നെയ്യാറ്റിന്‍കര: ടി പി ചന്ദ്രശേഖരന്‍വധക്കേസ് അന്വേഷണത്തില്‍ കേന്ദ്രആഭ്യന്തരസഹമന്ത്രിയും സംസ്ഥാനമന്ത്രിമാരും നേരിട്ട് ഇടപെടുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാനമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുകയാണെന്നും നെയ്യാറ്റിന്‍കരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സിപിഐ എമ്മിനെയും നേതാക്കളെയും പ്രതിസ്ഥാനത്ത് ചേര്‍ത്തുള്ള മുന്‍വിധിയോടെയുള്ള അന്വേഷണം നടത്താനാണ് ഇടപെടല്‍ നടക്കുന്നത്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിന് സിപിഐ എം പ്രവര്‍ത്തകരെ പ്രതികളെന്ന് നിശ്ചയിച്ച് അറസ്റ്റു ചെയ്യാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നത് സിപിഐ എമ്മിന്റെ ഉന്നതനേതാക്കള്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ്. പൊലീസ് ഇന്ന രീതിയില്‍ അന്വേഷിക്കണമെന്നുള്ള മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണിത്.
കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന്റെ ചുമതലകളില്‍ ഇടപെടുകയാണ്. സംസ്ഥാനമന്ത്രിമാരും ഈ രീതിയിലാണ് പറയുന്നത്. സിപിഐ എമ്മിന് കൊലപാതകവുമായി ഒരു ബന്ധവുമില്ല. നിഷ്ഠുരമായ കൊലപാതകത്തെ ആദ്യം മുതലേ അപലപിച്ചു. സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്യണമെന്നാണ് പാര്‍ട്ടി നിലപാട്. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് നല്ല മുന്നേറ്റമുണ്ടാക്കുമ്പോള്‍ യുഡിഎഫ് രാഷ്ട്രീയലാഭത്തിനായി കേസ് ഉപയോഗിക്കുകയാണിപ്പോള്‍. കാലുമാറ്റക്കാരനെ ജനം അംഗീകരിക്കില്ലെന്നു കണ്ടപ്പോഴുള്ള വിദ്യയാണിത്. രണ്ടു പത്രങ്ങള്‍ മല്‍സരിച്ച് ഇന്നയാളാണ് പ്രതികളെന്ന് എഴുതി. അവരല്ല പ്രതികളെന്ന് വന്നപ്പോള്‍ തിരുത്തിയെഴുതില്ല. അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കും. ചെന്നിത്തല വടകരയിലല്ല. കെപിസിസി ഓഫീസിനു മുന്‍പിലാണ് ഉപവാസം നടത്തേണ്ടത.് കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന കശാപ്പുകളുടെ കഥ അപ്പോള്‍ കാണാന്‍ കഴിയും.
ടിപി വധത്തില്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. നിഷ്പക്ഷവും കൃത്യവുമായി അന്വേഷണം നടത്തി യഥാര്‍ഥപ്രതികളെ കണ്ടെത്തണമെന്ന കാര്യത്തില്‍ സംശയമില്ല. അല്ലാതെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയല്ല വേണ്ടത്. ഈ തെറ്റായ നീക്കത്തിനെതിരെ എല്‍ഡിഎഫ് കക്ഷികള്‍ പ്രതികരിക്കും. നെയ്യാറ്റിന്‍കരയില്‍ സംസ്ഥാനമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് രേഖാമൂലം പരാതി നല്‍കും. വിവിധ വാഗ്ദാനങ്ങളുമായി മന്ത്രിമാര്‍ നേരിട്ട് ജനങ്ങള്‍ക്കിടയില്‍ ഇടപെടുന്നു. തൊഴിലുറപ്പ് കൂലി കൂട്ടിയതിനാല്‍ യുഡിഎഫിന് വോട്ടു ചെയ്യണമെന്ന കെ സി ജോസഫ് നടത്തിയ പ്രസംഗത്തിന്റെ സിഡി അടക്കം കമീഷന് പരാതി കൊടുക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
No comments:
Post a Comment