Wednesday, January 17, 2024

ലെനിൻ എന്ന ജൈവ മാർക്സിസ്റ്റ് പി രാജീവ്‌  

ലെനിൻ 
ചരമശതാബ്‌ദി വ്ളാദിമിർ ഇലിയ്‌ച്ച് ലെനിൻ ജനനം–- 1870 ഏപ്രിൽ 22 മരണം–-1924 ജനുവരി 21 ലെനിനെ ആദ്യമായി നേരിൽക്കണ്ട അനുഭവം എം എൻ റോയി ആത്മകഥയിൽ വിവരിക്കുന്നുണ്ട്. റഷ്യക്കാർ പൊതുവെ സമയത്തെ ബഹുമാനിക്കാത്തവരാണെന്ന് സൂചിപ്പിക്കുന്ന റോയി, ലെനിൻ അതിൽനിന്ന് വ്യത്യസ്തനാണെന്നും കൃത്യനിഷ്ഠതയുടെ കാര്യത്തിൽ വേണമെങ്കിൽ ലെനിൻ റഷ്യക്കാരനല്ലെന്നുവരെ പറയാമെന്നും നർമത്തോടെ പറയുന്നു. റോയി ചെല്ലുമ്പോൾ മുറിയിൽ ലെനിൻ ഏകനായിരുന്നു. ലെനിനെ ആദ്യമായി കാണുന്നതിന്റെ പരിഭ്രമം തനിക്കുണ്ടായിരുന്നുവെന്നും എന്നാൽ ‘നിങ്ങൾ വളരെ ചെറുപ്പമാണല്ലോ. ഞാൻ വിചാരിച്ചത് കിഴക്കുനിന്ന് തലനരച്ച ഒരാളായിരിക്കും വരുന്നതെന്നായിരുന്നു' എന്ന ലെനിന്റെ ആദ്യ പ്രതികരണം തന്നിലെ പരിഭ്രമത്തെ അലിയിച്ചു കളഞ്ഞുവെന്നും റോയി എഴുതുന്നു (Page 343, M N Roy Memoirs). എന്നാൽ, എം എൻ റോയിയേക്കാൾ മുമ്പ് റാണാ മഹേന്ദ്ര പ്രതാപും മൗലാന ബർക്കുത്തള്ളയും ലെനിനെ സന്ദർശിച്ചിട്ടുണ്ട്. 1915ൽ അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ രൂപീകരിച്ച പ്രൊവിഷണൽ ഗവൺമെന്റ്‌ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും പ്രധാന മന്ത്രിയുമായിരുന്നു അവർ. റഷ്യയിൽ വിപ്ലവം വിജയിച്ചതിനെ തുടർന്ന് കാബൂളിൽനിന്ന്‌ ഇന്ത്യൻ വിപ്ലവകാരികൾ അയച്ച ആശംസയ്‌ക്ക് ലെനിൻ മറുപടി നൽകുന്നുണ്ട്. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന പുരോഗമന വാദികളെ ലെനിൻ അഭിവാദ്യം ചെയ്യുന്നുണ്ട്. ഇതിന്റെ തുടർച്ചയിലാണ് ഇരുവരും മോസ്കോയിലെത്തി ലെനിനെ കണ്ടത്. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസിനു മുന്നോടിയായാണ് അന്ന് മെക്സിക്കൻ കമ്യൂണിസ്റ്റ് പാർടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന എം എൻ റോയി ലെനിനെ കണ്ടത്. ഇന്റർനാഷണലിൽ കൊളോണിയൽ തിസീസ് അവതരിപ്പിക്കുന്നത് ലെനിനായിരുന്നു. ഇന്ത്യയുൾപ്പെടെയുള്ള കൊളോണിയൽ രാജ്യങ്ങളിൽ ബൂർഷ്വാ ദേശീയ വിമോചന പ്രസ്ഥാനങ്ങളെ കമ്യൂണിസ്റ്റ് ഇന്റർനാഷണൽ പിന്തുണയ്‌ക്കണമെന്നതായിരുന്നു ലെനിൻ അവതരിപ്പിച്ച തിസീസിന്റെ പ്രധാന ഉള്ളടക്കം. അതിനോടുള്ള വിമർശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ലെനിൻ പറഞ്ഞപ്പോൾ യുവാവായ എം എൻ റോയി തന്റെ ചില വിയോജിപ്പുകൾ ഉന്നയിച്ചു. അനുബന്ധ തീസീസുമായി വരാൻ ലെനിൻ റോയിയോട് ആവശ്യപ്പെടുകയാണ് ചെയ്തത്. അടുത്ത സെഷനിൽ ലെനിൻ തന്റെ നിലപാട് വിശദീകരിച്ചതിനുശേഷം റോയി അദ്ദേഹത്തിന്റെ സപ്ലിമെന്ററി തീസീസ് അവതരിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യയിൽ മുതലാളിത്തം ശക്തിപ്പെടുകയാണെന്നും അതുകൊണ്ട് വർഗബോധത്താൽ അധിഷ്ഠിതമായ തൊഴിലാളി- കർഷക മുന്നേറ്റമാണ് സാമൂഹ്യവിമോചന പ്രസ്ഥാനമായി മാറുന്നതെന്നും അതിന് ദേശീയ വിമോചന പ്രസ്ഥാനവുമായി ബന്ധമുണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അതിനോട് ലെനിൻ വിയോജിച്ചു. എന്നാൽ, സപ്ലിമെന്ററി തീസീസ് അപ്പാടെ തള്ളിക്കളയുകയും ചെയ്തില്ല. എന്നു മാത്രമല്ല, താൻ അവതരിപ്പിച്ച കരടിൽ മൗലികമായ ഒരു മാറ്റവും അദ്ദേഹം വരുത്തി. ബൂർഷ്വാ ജനാധിപത്യ വിമോചന മുന്നേറ്റങ്ങൾ എന്ന വാക്കിന് പകരം ദേശീയ വിപ്ലവമുന്നേറ്റങ്ങൾ എന്ന പദം ഉപയോഗിച്ചു. അതുവഴി ദേശീയ വിമോചന പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം പ്രശ്നാധിഷ്ഠിത സമീപനം സ്വീകരിക്കാനും കഴിയുമെന്ന് ലെനിൻ വ്യക്തമാക്കി. രണ്ടു കാര്യം ഇതിൽനിന്നു വായിച്ചെടുക്കാം. വിമർശനാത്മക ജനാധിപത്യരീതി നയപരമായ തീരുമാനങ്ങളിൽ ഉറപ്പു വരുത്തി. രണ്ടാമതായി വിവിധ കൊളോണിയൽ രാജ്യങ്ങളിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്ക് ദിശാബോധം പകരുകയും ചെയ്തു. വിമർശനാത്മക നിലപാട് സ്വീകരിച്ച എം എൻ റോയിയെ പിന്നീട് ഇന്റർനാഷണലിന്റെ പ്രസീഡിയത്തിലും എക്സിക്യൂട്ടിവ് കമ്മിറ്റിയിലും രാഷ്ട്രീയ സെക്രട്ടറിയറ്റിലും ഉൾപ്പെടുത്തി. ലെനിൻ കഴിഞ്ഞാൽ ഈ ഉന്നത സമിതികളിലെല്ലാം അംഗമായ മറ്റൊരാൾ റോയി മാത്രമായിരുന്നു. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽനിന്ന്‌ അകന്നുവെങ്കിലും അതുവരെയുള്ള കാലയളവിലെ എം എൻ റോയിയുടെ പ്രവർത്തനം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെകൂടി ഭാഗമാണ്. അതോടൊപ്പം ആ കാലയളവിലെ ത്യാഗത്തിനും സംഭാവനകൾക്കും പ്രസ്ഥാനം അദ്ദേഹത്തോട് കടപ്പെടുകയും ചെയ്യുന്നു. അതതു കാലത്തിന്റെ സാഹചര്യങ്ങൾ മൂർത്തമായി മാർക്സിസത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം ചെയ്ത്, ചലനാത്മകവും ശാസ്ത്രീയവുമായ പ്രയോഗത്തിലൂടെ ദർശനത്തെയും അർഥശാസ്‌ത്രത്തെയും രാഷ്ട്രീയത്തെയും സംഘടനയെയും കാലികമാക്കിയെന്നതാണ് ലെനിന്റെ പ്രധാന സംഭാവന. അതിന്റെ ഫലമായി ലോകത്ത് ആദ്യമായി വിജയകരമായ തൊഴിലാളിവർഗ വിപ്ലവത്തിന് നേതൃത്വം നൽകി ചരിത്രത്തിന്റെ ഭാഗമായി റഷ്യയിലും വിപ്ലവം നടന്നേക്കാമെന്ന് മാനിഫെസ്റ്റോയുടെ ആമുഖത്തിൽ മാർക്സ് ഒരിക്കൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും കൃതികളുടെ കോപ്പികൾ കൂടുതൽ വിറ്റഴിക്കപ്പെടുന്നതിനപ്പുറത്ത് ശാസ്ത്രീയമായ വിശദീകരണം ഉണ്ടായിരുന്നില്ല. ആ സാമൂഹ്യമാറ്റത്തിന് പ്രത്യയശാസ്ത്ര അടിത്തറ ലെനിനാണ് നൽകിയത്. ‘സാമ്രാജ്യത്വം; മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടം’ എന്ന ലെനിന്റെ ക്ലാസിക് കൃതി കേവലമൊരു ധൈഷണിക വ്യായാമമായിരുന്നില്ല. മാർക്സിസത്തിന്റെ പ്രയോഗ പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള രാഷ്ട്രീയമായ അന്വേഷണമാണ്. മുതലാളിത്തം വികസിച്ച രാജ്യങ്ങളിൽ ഉൽപ്പാദനശക്തികളും ഉൽപ്പാദന ബന്ധങ്ങളും തമ്മിലുള്ള വൈരുധ്യം മൂർച്ഛിക്കുകയും ഉൽപ്പാദന ബന്ധം ഉൾപ്പാദനശക്തികൾക്ക് കാൽ ചങ്ങലയായി മാറുകയും ചെയ്യുന്ന സന്ദർഭമാണ് വിപ്ലവ ഘട്ടമായി മാർക്സ് അവതരിപ്പിച്ചത്. മുതലാളിത്ത വികസനത്തിന്റെ ആദ്യ ഘട്ടത്തിലുള്ള റഷ്യയിൽ ഉൽപ്പാദനശക്തികളുടെ നിലവാരം പുറകിലായിരിക്കും. അതുകൊണ്ടുതന്നെ, മാർക്സിന്റെ കാഴ്ചപ്പാട് അനുസരിച്ച് റഷ്യ, വിപ്ലവത്തിന് പാകമായിരുന്നില്ല. എന്നാൽ, മാർക്സിസം അടിസ്ഥാനമാക്കി ലോക മുതലാളിത്തത്തെ വിശകലനത്തിന് വിധേയമാക്കി റഷ്യയിൽ വിപ്ലവ ഘട്ടം എങ്ങനെ രൂപംകൊണ്ടെന്ന് ശാസ്ത്രീയമായി സ്ഥാപിക്കുകയാണ് ഈ കൃതിയിലൂടെ ലെനിൻ ചെയ്തത്. മുതലാളിത്തം കുത്തക മുതലാളിത്തമായി മാറിയത് സാമ്രാജ്യത്വത്തിന്റെ ലക്ഷണമായി കണ്ടു. കുത്തക എങ്ങനെയാണ് ലോകത്തെ പങ്കിട്ടെടുക്കുന്നതെന്ന് വിശദീകരിച്ചു. അസ്ട്രിയൻ കമ്യൂണിസ്റ്റായ റുഡോൾഫ് ഹിൽഫെർഡിങ്ങാണ് ആദ്യമായി സംഘടിത മുതലാളിത്ത (Organized capitalism) സിദ്ധാന്തം അവതരിപ്പിച്ചത്. ബാങ്ക് നിയന്ത്രിക്കുകയും വ്യവസായം ഉപയോഗിക്കുകയും ചെയ്യുന്ന ധന മുതലാളിത്തമെന്ന ഹിൽഫെർഡിങ്ങിന്റെ നിർവചനത്തെ ക്രിയാത്മമായി ലെനിൻ പുതുക്കി. കുത്തകയാൽ നയിക്കുന്ന, ധനമൂലധനത്തിന് ആധിപത്യമുള്ള മുതലാളിത്തം സാമ്രാജ്യത്വ ഘട്ടത്തിലാണെന്ന് ഈ കൃതിയിൽ മാർക്സിസത്തെ അടിസ്ഥാനപ്പെടുത്തി ലെനിൻ പ്രഖ്യാപിച്ചു. ആ ചങ്ങലയിലെ ദുർബലമായ കണ്ണി പൊട്ടിക്കുക എന്ന കാഴ്ചപ്പാടിലൂടെ റഷ്യയിൽ ബോൾഷെവിക് പാർടിയുടെ വിപ്ലവതന്ത്രം ആവിഷ്കരിക്കുകയും ചെയ്തു. മാർക്സിസം ഒരേസമയം പ്രയോഗത്തിന്റെ രീതിശാസ്ത്രവും പ്രയോഗത്തിൽ നിരന്തരം പുതുക്കുന്ന ദർശനവുമാണെന്ന് ഇതുവഴി സാധൂകരിക്കപ്പെട്ടു. വിപ്ലവത്തിന്റെ അടവുകളിലും പുതിയ രീതികൾ അദ്ദേഹം അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാർ പങ്കെടുക്കരുതെന്ന വാദത്തെ ലെനിൻ തള്ളിക്കളഞ്ഞു. ജനങ്ങളിലേക്ക് രാഷ്ട്രീയം ഏറ്റവും കൂടുതൽ എത്തിക്കാൻ കഴിയുന്ന സന്ദർഭമാണ് തെരഞ്ഞെടുപ്പ് എന്നും അതുകൊണ്ട് റഷ്യൻ പാർലമെന്റായ ദൂമയിൽ പങ്കെടുക്കണമെന്ന അടവുനയം ആവിഷ്കരിക്കുകയും ഇടതുപക്ഷ കമ്യൂണിസത്തിന്റെ ബാലാരിഷ്ടതകളെ നിശിതമായി വിമർശിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് ആളുകൾ പാർലമെന്ററിസത്തിന് അനുകൂലമായി നിൽക്കുന്ന രാജ്യത്ത് പാർലമെന്റ്‌ കാലഹരണപ്പെട്ടെന്ന് എങ്ങനെയാണ് പറയുകയെന്ന ചോദ്യം അദ്ദേഹം ഉയർത്തി. എന്നാൽ, വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയ ഒരു തീസീസ്, ലെനിന്റെകൂടി നേതൃത്വത്തിൽ ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസ് അംഗീകരിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർടികളും പാർലമെന്ററിസവും എന്ന തീസീസ് പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ് പാർടിക്ക് ഭൂരിപക്ഷം സീറ്റുകൾ ലഭിക്കുകയാണെങ്കിൽ സർക്കാർ രൂപീകരിക്കണമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. തീസിസിന്റെ 13–-ാം ഖണ്ഡിക ക്ഷേമപ്രവർത്തനങ്ങൾ പരമാവധി ചെയ്യുന്നതോടൊപ്പം കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന പരിമിതികൾ തുറന്നുകാണിക്കുകയും ജനങ്ങളെ അണിനിരത്തുകയും ചെയ്യണം. 1957ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി സർക്കാർ രൂപീകരിച്ച തീരുമാനവുമായി ബന്ധപ്പെട്ട് ഈ രേഖ ചർച്ച ചെയ്തതായി കാണുന്നില്ല. എന്നാൽ, പ്രയോഗത്തിൽ ഇതേ സമീപനംതന്നെ പിന്തുടരുന്നതായി കാണാം. മാർക്സിസ്റ്റ് വിശകലനത്തിൽ ഭരണകൂടത്തെ വിശകലനം ചെയ്ത് വിപ്ലവതന്ത്രത്തിന്റെ മൗലിക കാഴ്ചപ്പാടുകൾ അവതരിപ്പിച്ചതും വിപ്ലവ പ്രയോഗത്തിന്റെ അനിവാര്യതയിൽനിന്നാണ്. ഭരണവർഗത്തിന്റെ അടിച്ചമർത്തൽ ഉപകരണമാണ് ഭരണകൂടമെന്ന മാനിഫെസ്റ്റോയിലെ വാചകത്തിൽനിന്ന് താൻ പ്രവർത്തിക്കുന്ന കാലത്തിന്റെയും രാജ്യത്തിന്റെയും സവിശേഷതകൾകൂടി വിലയിരുത്തിയ ശാസ്ത്രീയ വിശകലനമാണ് ‘ഭരണകൂടവും വിപ്ലവവും’ എന്ന കൃതിയിൽ അദ്ദേഹം നടത്തുന്നത്. വിപ്ലവാനന്തര റഷ്യയിലെ ഭരണകൂട രൂപം എല്ലാ കാലത്തും ഒരേ രൂപമായിരിക്കില്ലെന്നും ഓരോ ഘട്ടത്തിലെയും തൊഴിലാളിവർഗ താൽപ്പര്യമനുസരിച്ച് രൂപങ്ങളിൽ മാറ്റം വരുമെന്നും ലെനിൻ പിന്നീട് കണ്ടിരുന്നു. തൊഴിലാളിവർഗം അധികാരത്തിൽ വന്നാൽ ഭൂരിപക്ഷത്തിന്റെ ജനാധിപത്യമായി വികസിക്കണമെന്ന് പറഞ്ഞ ലെനിൻ എല്ലാ അധികാരവും സോവിയറ്റുകൾക്ക് നൽകുന്ന നിലപാട് സ്വീകരിച്ചു. ജനാധിപത്യ രാജ്യങ്ങളായി അറിയപ്പെടുന്ന അമേരിക്കയിലുൾപ്പെടെ സ്ത്രീകൾക്ക് വോട്ടവകാശം ഉണ്ടാകാതിരുന്ന കാലത്ത് സോവിയറ്റ് യൂണിയനിൽ സ്ത്രീകൾ വോട്ടു ചെയ്യുകയും പാർലമെന്റിൽ ഉൾപ്പെടെ പ്രതിനിധികളാകുകയും ചെയ്തു. അധികാര വികേന്ദ്രീകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ഈ വിശാല മാതൃക ലെനിന്റെ കാലശേഷം തുടരാൻ കഴിയാതെ പോയത് സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. മാർക്സിസ്റ്റ് പ്രയോഗത്തിന്റെ മറ്റൊരു ഭാഗം പുതിയ സാമ്പത്തിക നയത്തിന്റെ രൂപീകരണത്തിലും കാണാം. മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ ഉരുവിട്ടാൽമാത്രം മതിയെന്നും അതോടുകൂടി സാമൂഹ്യമാറ്റം തനിയെ സംഭവിക്കുമെന്ന് കരുതുന്ന കമ്യൂണിസ്റ്റ് പാർടി അംഗം അഹങ്കാരിയായ ബാധ്യത മാത്രമാണെന്ന് ലെനിൻ പ്രഖ്യാപിച്ചു. ഭരണകൂട നിയന്ത്രണമുള്ള മുതലാളിത്തവും സ്വതന്ത്രകമ്പോളവും ആ ഘട്ടത്തിൽ റഷ്യയിൽ ആവശ്യമാണെന്ന് കണ്ടു. സ്വകാര്യ മൂലധനം മാത്രമല്ല, വിദേശമൂലധനവും ഉപയോഗിച്ച് തൊഴിലവസരം സൃഷ്ടിക്കണം. പൊതുസംഭരണത്തിനൊപ്പം അധിക വിള വിൽക്കുന്നതിന് കർഷകന് അവകാശം നൽകുകയും ചെയ്തു. നിർബന്ധിത സംഭരണത്തിന് പകരം കാർഷിക ഉൽപ്പാദനത്തിന് അനുസരിച്ച് നികുതി പിരിക്കുന്ന രീതി സ്വീകരിച്ചതോടെ ഉൽപ്പാദനം വർധിച്ചു. തൊഴിലാളി നിയമങ്ങൾ ഉൽപ്പാദനക്ഷമതയ്‌ക്ക് മുൻതൂക്കം നൽകി. ഇത് തൊഴിലാളികളുടെ ഉത്തരവാദിത്വം വർധിപ്പിച്ചു. സോഷ്യലിസ്റ്റ് നിർമാണത്തിന് വ്യത്യസ്ത ഘട്ടങ്ങളുണ്ടാകാമെന്നും വിദേശ മൂലധനംവരെ ഉപയോഗിക്കേണ്ടത് സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നും ലെനിൻ വ്യക്തമാക്കി. ഉൽപ്പാദന നിലവാരം പുറകിൽ നിൽക്കുന്ന, അവികസിത മുതലാളിത്ത രാജ്യമായ റഷ്യയിൽ സ്വതന്ത്രമായ മത്സരത്തിലൂടെ വളർച്ചയുടെ സാഹചര്യം രൂപപ്പെടുത്തണമെന്ന ശാസ്ത്രീയ കാഴ്ചപ്പാട് ഈ നയത്തിലൂടെ സ്ഥാപിച്ചു. സോവിയറ്റ് യൂണിയനെ ലോകത്തെ പ്രധാന ശക്തിയാക്കി മാറ്റുന്നതിൽ പുതിയ സാമ്പത്തിക നയം പ്രധാന സംഭാവന നൽകി. മാർക്സിസ്റ്റ് രീതിശാസ്ത്രമനുസരിച്ച് സംഘടനയെയും അദ്ദേഹം പുതുതായി നിർവചിച്ചു. സിദ്ധാന്തവും പ്രയോഗവും തമ്മിൽ ബന്ധപ്പെടുത്തുന്ന സംവിധാനത്തിന്റെ രൂപമാണ് സംഘടനയെന്ന് ലൂക്കാച്ചാണ് നിർവചിച്ചത്. അമിതാധികാര സാറ്റിസ്റ്റ് ഭരണകാലത്ത് ലെനിൻ ആവിഷ്കരിച്ച പ്രത്യേക സംഘടനാ രൂപമാണ് ജനാധിപത്യ കേന്ദ്രീകരണം. കേന്ദ്രീകരണവും ജനാധിപത്യവും തമ്മിലുള്ള അനുപാതം സ്ഥായിയല്ലെന്നും വ്യക്തം. യുദ്ധകാലത്ത് കൂടുതൽ കേന്ദ്രീകരണവും സമാധാനകാലത്ത് കൂടുതൽ ജനാധിപത്യപരവുമായ ഘടനയാണ് യഥാർഥത്തിൽ ജനാധിപത്യ കേന്ദ്രീകരണം. എന്നാൽ, കേന്ദ്രീകൃത ജനാധിപത്യം (Centralised democracy)എന്നല്ല ലെനിൻ ഉപയോഗിച്ചത്. യഥാർഥത്തിൽ democratic centralism, ജനാധിപത്യ കേന്ദ്രീകരണം എന്ന പദംതന്നെ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു. ലെനിൻ വിഭാവനംചെയ്ത ജനാധിപത്യ കേന്ദ്രീകരണം ശരിയായി പ്രയോഗത്തിൽ വരണമെങ്കിൽ പാർടി അംഗത്തിന് അച്ചടക്കം മാത്രംപോര, നല്ല രാഷ്ട്രീയ അവബോധമുണ്ടായിരിക്കണം. അല്ലെങ്കിൽ മുകളിൽനിന്നുള്ള തീരുമാനങ്ങളുടെ യാന്ത്രിക നടത്തിപ്പുകാരായി മാറും. റോസ ലക്സംബർഗും മറ്റുമായി നടത്തിയ സംവാദങ്ങളിൽ ഈ പരികൽപ്പനയ്‌ക്ക് കൂടുതൽ വ്യക്തത വരുത്തുകയും ചെയ്യുന്നുണ്ട്. താൻ അവതരിപ്പിക്കുന്ന നിലപാടുകൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി ലെനിൻ തുടർച്ചയായി എഴുതിക്കൊണ്ടിരുന്നു. ദാർശനിക വെല്ലുവിളികളെ മാർക്സിസം നേരിട്ടപ്പോഴും ലെനിൻ ശക്തമായ പ്രതിരോധം തീർത്തു. പദാർഥമാണ് പ്രാഥമികം എന്ന കാഴ്ചപ്പാട് ശാസ്ത്രംതന്നെ ചർച്ച ചെയ്ത ഘട്ടത്തിൽ ഭൗതികവാദവും എംപീരിയോ ക്രിട്ടിസിസവും എന്ന കൃതിയിലൂടെ മാർക്സിസത്തിന്റെ ശാസ്ത്രീയത അദ്ദേഹം ആധികാരികമാക്കി. മാർക്സിസത്തെ യാന്ത്രിക വ്യാഖ്യാനങ്ങളിലൂടെ നിശ്ചലമാക്കുകയല്ല ലെനിൻ ചെയ്തത്. പകരം ജൈവ വിശകലനത്തിലൂടെ പുതിയ പ്രയോഗരീതികൾ ആവിഷ്കരിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്ത മാർക്സിസ്റ്റ് ആയിരുന്നു ലെനിൻ. പുതിയ രൂപത്തിലുള്ള സാമ്രാജ്യത്വമായ ആഗോളവൽക്കരണ കാലത്താണ് ലെനിന്റെ നൂറാം ചരമവാർഷികദിനം ആചരിക്കുന്നത്. മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ പുതിയ കാലത്തെ ശരിയായി വിശകലനം ചെയ്യാനും സാമൂഹ്യമാറ്റത്തിന്റെ പോരാട്ട രൂപങ്ങൾ ആവിഷ്കരിക്കാനും അതുവഴി മാനവ വിമോചനത്തിന്റെ ശരിയായ ദിശ ആവിഷ്കരിക്കുന്നതിനും ലെനിന്റെ സംഭാവനകളെ സമഗ്രമായി മനസ്സിലാക്കുന്നത് സഹായകരമാണ്. ലെനിൻ എന്ന ജൈവ മാർക്സിസ്റ്റ് പി രാജീവ്‌  Wed, 17 Jan 2024 01:47AM IST ലെനിൻ എന്ന ജൈവ മാർക്സിസ്റ്റ് Share: റഷ്യയിലെ സിംബിർസ്കിൽ 1870 ഏപ്രിൽ 22നാണ് വ്ലാഡിമിർ ഇലിച്ച്‌ ലെനിന്റെ ജനനം. യാഥാസ്ഥിതിക കുടുംബമായിട്ടും ബാല്യംതൊട്ട്‌ മാർക്സിസ്‌റ്റ്‌ ചിന്തകളോട്‌ അടുപ്പിച്ചത് ജ്യേഷ്ഠൻ അലക്സാണ്ടർ ഉല്യനോവ്‌. സാർ അലക്സാണ്ടർ മൂന്നാമനെതിരായ ഭീകരവാദം ആരോപിച്ച്‌ അദ്ദേഹത്തെ തൂക്കിക്കൊന്നതും സഹോദരിമാരെ നാടുകടത്തിയതും ലെനിന്റെ ജീവിതം തീക്ഷ്‌ണമാക്കി. പ്രശസ്ത റഷ്യൻ ചിത്രകാരനും കലാസൈദ്ധാന്തികനുമായ കാസിമിർ മാലെവിച്ച്, ലെനിനെ യേശുവിനോടാണ്‌ താരതമ്യംചെയ്‌തത്‌. 150‐ാം ജന്മദിനത്തിൽ ഫിദൽ കാസ്ട്രോ പറഞ്ഞത്‌, ലോകവിപ്ലവ സ്വപ്നങ്ങൾക്ക് നിറംപകർന്ന ലെനിൻ ഇനിയും ജീവിച്ചിരുന്നെങ്കിൽ ചരിത്രം കൂടുതൽ പുരോഗമനപരവും ഉള്ളുറപ്പുള്ളതും ആകുമെന്നാണ്‌. ലെനിൻ ഭാവിയുടെ സൂര്യനെന്നും അദ്ദേഹത്തിന്റെ ശവകുടീരം മനുഷ്യസ്വാതന്ത്ര്യത്തിന്റെ കളിത്തൊട്ടിലെന്നുമാണ്‌ മോസ്കോ ആർട്സ് തിയേറ്റർ വിശേഷിപ്പിച്ചത്‌. ആഫ്രിക്കൻ കോളനിവിരുദ്ധ പോരാളി അമിൽകർ കബ്രാളിന്റെ സ്ഥാനപ്പെടുത്തൽ എല്ലാ തലങ്ങളിലും ദുരിതം നിറഞ്ഞ തങ്ങളെപ്പോലൊരു ജനതതിയ്ക്ക്, പോരാട്ടങ്ങൾ ക്രമീകരിക്കാനും വിജയം കൊയ്യാനും കഴിഞ്ഞത്‌ ലെനിൻ ജീവിച്ചിരുന്നുവെന്നതിനാലാണെന്നായിരുന്നു. മനുഷ്യനും വിപ്ലവകാരിയും ദേശാഭിമാനിയെന്ന നിലയിൽ കടമ നിർവഹിച്ച ലെനിൻ ദേശീയ വിമോചനങ്ങളുടെ എക്കാലത്തെയും വലിയ പോരാളിയാണെന്നാണ്‌ 38‐ാം വയസ്സിൽ പട്ടാള കലാപത്തിനിടെ വധിക്കപ്പെട്ട്‌ ആഫ്രിക്കൻ ചെ ഗുവേര എന്നറിയപ്പെട്ട ബർക്കിനാ ഫാസോയുടെ മുൻ പ്രസിഡന്റ്‌ തോമസ് സങ്കാര വിശേഷിപ്പിച്ചത്‌. ലോകത്തെ ഇളക്കിയ വിപ്ലവ മുന്നേറ്റങ്ങളുടെയും മൂന്നാംലോക വിമോചനപ്പോരാട്ടങ്ങളുടെയും സമരോത്സുക പാരമ്പര്യങ്ങളുടെ നേരവകാശികളാവാൻ കൊതിക്കുന്നുവെന്നും പ്രഖ്യാപിച്ചു. അമേരിക്കൻ വിപ്ലവ പാഠങ്ങളും ഫ്രഞ്ച് വിപ്ലവം ഉയർത്തിയ മനുഷ്യാവകാശങ്ങളും ഒക്ടോബർ വിപ്ലവ വിജയഗാഥകളും പാരീസ് കമ്യൂണിന്റെ നീതിസ്വപ്നങ്ങളും തങ്ങൾ യഥാർഥ്യമാക്കി. ആ പാരമ്പര്യങ്ങളുടെയെല്ലാം നേരവകാശികളാവാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ലെനിന്റെ അവസാനകാല ഫോട്ടോകളിലൊന്ന്‌ റഷ്യയിലെ സിംബിർസ്കിൽ 1870 ഏപ്രിൽ 22നാണ് വ്ലാഡിമിർ ഇലിച്ച്‌ ലെനിന്റെ ജനനം. യാഥാസ്ഥിതിക കുടുംബമായിട്ടും ബാല്യംതൊട്ട്‌ മാർക്സിസ്‌റ്റ്‌ ചിന്തകളോട്‌ അടുപ്പിച്ചത് ജ്യേഷ്ഠൻ അലക്സാണ്ടർ ഉല്യനോവ്‌. സാർ അലക്സാണ്ടർ മൂന്നാമനെതിരായ ഭീകരവാദം ആരോപിച്ച്‌ അദ്ദേഹത്തെ തൂക്കിക്കൊന്നതും സഹോദരിമാരെ നാടുകടത്തിയതും ലെനിന്റെ ജീവിതം തീക്ഷ്‌ണമാക്കി. സർവകലാശാലാ പഠനവേളയിൽ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത്‌ അറസ്‌റ്റിലായി. വൈകാതെ നിയമംപഠിച്ച്‌ വക്കീലായി എൻറോൾചെയ്‌തു. ജർമൻ, ഗ്രീക്ക്‌, ഇംഗ്ലീഷ്‌ ഭാഷകൾ സ്വായത്തമാക്കി വിപ്ലവപ്രസ്ഥാനങ്ങളിൽ അണിചേർന്നു. 1895ല്‍ അറസ്‌റ്റുചെയ്‌ത്‌ ഷൂഷെന്‍സ്കോയിലേക്ക്‌ നാടുകടത്തി. പിന്നീട്‌ സ്വിറ്റ്‌സർലൻഡിലും ജർമനിയിലും കഴിഞ്ഞു. കർഷക കലാപങ്ങൾ അടിച്ചമർത്തുന്നതിനെതിരെ വിദ്യാർഥികളുടെയും ബുദ്ധിജീവികളുടെയും ആശയപ്രചാരണങ്ങൾ‍. 1881ൽ അലക്സാണ്ടർ‍ രണ്ടാമന്റെ വധത്തെ തുടർന്ന് അധികാരത്തിൽവന്ന അലക്സാണ്ടർ മൂന്നാമൻ പ്രതിഷേധങ്ങൾ തല്ലിയൊതുക്കി. ഒട്ടേറെ രഹസ്യസംഘടനകൾ‍ രൂപംകൊണ്ടു. നരോദ്നിക്കുകൾ ആയിരുന്നു പ്രധാന സോഷ്യലിസ്റ്റ് ഗ്രൂപ്പ്. അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ‍ സ്വിറ്റ്സർലന്‍ഡിലേക്ക് പോയ പ്ലെഖനോവ് 1883ൽ‍ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാർടിക്ക്‌ രൂപംനൽകി. 1895 ൽ‌‌‌‌ ലെനിൻ പീറ്റേഴ്സ്ബർഗിൽ മാർക്സിസ്റ്റ് ഗ്രൂപ്പ്‌ സ്ഥാപിച്ചു. തുടർന്ന് സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടു. റഷ്യയിലേക്ക്‌ മടങ്ങി ബോൾഷെവിക് വിഭാഗത്തിന്റെ നേതാവായി. ഒപ്പം സീനോവീവ്, സ്റ്റാലിൻ, ക്രൂപ്‌സ്‌കയ, ലെവ് കാമനോവ് തുടങ്ങിയവരും. 1906ല്‍ നേതൃനിരയിലെത്തി. സുരക്ഷാ കാരണങ്ങളാല്‍ ഒരു വർഷത്തിനകം രാജ്യംവിട്ടു. വിപ്ലവപ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി യൂറോപ്പിലാകെ സഞ്ചരിച്ചു. 1917 ഒക്ടോബറില്‍ ‘എല്ലാ അധികാരവും തൊഴിലാളികള്‍ക്ക്’എന്ന മുദ്രാവാക്യവുമായി സായുധ വിപ്ലവം. ഒന്നാംലോകയുദ്ധത്തിലെ റഷ്യൻ തോൽവി. സാർ നിക്കോളാസിനെയും കുടുംബത്തെയും വധിച്ച്‌ അധികാരം പിടിച്ചു. സ്വകാര്യ സ്വത്ത്‌ റദ്ദാക്കി. കൃഷിഭൂമി കർഷകർക്ക്, ഫാക്ടറികളിൽ തൊഴിലാളി നിയന്ത്രണം എന്നിവ പ്രാബല്യത്തിലാക്കി. 1919 മാര്‍ച്ചില്‍ ലെനിനും മറ്റും ലോകവിപ്ലവകാരികളുമായി കൂടിക്കാഴ്‌ച നടത്തി കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ സ്ഥാപിച്ചു. വലതുപക്ഷ കടന്നാക്രമണവും നിരന്തര വധശ്രമങ്ങളും. മൂന്നുവട്ടം വെടിയേറ്റ്‌ ആരോഗ്യം ശോഷിച്ചു. 1918 ജനുവരി 14 ന് കാറിനുനേരെ അജ്ഞാതൻ വെടിയുതിർത്തു. ആഗസ്‌ത്‌ 30ന് ഒരു യുവതി വെടിവെച്ചു. രണ്ട്‌ ഉണ്ടകളേറ്റിട്ടും രക്ഷപ്പെട്ടു. ശസ്‌ത്രക്രിയ പരാജയമായത് ശയ്യാവലംബിയാക്കി. പിന്നീട് പക്ഷാഘാതം. അവശനായ അദ്ദേഹം നേതാക്കളുമായി കത്തുകളിലൂടെ സംവദിച്ചു. മൂന്നാമത്തെ പക്ഷാഘാതം സംസാരശേഷി നഷ്ടമാക്കി. 1924 ജനുവരി 21ന് ലോകം വിട്ടുപിരിഞ്ഞു. ലെനിന്റെ മനസ്സുതന്നെ മികച്ച ഉപകരണമാണെന്നാണ്‌ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞത്‌. ഭഗത്‌സിങ്‌ ഒടുവിൽ വായിച്ച പുസ്‌തകം ലെനിന്റെ ജീവചരിത്രം വായിക്കുന്ന ഭഗത്‌സിങ്‌: ശോഭാ സിങ്ങിന്റെ ഛായാചിത്രം‌ 1905ലെ പരാജയപ്പെട്ട റഷ്യൻ വിപ്ലവം പുതിയ കാഴ്ചപ്പാടിലൂടെ സാർവദേശീയ തൊഴിലാളിവർത്തെ പ്രചോദിപ്പിക്കുകയുണ്ടായി. ബിപിൻ ചന്ദ്രപാലിനെ ബ്രിട്ടീഷുകാർ അറസ്‌റ്റ്‌ ചെയ്‌തപ്പോൾ, 1907 സെപ്തംബർ 14ന് കൊൽക്കത്തയിൽനിന്നുള്ള ‘നബശക്തി’എഴുതി: 'റഷ്യ ലോകത്തെ ബോധ്യപ്പെടുത്തിയ ഫലപ്രദമായ പ്രതിഷേധ രീതികളിൽനിന്ന്‌ ഇന്ത്യൻ തൊഴിലാളികൾ പഠിക്കില്ലേ? ആ പ്രതീക്ഷ ബോംബെയിൽ സഫലമായി. 1908 ജൂൺ 24ന് തിലകന്റെ അറസ്റ്റ് ബോംബെ, നാഗ്പൂർ, ഷോലാപൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ കൊടുങ്കാറ്റുയർത്തി. പൊലീസും സൈന്യവുമായി ഏറ്റുമുട്ടൽ. ജൂലൈ 18ന് ഒട്ടേറെ പേർ കൊല്ലപ്പെട്ടു; നൂറുകണക്കിന് തൊഴിലാളികൾക്ക് പരിക്കേറ്റു. അടുത്ത ദിവസം 65,000 തൊഴിലാളികൾ പണിമുടക്കി. ജൂലൈ 21 ന്‌ തുറമുഖ മേഖലയും ചേർന്നു. 22ന് തിലകന്‌ ആറുവർഷം ശിക്ഷ. ആറ് ദിവസം പണിമുടക്കിയ തൊഴിലാളികൾ മുംെബെയെ പിടിച്ചുലച്ചു. ആ വീരോചിത ചെറുത്തുനിൽപ്പിനെ ലോകരാഷ്ട്രീയത്തിലെ അഗ്നിജ്വാലയായാണ്‌ ലെനിൻ വിലയിരുത്തിയത്‌. ഇന്ത്യൻ തെരുവുകൾ എഴുത്തുകാർക്കും രാഷ്ട്രീയനേതൃത്വത്തിനുമായി നിലകൊള്ളാൻ തുടങ്ങിയിരിക്കുന്നു. ബോംബെയിൽ പ്രകടനങ്ങളും സമരങ്ങളും തുടർച്ചയായി സാന്നിധ്യമറിയിച്ചു. ഇന്ത്യയിലും തൊഴിലാളിവർഗം വളർച്ചപ്രാപിച്ചതായും ബഹുജനസമരങ്ങളിലേക്ക് വികസിച്ചതായും എഴുതി. അങ്ങനെയെങ്കിൽ, ബ്രിട്ടീഷ് ഭരണം വേഗം നിലംപതിക്കുമെന്നും കൂട്ടിച്ചേർത്തു. അമൃത ബസാർ പത്രിക 1905 ഒക്ടോബർ 17 ന്‌ എഴുതി: ബംഗാൾ വിഭജനം അവിസ്മരണീയ ദിനങ്ങളിലൊന്നായിരുന്നു. ദേശീയത, സാമൂഹിക പദവി, മതം, ലിംഗഭേദം എന്നിവ കണക്കിലെടുക്കാതെ കൊൽക്കത്ത ദുഃഖാചരണം നടത്തി. ബാഗ്ബസാർ മുതൽ ഹൗറ വരെയുള്ള ഗംഗാതീരം മനുഷ്യമുഖമുള്ള കടലായി. റോഡുകളിലെയും തെരുവുകളിലെയും രംഗം പുതുമയുള്ളതും അതുവരെ ഒരു ഇന്ത്യൻ നഗരവും കണ്ടിട്ടില്ലാത്തതും ആയിരുന്നു. മില്ലുകൾ അടച്ചുപൂട്ടി തൊഴിലാളികൾ ഘോഷയാത്രയായി നഗരം ചുറ്റി. കേട്ടത്‌ ബന്ദേമാതരംമാത്രം. തൂക്കിലേറ്റുന്നതിന്‌ ഏതാനും ദിവസംമുമ്പ്, ഭഗത് സിങ്ങിനോട്‌ അവസാന ആഗ്രഹം ചോദിച്ചപ്പോൾ, ജർമൻ മാർക്‌സിസ്‌റ്റ്‌ സൈദ്ധാന്തികയും സ്‌ത്രീപോരാളിയുമായ ക്ലാരാ സെറ്റ്‌കിന്റെ ‘റെമിനിസെൻസസ്‌ ഓഫ്‌ ലെനിൻ’ വായിക്കുകയാണെന്നും അത് പൂർത്തിയാക്കണമെന്നും മറുപടി നൽകിയതായി ജീവചരിത്രകാരൻ ഗോപാൽ ടാഗോർ എഴുതി. ആ സന്ദർഭത്തിന്‌ പെയിന്ററും പത്മശ്രീ ജേതാവും പഞ്ചാബ്‌ സർവകലാശാല ഡിലിറ്റ്‌ നൽകി ആദരിക്കുകയുംചെയ്‌ത സർദാർ ശോഭാ സിങ്‌ ചിത്രഭാഷ്യം നൽകുകയുമുണ്ടായി. ജയിലിലായിരിക്കെ ഭഗത്‌സിങ്‌ മുതലാളിത്തം, സോഷ്യലിസം, ഭരണകൂടം, മതം, ഫ്രഞ്ച് വിപ്ലവം, മാർക്‌സിസം, കുടുംബം, കമ്യൂണിസ്റ്റ് ഇന്റർനാഷണൽ തുടങ്ങിയവ മുൻനിർത്തി 200 പേജ് കുറിപ്പുകൾ എഴുതി. മാർക്‌സിന്റെ ഫ്രാൻസിലെ ആഭ്യന്തരയുദ്ധം, ലെനിന്റെ ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത, രണ്ടാം ഇന്റർനാഷണലിന്റെ തകർച്ച തുടങ്ങിയ പുസ്തകങ്ങൾ ആവശ്യപ്പെട്ട്‌ സുഹൃത്ത് ജോയ്‌ദേബിന് കത്തെഴുതി. 1930ലെ ലെനിൻ ദിനത്തിൽ അദ്ദേഹവും സഖാക്കളും ചുവന്ന സ്കാർഫുകൾ ധരിച്ച് കോടതിയിലെത്തി ലെനിനെ അഭിവാദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. റഷ്യൻ വിപ്ലവത്തെ അനുസ്‌മരിക്കണമെന്ന്‌ ഭഗത് സിങ്‌ 1930 നവംബർ ഏഴിന് സോവിയറ്റ് യൂണിയനിലേക്ക് കമ്പിയടിച്ചു. തൂക്കിലേറ്റുന്നതിന് മുമ്പ് സുഖ്‌ദേവിന് എഴുതി: ‘‘ഞാനും നിങ്ങളും ജീവിച്ചിരിക്കില്ല, പക്ഷേ രാജ്യത്തെ ജനങ്ങൾ ജീവിക്കും. കമ്യൂണിസ്‌റ്റ്‌ പ്രത്യയശാസ്ത്രം തീർച്ചയായും വിജയിക്കും’’. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ രചനകള്‍ വായിക്കാന്‍ തുടങ്ങിയ ഭഗത്‌സിങ്‌ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി കമ്യൂണിസ്റ്റ് ആശയങ്ങള്‍ എങ്ങനെ പ്രയോഗിക്കാമെന്ന് ചിന്തിച്ചു. ക്രൂപ്സ്കയ, ഭാര്യയ്‌ക്കപ്പുറം ക്രൂപ്സ്കയ(നാദിയ) ലെനിന്റെ ഭാര്യയല്ലേ?എന്ന ചോദ്യം അർധ സത്യം മാത്രം. അതിനുമപ്പുറമായിരുന്ന അവർ പോരാട്ടത്തിന് ജീവിതമാകെ മാറ്റിവെച്ചു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത തൊഴിലാളികൾക്ക്‌ സായാഹ്ന ക്ലാസുകൾ കൈകാര്യംചെയ്‌തു. സാക്ഷരതാ കാംപെയ്‌നുകൾ, സ്‌കൂളുകളുടെ എണ്ണം ഇരട്ടിപ്പിക്കൽ, വിദ്യാഭ്യാസ ചെലവിൽ പത്തിരട്ടി വർധന, ഭിന്നശേഷിക്കാർക്ക്‌ സ്‌കൂളുകൾ എന്നിവയുൾപ്പെടെ മാറ്റങ്ങൾക്ക് പ്രേരകയായി. മൂന്നു മുതൽ 16 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ‐ സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കി. ഫെബ്രുവരി വിപ്ലവത്തിന്റെ സാഹചര്യങ്ങൾ ചർച്ചചെയ്യവെ ലെനിൻ, കൊല്ലോണ്ടായി തുടങ്ങിയവർക്കൊപ്പം അവരും ട്രെയിനിലായിരുന്നു. ലെനിനുമായി അഭിമുഖം നടത്തുന്ന ക്ലാരാ സെറ്റ്‌കിൻ മുൻനിര ബോൾഷെവിക് സ്ത്രീകളുടെ പ്രധാന ഗ്രൂപ്പിൽ ക്രൂപ്സ്കയ ഉൾപ്പെട്ടു. പ്രധാനാധ്യാപികയായിരുന്ന അവർ നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സമിതിയിലുമുണ്ടായി. ഒട്ടേറെ ലഘുലേഖകളുടെയും ലേഖനങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചു. 'ലെനിൻ മാർക്‌സിനെ എങ്ങനെ പഠിച്ചു’ ലേഖനത്തിൽ എഴുതി: 'കമ്യൂണിസം ഹൃദയം കൊണ്ട് പഠിച്ചതല്ല, മറിച്ച് സ്വയം ചിന്തിച്ചിട്ടുള്ള ഒന്നായിരിക്കും’. ‘സ്ത്രീ തൊഴിലാളി’ ലഘുലേഖയിൽ, സ്ത്രീകളുടെ ദാരിദ്ര്യവും കഷ്ടപ്പാടും തൊഴിലാളിവർഗത്തിലെ അംഗമെന്ന നിലയിൽ അവരുടെ സ്ഥാനം, വർഗതാൽപ്പര്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നിവ സംബന്ധിച്ച് വിവരിച്ചു. 1917ലെ വിപ്ലവശേഷം, ക്രൂപ്‌സ്‌കയ പീപ്പിൾസ് കമ്മീഷണർ ഓഫ് എജ്യുക്കേഷൻ ഡെപ്യൂട്ടിയായി. പുതിയ സംരംഭങ്ങളിലൂടെ സ്കൂൾ ചുവരുകളുടെ പരിധിക്കപ്പുറത്തേക്ക് വിദ്യാഭ്യാസം വിപുലീകരിച്ചു. കർഷകർക്കും തൊഴിലാളികൾക്കും 30,000 ക്ലാസുകൾ നൽകുന്ന പരിപാടി തുടങ്ങി. പ്രധാന പാർടി കേഡറായിരുന്ന അവർ രഹസ്യ കത്തിടപാടുകൾ, ഗറില്ലകളുടെ ശൃംഖലയൊരുക്കൽ തുടങ്ങിയവയ്‌ക്ക്‌ മുന്നിട്ടിറങ്ങി. ഭക്ഷണപ്പൊതികളും പണവും പുസ്തകങ്ങളും എത്തിച്ച അമ്മ മരിയയും സഹോദരിമാരായ അന്നയും മരിയയും ലെനിന്റെ ജീവിതത്തെ സ്വാധീനിച്ച സ്ത്രീകളാണ്‌. നാദിയയുടെ അമ്മ എലിസവേറ്റ, ഇരുവർക്കുമൊപ്പം യൂറോപ്പ് ചുറ്റി സഞ്ചരിച്ചു. ദരിദ്ര ജീവിതം പരിഭവമില്ലാതെ പങ്കിട്ടു. ശാരീരികവും മാനസികവുമായ ക്ഷതങ്ങളിൽ നാദിയ എപ്പോഴും ലെനിന്റെ കൂടെനിന്നു. സ്വിറ്റ്സർലൻഡിലെ മലനിരകളിൽ വിശ്രമിക്കാൻ കൊണ്ടുപോയി. സ്വന്തം ആരോഗ്യം നോക്കാതെ എല്ലായ്‌പോഴും പരിഗണിച്ചു. വിയോഗശേഷം വിശ്വസ്തയും സൂക്ഷ്മതയും പുലർത്തി വിപ്ലവജ്വാലയുടെ അചഞ്ചല സൂക്ഷിപ്പുകാരിയായി. വിവാഹത്തിന് മുമ്പ് ജയിലിൽ അടയ്ക്കുകയും സൈബീരിയയിലേക്ക് നാടുകടത്തുകയുംചെയ്തു. സഹോദരനൊപ്പം പ്രവർത്തിച്ച അന്നയെയും മരിയയെയും അട്ടിമറിനീക്കം ആരോപിച്ച്‌ കാരാഗൃഹത്തിലിട്ടു. അവർ രഹസ്യ പോരാളികളെയും സോഷ്യലിസ്റ്റ് സാഹിത്യവും കടത്താൻ സഹായിച്ചു. ക്രൂപ്സ്കയ വിപ്ലവാനന്തര റഷ്യയിൽ 1929–1939 കാലത്ത് ഡപ്യൂട്ടി വിദ്യാഭ്യാസ മന്ത്രിയായി. സാമ്പത്തികമായി തകർന്ന കുടുംബത്തിലാണ് ജനനം. അച്ഛൻ കോൺസ്റ്റന്റയിൻ ഇഗ്നാറ്റ്‌വിച്ച് ക്രൂപ്‌സ്കി പട്ടാള ഉദ്യോഗസ്ഥൻ. രാജ്യവിരുദ്ധ പ്രവർത്തനം ആരോപിച്ച്‌ സാറുമായി ഇടഞ്ഞ അദ്ദേഹം, ജീവിതം ക്ലേശകരമായപ്പോൾ ഫാക്ടറികളിൽ തൊഴിലെടുത്തു. ആ സാഹചര്യങ്ങളാൽ മകളിൽ വ്യവസ്ഥാവിരുദ്ധത മൊട്ടിട്ടു. ടോൾസ്റ്റോയിയുടെ ആശയങ്ങൾ പഠിപ്പിച്ച അവർ ചർച്ചാവേദികളിലും സജീവം. നിരോധിക്കപ്പെട്ട മാർക്സിസ്റ്റ് സാഹിത്യങ്ങളും കൈയിലെത്തി. ആ പ്രവർത്തനങ്ങൾക്കിടെയാണ് ലെനിനെ പരിചയപ്പെട്ടതും സൈബീരിയൻ നാടുകടത്തൽ വേളയിൽ വിവാഹം ചെയ്‌തതും. സാർവദേശീയ വനിതാ ദിനാചരണം ആദ്യം തുടങ്ങിയ രാജ്യങ്ങളിലൊന്നാണ്‌ റഷ്യ. അതിന്റെ ആരംഭ പ്രവർത്തനങ്ങളിൽ ക്ലാര സെത്കിനൊപ്പം ക്രൂപ്സ്‌കയയും സജീവമായി. ചലച്ചിത്രങ്ങൾ വിപ്ലവം യുദ്ധമാണ്, ചരിത്രം കണ്ടതിൽവെച്ച് ഏറ്റവും ധാർമികമായ, ന്യായയുക്തമായ യുദ്ധം റഷ്യയില്‍ തുടങ്ങിയിരിക്കുന്നു‐ സെര്‍ജി ഐസന്‍സ്റ്റീന്റെ ‘ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍’ ആരംഭിക്കുന്നത് 1905ല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ സാറിസ്‌റ്റ്‌ കൂട്ടക്കുരുതിയെ തുടര്‍ന്ന് ലെനിന്‍ പുറപ്പെടുവിച്ച പ്രസ്താവത്തോടെ. തലമുറകൾക്കുമേൽ വെന്നിക്കൊടി പാറിച്ച ചലച്ചിത്രാവിഷ്‌ക്കാരം എന്നതിനെക്കാൾ, പതിറ്റാണ്ടുകള്‍ക്കുശേഷവും തിളങ്ങുന്ന കലാരൂപം കൂടിയായി ബാറ്റില്‍ഷിപ്പ്. ബോൾഷെവിക് സർക്കാരിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി അനറ്റോലി ലുനാച്ചാർസ്‌കിയുമായി 1919 ഏപ്രിലിൽ ലെനിൻ നടത്തിയ സംഭാഷണങ്ങൾ പ്രസിദ്ധം. അതിൽ അഭ്രപാളി മുൻനിർത്തിയുള്ള ചർച്ചകൾ ശ്രദ്ധേയവും. ‘നമുക്കുവേണ്ടിയുള്ള കലകളിൽ ഏറ്റവും പ്രധാനം സിനിമയാണ്‌’ എന്നാണ്‌ ലെനിൻ അഭിപ്രായപ്പെട്ടത്‌. അതിനെ വിലകുറഞ്ഞ വിനോദോപാധി മാത്രമായി കണക്കാക്കിയ കാലത്ത് കലയായി സ്വീകരിക്കുക മാത്രമല്ല, പ്രാരംഭ ഘട്ടത്തിലേ അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയത്തിനൊപ്പം പത്രപ്രവർത്തനം, നാടകം, നിരൂപണം, ഉപന്യാസം തുടങ്ങിയ മേഖലകളിലും സംഭാവന നൽകിയ ലുനാച്ചാർസ്‌കി ഒട്ടേറെ കൃതികളും രചിച്ചു. വിപ്ലവത്തിനും അതിന്റെ കലകൾക്കുമായി അദ്ദേഹം ചില പരീക്ഷണങ്ങൾ നടത്തി. 1918‐21 വർഷങ്ങളിൽ 36 ആർട്ട് ഗാലറികൾ തുറന്നു. സിനിമാതാൽപ്പര്യം മുളപ്പിച്ചത്‌ മയക്കോവ്‌സ്‌കി. വിപ്ലവത്തിന്റെ ഒന്നാം വാർഷികത്തിൽ പെട്രോഗ്രാഡ്‌ തെരുവുകളിൽ ചിത്രീകരിച്ച 'ആജിറ്റ്കോമഡി’ എഴുതിയതും അദ്ദേഹം. വൈകാതെ ചലച്ചിത്ര വ്യവസായം ദേശസാൽക്കരിക്കുകയും സ്റ്റേറ്റ് ഫിലിം സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.ലെനിന്റെ വിപ്ലവവീര്യവും സമർപ്പണവും പല ചലച്ചിത്രങ്ങൾക്കും ഇതിവൃത്തമായി. മിഖായേൽ റോമും ദിമിത്രി വാസിലിയേവും സംവിധാനംചെയ്‌ത ‘ലെനിൻ ഇൻ ഒക്ടോബർ’ 1937 നവംബർ ഏഴിന്‌ റിലീസായി. ലെനിനായി ബോറിസ് ഷുക്കിൻ. നിക്കോളായ് ഒഖ്‌ലോപ്‌കോവ്, വാസിലി വാനിൻ തുടങ്ങിയവരും അഭിനയിച്ചു. ലെനിൻ ഇൻ 1918, വിപ്ലവാനന്തര ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌. സംവിധാനം മിഖായേൽ റോം. ടൈസിയ സ്ലാറ്റോഗോറോവയ്‌ക്കൊപ്പം അലക്‌സി കപ്ലറും ചേർന്നാണ് തിരക്കഥ. ബോറിസ് ഷുക്കിനായിരുന്നു പ്രധാന വേഷത്തിൽ. ലെനിനായി ആദ്യം അഭ്രപാളിയിലെത്തിയത്‌ ഖനിത്തൊഴിലാളി സ്വാവ് പാവ്‌ലേവ്. സാദൃശ്യമാണ് നിമിത്തമായത്‌. പ്രൊഫഷണൽ നടനായിരുന്നില്ല പാവ്‌ലേവ്. ലെനിന്റെ മാനറിസങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച പ്രശസ്‌ത അഭിനേതാവാണ്‌ മാക്സിം മാക്‌സിമോവിച്ച് ഷ്‌ട്രാവുക്ക്. അപാര സാദൃശ്യമാണ്‌ മാൻ വിത്ത് എ ഗൺ അപൂർവാനുഭവമാക്കിയത്‌. രംഗവേദിയിൽ ലെനിനെ അവതരിപ്പിച്ചതിനും പ്രശസ്തൻ. ത്രീ സ്റ്റോറീസ് ഓഫ് ലെനിൻ, ലെനിൻ ഇൻ പോളണ്ട് തുടങ്ങിയവയും എടുത്തു പറയണം. സെർജി യുറ്റ്കെവിച്ച് സംവിധാനംചെയ്ത് 1966 ഏപ്രിൽ 21 ന്‌ റിലീസായ ലെനിൻ ഇൻ പോളണ്ട് കാൻ ഫെസ്റ്റിൽ സംവിധായക അവാർഡ് നേടി. ഒന്നാം ലോകയുദ്ധ കേളികൊട്ട്‌ ഉയർന്നപ്പോൾ ചാരവൃത്തി ആരോപിച്ച്‌ ലെനിനെ പിടികൂടി. റഷ്യൻ സർക്കാരിന്റെ ശത്രുവാണെന്ന് ബോധ്യപ്പെടുത്തിയതിനെ തുടർന്ന് സ്വിറ്റ്സർലൻഡിലേക്ക് നാടുകടത്തി. ഔദ്യോഗിക തിരക്കുകളിൽനിന്ന്‌ അകന്ന്‌ വിശ്രമജീവിതം നയിക്കുന്ന ലെനിന്റെ ജീവിതമാണ് ആ സിനിമകളിൽ. ഓഷ് വാൻ ഡേഷിന്റെ ദി സെയിം പ്ലാനറ്റിൽ ലെനിനായത് ഹാസ്യനടൻ ഇന്നോ കെന്റക്കിഷ്നോവ്. യൂറിക യൂറോവ് അദ്ദേഹത്തെ അവതരിപ്പിച്ച ദി സിക്സ്ത്ത് ഓഫ് ജൂലൈ ബോൾഷെവിക്‌ പ്രക്ഷോഭം ചിത്രീകരിച്ചു. കരാസ്കിയുടെ ലെനിൻ ഇൻ 1903 ലും യൂറോവാണ്‌ മുഖ്യകഥാപാത്രം. ലെനിൻ ജന്മശതാബ്ദിയിൽ ഇറങ്ങിയ രണ്ട് ചിത്രങ്ങളായിരുന്നു സ്ക്വയർ, സോവിയറ്റ് ‐സ്വീഡിഷ് സംയുക്ത സംരംഭമായ എ തൗസന്റ് ലോക്കോമോട്ടീവ്സ് ഫോർ ലെനിൻ എന്നിവ. സാർ ചക്രവർത്തിമാരുടെ േസ്വഛാധിപത്യവും വിപ്ലവ സംഘടനകളുടെ പിറവിയും പ്രതിവിപ്ലവവും രക്തഞായറുമെല്ലാം അവയിൽ കടന്നുവന്നു . മനുഷ്യവിമോചനത്തിലെ വിപ്ലവനക്ഷത്രം മനുഷ്യവിമോചനത്തിലെ വിപ്ലവനക്ഷത്രം ലെനിൻ ചരമശതാബ്‌ദി വ്ളാദിമിർ ഇലിയ്‌ച്ച് ലെനിൻ ജനനം - 1870 ഏപ്രിൽ 22 മരണം -1924 ജനുവരി 21 ആഗോള തൊഴിലാളിവർഗ വിപ്ലവത്തിന്റെ മുന്നേറ്റത്തിൽ, 54 വർഷത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ വ്ളാദിമിർ ഇലിയ്‌ച്ച് ലെനിൻ മായാത്ത മുദ്ര പതിപ്പിച്ചാണ്‌ കടന്നുപോയത്‌. മാർക്‌സിസത്തിന്റെ സർഗാത്മക ശാസ്ത്രത്തിൽ അഗാധ അറിവുനേടുക മാത്രമല്ല, അത് തന്റെ സമകാലിക കാലയളവിൽ അദ്ദേഹം പരിഷ്‌കരിച്ച്‌ റഷ്യൻ വിപ്ലവത്തെ വിജയത്തിലേക്ക് നയിക്കുകയും ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യം-–- സോവിയറ്റ് യൂണിയൻ (യുഎസ്‌എസ്‌ആർ) സ്ഥാപിക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്തു. എല്ലാത്തരം വ്യതിയാനങ്ങളെയും ചെറുത്തുതോൽപ്പിച്ച് അദ്ദേഹം മാർക്സിസത്തെ സമ്പുഷ്ടമാക്കുകയും വിപ്ലവ പ്രസ്ഥാനത്തെ തളർത്താതെ സംരക്ഷിക്കുകയും ചെയ്തു. വിപ്ലവ പ്രസ്ഥാനത്തിന്റെ ഓരോ പരിവർത്തന ഘട്ടത്തിലും കൃത്യവും യോജിച്ചതുമായ തന്ത്രങ്ങൾ സ്വീകരിച്ച സമർഥനായ തന്ത്രജ്ഞനായിരുന്നു ലെനിൻ. പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനും വിശാരദനും സമരതന്ത്രജ്ഞനുമായിരുന്ന അദ്ദേഹം ആഗോളതലത്തിലും വിവിധ രാജ്യങ്ങളിലും വിപ്ലവ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് നൽകിയ സംഭാവനകൾ തുടർച്ചയായ പഠനത്തിന് വിധേയമാക്കുന്നു. വിജയകരമായ റഷ്യൻ വിപ്ലവത്തെ-–- മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തെ വിജയത്തിലേക്ക്‌ നയിച്ചുകൊണ്ട്‌, "തത്വചിന്തകർ പലപ്പോഴും ലോകത്തെ പലതരത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്; എന്നിരുന്നാലും, അതിനെ മാറ്റിമാറിക്കുക എന്നതാണ് പ്രധാനകാര്യം” എന്ന മാർക്‌സിന്റെ പ്രസിദ്ധമായ ഉദ്ധരണിയെ ലെനിൻ പ്രായോഗികതലത്തിൽ നടപ്പാക്കി. മാർക്‌സിസത്തെയും അതിന്റെ ശാസ്ത്രീയ രീതിയെയും സൃഷ്ടിപരമായ സാധ്യതകളെയും അതിന്റെ ലോകവീക്ഷണത്തെയും സമഗ്രമായി പഠിച്ചുകൊണ്ട് ലോകത്ത്‌ അത്തരമൊരു മാറ്റത്തിന് നേതൃത്വം നൽകാൻ ലെനിന് സാധിച്ചു. മാർക്‌സിസത്തിന്റെ അമൂല്യനിധിയിലേക്കുള്ള അദ്ദേഹത്തിന്റെ അതുല്യവും വഴിവിളക്കുമായ സംഭാവനകളുടെ വിവിധ വശങ്ങൾ ആഴത്തിൽ മനസ്സിലാക്കാനായി പ്രത്യേകം പരിശോധിക്കേണ്ടതാണ്‌. ലെനിന്റെ ‘ഭരണകൂടവും വിപ്ലവവും', ‘സോഷ്യല്‍ ഡെമോക്രസിയുടെ രണ്ട് അടവുകൾ', ‘എന്താണ് ചെയ്യേണ്ടത്', ‘സാമ്രാജ്യത്വം, മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടം' തുടങ്ങിയ നിരവധി സുപ്രധാന കൃതികൾ പലരും പഠിച്ചിട്ടുണ്ട്. ഇത് തീർച്ചയായും സുപ്രധാനമാണ്, തികച്ചും ഗൗരവമുള്ളതുമാണ്. ഇന്നത്തെ സാഹചര്യത്തിൽ സമ്പൂർണ മനുഷ്യവിമോചനത്തിനായുള്ള പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഓരോ വിപ്ലവകാരിയും ഈ കൃതികളെ ഓരോന്നും ശരിയായും ശാസ്‌ത്രീയമായും അതിന്റെ സത്ത പൂർണമായും ഉൾക്കൊണ്ടും മനസ്സിലാക്കണം. റഷ്യൻ വിപ്ലവത്തിന്റെയും ലോക തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും വളർച്ചയുടെ പ്രത്യേക ഘട്ടങ്ങളിൽ ലെനിൻ എന്തുകൊണ്ടാണ്‌ ഈ കൃതികൾ രചിച്ചതെന്ന്‌ മനസ്സിലാക്കേണ്ടതിനും അതുപോലെതന്നെ തുല്യപ്രാധാന്യമുണ്ട്‌. മാർക്‌സിസത്തെ സംബന്ധിച്ച്‌ ലെനിൻ മുന്നോട്ടുവയ്‌ക്കുന്ന രണ്ട് ആശയത്തെ നമ്മൾ ഒന്നിപ്പിക്കുകയാണെങ്കിൽ, ഈ സർഗാത്മക ശാസ്ത്രത്തെ ആഗോളതലത്തിൽ ഉന്നതിയിലെത്തിക്കാൻ അദ്ദേഹം വഹിച്ച സുപ്രധാന പങ്ക്‌ മനസ്സിലാക്കാൻ സഹായിക്കും. ഒന്നാമതായി, ‘ആരാണ് ജനങ്ങളുടെ സുഹൃത്തുക്കൾ...' എന്ന കൃതിയിൽ, "ലക്ഷക്കണക്കിന് അധ്വാനിക്കുന്ന ആളുകൾ മാർക്‌സിസത്തിലേക്ക് ആകർഷിക്കപ്പെടുന്നതിന്റെ പ്രധാന കാരണം, അത്‌ ഒരേസമയം രണ്ട് ഭാവങ്ങൾ സമന്വയിപ്പിക്കുന്ന ഒരേയൊരു തത്വചിന്തയാണ്‌– -അതായത്‌ വിപ്ലവകരവും ശാസ്ത്രീയവുമാണത്‌. ഇതിന്റെ സ്ഥാപകർ അവരുടെ സ്വന്തം ജീവിതത്തിൽത്തന്നെ ഈ രണ്ട് വശവും സംയോജിപ്പിച്ചിരുന്നു, മാർക്‌സിസം അവയെ സമഗ്രമായും ആന്തരികമായും സംയോജിപ്പിക്കുന്നു. രണ്ടാമതായി, ‘മൂർത്തമായ അവസ്ഥകളുടെ മൂർത്തമായ വിശകലനമാണ്’. മാർക്‌സിസത്തിന്റെ ജീവാത്മാവും മാർക്‌സിസത്തിലെ ഏറ്റവും അനിവാര്യമായ ഘടകവുമെന്നും ലെനിൻ അടിവരയിട്ടു പറയുന്നു. മാർക്‌സിസത്തിന്റെ ഈ രണ്ട് വശവും-–- വിപ്ലവകരവും ശാസ്ത്രീയവുമായ വശങ്ങൾ–- - സംയോജിപ്പിച്ചാണ് മനുഷ്യവിമോചനത്തിന്റെ വിപ്ലവ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ കഴിയുക. ഒന്നിന് അമിതമായ ഊന്നൽ നൽകുകയും മറ്റൊന്നിന് പ്രാധാന്യം നൽകാതിരിക്കുകയും ചെയ്യുന്നത് വ്യതിയാനങ്ങൾക്ക് കാരണമാകും. വിപ്ലവ സാധ്യതകളെ അവഗണിക്കുകയും സാഹചര്യത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് പരിഷ്‌കരണവാദത്തിലേക്ക് നയിക്കും. സ്ഥിതിഗതികളുടെ ശാസ്ത്രീയമായ വിലയിരുത്തൽ അവഗണിച്ച് വിപ്ലവകരമായ മുദ്രാവാക്യംമാത്രം അവലംബിക്കുന്നത് ഇടതുപക്ഷ സാഹസിക വ്യതിയാനത്തിലേക്ക് നയിക്കും. അത്തരം വ്യതിയാനങ്ങളിൽനിന്ന് രക്ഷപ്പെടാൻ, ഈ രണ്ട് ഗുണങ്ങളുടെയും ശരിയായ സംയോജനം അത്യാവശ്യമാണ്. ‘മൂർത്തമായ അവസ്ഥകളുടെ മൂർത്തമായ വിശകലനത്തിന്’ മൂർത്തമായ അവസ്ഥകളെ വസ്തുനിഷ്ഠമായി വിലയിരുത്തി, അതിന്റെ അടിസ്ഥാനത്തിൽ വിപ്ലവകരമായ വിശകലനം ശരിയായി നടത്തുകയും വേണം. ആത്മനിഷ്ഠമായ പരിഗണനകളെ അടിസ്ഥാനമാക്കി മൂർത്തമായ അവസ്ഥകളെ തെറ്റായി കണക്കാക്കുന്നത് തെറ്റായതും അയഥാർഥവുമായ രാഷ്ട്രീയ വിശകലനത്തിലേക്ക് നയിക്കും. അത്‌ വിപ്ലവ പ്രസ്ഥാനത്തിന്റെ ദിശയെ താളംതെറ്റിക്കുകയും ചെയ്യും. അതിനാൽ, മൂർത്തമായ അവസ്ഥകളെ വസ്തുനിഷ്ഠമായി വിലയിരുത്താനും അവിടെ നിന്ന് മാർക്‌സിസത്തിന്റെ മേൽപ്പറഞ്ഞ രണ്ട് ഗുണങ്ങളെയും സംയോജിപ്പിച്ച്‌ വിശകലനം ചെയ്യാനുമുള്ള ഒരു വിപ്ലവകാരിയുടെ കഴിവിലുടെയാണ്‌ വിപ്ലവ പ്രസ്ഥാനത്തിന് മുന്നോട്ടു നയിക്കാൻ കഴിയുന്ന അടിത്തറ സൃഷ്ടിക്കുന്നത്‌. വിപ്ലവ പ്രസ്ഥാനം പിന്തുടരേണ്ട ശരിയായ രാഷ്ട്രീയ- അടവുനയത്തിന്റെ ശരിയായ വിശകലനത്തിനും ക്രമേണയുള്ള വികാസത്തിനും ശേഷം ശരിയായി അഭിപ്രായം രൂപപ്പെടുത്തിയാലും, ഈ രാഷ്ട്രീയ കൃത്യതയെ പ്രായോഗിക തലത്തിലേക്ക്‌ മാറ്റിയെടുക്കുന്നത്‌ പാർടി സംഘടനയുടെ ശക്തിയെ ആശ്രയിച്ചിരിക്കും. ലെനിനെ പിന്തുടർന്നുകൊണ്ട്‌, സ്റ്റാലിൻ ഒരിക്കൽ പ്രാധാന്യത്തോടെ പറഞ്ഞതുപോലെ, രാഷ്ട്രീയ അടവുനയം നൂറു ശതമാനം ശരിയാണെങ്കിലും, ഈ രാഷ്ട്രീയ ലൈനിനെ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രാപ്‌തിയുള്ള ഒരു സംഘടനയില്ലെങ്കിൽ അത് കാര്യമായ പ്രയോജനമുണ്ടാക്കില്ല. പാർടി സംഘടന, അതിന്റെ കാര്യശേഷിയും പ്രാപ്‌തിയും വിപ്ലവ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അങ്ങനെ നിർണായക പങ്കുവഹിക്കുന്നു. ഇതിനെ ലെനിൻ - വിപ്ലവത്തിന്റെ "ആത്മനിഷ്ഠ ഘടകം' എന്ന്‌ വിളിച്ചു. മാർക്‌സിനെയും മാർക്‌സിസത്തെയും ശരിയായി മനസ്സിലാക്കിയ ലെനിൻ, ആഭ്യന്തര സാഹചര്യങ്ങളെയും അതിന്റെ വൈരുധ്യങ്ങളെയും വിശകലനം ചെയ്യുന്നതിനൊപ്പം ആഗോള സംഭവവികാസങ്ങളെയും വൈരുധ്യങ്ങളെയും ശരിയായി വിശകലനം ചെയ്യാതെ റഷ്യൻ വിപ്ലവം ഉൾപ്പെടെ ഒരു വിപ്ലവവും വിജയിക്കില്ലെന്നും തിരിച്ചറിഞ്ഞിരുന്നു. ആഗോളതലത്തിൽ, സാമ്രാജ്യത്വത്തിനെതിരായ ലോക വിപ്ലവപ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് അദ്ദേഹം ദിശാബോധം നൽകി. പരിഷ്കരണവാദം, ഇടതുപക്ഷ സാഹസികത (കുട്ടികൾക്കുണ്ടാകുന്ന ഒരു തരം ചിത്തഭ്രമം എന്നാണ്‌ അദ്ദേഹം ഇതിനെ വിളിച്ചത്‌) എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വ്യതിയാനങ്ങൾക്കെതിരെയും ലെനിൻ നിരന്തരം പോരാടി. വിപ്ലവകരമായ മുന്നേറ്റത്തിന്റെ നിർണായക ഘട്ടങ്ങളിൽ ഉരുത്തിരിയുന്ന ഇത്തരം വ്യതിയാനങ്ങളെ ഇല്ലാതാക്കുന്നതിനും തെറ്റായ ദിശ സ്വീകരിക്കുന്നതിൽനിന്ന്‌ പിന്തിരിപ്പിച്ചും തൊഴിലാളിവർഗ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനുള്ള ശരിയായ ദിശ വ്യക്തമാക്കുന്നതിന്‌ അദ്ദേഹം സുപ്രധാന കൃതികൾ രചിച്ചു. വിപ്ലവ പ്രസ്ഥാനത്തിന് വ്യക്തമായ ദിശാബോധം നൽകുന്നതിനും ആത്യന്തികമായി അതിനെ വിജയത്തിലേക്ക് നയിക്കുന്നതിനും അദ്ദേഹത്തിന്റെ കാലത്തെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ നേതാക്കളുമായി ആശയപരമായി തർക്കിക്കുകയും പോരടിക്കുകയും ചെയ്‌തു. വർഗസമരങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഇത്തരം യഥാർഥ സാഹചര്യങ്ങളുടെ വെല്ലുവിളികളെ നേരിടുന്നതിനും ‘ആത്മനിഷ്‌ഠ ഘടകം' ശക്തിപ്പെടുത്തുന്നതിനും തൊഴിലാളിവർഗം ഇടക്കാലത്തേക്ക്‌ ചില മുദ്രാവാക്യങ്ങളും മുൻകരുതലുകളും തന്ത്രങ്ങളും പ്രയോഗിക്കേണ്ടതുണ്ട്. അതിലുടെ അതത്‌ രാജ്യത്തെ വിപ്ലവകരമായ പരിവർത്തന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകാനാകും. ഇന്ന് നമ്മൾ നമ്മളെ ഒരു മാർക്‌സിസ്റ്റ്‌ -ലെനിനിസ്റ്റ് പാർടി എന്ന് സ്വയം വിളിക്കുമ്പോൾ, ലെനിൻ മാർക്‌സിസത്തെ എല്ലാ മേഖലകളിലും സമ്പുഷ്ടമാക്കിയ രീതി ബോധപൂർവം പിന്തുടരുകയാണ്‌.- എല്ലാത്തരം വ്യതിയാനങ്ങളോടും പരിഷ്കരണവാദികളോടും ഇടതുപക്ഷ സാഹസികതയോടും പോരാടുന്നു. തൊഴിലാളി- കർഷകസഖ്യം എന്ന അച്ചുതണ്ടിൽ കേന്ദ്രീകരിച്ച്‌ ചൂഷിതവർഗത്തിലെ എല്ലാ വിഭാഗങ്ങളെയും അണിനിരത്തുന്നതിനുള്ള തന്ത്രങ്ങൾ സ്വീകരിക്കുന്നു. മൂർത്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ മൂർത്തമായ സാഹചര്യത്തിൽ മനുഷ്യവിമോചനത്തിന്റെ ചരിത്രഗതി രൂപപ്പെടുത്തുന്നതിലും വിപ്ലവ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ തന്ത്രങ്ങൾക്ക്‌ രൂപംകൊടുക്കുന്നതിൽ ഇടപെടാൻ കഴിവുള്ള തൊഴിലാളി വർഗത്തിന്റെ ഒരു പാർടി കെട്ടിപ്പടുക്കാനാണ്‌ ശ്രമിക്കുന്നത്‌. ലെനിനിസത്തെ "സാമ്രാജ്യത്വ കാലഘട്ടത്തിലെ മാർക്‌സിസം’ എന്നാണ് സ്റ്റാലിൻ നിർവചിച്ചത്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഈ ദിശയിൽ മുന്നേറുന്നതിന്, ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും വേണം. ഇന്ത്യൻ ഭരണഘടനയെ തകർക്കാനും മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ആർഎസ്എസ് വീക്ഷണത്തിനനുസരിച്ച്‌ മാറ്റിയെടുക്കാനും ശ്രമിക്കുന്ന ബിജെപി സർക്കാരിനെ അധികാരത്തിൽനിന്ന്‌ പുറത്താക്കുക എന്നതാണ് അടിയന്തര ദൗത്യം. കടുത്ത അസഹിഷ്ണുതയിൽ ഊന്നിയ ഫാസിസ്റ്റ് "ഹിന്ദുത്വ രാഷ്ട്ര’മാണ്‌ ആർഎസ്‌എസ്‌ ലക്ഷ്യമിടുന്നത്‌. ബിജെപിയെ പരാജയപ്പെടുത്താനായി ലെനിനിസ്റ്റ് തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള വിപ്ലവ തന്ത്രങ്ങളിൽ ഊന്നി ഉചിതമായ അടവുനയങ്ങൾ സ്വീകരിക്കണം. പുതുവർഷത്തിൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട്‌ വിനോദസഞ്ചാരവകുപ്പ്. ഇതിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച കേരള ടൂറിസം പാർട്‌ണർഷിപ് മീറ്റിൽ സംസ്ഥാന സർക്കാർ വിജയകരമായി ആരംഭിച്ച കാരവാൻ ടൂറിസം, ഹെലി ടൂറിസം തുടങ്ങിയ ആശയങ്ങൾ അവതരിപ്പിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള കൂടുതൽ സഞ്ചാരികളെ ആകർക്കാൻ ലക്ഷ്യമിട്ടാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌. ടൂറിസം ഡയറക്ടർ പി ബി നൂഹ്‌ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച്‌ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ അവതരിപ്പിക്കും. ഇതിനായി 50 ലക്ഷംരൂപ പഞ്ചായത്തുകൾക്ക്‌ നൽകും. പഞ്ചായത്ത്‌ ഫണ്ടിൽനിന്നോ സ്വകാര്യ പങ്കാളികളിൽനിന്നോ ബാക്കി 40 ശതമാനം തുക കണ്ടെത്തണം. ഉത്തരവാദിത്ത ടൂറിസം വിപുലീകരണം, നൂതന ടൂറിസം സർക്യൂട്ടുകൾ സൃഷ്ടിക്കൽ, കോഴിക്കോട്‌ കേന്ദ്രമാക്കി എഴുത്തുകാരുടെ മ്യൂസിയം തുടങ്ങി പുതിയ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. തരംഗമാകുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റാനും പദ്ധതിയുണ്ട്‌. ലെനിൻ നീണാൾ വാഴട്ടെ!

No comments:

Post a Comment