Sunday, January 21, 2024

"വൈകാരികസത്യ’മല്ല ചരിത്രം

ദ ലോ ഓഫ് ഫോഴ്സ് : ദ വയലന്റ് ഹാര്‍ട്ട് ഓഫ് ഇന്ത്യന്‍ പൊളിറ്റിക്സ്’ (2021), ‘ദ സാഫ്രണ്‍ വേവ്’ (1999) തുടങ്ങിയ ശ്രദ്ധേയ ഗ്രന്ഥങ്ങളിലൂടെ രണോത്സുക ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടിഭാഗം അനാവരണം ചെയ്ത പ്രശസ്ത ഡാനിഷ് നരവംശശാസ്ത്രജ്ഞനാണ് തോമസ് ബ്ലോം ഹാന്‍സന്‍. ബാബ്‌റി മസ്ജിദ് ധ്വംസനത്തിന് മുന്‍പും പിന്‍പും ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ തെളിവധിഷ്ഠിതമായ വൈചാരികസത്യങ്ങളുടെ സ്ഥാനത്ത് ‘വൈകാരിക സത്യങ്ങള്‍’ നടുനായകത്വം നേടിയ നടുക്കുന്ന പരിതോവസ്ഥയെക്കുറിച്ച് ഹാന്‍സന്‍ വിവരിക്കുന്നുണ്ട്. ഒരു വിഭാഗം കൊണ്ടാടുന്ന വൈകാരിക ‘സത്യ’ങ്ങളെ മാറ്റിനിര്‍ത്തി, തെളിവുകളെ മാത്രം ആധാരമാക്കിയുള്ള യുക്തിഭദ്രമായ ചരിത്രാവലോകനം തീര്‍ത്തും വ്യത്യസ്തമായ ചിത്രമാണ് കര്‍സേവകര്‍ ധൂമപടലമാക്കിയ ബാബ്‌റി മസ്ജിദിനെപ്പറ്റി അനാച്ഛാദനം ചെയ്യുന്നത്. ചരിത്ര രീതിശാസ്ത്രമനുസരിച്ചുള്ള സുപ്രധാന സംഗതികളില്‍ ഒന്ന്, സംഭവം നടന്ന സമയത്തോ തൊട്ടടുത്തുള്ള കാലത്തോ ആ വിഷയത്തെപ്പറ്റി പറയുന്ന രേഖകളാണ് ഏറ്റവും വിശ്വാസയോഗ്യവും അവലംബനാര്‍ഹവും എന്നതത്രെ. 1528 ലാണ് ബാബറിന്റെ ഒരു ജനറലായ മിര്‍ബഖി ബാബ്‌റി മസ്ജിദ് നിര്‍മിക്കുന്നത്. പള്ളിനിര്‍മാണത്തെപ്പറ്റിയുള്ള പ്രഥമ ചരിത്രസാക്ഷ്യം, മസ്ജിദിന്റെ പുറത്തും അകത്തുമുള്ള ഭിത്തികളില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ആലേഖനം ചെയ്ത പദ്യവരികളാണ്. ഈ വരികളില്‍ ബാബറിന്റെ ഉത്തരവു പ്രകാരമാണ് ‘മാലാഖമാരുടെ ഉജ്വലസ്ഥാനമായ’ പള്ളി പണിയുന്നതെന്ന് മിര്‍ബഖി പറയുന്നുണ്ട്. ഈ ലിഖിതം പക്ഷേ, പള്ളി നിര്‍മിച്ചിരിക്കുന്നത് അതിനു മുന്‍പേ നിലനിന്ന കെട്ടിടസ്ഥാനത്താണെന്നോ അത് ഏതെങ്കിലും ക്ഷേത്രസ്ഥാനത്താണെന്നോ ആ സ്ഥലത്തിന് തദ്ദേശീയര്‍ പരിപാവനത്വം നല്‍കുന്നുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുന്നതേയില്ല. 1528 ല്‍ ബാബര്‍ രണ്ടു പ്രാവശ്യം അയോധ്യ (പേര്‍ഷ്യനില്‍ ഔധ്) സന്ദര്‍ശിച്ചതായി അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പായ ബാബര്‍ നാമയിലുണ്ട്. ഇതില്‍ ‘ഔധിലെ സ്ഥിതിഗതികള്‍ ക്രമപ്പെടുത്താന്‍ ഏതാനും ദിവസം അവിടെ താമസിച്ചു’ എന്നും പിന്നീട് നായാട്ടിനു പോയെന്നും എഴുതിയിരിക്കുന്നു. അവിടെ ഒരു രാമക്ഷേത്രമുണ്ടെന്നോ അത് പൊളിച്ച് പള്ളി നിര്‍മിച്ചെന്നോ പറയുന്നില്ല. മറ്റൊരു തെളിവ്, അക്ബറിന്റെ കൊട്ടാര ചരിത്രകാരനായ അബുല്‍ ഫസലിന്റെ ‘അയ്ന്‍ ഇ അക്ബരി’യില്‍ കാണാം. അയോധ്യയെക്കുറിച്ച് സാമാന്യം വിപുലമായി വിവരിക്കവെ, അബുല്‍ ഫസല്‍ എഴുതുന്നു: ‘ഇത് വിശുദ്ധസ്ഥലങ്ങളില്‍ ഒന്നായി ആദരിക്കപ്പെടുന്നു, ത്രേതായുഗത്തില്‍ രാമചന്ദ്രന്റെ വാസസ്ഥാനമായിരുന്നു. രാജകര്‍ത്തവ്യവും ആത്മീയ മാഹാത്മ്യവും കൂടിച്ചേര്‍ന്ന വ്യക്തി.’ എന്നാല്‍ അബുല്‍ ഫസല്‍ രാമന് സമര്‍പ്പിച്ച ഏതെങ്കിലും ക്ഷേത്രത്തെക്കുറിച്ചോ അവിടെ ഒരു പള്ളിയുള്ള കാര്യം പോലുമോ പറയുന്നില്ല. ബാബറിന്റെ പിന്തുടര്‍ച്ചക്കാരായ ബഹദൂര്‍ ഷാ സഫര്‍ വരെയുള്ള മുഗള്‍ ചക്രവര്‍ത്തിമാരാരും, ഔറംഗസേബ് പോലും ക്ഷേത്രസ്ഥാനത്ത് പള്ളി നിര്‍മിച്ചതിനെപ്പറ്റി ഒരക്ഷരം പറയുന്നില്ല. ബാബ്‌റി മസ്ജിദിന്റെ നിര്‍മാണത്തിന് അഞ്ചാറു പതിറ്റാണ്ടിനു ശേഷമാണ് ഗോസ്വാമി തുളസിദാസ് ‘രാമചരിത മാനസം’ അവധി ഭാഷാഭേദത്തില്‍ എഴുതുന്നത്. മഹാ രാമഭക്തനായ തുളസിദാസിന് മസ്ജിദ് പടുത്തുയര്‍ത്തിയത് തന്റെ മാനസദൈവത്തിന്റെ പേരിലുള്ള ഒരു ക്ഷേത്രം തകര്‍ത്തിട്ടാണെന്ന കാര്യം ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ആ ‘തിക്തസത്യം’ അദ്ദേഹത്തെ അത്യധികം ക്ഷോഭിപ്പിക്കുമായിരുന്നു. എന്നാല്‍ തുളസിദാസും ഇങ്ങനെയൊരു കാര്യം പറയുന്നില്ല. മുഗള്‍ രാജകൊട്ടാരത്തിലേക്ക് അക്ബര്‍ ബഹുമാനപുരസ്സരം ക്ഷണിച്ചപ്പോള്‍ അത് നിരസിച്ച കവി കൂടിയാണ് തുളസിദാസ് എന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. അക്കാലത്തെ യാഥാസ്ഥിതികരായ ഹിന്ദുക്കളും മുസ്ലിങ്ങളുമായ ചരിത്രകാരന്‍മാരും ക്ഷേത്രധ്വംസനത്തെപ്പറ്റി പരാമര്‍ശിക്കുന്നില്ല. അക്ബറിനെയും അബുള്‍ ഫസലിനെയും വിമര്‍ശങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന മുഗള്‍ ചരിത്രകാരനായ അബ്ദുള്‍ ഖാദിര്‍ ബദയൂനി പോലും ഇതേപ്പറ്റി നിശ്ശബ്ദനാണ്. അക്കാലത്തും പില്‍ക്കാലത്തും എഴുതപ്പെട്ട സാഹിത്യപാഠങ്ങളിലും ക്ഷേത്രസ്ഥാനത്ത് നടന്ന പള്ളിനിര്‍മാണത്തെക്കുറിച്ച് പൂര്‍ണ നിശബ്ദത മാത്രം. ജന്മസ്ഥാനെപ്പറ്റിയുള്ള ആദ്യ പരാമര്‍ശം ഫൈസാബാദ് കോടതിയില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ സമര്‍പ്പിച്ച ഒരു രേഖയില്‍ 1822 ലാണ് കടന്നുവരുന്നത്. കോടതി സൂപ്രണ്ടായിരുന്ന (ദറോഗ ഇ അദാലത്ത്) ഹഫീസുള്ള സമര്‍പ്പിച്ച ആ രേഖയില്‍ ജന്മസ്ഥാനില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നോ അത് തകര്‍ത്താണ് ബാബ്‌റി മസ്ജിദ് നിര്‍മിച്ചതെന്നോ സൂചിപ്പിക്കുന്നില്ല. അയോധ്യയിലെ ഒരു ഡസനോളം ക്ഷേത്രങ്ങള്‍ രാമജന്മസ്ഥാനത്തിന് അവകാശവാദവുമായി മുന്‍പ് രംഗത്തു വന്നിട്ടുമുണ്ട്. 19–-ാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷ് ഭാഷ്യങ്ങളില്‍ രാമക്ഷേത്രത്തെപ്പറ്റിയുള്ള ഊഹാപോഹാടിസ്ഥാനത്തിലുള്ള വൃത്താന്തങ്ങള്‍ വരുന്നത്. 1860 കളില്‍ പി കാര്‍നെഗി എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഫൈസാബാദ് ജില്ലയെപ്പറ്റി എഴുതുമ്പോള്‍ മുന്‍പുണ്ടായിരുന്ന ഒരു ക്ഷേത്രസ്ഥാനത്താണ് മസ്ജിദ് ഉണ്ടാക്കിയതെന്ന് ആദ്യമായി കുറിക്കുന്നത്. അതിന്റെ അടിസ്ഥാനം ‘പ്രാദേശിക സ്രോതസ്സുകള്‍’ ആണെന്നും ആ ക്ഷേത്രം രാമനാണോ ബുദ്ധനാണോ സമര്‍പ്പിക്കപ്പെട്ടിരുന്നതെന്നുള്ള തീര്‍ച്ചയില്ലായ്മയും കാര്‍നെഗി പ്രകടിപ്പിക്കുന്നുണ്ട്. 1905 ല്‍ എച്ച്ആര്‍ നെവില്‍ തയ്യാറാക്കിയ ഫൈസാബാദ് ജില്ല ഗസറ്റിയറിലാണ് ഫൈസാബാദ് ക്ഷേത്രസ്ഥാനത്താണ് മസ്ജിദുള്ളത് എന്ന വരികള്‍ കടന്നുവന്നത്. അപ്പോഴും നെവില്‍ ഒരു പുരാതന ക്ഷേത്രത്തെക്കുറിച്ച് തിട്ടമില്ലായ്മയോടെയാണ് എഴുതുന്നത്. കാര്യങ്ങള്‍ ഹിന്ദുത്വഭാഷ്യത്തോട് തോളുരുമ്മി ഉറപ്പിക്കപ്പെട്ടത് 1922 ല്‍ എ എസ് ബെവെറിഡ്ജ് എന്ന ബ്രിട്ടീഷ് പൗരസ്ത്യഭാഷാ പണ്ഡിത ബാബര്‍ നാമ വിവര്‍ത്തനം ചെയ്യുന്നതോടെയാണ്. ഈ വിവര്‍ത്തനത്തിന്റെ അനുബന്ധത്തിലാണ് ഫൈസാബാദ് ജില്ലാ ഗസറ്റിയറിലുള്ള വിവരം ഉള്‍പ്പെടുത്തുന്നത്. ഒറിജിനല്‍ ബാബര്‍ നാമയില്‍ ഇതില്ല. ബാബര്‍ മുസ്ലിമായതുകൊണ്ടുതന്നെ അസഹിഷ്ണുവായിരിക്കുമെന്നും മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ നശിപ്പിച്ചിരിക്കാമെന്നും താന്‍ കൂട്ടിച്ചേര്‍ത്ത അനുബന്ധത്തില്‍ ബെവെറിഡ്ജ് ഊഹബലത്തില്‍ രേഖപ്പെടുത്തുന്നു. അങ്ങനെയുള്ള മനക്കൂട്ടാണ് ബാബറിനുണ്ടായിരുന്നതെങ്കില്‍ പവിത്രസ്ഥാനത്തുള്ള ക്ഷേത്രനശീകരണവും തല്‍സ്ഥാനത്ത് പള്ളി നിര്‍മിച്ചതും അത്യുക്തിയോടെയും ഹര്‍ഷാരവത്തോടെയും പ്രതിപാദിക്കുമായിരുന്നു. 1822 ല്‍ ഹഫീസുള്ള സമര്‍പ്പിച്ച രേഖയിലെ പരാമര്‍ശം വിരല്‍ ചൂണ്ടുന്നത് ‘മസ്ജിദ് – -ക്ഷേത്ര കഥ’ ഒരു പോപ്പുലര്‍ ട്രെഡിഷന്‍ ആയി അതിന് തൊട്ടു മുന്‍പും നിലനിന്നിരുന്നു എന്നതാണ്. പോപ്പുലര്‍ ട്രഡിഷന് ചരിത്രപഠിതാക്കള്‍ അര്‍ഹമായ പരിഗണന നല്‍കണമെങ്കിലും അതിനെ ഒരു പ്രത്യേക സംഭവത്തിന് ആധാരമായ തെളിവായി സ്വീകരിക്കുന്നതിനു മുന്‍പ് കര്‍ക്കശമായ ചരിത്രവൽക്കരണത്തിന് വിധേയമാക്കണം. നീണ്ട കാലമെടുത്ത് ക്രമാനുഗതമായി വികസിച്ച സാമൂഹ്യപ്രതിഭാസമെന്ന നിലയിലാണ് പോപ്പുലര്‍ ട്രഡിഷനെ പൊതുവെ ചരിത്രകാരന്‍മാര്‍ പഠിക്കുന്നത്. കാരണം, പോപ്പുലര്‍ ട്രഡിഷനിലെ സമയസങ്കൽപ്പം ചരിത്രമെഴുത്തിലെപ്പോലെ കൃത്യമോ സൂക്ഷ്മമോ അല്ല. ബ്രിട്ടീഷുകാര്‍ ചുറ്റും കമ്പിവേലി കെട്ടിയിരുന്ന ബാബ്‌റി മസ്ജിദിലേക്ക് 1949 ഡിസംബര്‍ 22 ന് അര്‍ധരാത്രി 50–-60 ഓളം അന്നത്തെ കര്‍സേവകര്‍ അതിക്രമിച്ചു കയറിയതും അതിനകത്ത് ‘സ്വയംഭൂവായ’ രാംലല്ല വിഗ്രഹം സ്ഥാപിച്ചതും മസ്ജിദിന്റെ ചുവരുകളില്‍ സീതയുടെ ചിത്രങ്ങള്‍ വരച്ചതും അയോധ്യ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന രാം ദുബൈ എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പൂട്ടിയിട്ട ബാബ്‌റി മസ്ജിദിന്റെ താക്കോല്‍ 1986 ല്‍ ഹിന്ദുത്വവാദികള്‍ക്ക് തുറന്നുകൊടുത്തത് രാജീവ് ഗാന്ധിയുടെ സര്‍ക്കാരാണ്. 1976–-77 കാലത്ത് ‘ആര്‍ക്കിയോളജി ഓഫ്‌ രാമായണ’ എന്ന പ്രോജക്‌ടിന്റെ ഭാഗമായി ആര്‍ക്കിയോളജിക്കല്‍ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഡയറക്ടര്‍ ജനറല്‍ ആയിരുന്ന ബി ബി ലാലിന്റെ നേതൃത്വത്തില്‍ ബാബ്‌റി പള്ളിക്കടുത്തും ഉൽഖനനം നടത്തിയിരുന്നു. അതിന്റെ പൂര്‍ണ റിപ്പോര്‍ട്ട് എഎസ്ഐ പ്രസിദ്ധീകരിച്ചിട്ടില്ല. 1990 ല്‍ മുംബൈയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘മന്‍ഥന്‍’ എന്ന ആര്‍എസ്എസ് പ്രസിദ്ധീകരണത്തിലാണ് ബി ബി ലാല്‍ അന്ന് ഖനനം നടത്തിയപ്പോള്‍ മുന്‍പ് ഉണ്ടായിരുന്ന ക്ഷേത്രസ്തംഭങ്ങള്‍ കണ്ടിരുന്നു എന്ന വെളിപാട് പുറത്തുവിട്ടത്. അതോടെ ബി ബി ലാലും ആ ഉൽഖനന സംഘത്തിലുണ്ടായിരുന്നവരും ഹിന്ദുത്വവാദികളുടെ പ്രിയങ്കരരായി മാറി. ബി ബി ലാല്‍ അന്ന് ആര്‍എസ്എസ് വാരികയില്‍ ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഹിന്ദുത്വവാദികള്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ലേഖകന്‍ 2001 ല്‍ ബംഗളൂരുവില്‍ വച്ച് ബി ബി ലാലിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ (ആ ഇന്റര്‍വ്യു മലയാളത്തിലെ ഒരു വാരികയില്‍ വന്നു) എന്തുകൊണ്ട് ഈ ‘കണ്ടെത്തല്‍’ ആര്‍എസ്എസ് വാരികയില്‍ ഉൽഖനനം കഴിഞ്ഞ് ഒന്നര വ്യാഴവട്ടത്തിനു ശേഷം പ്രസിദ്ധീകരിച്ചു എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം ഒരു ചിരിയില്‍ മറുപടി ഒതുക്കുകയാണുണ്ടായത്. (ലേഖകന്‍ മടപ്പള്ളി ഗവ.കോളേജിലെ ചരിത്രവിഭാഗം മേധാവിയാണ്) കാര്യങ്ങള്‍ ഹി

No comments:

Post a Comment