കോഴിക്കോട്: പാര്‍ട്ടിക്കെതിരെയുള്ള കടന്നാക്രമണങ്ങള്‍ ചെറുക്കുന്നതിലും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലുമാണ് പാര്‍ട്ടി അംഗങ്ങള്‍ ശ്രദ്ധവെക്കേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി സംഘടനയ്ക്കുള്ളിലും പാര്‍ട്ടി ബന്ധമുള്ള സഖാക്കള്‍ക്കിടയിലും പ്രത്യേകവികാരത്തിന് വഴിവെക്കുമെന്നതുകൊണ്ടാണ് പ്രതികരിക്കുന്നത്. പാര്‍ട്ടിസംഘടന ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കും. അതുവരെ കേരളത്തിലെ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഒരു സഖാവും ഈ വിഷയത്തില്‍ പ്രതികരിക്കരുതെന്നാണ് അഭ്യര്‍ഥന. ഇപ്പോള്‍ രണ്ടു കാര്യങ്ങളാണ് പാര്‍ട്ടിക്കും എല്‍ഡിഎഫിനും മുന്നിലുള്ളത്. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങാന്‍ പോകുകയാണ്. ആ പരാജയം ഉറപ്പിക്കുന്നതിലാണ് പാര്‍ട്ടിയും എല്‍ഡിഎഫും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പാര്‍ട്ടിക്കെതിരെ കടന്നാക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ സൂചനകള്‍ വന്നുതുടങ്ങി. അതിനെ ചെറുക്കാന്‍ പാര്‍ട്ടിയും പ്രവര്‍ത്തകരും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ ഗൗരവതരമായ അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ ശ്രമിക്കുന്നത്. കൊലനടന്ന ഏതാനും സമയത്തിനുള്ളില്‍ത്തന്നെ സിപിഐ എമ്മാണ് പ്രതിസ്ഥാനത്തെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി പറഞ്ഞു. അതിന്റെ ചുവടുപിടിച്ച് കേരളത്തിലെ ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും ഒട്ടേറെ പ്രസ്താവനകള്‍ സിപിഐ എമ്മിനെതിരായി നടത്തി.1982ല്‍ പടിഞ്ഞാറന്‍ ബംഗാളില്‍ ഫോര്‍വേഡ് ബ്ലോക്കിന്റെ നേതാവ് കൊല്ലപ്പെട്ടപ്പോള്‍ അത് സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം നടന്നത്. തുടര്‍ന്ന് നടന്ന കലാപത്തില്‍ 1500 സിപിഐ എം പ്രവര്‍ത്തകരാണ് കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ടത്. സ്വകാര്യലാഭം വെച്ചാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതെന്ന് ഡിജിപി പറയുന്നു. അന്വേഷണത്തെ അടിസ്ഥാനമാക്കിയാണ് ഡിജിപി പറഞ്ഞത്. പൊലീസ് മേധാവിയെ തിരുത്തുകയാണ് ആഭ്യന്തരമന്ത്രി. ഈ രീതിയിലാണ് അന്വേഷണം നടത്തേണ്ടതെന്നാണ് മന്ത്രി പറയുന്നത്. സിപിഐ എമ്മിനെതിരെ കരുതിക്കൂട്ടിയുള്ള വേട്ടക്കാണ് മുതിരുന്നത്. യുഡിഎഫ് അന്വേഷണത്തില്‍ നേരിട്ട് ഇടപെട്ടു. പൊലീസ് മേധാവികളുടെ യോഗത്തില്‍ കെപിസിസി പ്രസിഡന്റ് പങ്കെടുത്തു. ഇത്തരമൊരു നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.
No comments:
Post a Comment