ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിന് പിന്നാലെ പാചകവാതകത്തിന്റെ സബ്സിഡി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. തുടക്കത്തില്‍ ഭാഗികമായി പിന്‍വലിക്കുന്ന സബ്സിഡി പിന്നീട് പൂര്‍ണമായി ഇല്ലാതാക്കും. ഇതോടെ നിലവില്‍ 426.50 രൂപയുള്ള എല്‍പിജി സിലിണ്ടറിന്റെ വില തൊള്ളായിരം കവിയും. പ്രതിമാസം 50,000 രൂപവരെ വരുമാനമുള്ളവരുടെയും എംപിമാര്‍, എംഎല്‍എമാര്‍, ഗസറ്റഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും സബ്സിഡി ആദ്യ രണ്ട് ഘട്ടങ്ങളില്‍ നിര്‍ത്തലാക്കും. തുടര്‍ന്ന് വരുമാനാടിസ്ഥാനത്തില്‍ സബ്സിഡി നിര്‍ത്തലാക്കല്‍ പ്രക്രിയ തുടരും.
ബജറ്റ് സമ്മേളനം കഴിഞ്ഞാലുടന്‍ പാചകവാതക സബ്സിഡിയുടെ കാര്യത്തിലും തീരുമാനമാകുമെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്‍കി. തുടക്കത്തില്‍ രണ്ടുഘട്ടമായി സബ്സിഡി വെട്ടിക്കുറയ്ക്കുന്നതിലൂടെ പ്രതിവര്‍ഷം 5,000 കോടി രൂപ ലാഭിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 2011-12ല്‍ പാചകവാതക സബ്സിഡി ഇനത്തില്‍ 25,000 കോടി രൂപയോളം ചെലവ് വന്നെന്നാണ് കണക്ക്. ഇന്ത്യയുടെ വ്യാപാരക്കമ്മിയുടെ പ്രധാനകാരണം എണ്ണ ഇറക്കുമതിയാണെന്ന വാദമാണ് സബ്സിഡി നീക്കുന്നതിന് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. സിലിണ്ടര്‍ ഒന്നിന് 480 രൂപ നഷ്ടം സഹിച്ചാണ് പാചകവാതകം വില്‍ക്കുന്നതെന്ന പൊതുമേഖലാ എണ്ണക്കമ്പനികളുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് സബ്സിഡി വന്‍ സാമ്പത്തികബാധ്യതയാണെന്ന സര്‍ക്കാരിന്റെ അവകാശവാദം. എംപിമാര്‍, എംഎല്‍എമാര്‍, ഉയര്‍ന്ന വരുമാനക്കാര്‍ എന്നിവരുടെ മാത്രം സബ്സിഡി ആദ്യഘട്ടത്തില്‍ റദ്ദാക്കി പൊതുജനവികാരം മുതലെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. സിലിണ്ടറിന്റെ എണ്ണം പരിമിതപ്പെടുത്താനും നീക്കമുണ്ട്. പാചകവാതക സബ്സിഡി ഗണ്യമായി കുറയ്ക്കണമെന്ന് പാര്‍ലമെന്റിന്റെ പെട്രോളിയം സ്റ്റാന്‍ഡിങ് കമ്മിറ്റി ഏപ്രിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. 2011-12ല്‍ ധനമന്ത്രി അവതരിപ്പിച്ച ഉപധനാഭ്യര്‍ഥനയിലും എല്‍പിജി സബ്സിഡി വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയുള്ളവരിലേക്ക് ചുരുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എണ്ണക്കമ്പനികളെ നഷ്ടത്തില്‍നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി എടുക്കണമെന്നാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ. എന്നാല്‍, എണ്ണക്കമ്പനികള്‍ അണ്ടര്‍ റിക്കവറി എന്ന പേരില്‍ അവതരിപ്പിക്കുന്ന നഷ്ടം സാങ്കല്‍പ്പികനഷ്ടം മാത്രമാണെന്നും സമിതിയംഗമായ എം ബി രാജേഷ് റിപ്പോര്‍ട്ടിലെ വിയോജനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
No comments:
Post a Comment