Monday, May 28, 2012

വൃദ്ധനെ നടുറോഡില്‍ ചവിട്ടിക്കൊന്നവര്‍ ഒഞ്ചിയം രാഷ്ട്രീയമായി ഉപയോഗിക്കുന്നു: പിണറായി


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ വൃദ്ധനെ നടുറോഡില്‍ കൊന്ന കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കുന്നവരാണ് ഒഞ്ചിയത്തെ ആര്‍എംപി നേതാവിന്റെ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത് തിരിച്ചറിയുന്നവരാണ് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍. ഒഞ്ചിയത്തേക്ക് യാത്ര ചെയ്യുന്നതിനുമുമ്പ് നെയ്യാറ്റിന്‍കരയിലെ ജനങ്ങളെ ഇത് ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് -യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് നെയ്യാറ്റിന്‍കര ടൗണ്‍ മേഖലാ തെരഞ്ഞെടുപ്പ് റാലി ഓലത്താന്നിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനുമുമ്പ് വിചാരണ നടത്തേണ്ട ഒരു കൊലക്കേസിന്റെ വിചാരണ എന്തുകൊണ്ട് ജൂണ്‍ നാലിലേക്ക് മാറ്റി. ഇവിടെയുള്ള ഒരു കോണ്‍ഗ്രസ് നേതാവ് വൃദ്ധനെ നടുറോഡില്‍ ചവിട്ടിക്കൊന്ന കേസിന്റെ വിചാരണ ഇപ്പോള്‍ നടന്നാല്‍ ഒഞ്ചിയം കേസിന്റെപേരില്‍ നടക്കുന്ന മുതലെടുപ്പ് ജനങ്ങള്‍ക്ക് വ്യക്തമാകും. അതുകൊണ്ട് വിചാരണ തടസ്സപ്പെടുത്തുന്നതിന് തൊണ്ടിമുതല്‍ കോടതിയില്‍ എത്തിക്കുന്നത് വൈകിപ്പിക്കാന്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവിനെതിരെ ഒരു പരാതി നല്‍കിയതിനാണ് വൃദ്ധനെ ചവിട്ടിക്കൊന്നത്. ഇയാളുടെ മകനെയും സുഹൃത്തിനെയും വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തി. കൊലപാതകം നേരില്‍ കണ്ട ഫാദര്‍ ജെറാള്‍ഡ് മത്യാസിനെ ബിഷപ് ഹൗസ് ആക്രമിച്ച് വകവരുത്താന്‍ ശ്രമിച്ചു. ഈ അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയ കോണ്‍ഗ്രസ് നേതാവിനെയും ഗുണ്ടാസംഘത്തെയും സംരക്ഷിച്ചത് അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ്. ഇതിനെതിരെ ഉയര്‍ന്ന പ്രക്ഷോഭം നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ മറക്കുമോ? നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് യുഡിഎഫിന്റെ അവസ്ഥ എല്ലാവര്‍ക്കും അറിയാം. എല്ലാ അര്‍ഥത്തിലും മുഖം നഷ്ടപ്പെട്ട് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ അന്തരീക്ഷമായിരുന്നു. ലീഗിന്റെ അഞ്ചാംമന്ത്രിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് ഘടക കക്ഷികളും ചേരിതിരിഞ്ഞ് ആക്ഷേപിക്കുന്ന അവസ്ഥ. ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കുകയും ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജനവഞ്ചനയ്ക്കെതിരെ മണ്ഡലത്തിലെ വോട്ടര്‍മാരും ജനങ്ങളാകെയും രൂക്ഷമായി പ്രതികരിച്ച ഘട്ടത്തിലാണ് ഒരു പിടിവള്ളിയായി ഒഞ്ചിയം കിട്ടിയത്. അത് വിലപ്പോകില്ലെന്ന് ഇതിനകം വ്യക്തമായി- പിണറായി പറഞ്ഞു.

No comments:

Post a Comment