നല്‍കുന്നറിപ്പോര്‍ട്ടര്‍. കഴിഞ്ഞ ദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തിയുടെ വീടിനുമുന്നിലെ മതിലില്‍ പോസ്റ്റര്‍ പതിച്ചത് അതിരാവിലെതന്നെ ബ്രേക്കിങ്ങ് വാര്‍ത്തയാക്കിയതും ഈ ലേഖകന്‍ തന്നെ. ഇടതുപക്ഷ ഏകോപന സമിതി എന്ന ഇടതുപക്ഷവിരുദ്ധര്‍ക്കായി കള്ളവാര്‍ത്ത ചമയ്ക്കുന്ന ഈ ലേഖകനെതിരെ ചാനലില്‍ ഈയിടെ നടപടിക്ക് നീക്കമുണ്ടായി. മന്ത്രി എം കെ മുനീര്‍ ഇടപെട്ടാണ് രക്ഷിച്ചത്.

No comments:

Post a Comment